Follow Us On

29

May

2024

Wednesday

അനുദിന ജപമാല അർപ്പണം: അമൂല്യം, അവർണനീയം ജപമാലരാജ്ഞിയുടെ സമ്മാനങ്ങൾ!

ഫാ. ജെയ്‌സൺ കുന്നേൽ MCBS

പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല ചൊല്ലാൻ മടിയുണ്ടോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ ഈ ജപമാല മാസത്തിൽ നിങ്ങൾ ഇത് തീർച്ചയായും വായിക്കണം.

‘ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല.’- മരിയ വിജ്ഞാനത്തിൽ അഗ്രഗണ്യനായ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റേതാണ് ഈ വാക്കുകൾ. അനുദിനം പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല ചൊല്ലാൻ മടിയുണ്ടോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അനുദിനം ജപമാല ചെല്ലി പ്രാർത്ഥിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ നിങ്ങൾ അറിയണം. പരിശുദ്ധ കന്യകാ മറിയത്തെയും ജപമാലയെയും സന്തതസഹചാരിയാക്കാൻ പിന്നെ നിങ്ങൾ ഒട്ടും താമസിക്കില്ല.

1. നിസ്വാർത്ഥരാകും

നാം ആരെയെങ്കിലും എന്തിനെയെങ്കിലും നമ്മുടെ മുഴുഹൃദയത്തോടെ സ്‌നേഹിച്ചാൽ, നമുക്കു ആ അവസ്ഥയോടു വലിയ അഭിനിവേശമായിരിക്കും. ജപമാലയുടെ കാര്യത്തിലും ഇപ്രകാരമാണ്. നാം ജപമാലയെ സ്‌നേഹിക്കുന്നുവെങ്കിൽ, അതു ചെല്ലുക എന്നത് നമ്മുടെ ആനന്ദമായി മാറും. അതിന്റെ ശക്തി നാം അറിയും. അനുദിനം അതിനായി സമയം നാം മാറ്റിവെക്കും. ജപമാല പ്രാർത്ഥന വഴി യേശുക്രിസ്തുവിലേക്കു നമ്മുടെ ജീവിതം പുനരേകീകരിക്കും. നമ്മുടെ അവസ്ഥയെക്കുറിച്ച് സ്വവബോധം ലഭിക്കാനും അതുവഴി നിസ്വാർത്ഥനാകാനും നമുക്കു കഴിയും.

2. കൂടുതൽ അച്ചടക്കമുള്ളവരാകും

ചൊല്ലുംതോറും മാധുര്യം കൂടുന്ന പ്രാർത്ഥനയാണ് ജപമാല. നാം ക്ഷീണിച്ചിരിക്കുന്ന സമയത്താണങ്കിലും ജപമണികൾ കൈയിലെടുക്കുമ്പോൾ അച്ചടക്കത്തിന്റെ വലിയ കൃപ നമ്മെ തേടിയെത്തുന്നു, അതുവഴി നമ്മുടെ ജീവിതത്തിന്റെ സമസ്ഥമേഖലകളെയും നിയന്ത്രിക്കാൻ കഴിയും. ദൈവത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാൻ സഹായിക്കുന്ന ഏറ്റവും നല്ല കുറുക്കുവഴിയാണ് ജപമാല.

3. പുതിയ ഉൾക്കാഴ്ചകൾ ലഭിക്കും

ജപമാല പ്രാർത്ഥന അനുദിനം ജപിക്കുമ്പോൾ മറഞ്ഞു കിടക്കുന്ന പല രക്ഷാകര രഹസ്യങ്ങളും വെളിപ്പെട്ടു കിട്ടും. ജപമാലയിലെ ഓരോ രഹസ്യങ്ങളെക്കുറിച്ചും തുടർച്ചയായി ധ്യാനിക്കുമ്പോൾ പരിശുദ്ധ അമ്മ യേശുവിനെക്കുറിച്ചുള്ള പല രഹസ്യങ്ങളും വെളിപ്പെടുത്തിത്തരും. ഒരു പക്ഷേ ഇത്തരം ഉൾക്കാഴ്ചകളായിരിക്കാം നമ്മെ മുമ്പോട്ടു നയിക്കുന്ന ചാലക ശക്തി.

4. കൂടുതൽ ധൈര്യം ലഭിക്കും

ജപമാലയിലൂടെ പരിശുദ്ധ അമ്മയുടെ കരം പിടിച്ച് യാത്ര ചെയ്യുമ്പോൾ നമ്മുടെ ജീവിതം മാതൃസംരക്ഷണത്തിന്റെ സുരക്ഷിതമണ്ഡലത്തിലായിരിക്കും. അവളുടെ ഏറ്റവും വലിയ ആഗ്രഹം ക്രിസ്തുവിനെ നമുക്കു തരിക എന്നതു മാത്രമാണ്. മറിയത്തോട് ചേർന്നു നിൽക്കുന്ന ജീവിതങ്ങൾക്ക് സ്വഭാവേനതന്നെ ധൈര്യം കൂടുതലായിരിക്കും.

