ഇന്ന് (ഡിസംബർ 13) വിശുദ്ധ ലൂസിയുടെ തിരുനാൾ. ക്രിസ്തുവിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ഇറ്റാലിയൻ യുവതിയാണ് വിശുദ്ധ ലൂസി. ഈ വിശുദ്ധയുടെ തിരുനാൾ ദിനത്തിൽ, രണ്ടര പതിറ്റാണ്ടുമുമ്പ് മറ്റൊരു ലൂസി (സിസ്റ്റർ ലൂസി) തന്റെ മദർ സുപ്പീരിയറിന് അയച്ച കത്ത് വായിക്കാം.
ഞാൻ സിസ്റ്റർ ലൂസി വെർത്രൂസ്‌ക് . സെർബിയൻ പട്ടാളക്കാരാൽ റേപ്പ് ചെയ്യപ്പെട്ട മൂന്നു സിസ്റ്റേഴ്സുമാരിൽ ഒരാൾ. അമ്മേ, ഞങ്ങൾക്ക് എന്തു സംഭവിച്ചു എന്നു പറയട്ടെ. ജീവിതത്തിൽ മറ്റാരോടും പങ്കുവയ്ക്കാൻ കഴിയാത്ത അത്രമേൽ ഭീതി ജനിപ്പിക്കുന്ന അനുഭവം എനിക്കുണ്ടായതിനാൽ ഞാൻ അതിന്റെ വിശദാംശങ്ങളിലേക്കു പ്രവേശിക്കുന്നില്ല.
ആരുടെ മുമ്പിൽ എന്റെ സമർപ്പണം ഞാൻ നടത്തിയോ, ആ ദൈവത്തിനറിയാം സകലതും. ഒരു സ്ത്രീയെന്ന വിധത്തിൽ സഹിക്കേണ്ടിവന്ന അപമാനമോ, എന്റെ സന്യാസ ദൈവവിളിക്കെതിരെ എന്നിൽ ഏൽപ്പിക്കപ്പെട്ട ക്ഷതമോ അല്ല എന്നെ ഇപ്പോൾ ഭാരപ്പെടുത്തുന്നത്. മറിച്ച്, വിശ്വാസയാത്രയിൽ എന്റെ ദിവ്യമണവാളന്റെ നിഗൂഢ പദ്ധതിയെ ഈ സംഭവത്തിൽ ഞാൻ എങ്ങനെ മനസ്സിലാക്കും?
ഏതാനും ദിവസങ്ങൾക്കുമുമ്പ് ‘കർമലീത്തരുടെ ആത്മഭാഷണം’ എന്ന ഗ്രന്ഥം വായിക്കുമ്പോൾ ഞാൻ പ്രാർത്ഥിച്ചു, ഈശോയെ എന്നെയും ഒരു രക്തസാക്ഷിയാക്കണമേയെന്ന്. അത് എന്റെ ജീവിതത്തിൽ ഇപ്രകാരമാണ് നിറവേറാൻ പോകുന്നതെന്ന് ഒരിക്കലും ഞാനറിഞ്ഞിരുന്നില്ല. എന്റെ ഈ വേദന ഈശോയുടെ വേദനയുമായി തുലനം ചെയ്യുമ്പോൾ ഒന്നുമല്ല എന്നെനിക്കറിയാം. പെട്ടെന്നൊരു ദിവസം എന്റെ പദ്ധതികളെ തകർത്തുകളഞ്ഞവൻ എനിക്കൊരു വഴി കാണിച്ചുതരാതിരിക്കില്ല.
അമ്മേ, ഒരിക്കലും ഓർക്കാൻപോലും ആഗ്രഹിക്കാത്ത ആ രാത്രിയിൽ ഒരാൾ എന്നെക്കയറിപ്പിടിച്ചു. എന്റെ പരിശുദ്ധിയെല്ലാം തല്ലിത്തകർത്തു. എന്റേതെല്ലാം അയാളുടേതാക്കാൻ ശ്രമിച്ചു. പിറ്റേന്ന് ഞാനുണർന്നപ്പോൾ ഗെത്സെമനിയിലെ യേശുവിന്റെ വേദനയാണ് ആദ്യം എന്റെ ചിന്തയിൽ കടന്നുവന്നത്. ഞാൻ ചോദിച്ചു: ‘എന്റെ ജീവിതത്തിന്റെ ഏറ്റം ശ്രേഷ്ഠമായത് തകർക്കാൻ ദൈവമേ, എന്തുകൊണ്ട് നീ അനുവദിച്ചു?’
