Follow Us On

22

January

2025

Wednesday

പാട്ട് മൂളിത്തന്നത്‌ പരിശുദ്ധ അമ്മ! ഫാ. ഷാജി തുമ്പേച്ചിറയിലിന് ഇന്നും ഓർമയുണ്ട് ആ സ്വരം

പാട്ടിന്റെ വരികളും അതിന്റെ അർത്ഥവും പരിശുദ്ധ അമ്മ കാതിൽ മൂളിക്കൊടുത്ത അനുഭവം ജപമാല മാസത്തിൽ വെളിപ്പെടുത്തുന്നു, പ്രശസ്ത സംഗീതജ്ഞൻ ഫാ. ഷാജി തുമ്പേച്ചിറയിൽ. 

ഫാ. ഷാജി തുമ്പേച്ചിറയില്‍

അമ്മ മറിയം അതിരറ്റ വാത്സല്യം ആണന്ന് ആരെയും പറഞ്ഞ് ബോധ്യപ്പെടുത്തുക എളുപ്പമല്ല. അത് അനുഭവിച്ചിട്ടുള്ളവര്‍ക്ക് അമ്മയെ കുറിച്ചുള്ള ഓരോ വായനയും ആത്മാവില്‍ കുന്തിരിക്കം പുകയുന്ന അനുഭവമാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ പൗരോഹിത്യത്തെ ദൈവസന്നിധിയില്‍ ഉറപ്പിച്ചത് അമ്മ മറിയത്തിന്റെ പ്രാര്‍ത്ഥനയാണന്നാണ് എന്റെ ബോധ്യം. അതാണെന്റെ അനുഭവവും. അമ്മയെ കൂടാതെ സുവിശേഷ വേലയോ ദൈവശാസ്ത്രമോ ഒരു യാത്രയോ അമ്മയുടെ ഓര്‍മയില്ലാത്ത കലാശുശ്രൂഷയോ എനിക്ക് ഉണ്ടായിട്ടില്ല.

പരിശുദ്ധ അമ്മ ജ്ഞാനത്തിന്റെ ഇരിപ്പിടമാണെന്ന് കരുതുന്നവരാണ് നമ്മള്‍. ഇതിനോട് ചേരുന്ന ഒരു അനുഭവം എനിക്ക് ഉണ്ടായത് ഓര്‍ക്കുകയാണ്. പ്രത്യേകിച്ച് മരിയന്‍ പാട്ടുകള്‍ എഴുതുന്ന നേരത്ത് മറിയം ജ്ഞാനം പകര്‍ന്നു തരുന്നത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. ഒരിക്കല്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുമ്പോള്‍ എനിക്ക് ഒരു മരിയന്‍ പാട്ടിന്റെ നാല് വരി ലഭിച്ചു. ആ പാട്ട് ഒരു പക്ഷേ നിങ്ങള്‍ കേട്ടിട്ടുണ്ടാകും.

‘അമ്മേ മാതാവേ എന്ന് ഞാന്‍ എന്നുള്ളില്‍ എത്ര വിളിച്ചെന്ന് അറിയാന്‍…’ ഇങ്ങനെയാണ് ആ പാട്ട് തുടങ്ങുന്നത്. എന്നാല്‍ പാട്ടിന്റെ നാല് വരി പിറന്ന ശേഷം ജനനം നിലച്ചു. പാട്ട് നാല് വരിയില്‍ മാത്രം ഒതുങ്ങി. ഈ പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് ശുശ്രൂഷകളില്‍ ഞാന്‍ പാട്ട് പാടാന്‍ തുടങ്ങി. പാടുമ്പോള്‍ ആളുകള്‍ വലിയ സ്‌നേഹവായ്‌പോടു കൂടി കരയുന്നത് കണ്ടു. എന്നാല്‍ പാട്ടിന്റെ ബാക്കി ഭാഗം രചിക്കണമല്ലോ എന്ന ആഗ്രഹത്തോട് കൂടി ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ച് ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു പ്രത്യേക അനുഭവം ഉണ്ടായി.

