Follow Us On

24

January

2025

Friday

മാർഗരറ്റ് റോപ്പർ: ധീരപിതാവിന്റെ വീരപുത്രി! 

സിബി തോമസ്

ഇന്ന് (ജൂൺ 22) വിശുദ്ധ തോമസ് മൂറിന്റെ തിരുനാൾ. ഭാര്യ ജീവിച്ചിരിക്കേ മറ്റൊരു വിവാഹത്തിനൊരുങ്ങിയ ഹെൻറിഎട്ടാമൻ രാജാവിനെ എതിർത്തതിന്റെ പേരിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മൂറിനെക്കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. എന്നാൽ, അദ്ദേഹത്തിന്റെ മകൾ മാർഗരറ്റ് റോപ്പറെക്കുറിച്ച് എത്രപേർ കേട്ടിട്ടുണ്ട്? പിതാവിന്റെ കാലടികൾ പിൻചെന്ന ആ മകളുടെ വിശ്വാസസ്‌ഥൈര്യം അടുത്തറിയാം, പിതാവിന്റെ തിരുനാൾ ദിനത്തിൽ.

കത്തോലിക്കാ സഭയുടെ ചരിത്രം പഠിക്കുന്നവരിൽ തോമസ് മൂറിനെ അറിയാത്തവരായി ആരുമുണ്ടാവില്ല- ഭാര്യ ജീവിച്ചിരിക്കേ മറ്റൊരു വിവാഹത്തിനൊരുങ്ങിയ ഹെൻറി എട്ടാമൻ രാജാവിനെ എതിർത്തതിന്റെ പേരിൽ വധശിക്ഷ ഏറ്റുവാങ്ങിയ ധീരരക്തസാക്ഷി. വിവാഹജീവിതത്തിന്റെ പവിത്രത നിലനിർത്താൻ സ്വജീവിതം ഹോമിച്ച തോമസ് മൂർ വൈവാഹികജീവിതം നയിക്കുന്ന ഏതൊരുവനും മാതൃകയാണ്.

1535 ജൂലൈ ആറ്. മുൻ ചാൻസിലർ തോമസ് മൂറിന്റെ ശിരച്ഛേദനം കാണാൻ ലണ്ടൻ നഗരം മുഴുവൻ ലണ്ടൻ ടവർഹില്ലിൽ എത്തിച്ചേർന്നു. വധിക്കുംമുമ്പ് എന്തെങ്കിലും പറയാനുണ്ടോ? എന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു: ‘നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കണം; ഞാൻ നിങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കും. നിങ്ങൾ നമ്മുടെ രാജാവിനു വേണ്ടിയും പ്രാർത്ഥിക്കണം. ഞാൻ മരിക്കുന്നത് ദൈവത്തിന്റെ സൈനികനായിട്ടാണ്…’

പിന്നീട് മുട്ടിൻമേൽനിന്ന് ‘കർത്താവേ, പാപിയായ എന്റെമേൽ കരുണയായിരിക്കണമേ’ എന്ന് പ്രാർത്ഥിച്ചു. വധശിക്ഷയ്ക്ക് മുന്നോടിയായി ആരാച്ചാരന്മാർ ശിരസ് മൂടിക്കെട്ടാൻ വന്നപ്പോൾ അദ്ദേഹം ഫലിതമായി ‘എന്റെ താടിമീശ വളരെ ചെറുപ്പമാണ്, അത് ഒരു രാജ്യദ്രോഹകുറ്റവും ചെയ്തിട്ടില്ല,’ എന്ന വാക്കുകളോടെ താടിമീശ മാറ്റിക്കൊടുത്തു- ധീരത മാത്രമല്ല സരസമായും മരണത്തെ പുൽകിയവർ അധികമുണ്ടാവുമോ!

മരണത്തിന്റെ അവസാന നിമിഷംവരെ തോമസ് മൂറിന് പ്രത്യാശ കൈവിടാതെ നിലനിൽക്കാനായി എന്നതും തന്നെ വധിക്കാൻ വിട്ടുകൊടുത്ത രാജാവിനുവേണ്ടി പ്രാർത്ഥിക്കാൻ കഴിഞ്ഞതും അത്ഭുതംതന്നെയാണ്. അതിന് അദ്ദേഹത്തെ കരുത്തേകിയവരിൽ മുൻനിരയിലുണ്ടായ ധീരവനിതയാണ് മാർഗരറ്റ് റോപ്പർ- അദ്ദേഹത്തിന്റെ പ്രിയപുത്രി.