എന്റെ ദൈവവിളി ഇനി ഏതുവിധം ഞാൻ ജീവിച്ചു തീർക്കും?’ ഞാൻ സാവകാശം പറയാൻ തുടങ്ങി. എ ല്ലാറ്റിലുമുപരി ദൈവമേ, നിന്റെ ഹിതം നിറവേറട്ടെ. എനിക്കെങ്ങോട്ടും പോകാനില്ല. എങ്കിലും, ഈശോ നീ എന്റെ അടുത്തുണ്ടല്ലോ. അമ്മേ, ഈ വരികൾ ഞാൻ എഴുതുന്നത് ഒരാശ്വസം തേടിയല്ല. മറിച്ച്, ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട്, ഗർഭം ധരിക്കാൻ എന്നെപ്പോലെ വിധിക്കപ്പെടുന്ന ആയിരക്കണക്കിന് സ്ത്രീകളോടും സ്വാഗതം ചെയ്യാത്ത ഗർഭധാരണം വഹിക്കേണ്ടിവരുന്ന മാതൃത്വത്തോടും എന്നെ ചേർത്തുവച്ചതിന് ദൈവത്തിന് നന്ദിപറയാൻ ആഗ്രഹിച്ചുകൊണ്ടാണ്.
എന്റെ രണ്ടു സഹോദരാരും ഇതേ സെർബിയൻ പട്ടാളക്കാരാൽ കൊലചെയ്യപ്പെട്ടെന്നറിഞ്ഞ് തോരാത്ത കണ്ണീരും തീരാത്ത വ്യാഥിയുമായി കഴിഞ്ഞിരുന്ന രാത്രികളായിരുന്നു അത്. നിരാശയും നോവും പൂണ്ട ഒട്ടേറെ മനുഷ്യർ കോൺവെന്റിൽ വാതിലിൽ വന്നുമുട്ടും, സഹായം തേടി. ഏതാനും ആഴ്ചകൾക്കുമുമ്പു 18 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ഇവിടെ വന്നതോർക്കുന്നു. ഏറെ മർദ്ദനങ്ങളാൽ തകർപ്പെട്ട അവൻ പറഞ്ഞു, നിങ്ങൾ എത്രയോ സുരക്ഷിതരാണ്, നിങ്ങൾ ഭാഗ്യം സിദ്ധിച്ചവർ. അപമാനത്തിന്റെ ഭാരമെന്തെന്ന് നിങ്ങൾക്കൊരിക്കലും മനസിലാവില്ല, അവൻ കൂട്ടിച്ചേർത്തു.
ഇന്ന് ഞാനിത് അനുഭവിക്കുന്നു. അവരിൽ ഒരുവളാണ് ഞാനിന്ന്. ഹൃദയം വല്ലാതെ തകർക്കപ്പെടുകയും ശരീരങ്ങൾ ദുരുപയോഗിക്കപ്പെടുകയും ചെയ്യപ്പെട്ട നിരവധി മനുഷ്യരിൽ ഒരാൾ. അപമാനത്തിന്റെ ഭാരമെന്തെന്ന് ഞാനിന്ന് അറിയുന്നു. അമ്മേ, അമ്മയുടെ ആശ്വാസവാക്കുകൾക്ക് നന്ദി പറയുന്നതിനിടയിലും ഒരു ചോദ്യം എന്നെ വേട്ടയാടുന്നു: ‘എന്റെ ഉദരത്തിലേക്ക്, എന്റെ അനുവാദമില്ലാതെ കയറ്റിവിട്ട ഈ കുരിന്നു ജീവനെ ഞാൻ എന്തു ചെയ്യും?’