പാട്ടിന്റെ അനുപല്ലവിക്കുവേണ്ടി ശ്രമിക്കുമ്പോള്‍ പെട്ടന്ന് ആരോ കാതുകളില്‍ വ്യക്തമായി മന്ത്രിക്കുന്നതു പോലെ തോന്നി. ഞാന്‍ ചിന്തിക്കാതെയും വാക്കുകള്‍ക്കുവേണ്ടി പരതാതെയും ആരോ എനിക്ക് വരികള്‍ പറഞ്ഞ് തരുന്നതുപോലെയുള്ള അതീന്ദ്രിയമായ അനുഭവം.
ഞാന്‍ കേട്ട വരികള്‍ ഇതാണ്. ‘വേച്ചു വീഴാതെ താങ്ങേകുന്ന കൃപയുടെ വേലിക്കെട്ടാണ് സ്ലീവ.’ ഞാന്‍ അത് എഴുതി വയ്ക്കുകയും ചെയ്തു. പാട്ടെഴുതി പൂര്‍ത്തിയാക്കി റെക്കോര്‍ഡ് ചെയ്ത് പുറത്തുവന്നു.

എന്റെ സ്വന്തം സഹോദരനും പുരോഹിതനുമായ തോമസ് തുമ്പേച്ചിറയില്‍ എന്നെ വിളിച്ചിട്ട് സ്‌നേഹത്തോടെ പറഞ്ഞു: പാട്ട് നന്നായിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ നീ എന്തിനാണ് വേലിക്കെട്ടാണ് സ്ലീവാ എന്നെഴുതിയത്? ‘ഈ ചോദ്യത്തിന്  പെട്ടന്ന് ഒരുത്തരം പറയാന്‍ എനിക്ക് സാധിച്ചില്ല. സ്ലീവയും വേലിക്കെട്ടും തമ്മില്‍ ഉപമിച്ചത് പാളിപ്പോയോ എന്ന ചിന്തയാണ് അപ്പോള്‍ എന്റെ മനസിലുണ്ടായത്. ഞാന്‍ ദൈവസന്നിധിയില്‍ തന്നെ ഇതിന് ഉത്തരം തേടി. എന്തുകൊണ്ടാണ് അങ്ങനെ എഴുതേണ്ടി വന്നതെന്ന് ദൈവത്തോട് ചോദ്യമുന്നയിച്ചു. പാട്ടെഴുതിയപ്പോള്‍ കേട്ട അതേപോലൊരു ദിവ്യനാദം അപ്പോള്‍ ഞാന്‍ എന്റെ ചെവിയില്‍ മുഴങ്ങി. അതൊരു ദൈവിക വ്യാഖ്യാനമോ ഉന്നതമായ പഠനമോ ആയിരുന്നു.

ഒരു നഴ്‌സറി കുട്ടിയെ പഠിപ്പിക്കുന്നതുപോലെ കാതുകളില്‍ ആരോ എന്നോട് ചോദിച്ചു. കുഞ്ഞേ നീ ഒരു സ്ലീവാ, അതായത് ഒരു കുരിശ് എടുത്ത് മുന്നില്‍ നാട്ടിവയ്ക്കുക. അതിന് ഇടത്തും വലത്തും സമാന്തരമായി കുരിശുകള്‍ നാട്ടുക. വീണ്ടും ഇടത്തും വലത്തും കുരിശുകള്‍ നാട്ടുക. അടുത്തടുത്ത് നിരനിരയായി നില്‍ക്കുന്ന ഈ കുരിശുകള്‍ നോക്കുക. നീ കാണുന്നത് കേവലം ഒരു സ്ലീവായാണോ? അതോ ഒരു വേലിക്കെട്ടാണോ? നിരനിരയായി ഒരേ പൊക്കമുള്ള സ്ലീവാകള്‍ നാട്ടി നിര്‍ത്തിയിരിക്കുന്നത് ഞാന്‍ മനസുകൊണ്ട് ഭാവന കണ്ടു. അത്ഭുതം അതൊരു വേലിക്കെട്ടായി തീര്‍ന്നിരിക്കുന്നു.

അപ്പോള്‍ ആ ദിവ്യനാദം എന്നോട് പറഞ്ഞു. സ്ലീവാ വേലിക്കെട്ടുതന്നെയാണ്. വിവിധ കുരിശുകള്‍ ചേര്‍ന്ന് നിനക്ക് ഒരു വേലിക്കെട്ട് തീര്‍ത്തിരിക്കുകയാണ്. സംരക്ഷണത്തിന്റെ വേലിക്കെട്ടാണത്. നീ വേച്ചു വീഴാതെ കുരിശുകള്‍ നിന്നെ താങ്ങിനിര്‍ത്തുന്നു. അമ്മവഴി ലഭിച്ച വലിയ ദിവ്യജ്ഞാനത്തിന്റെ അനുഭവമായിരുന്നു ആയിരുന്നു അത്.