മൂറിന്റെ പ്രിയപ്പെട്ട ‘മെഗ്’‌

മൂറിന് തന്റെ തടവറ ജീവിതത്തിൽ ഊഷ്മളമായ സ്‌നേഹത്തോടെ സാന്ത്വനവും ധൈര്യവും പകർന്നുകൊടുത്തിരുന്നത് മാർഗരറ്റ് റോപ്പർ ആയിരുന്നു. അദ്ദേഹം മാർഗര
റ്റിനെ വിളിച്ചിരുന്നത് ‘മെഗ്’ എന്നായിരുന്നു. തോമസ് മൂറിന്റെ ഏറ്റവും പ്രിയപ്പെട്ടവളും വിശ്വസ്തയുമായ സന്താനമായിരുന്ന മെഗ് ജീവിതകാലം മുഴുവനും സ്‌നേഹനിധിയായപിതാവുമായി ഊഷ്മളമായ ബന്ധം പുലർത്തിയിരുന്നു.

തോമസ് മൂറിന് തടവറയിൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല. പക്ഷേ, ജയിൽ അധികാരികളുമായി സ്‌നേഹത്തിൽ ഇടപെട്ട് തന്റെ പിതാവിനെ സ്ഥിരമായി സന്ദർശിക്കാനുള്ള അനുവാദം കരസ്ഥമാക്കി മെഗ്. അങ്ങനെ അദ്ദേഹത്തിന്റെ രഹസ്യ
ങ്ങളും സന്ദേശങ്ങളും പുറം ലോകത്തെ അറിയിക്കാനും പുറം ലോകത്തെ വിവരങ്ങൾ തോമസ് മൂറിനെ അറിയിക്കുന്നതിനുമുള്ള ഒരു മാധ്യമമായി അവൾ. അദ്ദേഹത്തിന്റെ ദുരിതപൂർണമായ ഏകാന്തജീവിതത്തിന് സാന്ത്വനവുമായി അവളുടെ സന്ദർശനങ്ങൾ.

സന്ദർശനവേളകളിലുടനീളം മാതാവിന്റെയും കുടുംബാംഗങ്ങളുടെയും സ്‌നേഹം നിരന്തരം ഓർമപ്പെടുത്തിക്കൊണ്ടിരുന്നു അവൾ. താൻ എന്തിനുവേണ്ടി ഇത്രമാത്രം ത്യാഗവും സഹനവും അനുഷ്ഠിക്കുന്നുവെന്ന കാര്യം അതിന്റെ പൂർണതയിൽ ഉൾക്കൊള്ളാനുള്ള ദൈവികജ്ഞാനം തന്റെ മകൾക്കുണ്ടായിരുന്നുവെന്ന വസ്തുത തോമസ് മൂറിന് സന്തോഷവും ശക്തിയും പകർന്നു.

രാജാവിന് വിധേയപ്പെട്ട് ഈ ലോകത്തിന്റെ നേട്ടങ്ങൾക്കായി വിട്ടുവീഴ്ചചെയ്യാൻ ഭാര്യ ആലീസും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രേരണ ചെലുത്തിയിരുന്നുവെന്ന ചരിത്രരേഖകൾ പരിശോധിക്കുമ്പോഴേ ധീരയായ പിതാവിന്റെ ധീരയായ മകളെ യഥാർത്ഥത്തിൽ മനസ്സിലാകൂ.

അമ്മയുടെ രൂപവും അപ്പന്റെ ബുദ്ധിയും!