ഈശോയുടെ മരണശേഷം ശിഷ്യന്മാർക്കു ധൈര്യം നൽകിയതും അവരെ ഒന്നിച്ചു നിർത്തിയതും അമ്മ മറിയമായിരുന്നു. മറിയം നമ്മുടെ കൂടെയുണ്ടെന്ന തിരിച്ചറിവ് മനുഷ്യന് നൽകുന്ന ആത്മധൈര്യം ചെറുതല്ല. ‘മറിയത്തെ കാണുന്ന ഒരു സ്ഥലത്തും ഞാൻ ഒരു പ്രശ്‌നവും കാണുന്നില്ല,’ എന്ന വിശുദ്ധ മാക്‌സിമില്യൻ കോൾബേയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്.

5. ജീവിതം ശാന്തമായി മുന്നോട്ടു നീങ്ങും

ജപമാല പ്രാർത്ഥന ഒരു പക്ഷേ നമ്മുടെ സഹനങ്ങളെ ജീവിതത്തിൽനിന്ന് എടുത്തുകളയുകയില്ലായിരിക്കും. എങ്കിലും അതു ജീവിത പോരാട്ടങ്ങളിൽ നമ്മളെ കരുത്തുള്ളവരാക്കുന്ന ആയുധമാണ്. മറിയത്തിന്റെ കരം പിടിച്ചുള്ള ജപമാല പ്രാർത്ഥനയിലൂടെ ദിവസം മുഴുവൻ ശാന്തതയും സുരക്ഷിതത്വം ദൈവസാന്നിധ്യ അവബോധവും നമുക്ക് ലഭിക്കും.

6. പ്രലോഭനങ്ങളിൽ പുതിയ അവബോധം ലഭിക്കും

വിശുദ്ധ ഡോമിനിക്കിന് ജപമാല ജപിക്കുന്നവർക്കു പരിശുദ്ധ മറിയം വാഗ്ദാനം ചെയ്ത 15 വാഗ്ദാനങ്ങളിൽ മൂന്നാമത്തേത് ഇപ്രകാരമാണ്: ‘ജപമാല നരകത്തിനെതിരായ ശക്തമായ ഒരു കവചമായിരിക്കും, അത് തിന്മയെ നശിപ്പിക്കും, പാപത്തെ കുറയ്ക്കും, പാഷണ്ഡതകളെ തോൽപ്പിക്കും.’

അതെ, അനുദിനം ജപമാല ചൊല്ലി പ്രാർത്ഥിച്ചാൽ നമ്മുടെ അനുദിന പാപങ്ങളുടെ എണ്ണം കുറയുന്നു. മടിപിടിച്ചിരിക്കാനും കിംവദന്തികൾ പറയാനും പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ പരിശുദ്ധ മറിയം അതു വേണോ എന്ന ചോദ്യം നമ്മുടെ മനസാക്ഷിയിൽ തരുന്നു. ജപമാല പ്രലോഭനങ്ങളിൽ വിജയം വരിക്കാനുള്ള ഏറ്റവും നല്ല കുറുക്കുവഴിയാണ്.

7. ലളിത ജീവിതം നയിക്കാൻ

ജപമാല പ്രാർത്ഥനയുടെ ശക്തി അതിന്റെ ലാളിത്യത്തിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ പ്രശ്‌നങ്ങളുടെ അഗാധതയിലേക്ക് നോക്കി നാം നട്ടം തിരിഞ്ഞിരിക്കുമ്പോൾ, ജപമാല എന്ന എളിയ പ്രാർത്ഥന നമ്മുടെ സഹായത്തിന് എത്തുന്നു. ഏതു സാഹചര്യത്തിലും പ്രാർത്ഥിക്കാൻ കഴിയുന്ന ഈ എളിയ പ്രാർത്ഥന നമ്മുടെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധമാണ്.

നമ്മുടെ ഓരോരുത്തരുടെയും വ്യക്തി ജീവിതത്തിലും കുടുംബങ്ങളിലും ഉണ്ടാകുന്ന ഭൗതികവും ആത്മീയവുമായ എന്തു പ്രശ്‌നങ്ങളുമാകട്ടെ, എത്ര വലിയ പ്രശ്‌നങ്ങളുമാകട്ടെ ജപമാല വഴി പരിഹരിക്കാനാവാത്ത ഒരു പ്രശ്‌നവുമില്ല. പരിശുദ്ധ അമ്മയുടെ വാഗ്ദാനമാണിത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?