പണ്ടൊരിക്കല്‍ നടന്നൊരു അനുഭവം കൂടി പറയാം. തമിഴ്‌നാട്ടിലെ ശുശ്രൂഷ കഴിഞ്ഞു കേരളത്തിലേക്ക് യാത്രചെയ്തു വരികയാണ്. ശുശ്രൂഷയില്‍ പങ്കെടുക്കുന്ന നാലഞ്ചു പേര്‍ വാഹനത്തിലുണ്ട്. പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഞങ്ങളുടെ വരവ്. പെട്ടെന്ന് ഞങ്ങള്‍ സഞ്ചരിച്ച  കാര്‍ റോഡില്‍ നിന്നും എട്ട് അടിയോളം താഴ്ച്ചയുള്ള പാടശേഖരത്തിലേക്ക് പതിച്ചു.

അത്ഭുതപ്പെടുത്തിയ കാര്യം, വാഹനം പാടത്തേക്ക് വീണിരിക്കുന്നത് ഏതാണ്ട് 6 അടി വീതിയുള്ള കരിങ്കല്‍ കുറ്റികളുടെ ഇടയിലൂടെയാണ്. വളരെ കരുതലോടെയാണ് തിരിച്ച് വലിച്ചു കയറ്റിയതെങ്കിലും കുറ്റിയില്‍ തട്ടി കാറിന്റെ കുറേ ഭാഗം ഇളകി. എന്നാല്‍ പാഞ്ഞുചെന്ന് ചെളിയിലേക്ക് വീണത് കുറ്റികള്‍ക്കിടയിലൂടെ ഒരു പോറലുമില്ലാതെയാണ്.

ഈ അനുഭവം നടക്കുന്ന സമയത്ത് കരുമാടി പ്രദേശത്തുനിന്നും ഒരു സുഹൃത്ത് എന്നെ വിളിച്ചു. ‘അച്ചാ അച്ചനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഈശോ പറഞ്ഞുതന്നു. പരിശുദ്ധ അമ്മ ഒരു വള്ളത്തെ മുങ്ങാതെ പിടിച്ചു നിര്‍ത്തിയിരിക്കുന്നതായി കാണിച്ചുതന്നു.’ ദര്‍ശനങ്ങള്‍ ഒരുപക്ഷേ സ്ഥൂലവും വാസ്തവവുമായിരിക്കണമെന്നില്ല. അതിനകത്തു മാനുഷിക അംശങ്ങള്‍ ഉണ്ടെന്നെനിക്കറിയാം. എന്നാല്‍ ഞാനും എന്റെ സഹോദരങ്ങളും അത്ഭുതകരമായി സംരക്ഷിക്കപ്പെട്ട ആ രാത്രിയില്‍ മുങ്ങാതെ മറിയം ഒരു വള്ളത്തെ പരിരക്ഷിച്ചത് കാണിച്ചുതന്നു എന്ന് പറഞ്ഞപ്പോള്‍ അതുണ്ടാക്കിയ ആത്മീയനുഭവം വര്‍ണനാതീതമാണ്.

അങ്ങനെ മറിയം എപ്പോഴും വര്‍ണിക്കാനാവാത്ത സ്വര്‍ഗീയ വാത്സല്യത്തിന്റെ അനുഭവമാണ്. ഇന്നലെ ഒരനുഭവമെങ്കില്‍ ഇന്ന് മറ്റൊന്നാണ്. നാളെ മറ്റൊന്നുണ്ടാകുമെന്നും എനിക്കറിയാം. അതുകൊണ്ട് കണ്ണിചേര്‍ന്ന സ്‌നേഹാനുഭവങ്ങള്‍ എന്നും പറയാന്‍ അമ്മ ബാക്കിവയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് അമ്മ വഴി ഈശോയെ സ്തുതിക്കാന്‍ എപ്പോഴും വാശിയുള്ളതും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?