തോമസ് മൂറിന്റെയും തന്റെ ആദ്യ ഭാര്യയായ ജെയിൻ കോൾട്ടിന്റെയും മകളായി 1505ലായിരുന്നു മെഗിന്റെ ജനനം- അമ്മയുടെ മുഖസാദൃശ്യവും തോമസ് മൂറിന്റെ ബുദ്ധിശക്തിയും ലഭിച്ച അരുമ സന്താനം. തന്റെ പ്രിയപ്പെട്ട മകൾക്ക് പണ്ഡിതശ്രേഷ്ഠൻമാരുമായുള്ള സുഹൃത്ബന്ധം ലഭിക്കാൻ എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തു മൂർ. ലാറ്റിൻ, ഗ്രീക്ക്, ഫിലോസഫി, തിയോളജി, ലോജിക്, ഗണിതം, ജ്യോതിശാസ്ത്രം എന്നിവയിൽ മെഗ് അഗാധമായ പാണ്ഡിത്യവും നേടിയിരുന്നു.

1525ൽ വില്യം റോപ്പറിനെ വിവാഹം കഴിച്ച അവൾ സ്‌നേഹസമ്പന്നമായ ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചു. പ്രൊട്ടസ്റ്റന്റ് വിശ്വാസിയായി ജനിച്ച വില്യം റോപ്പർ സ്‌നേഹനിധിയായ ഭാര്യയുടെയും ഭാര്യാപിതാവായ മൂറിന്റെയും വിശ്വാസജീവിതം മാതൃകയാക്കി കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. മരണംവരെ ഉറച്ചതും സജീവവുമായ വിശ്വാസസാക്ഷ്യം പ്രഘോഷിക്കുകയും ചെയ്തു അദ്ദേഹം. വെസ്റ്റ്മിനിസ്റ്റർ ഹാളിൽ 1535 ജൂലൈ ഒന്നിന് തോമസ് മൂർ വിചാരണ ചെയ്യപ്പെട്ടപ്പോൾ അതിൽ പങ്കെടുത്ത മൂർ കുടുംബാംഗം വില്യം റോപ്പർ മാത്രമായിരുന്നു.

അധികാരികളുടെ നിയന്ത്രണത്തിലും വൻ ജനാവലിയുടെ സാന്നിധ്യത്തിലും തോമസ് മൂറിനെ ജയിലിൽനിന്ന് തൂക്കുമരത്തിലേക്ക് കൊണ്ടുപോകുമ്പോൾ പൊലീസിനെയും ജനക്കൂട്ടത്തെയും വകവെക്കാതെ പിതാവിന്റെ മുമ്പിൽ മുട്ടുകുത്തിനിന്ന്, ചുംബനം കൊടുക്കുന്ന മെഗ് ഏവരുടെയും ദുഃഖപുത്രിയായി. മെഗ് ഇപ്രകാരം രണ്ടു തവണ ആവർത്തിച്ചുവെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

തന്റെ സ്‌നേഹനിധിയായ മകളെ സാന്ത്വനിപ്പിച്ച മൂർ അവളെ ആഗ്രഹിക്കുകയും ചെയ്തു. ഏറ്റവും അവസാന ദിനങ്ങളിൽ മെഗിന് തന്റെ പ്രിയപ്പെട്ട പിതാവിനെ കാണാൻ സാധിച്ചിരുന്നില്ല. മൂർ അവസാനമായി തന്റെ പ്രിയപ്പെട്ട മകൾക്കെഴുതിയ കത്തിൽ മെഗ് തന്നോടു പ്രദർശിപ്പിച്ച ആത്മാർത്ഥസ്‌നേഹത്തിന്റെ ഊഷ്മളതയെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്: ‘എന്റെ ഏറ്റവുംം സ്‌നേഹം നിറഞ്ഞ മകളേ, നീ എനിക്കുവേണ്ടി പ്രാർത്ഥിക്കണം. ഞാൻ നിനക്കുവേണ്ടിയും നിന്റെ സുഹൃത്തുക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കും. നമുക്ക് സ്വർഗത്തിൽ നിത്യതയിൽ കണ്ടുമുട്ടാം.’

38-ാം വയസിൽ പിതാവിന്റെ സന്നിധിയിലേക്ക്‌

1535 ജൂലൈ ആറിന് ടവർഹില്ലിൽവെച്ച് തോമസ് മൂർ ശിരഛേദനം ചെയ്യപ്പെട്ടു. പിതാവിന്റെ ഭൗതികശരീരം അടക്കം ചെയ്യാനുള്ള അനുവാദം മെഗ് കരസ്ഥമാക്കിയെങ്കിലും തോമസ് മൂറിന്റെ ശിരസ് ഒരു കുന്തത്തിൽ കുത്തി ലണ്ടൻ ബ്രിഡ്ജിന്റെഓരത്തിൽ നാട്ടാനായിരുന്നു ഹെൻറിഎട്ടാമന്റെ നിർദേശം. ഭൗതികദേഹം ‘ലിറ്റിൽ ചാപ്പൽ ഓഫ് സെന്റ് പീറ്റർ അഡ് വിൻകുല’യിലാണ് അടക്കം ചെയ്തത്.

