ടാരെന്‍ടൈസിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ പത്രോസ് ഡോഫിന്‍ സ്വദേശിയായിരുന്നു. പഠിക്കുവാനുള്ള അടങ്ങാത്ത താല്‍പ്പര്യവും, ബുദ്ധി സാമര്‍ത്ഥ്യവും, അപാരമായ ഓര്‍മ്മശക്തിയും വിശുദ്ധന്റെ സവിശേഷതകള്‍ ആയിരുന്നു. ഇവയെല്ലാം തന്റെ പഠനത്തില്‍ വിശുദ്ധന് വളരെയേറെ സഹായകരമായി തീര്‍ന്നു. തന്റെ 20-മത്തെ വയസ്സില്‍ വിശുദ്ധന്‍ ബോന്നെവോക്സ് ആശ്രമത്തില്‍ നിന്നും സന്യാസവസ്ത്രം സ്വീകരിച്ചു. കഠിനമായ സന്യാസജീവിതവും പ്രാര്‍ത്ഥനയുമായി വിശുദ്ധന്‍ തന്റെ ജീവിതം മുന്നോട്ട് നീക്കി. വിറക് വെട്ടുക, നിലം ഉഴുതുക തുടങ്ങിയ അദ്ധ്വാനങ്ങളും, കൂടാതെ ഭക്തിപൂര്‍വ്വമായ പ്രാര്‍ത്ഥനകള്‍ കൊണ്ടും വിശുദ്ധന്‍ ജീവിതം മുന്നോട്ട് നീക്കി.
വളരെയേറെ ദൈവഭക്തരും കാരുണ്യമുള്ളവരുമായ വിശുദ്ധന്റെ കുടുംബവും പിന്നീട് വിശുദ്ധന്റെ പാത തന്നെ സ്വീകരിച്ചു, പിതാവും രണ്ട് സഹോദരന്‍മാരും വിശുദ്ധന്റെ ആശ്രമത്തിലും, മാതാവും സഹോദരിയും ഇതേ സഭയുടെ തന്നെ അടുത്തുള്ള കന്യകാമഠത്തിലും ചേര്‍ന്നു.
വിശുദ്ധന്‍ സന്യാസവസ്ത്രം സ്വീകരിച്ചതിന്റെ അടുത്ത വര്‍ഷം കോണ്‍റാഡ് ചക്രവര്‍ത്തിയുടെ അടുത്ത ബന്ധുവായിരുന്ന അമേഡിയൂസും മറ്റു പതിനാറ് വിശേഷ വ്യക്തികളും വിശുദ്ധന്റെ മാതൃക പിന്തുടര്‍ന്നു. അമേഡിയൂസ് തന്റെ സഭയുടെ നാല് ആശ്രമങ്ങള്‍ പണികഴിപ്പിച്ചു. ടാരെന്‍ടൈസ് രൂപതയിലെ പര്‍വ്വത പ്രദേശത്തുള്ള ടാമിസ് അഥവാ സ്റ്റോമേഡിയം എന്ന ആശ്രമവും ഇതില്‍ ഉള്‍കൊള്ളുന്നു. ഈ ആശ്രമത്തിന്റെ ആദ്യ ആശ്രമാധിപതിയായി അദ്ദേഹം തന്റെ പ്രിയപ്പെട്ട സുഹൃത്തായ വിശുദ്ധ പത്രോസിനെയാണ് നിയമിച്ചത്. അപ്പോള്‍ വിശുദ്ധന് 30-വയസ്സിനോടടുത്ത് മാത്രമായിരുന്നു പ്രായം.
ഭൂമിയിലെ മാലാഖമാരുടെ ഭവനം പോലെയായിരുന്നു ടാമിസ് ആശ്രമം. അവര്‍ നിരന്തരം ദൈവത്തെ സ്തുതിക്കുകയും, ആരാധിക്കുകയും, സ്നേഹിക്കുകയും ചെയ്തു പോന്നു. സാവോയിയിലെ നാടുവാഴിയായിരുന്ന അമേഡിയൂസ് മൂന്നാമന്റെ സഹായത്തോടെ വിശുദ്ധന്‍ അവിടെ പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കുമായി ഒരാശുപത്രി സ്ഥാപിച്ചു. വിശുദ്ധന്‍ തന്നെയായിരുന്നു അവരെ പരിപാലിക്കുന്ന അവിടത്തെ ആദ്യ ദാസന്‍.