അമ്മേ, ഞാൻ ഈ കുഞ്ഞിനെ പ്രസവിക്കും. ഈ കുഞ്ഞ് എന്റേതായിരിക്കും, എന്റേതുമാത്രം. ഒരനാഥാലയത്തിലേക്കും ഇതിനെ ഞാൻ തള്ളിവിടില്ല. ഞാനെന്റെ സമർപ്പണം മറ്റൊരുവിധത്തിൽ പൂർത്തിയാകും. ഒരു ചെടിയെ അതിന്റെ വേരിൽനിന്നും പിഴുതുകളയാൻ പാടില്ല. ഞാനെന്റെ കുഞ്ഞുമായി പോകും. എവിടേയ്ക്കാണെന്നറിയില്ല. പെട്ടെന്നൊരു ദിവസം എന്റെ സന്തോഷത്തെ തകർത്തുകളഞ്ഞവൻ എനിക്കൊരു വഴി കാണിച്ചു തരാതിരിക്കില്ല.
നമ്മുടെ നാട്ടിൽ വളരുന്ന വിദ്വേഷത്തിന്റെ കണ്ണികൾ മുറിക്കാൻ ഇതുമൂലം ആയെങ്കിൽ എന്നു ഞാൻ ആശിക്കുന്നു. വിദ്വേഷത്തിൽ പിറന്ന ഈ കുഞ്ഞിനെ സ്നേഹം നൽകി ഞാൻ വളർത്തും. അങ്ങനെ മനുഷ്യന് മഹത്വം നൽകുന്നത് ക്ഷമയാണെന്ന് ഞാനു എന്റെ കുഞ്ഞും ലോകത്തിനു മുമ്പിൽ സാക്ഷ്യപ്പെടുത്തും. എല്ലാം നൽകി വളർത്തിയ എന്റെ സന്യാസസമൂഹത്തോട് എനിക്കു കടപ്പാട് മാത്രമേയുള്ളൂ.
അനാവശ്യമായ ഒരു ചോദ്യം കൊണ്ടുപോലും എന്നെ മുറിവേൽപ്പിക്കാതെ എനിക്കൊപ്പംനിന്ന എന്റെ സഹസിസ്റ്റേഴ്സിനോട് ഏറെ കടപ്പാടുണ്ട് എനിക്ക്. വീണ്ടും ദരിദ്രയാവുകയാണ്. നാട്ടിലെ സ്ത്രീകൾ ധരിക്കുന്ന വസ്ത്രവും ചെരിപ്പുമായി അവർക്കൊപ്പം ഞാൻ ജോലി ചെയ്യും. കാട്ടിൽ മരം മുറിക്കാനും കമ്പുകൾ ശേഖരിക്കാനും ഞാൻ പോകും. പരിഭവങ്ങളില്ലാതെ എന്റെ ജീവിതം ജീവിച്ച് ദൈവത്തെ എനിക്ക് മഹത്വപ്പെടുത്തണം…
(1995ൽ സെർബിനിയൻ പട്ടാളക്കാരുടെ കൂട്ടബലാത്‌സംഘത്തിന് ഇരയായി ഗർഭിണിയാക്കപ്പെട്ട സിസ്റ്റർ ലൂസി വെർത്രൂസ്‌ക് തന്റെ മദർ സുപ്പീരിയർന് അയച്ച കത്ത് ഇറ്റാലിയൻ ന്യൂസ്പേപ്പറാണ് പ്രസിദ്ധീകരിച്ചത്)
പ്രാർത്ഥന: തിമിരം ബാധിച്ചവരുടെ മധ്യസ്ഥയാണ് വിശുദ്ധ ലൂസി. ഞങ്ങൾക്കുവേണ്ടി വിശിഷ്യാ, ആത്മീയാന്ധതയാൽ ദിശാബോധം നഷ്ടപ്പെടുന്ന ഓരോരുത്തർക്കുവേണ്ടിയും പ്രാർത്ഥിക്കണമെ.
Leave a Comment
Your email address will not be published. Required fields are marked with *