ശിരസ് നദിയിൽ എറിഞ്ഞുകളയാൻ പോകുന്നുവെന്ന് ഒരു മാസത്തിനുശേഷം വിവരം ലഭിച്ച മെഗ് കാവൽഭടന് കൈക്കൂലി കൊടുത്ത് പിതാവിന്റെ ശിരസ് കരസ്ഥമാക്കി. മെഗ് മരിക്കുംവരെ തന്റെ പിതാവിന്റെ തിരുശേഷിപ്പ് ഭദ്രമായി സൂക്ഷിച്ചു. മരിക്കുംമുമ്പ് അത് കുടുംബസ്വത്തായി മകൾ എലിസബത്ത് ബ്രേയ്ക്ക് കൈമാറ്റാൻ വിൽപത്രം തയാറാക്കിയിരുന്നു.

ഈശോയോടുള്ള സ്‌നേഹം, വൈവാഹികജീവിതത്തിന്റെ പരിശുദ്ധി, കത്തോലിക്കാ സഭയോടുള്ള സ്‌നേഹം എന്നിവയാണ് തോമസ് മൂറിനെ ജീവൻ ഹോമിക്കാൻ പ്രേരിപ്പിച്ചത്. അതോടൊപ്പം തന്റെ സർവസമ്പത്തും രാജാവ് കണ്ടുകെട്ടി. മൂർ കുടുംബത്തിന് അവകാശപ്പെട്ട സ്വത്തിന്റെ ചെറിയൊരുഭാഗമെങ്കിലും നിലനിർത്താൻ വില്യം റോപ്പർ നിരന്തരം നിയമയുദ്ധം നടത്തി. എന്നാൽ മൂർ കുടുംബത്തിൽ ഇതിനെതിരെ ഒട്ടേറെ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു.

മൂറിന്റെ രണ്ടാം ഭാര്യയായ ആലീസ്, വില്യം റോപ്പറിന്റെ പല നിർദേശങ്ങൾക്കും എതിരായി നിലയുറപ്പിച്ചു. ഇവർക്കിടയിൽ മധ്യസ്ഥയായിരുന്നത് മെഗാണ്. ഈ അവസരത്തിൽ മെഗ് അധികാരികളുടെ നോട്ടപ്പുള്ളിയായി. തന്റെ പിതാവുമായുള്ള അടുപ്പംമൂലം മെഗ് ഒട്ടേറെ ചോദ്യം ചെയ്യപ്പെടലുകൾക്ക് വിധേയയായി ജയിൽവാസവും അനുഭവിക്കേണ്ടിവന്നു. അധികാരികളുടെ നിരന്തരമായ ചോദ്യം ചെയ്യലുകൾ മെഗിന്റെ ആരോഗ്യനിലയെ പ്രതികൂലമായി ബാധിച്ചു.

കൂടാതെ തന്റെ സഹോദരിയുടെ ഭർത്താവ് ഗിലൻ ഹെറോണനെ ഹെൻറി എട്ടാമൻ രാജ്യദ്രാഹകുറ്റം ആരോപിച്ച് 1540 ഓഗസ്റ്റ് അഞ്ചിന് വൈദികരോടൊപ്പം വധശിക്ഷയ്ക്ക് വിധേയനാക്കി. ഇത്തരത്തിലുള്ള ദുരന്തങ്ങളും വേദനകളും കടിച്ചമർത്തേണ്ടിവന്ന ‘മെഗ്’ എന്ന മാർഗരറ്റ് റോപ്പർ 38-ാം വയസിൽ സ്വർഗത്തിലേക്ക് യാത്രയായി- താൻ ഏറ്റവുമധികം സ്‌നേഹിച്ച പിതാവിനെ ദർശിക്കാൻ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?