1142-ല്‍ സാവോയിയിലെ നാടുവാഴി വിശുദ്ധനെ ടാരെന്‍ടൈസ് രൂപതയിലെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. പുതിയ പദവിയില്‍ വിശുദ്ധന് താല്‍പ്പര്യമില്ലായിരുന്നുവെങ്കിലും, വിശുദ്ധ ബെര്‍ണാര്‍ഡും, തന്റെ സഭയുടെ ജെനറല്‍ സമിതിയും പുതിയ ദൗത്യം സ്വീകരിക്കുവാനായി വിശുദ്ധനെ നിര്‍ബന്ധിച്ചതിനാല്‍ വിശുദ്ധന്‍ ആ പദവി സ്വീകരിച്ച് അവിടത്തെ മെത്രാപ്പോലീത്തയായി തീര്‍ന്നു. വിശുദ്ധനേപോലെയുള്ള ഒരു അപ്പസ്തോലന്റെ ആവശ്യം ആ രൂപതക്കുണ്ടായിരുന്നു. അത്രക്ക് അധ:പതിച്ച നിലയിലാരുന്നു രൂപതയുടെ അവസ്ഥ.
ഇടവക ദേവാലയങ്ങള്‍ ഭൂരിഭാഗവും അല്‍മായര്‍ അശുദ്ധമാക്കുകയും കയ്യടക്കുകയും ചെയ്തു. പുരോഹിതന്‍മാരാകട്ടെ അധര്‍മ്മങ്ങളില്‍ മുഴുകുകയും ചിലപ്പോഴൊക്കെ തങ്ങളുടെ മാതൃകകൊണ്ട് അനീതിയെ പ്രചരിപ്പിക്കുകയും ചെയ്തു. തന്റെ രൂപതയുടെ അവസ്ഥകണ്ട് വിശുദ്ധന്‍ കരഞ്ഞുപോയി. രാത്രിയും, പകലും വിശുദ്ധന്‍ ദൈവത്തിന്റെ സഹായത്തിനായി പ്രാര്‍ത്ഥിച്ചു. തന്റെ ഉപവാസങ്ങളും, പ്രാര്‍ത്ഥനകളും വിശുദ്ധന്‍ തന്റെ കുഅജഗണത്തിനായി സമര്‍പ്പിച്ചു. തന്റെ ജീവിതത്തിലെ ആശ്രമപരമായ ലാളിത്യത്തിനു വിശുദ്ധന്‍ യാതൊരുമാറ്റവും വരുത്തിയില്ല.
വിശുദ്ധന്‍ തന്റെ രൂപതയില്‍ നിരന്തരം സന്ദര്‍ശനങ്ങള്‍ നടത്തി. തന്റെ രൂപതയിലെ നിരവധി ദേവാലയങ്ങള്‍ക്ക് വിശുദ്ധന്‍ കഴിവും നന്മയുമുള്ള പുരോഹിതന്‍മാരെ നല്‍കി. മെത്രാനായതിനു ശേഷം തന്റെ കത്രീഡലിലെ കാര്യങ്ങളൊന്നും നേരെയല്ലയെന്നും, വളരെ അശ്രദ്ധമായിട്ടാണ് അവിടത്തെ ആരാധനകള്‍ നടക്കുന്നതെന്നും വിശുദ്ധന്‍ ശ്രദ്ധിച്ചു. വളരെപെട്ടെന്ന്‍ തന്നെ വിശുദ്ധന്‍ ആ ദേവാലയത്തില്‍ ഒരു ക്രമം വരുത്തുകയും അതിനെ ഭക്തിയുടെ ഒരു കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. അല്‍മായര്‍ കയ്യടക്കി വെച്ചിരുന്ന സഭയുടെ വരുമാനമാര്‍ഗ്ഗങ്ങള്‍ മുഴുവന്‍ വിശുദ്ധന്‍ തിരിച്ചുപിടിച്ചു.
ഇതിനിടെ അദ്ദേഹം യുവാക്കളുടെ വിദ്യാഭ്യാസത്തിനായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. പാവപ്പെട്ടവര്‍ക്ക് ഒരാശ്വാസമായിരുന്നു വിശുദ്ധന്‍. നിരവധി ദേവാലയങ്ങള്‍ വിശുദ്ധന്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുതുക്കി, ദൈവഭക്തിയും, ആരാധനയും വിശുദ്ധന്‍ പുനസ്ഥാപിച്ചു. അത്ഭുതകരമായ രോഗശാന്തി, ക്ഷാമകാലത്ത് ഭക്ഷണസാധനങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങി നിരവധി അത്ഭുതങ്ങള്‍ വിശുദ്ധന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി ചരിത്രകാരന്‍ ഉറപ്പിച്ചു പറയുന്നു. എന്നാല്‍ ഏകാന്തജീവിതത്തോടുള്ള വിശുദ്ധന്റെ ആഗ്രഹത്തിനു യാതൊരു കുറവും വന്നിരുന്നില്ല.
