അബുജ/നൈജീരിയ: മധ്യ നൈജീരിയയിലെ പാപ്പിരിയിലുള്ള സെന്റ് മേരീസ് കാത്തലിക് സ്കൂളില്‍ നിന്ന് കഴിഞ്ഞ മാസം തട്ടിക്കൊണ്ടുപോയ 300ഓളം കുട്ടികളിലെ 100 ഓളം കുട്ടികള്‍ മോചിതരായി. മോചിതരായ കുട്ടികള്‍ നൈജര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മിന്നയില്‍ എത്തി. ഗവര്‍ണര്‍ ഉമര്‍ ബാഗോയുടെ നേതൃത്വത്തില്‍ കുട്ടികളെ സ്വീകരിച്ചു. ചര്‍ച്ചകളിലൂടെയാണോ സൈനിക നടപടിയിലൂടെയാണോ, മോചനദ്രവ്യം നല്കിയാണോ മോചനം സാധ്യമായത് എന്നത് വ്യക്തമല്ല.
പാപ്പിരിയിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളില്‍ നിന്ന് 250 ലധികം വിദ്യാര്‍ത്ഥികളെയും 12 സ്റ്റാഫ് അംഗങ്ങളെയുമാണ് നവംബര്‍ 21 -ന് തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്. 150 ലധികം വിദ്യാര്‍ത്ഥികളും 12 സ്റ്റാഫംഗങ്ങളും ഇപ്പോഴും ഭീകരരുടെ പിടിയില്‍ തുടരുകയാണ്.
കഴിഞ്ഞയാഴ്ച സുരക്ഷാ ഉപദേഷ്ടാവ് നുഹു റിബാദു പാപ്പിരി സന്ദര്‍ശിക്കുകയും ബിഷപ് ബുലസ് ദൗവ യോഹന്നയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. വടക്കന്‍, മധ്യ നൈജീരിയയിലുടനീളമുള്ള സ്കൂളുകളെയും ആരാധനാലയങ്ങളെയും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും വര്‍ധിച്ചുവരികയാണ്. പാപ്പിരി ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, ക്വാറ സംസ്ഥാനത്തെ ക്രൈസ്റ്റ് അപ്പസ്തോലിക് പള്ളിയില്‍ തോക്കുധാരികള്‍ രണ്ട് പേരെ കൊല്ലുകയും 38 വിശ്വാസികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.
മറ്റൊരു ആക്രമണത്തില്‍ കെബ്ബി സംസ്ഥാനത്തെ ഒരു ഗേള്‍സ് സ്കൂളില്‍ രണ്ട് പേര് കൊല്ലപ്പെടുകയും 25 മുസ്ലീം വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച കോഗി സ്റ്റേറ്റിലെ ഒരുദൈവാലയത്തില്നിന്ന് തോക്കുധാരികള്‍ ഒരു പാസ്റ്ററെയും ഭാര്യയെയും വിശ്വാസികളെയും തട്ടിക്കൊണ്ടുപോയി. സൊകോട്ടോ സംസ്ഥാനത്ത് നടന്ന മറ്റൊരാക്രമണത്തില്‍ വധുവരന്മാരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി.
മോചിതരായ കുട്ടികളെ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം കുടുംബങ്ങള്‍ക്ക് കൈമാറുന്നതിനായി മിന്നയില്‍ നിന്ന് 300 കിലോമീറ്റര്‍ (185 മൈല്‍) അകലെയുള്ള പാപ്പിരിയിലേക്ക് തിരികെ കൊണ്ടുപോകും. അതേസമയം, ഇപ്പോഴും തടവില്‍ കഴിയുന്നവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
















Leave a Comment
Your email address will not be published. Required fields are marked with *