Follow Us On

27

December

2024

Friday

സെപ്തംബർ 01: വിശുദ്ധ ഗില്‍സ്

ഗ്രീസ്സിന്റെ തലസ്ഥാനമായ എഥൻസിലെ ഒരു കുലീന കുടുംബത്തിലാണ്‌ വിശുദ്ധ ഗില്‍സ് ജനിച്ചത്. മാതാപിതാക്കളുടെ മരണ ശേഷം, പ്രശസ്തിയേയും അനുയായികളും ഭയന്ന്, അദ്ദേഹം പിതൃരാജ്യത്ത് നിന്നും പാലായനം ചെയ്ത് ഫ്രാൻസിൽ എത്തി. റോൺ നദീ മുഖത്തിനടുത്തുള്ള കാട്ടിലെ ഒരു ഗുഹക്കുള്ളിൽ ഒരു സന്യാസിയായി ജീവിതം തുടർന്നു. ദിവസേന ഒരു പേടമാൻ ഗുഹയിലെത്തി അദ്ദേഹത്തിന്‌ പാൽ കൊടുത്തിരുന്നു എന്നാണ്‌ പറയപ്പെടുന്നത്.

ഒരു ദിവസം രാജാവിന്റെ വേട്ടക്കാരാൽ ഓടിക്കപ്പെട്ട മാൻപേട ഗുഹാകവാട പ്രദേശത്തേക്ക് പോകുന്നത് പിന്തുടർന്ന അവർ ഗില്‍സിനേയും അദ്ദേഹത്തിന്റെ രഹസ്യ ധ്യാന സ്ഥാനവും കണ്ടെത്തി. അവർ ആ പെൺ മാനിനു നേരെ അമ്പെയ്തെങ്കിലും അത് കൊണ്ടത് ഗിൽസിന്റെ കാൽതുടയിലായിരുന്നു. ഇതേ തുടര്‍ന്നു ജീവിതകാലം മുഴുവനും മുടന്തനായി അദ്ദേഹത്തിന് കഴിയേണ്ടി വന്നു. പിന്നീട്, തിയോഡോറിക്ക് രാജാവിന്റെ ആവശ്യപ്രകാരം, അദ്ദേഹം ഒരാശ്രമം പണിയുകയും, അതിന്റെ ആദ്യത്തെ മഠാധിപതിയാകുകയും ചെയ്തു. ഈ ആശ്രമം വിശുദ്ധ ഗില്‍സ് ഡു ഗാര്‍ഡ് എന്ന പേരില്‍ പിന്നീട് അറിയപ്പെടാന്‍ തുടങ്ങി. എട്ട് വർഷത്തിനു ശേഷം 712-ൽ വിശുദ്ധ ഗിൽസ് നിര്യാതനായി.

ഈ വിശുദ്ധന്റെ ഒരു പ്രതിമയോ, ചിത്രമോ ചേർത്തു വച്ച് കൊണ്ട് കിടന്നുറങ്ങിയാൽ സന്താനഭാഗ്യമില്ലാത്ത സ്ത്രീകൾ ഗർഭിണികളാകുമെന്ന വിശ്വാസത്താൽ അങ്ങനെ ആചരിക്കുന്നവർ ഫ്രാൻസിലെ നോർമണ്ടിയിലുണ്ട്. മുടന്തുള്ളവരുടെ സൗകര്യത്തിനായി, വിശുദ്ധ ഗില്‍സിന്റെ നാമധേയത്തിൽ ധാരാളം പള്ളികൾ ഇംഗ്ലണ്ടിൽ പണി തീർക്കപ്പെടുകയുണ്ടായി. ദരിദ്രരുടെ രക്ഷാധികാരിയായിട്ടാണ്‌ വിശുദ്ധ ഗില്‍സ് കരുതപ്പെട്ടിരിന്നത്. അദ്ദേഹത്തിന്റെ നാമത്തിൽ നിരാലംബർക്ക് ദാനധർമ്മങ്ങൾ കൊടുക്കുക പതിവായിരുന്നു.

ഇതിന്‌ തെളിവായി ഒരാചാരം നിലവിലുണ്ടായിരുന്നു. വധശിക്ഷക്ക് കൊണ്ടുപോയിരുന്ന കുറ്റവാളികളെ വിശുദ്ധ ഗില്‍സ് ആശുപത്രി കവാടത്തിൽ നിറുത്തി, അവർക്ക് “St.Giles’ Bowl”എന്ന് വിളിച്ചിരുന്ന ഒരു ‘പാത്രം വീഞ്ഞ്’ ദാനമായി നല്കപ്പെട്ടിരുന്നു. “പരിശുദ്ധ സഹായകർ” എന്ന 14 പേരുടെ ലിസ്റ്റിൽ വിശുദ്ധ ഗില്‍സും ഉൾപ്പെട്ടിട്ടുണ്ട്. ഈ 14 പേർക്കും ഒന്നിച്ചാണ്‌ പ്രാർത്ഥനാപേക്ഷ സമർപ്പിക്കുന്നത്; കാരണം, പരീക്ഷകളിലും കഷ്ടതയിലും സഹായിക്കാനുള്ള ശക്തി പ്രാപിച്ചവരാണിവർ. ഓരോ വിശുദ്ധനും പ്രത്യേകം തിരുനാളും ഓർമ്മദിനവും ഉണ്ട്.

ആഗസ്റ്റ് 8 നാണ്‌ ഇവരെ ഒന്നിച്ചോർമ്മിക്കുന്ന ദിവസം. എന്നാൽ 1969-ലെ റോമൻ കലണ്ടർ പരിഷ്കരണ പ്രകാരം ഈ കൂട്ടായ ദിനാചരണം റദ്ദു ചെയ്യപ്പെട്ടു. ഭിക്ഷാടകർ, മുലയൂട്ടുന്നവർ, സന്യാസികള്‍, ശാരീരിക ക്ഷമതയില്ലാത്തവർ, കൊല്ലപ്പണിക്കാർ, മുടന്തന്മാർ, കുഷ്ഠ രോഗികൾ, സന്താനശേഷിയില്ലാത്തവർ, ലൈംഗിക ശേഷി ഇല്ലാത്തവർ- എന്നിവർക്ക് ഈ വിശുദ്ധന്റെ മദ്ധ്യസ്ഥതക്കായി പ്രാർത്ഥിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?