1155-വരെ 13 വര്‍ഷത്തോളം തന്റെ സഭാപരമായ ദൗത്യം വിജയകരമായി നിര്‍വഹിക്കുകയും, തന്റെ അതിരൂപതയെ ഒരു നല്ല രൂപതയാക്കി മാറ്റിയതിനു ശേഷം വിശുദ്ധന്‍ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷനായി. ജെര്‍മ്മനിയിലെ സിസ്റ്റേര്‍ഷ്യന്‍ സന്യാസിമാരുടെ ഒരാശ്രമത്തിലേക്കാണ് അദ്ദേഹം പോയത്. അദ്ദേഹം എവിടെയെന്നു ആര്‍ക്കും അറിവുണ്ടായിരുന്നില്ല. വിശുദ്ധന്റെ കുടുംബവും രൂപതയും വിശുദ്ധന്റെ തിരോധാനത്തില്‍ സങ്കടപ്പെട്ടു. ശക്തമായ അന്വോഷണങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം വൃഥാവിലായി. എന്നാല്‍ ദൈവകടാക്ഷത്താല്‍ വിശുദ്ധനെ കണ്ടെത്തുവാന്‍ കഴിഞ്ഞു.
വിശുദ്ധന്റെ ശ്രദ്ധയില്‍ വളര്‍ന്നു വന്ന ഒരു യുവാവ് ഒരു ദിവസം വിശുദ്ധന്‍ ഒളിവില്‍ താമസിക്കുന്ന ആശ്രമം സന്ദര്‍ശിക്കുവാനിടയായി. അവിടത്തെ സന്യാസികള്‍ ദേവാലയത്തിന് പുറത്തു ജോലികള്‍ക്കായി പോകുന്നത് നിരീക്ഷിച്ച ആ യുവാവിന് തന്റെ മെത്രാനെ തിരിച്ചറിയുവാന്‍ കഴിയുകയും അവന്‍ അത് എല്ലാവരെയും അറിയിക്കുകയും ചെയ്തു. താന്‍ കണ്ടുപിടിക്കപ്പെട്ടതില്‍ വിശുദ്ധന്‍ അതിയായി ദുഖിച്ചെങ്കിലും ഇത് ഒരു ദൈവനിശ്ചയമാണെന്ന് കണ്ട് തിരികെ തന്റെ രൂപതയിലെത്തുകയും ചെയ്തു.
മുന്‍പൊരിക്കലും ഇല്ലാത്ത ഉത്സാഹത്തോട് കൂടി വിശുദ്ധന്‍ തന്റെ ദൗത്യം തുടര്‍ന്നു. ദരിദ്രര്‍ എപ്പോഴും വിശുദ്ധന്റെ പ്രത്യേക ശ്രദ്ധക്ക് പാത്രമായിരുന്നു. ധാരാളം ദാനധര്‍മ്മങ്ങളും കാരുണ്യപ്രവര്‍ത്തികളും വിശുദ്ധന്‍ നിര്‍വഹിച്ചു വന്നു. ദരിദ്രരായ യാത്രക്കാരെ സഹായിക്കുവാനായി വിശുദ്ധന്‍ ആല്‍പ്സ് പര്‍വ്വത പ്രദേശത്ത് ഒരാശുപത്രി സ്ഥാപിച്ചു.
ഫ്രഡറിക്ക് ഒന്നാമന്‍ ചക്രവര്‍ത്തി മതവിരുദ്ധവാദിയായ ഒക്ടാവിയനെ, വിക്ടര്‍ എന്ന നാമത്തില്‍ യഥാര്‍ത്ഥപാപ്പായായ അലെക്സാണ്ടര്‍ മൂന്നാമനെതിരായി അനൗദ്യോഗിക പാപ്പായായി അവരോധിച്ചു. ചക്രവര്‍ത്തിയുടെ ഈ അനീതിക്കെതിരെ ആ സാമ്രാജ്യത്തില്‍ ധൈര്യത്തോട് കൂടി ശബ്ദിച്ച ഏക വ്യക്തി വിശുദ്ധ പത്രോസായിരുന്നു. നിരവധി സമിതികളില്‍ അദ്ദേഹം ഇതിനെതിരായി സംസാരിച്ചു. വിശുദ്ധനെ പിന്താങ്ങിയവരെയെല്ലാം ചക്രവര്‍ത്തി നാടുകടത്തിയെങ്കിലും വിശുദ്ധന്റെ മുന്‍പില്‍ ഭക്തിയോടു കൂടി നില്‍ക്കുവാന്‍ മാത്രമാണ് ചക്രവര്‍ത്തിക്ക് കഴിഞ്ഞത്.
അല്‍സെസ്, ബുര്‍ഗുണ്ടി, ലോറൈന്‍, കൂടാതെ ഇറ്റലിയുടെ നിരവധി പ്രദേശങ്ങളില്‍ വിശുദ്ധന്‍ സുവിശേഷ പ്രഘോഷണം നടത്തി. ഈ അവസരങ്ങളില്‍ നിരവധി അത്ഭുതങ്ങള്‍ വിശുദ്ധന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി പറയപ്പെടുന്നു. പരസ്പരം കലഹിക്കുന്ന ഫ്രാന്‍സിലേയും, ഇംഗ്ലണ്ടിലേയും രാജാക്കന്‍മാരെ അനുനയിപ്പിക്കുന്നതിനായി പാപ്പാ വിശുദ്ധനെ ഫ്രാന്‍സിലേക്കും നോര്‍മണ്ടിയിലേക്കും അയക്കുകയുണ്ടായി.
വളരെയേറെ പ്രായാധിക്യമേറിയിട്ടും താന്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം വിശുദ്ധന്‍ സുവിശേഷം പ്രഘോഷിച്ചു. ലൂയിസ് ഏഴാമന്‍ വളരെ ഭക്തിയോടു കൂടിയാണ് വിശുദ്ധനെ സ്വീകരിച്ചത്. ഫ്രാന്‍സിലെ ചക്രവര്‍ത്തിയുടേയും, ഫ്ലാണ്ടേഴ്സിലെ നാടുവാഴിയുടേയും, മറ്റുള്ള പ്രഭുക്കന്‍മാരുടേയും സാനിധ്യത്തില്‍ വിശുദ്ധന്‍ ഒരന്ധന് കാഴ്ച തിരിച്ചുകൊടുത്തു. അവര്‍ മതിയായ പരിശോധനകള്‍ നടത്തിയതിനു ശേഷം ഇതൊരത്ഭുതമാണെന്ന് സ്ഥിദ്ധീകരിച്ചു.
പാരീസില്‍ നിന്നും വിശുദ്ധന്‍ നോര്‍മണ്ടിയിലെ ചാവുമോണ്ടിലേക്കാണ് പോയത്. വിശുദ്ധനെ കണ്ടമാത്രയില്‍ തന്നെ രാജാവായ ഹെന്രി രണ്ടാമന്‍ വിശുദ്ധന്റെ കാല്‍ക്കല്‍ വീണു. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വിശുദ്ധന്‍ ബധിരയായ ഒരു പെണ്‍കുട്ടിക്ക് സംസാരിക്കുവാനുള്ള കഴിവ് തിരികെ നല്‍കി. 1171-ലെ കുരുത്തോല തിരുനാള്‍ ദിനത്തില്‍ ഇംഗ്ലണ്ടിലെ രാജാവ് തന്റെ പരിവാരസമേതം വന്ന്‍ വിശുദ്ധനില്‍ നിന്നും വിശുദ്ധ ചാരം സ്വീകരിച്ചു.
തുടര്‍ന്ന് മെത്രാപ്പോലീത്തയായ വിശുദ്ധ പീറ്റര്‍ രണ്ട് രാജാക്കന്‍മാരും തമ്മിലുള്ള വഴക്ക് അവസാനിപ്പിച്ചു. വിശുദ്ധന്‍ തിരികെ തന്റെ ദേവാലയത്തിലേക്ക് മടങ്ങിപോയി. എന്നാല്‍, താനും തന്റെ മകനും തമ്മിലുള്ള വഴക്ക് അവസാനിപ്പിക്കുവാനായി ഇംഗ്ലണ്ടിലെ രാജാവ് വിശുദ്ധനോട് ആവശ്യപ്പെട്ടു, ഈ യാത്ര അത്രകണ്ട് ഫലം കണ്ടില്ല. തന്റെ മടക്കയാത്രയില്‍ വിശുദ്ധന്‍ രോഗബാധിതനായി, 1174-ല്‍ ബേസന്‍കോണ്‍ രൂപതയിലെ ബെല്ലെവോക്സ് ആശ്രമത്തില്‍ വെച്ച് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 1191-ല്‍ സെലസ്റ്റിന്‍ മൂന്നാമന്‍ പാപ്പാ മെത്രാപ്പോലീത്തയായിരുന്ന പത്രോസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *