ലെവി ഗോത്രത്തില്‍ പെട്ടവനായിരുന്നു വിശുദ്ധ ബാര്‍ണബാസ്. സൈപ്രസായിരുന്നു വിശുദ്ധന്റെ ജന്മദേശം. യേശുവിന്റെ മരണത്തിനു ശേഷം ഉടനെ തന്നെ വിശുദ്ധന്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും ജെറുസലേമിലെ ആദ്യകാല ക്രിസ്തീയ സമൂഹത്തിലെ ഒരംഗമായി തീരുകയും ചെയ്തു. വിശുദ്ധന്റെ പ്രത്യേകം പരാമര്‍ശിക്കേണ്ടതായ ആദ്യത്തെ പ്രവര്‍ത്തി അദേഹം തനിക്കുള്ളതെല്ലാം വിറ്റ് ആ പണം മുഴുവന്‍ അപ്പസ്തോലന്‍മാരുടെ കാല്‍ക്കല്‍ അടിയറ വെച്ചുവെന്നതാണ്. പുതുതായി വിശ്വാസത്തിലേക്ക് വന്ന വിശുദ്ധ പൗലോസുമായി അദ്ദേഹം പെട്ടെന്ന് തന്നെ സൌഹൃദത്തിലായി.
ജെറുസലേം യോഗത്തില്‍ അദ്ദേഹം വിശുദ്ധ പൗലോസിനൊപ്പം സന്നിഹിതനായിരുന്നു (ca.50). അവര്‍ രണ്ട് പേരും തങ്ങളുടെ രണ്ടാമത്തെ സുവിശേഷ പ്രചാരണ യാത്രക്കായി തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടക്കാണ് അവര്‍ക്കിടയില്‍ മര്‍ക്കോസിനെ ചൊല്ലി അഭിപ്രായ ഭിന്നത ഉടലെടുക്കുന്നത്. അതേ തുടര്‍ന്ന് രണ്ടുപേരും വിവിധ സ്ഥലങ്ങളിലേക്ക് പോയി. ബര്‍ണബാസ് മര്‍ക്കോസിനേയും കൂട്ടികൊണ്ട് സൈപ്രസിലേക്കാണ് പോയത്. അതിനു ശേഷമുള്ള കാര്യങ്ങള്‍ അപ്പസ്തോലിക പ്രവര്‍ത്തനങ്ങളിലോ, ആധികാരികമായ മറ്റ് രേഖകളിലോ പരാമര്‍ശിച്ച് കാണുന്നില്ല.
വിശുദ്ധ പൗലോസിന്റെ എഴുത്തുകളില്‍ ഒന്നില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് ബര്‍ണബാസ് സ്വന്തം പ്രയത്നത്താലാണ് ജീവിച്ചതെന്നാണ് (1 കൊറിന്തോസ് 9:5-6). വിശുദ്ധ ബാര്‍ണബാസ് മരണപ്പെടുന്നതിന്റെ സമയവും സ്ഥലവും എങ്ങും രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നില്ല. 488-ല്‍ അദ്ദേഹത്തിന്റെ ശരീരം സലാമിനായില്‍ കണ്ടതായി പറയപ്പെടുന്നു. പുരാതനകാലം മുതല്‍ തന്നെ സഭയുടെ ആരാധനാ ക്രമത്തില്‍ വിശുദ്ധ ബാര്‍ണബാസിന്റെ നാമം ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *