Follow Us On

04

June

2023

Sunday

ഇത് അച്ചാമ്മ ജേക്കബ്, ‘കേരള ജിയന്ന’

എബ്രഹാം പുത്തൻകളം

ഇത് അച്ചാമ്മ ജേക്കബ്, ‘കേരള ജിയന്ന’

ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻവേണ്ടി സ്വന്തം ജീവൻ ത്യജിച്ച വിശുദ്ധ ജിയന്ന ബെരേറ്റ മോളയുടെ തിരുനാൾ ഇന്ന് (ഏപ്രിൽ 28) തിരുസഭ ആഘോഷിക്കുമ്പോൾ
അടുത്തറിയണം, ‘കേരള ജിയന്ന’ എന്ന് വിശേഷിപ്പിക്കാവുന്ന അച്ചാമ്മ ജേക്കബിന്റെ ജീവത്യാഗത്തിന്റെ സാക്ഷ്യം. ഗർഭാവസ്ഥയിൽ കാൻസർ സ്ഥിരീകരിക്കപ്പെട്ടിട്ടും ഉദരത്തിലെ ശിശുവിന്റെ ആരോഗ്യത്തെപ്രതി ചികിത്‌സ വേണ്ടെന്നു വെക്കുകയായിരുന്നു ഇരുവരും.

അറിയപ്പെടാത്ത എത്രയോ പുണ്യാത്മാക്കളാണ്‌ വിശുദ്ധിയുടെ പരിമളം പരത്തി നിശബ്ദമായി നമ്മുടെ ഇടയിലൂടെ കടന്നുപോകുന്നത്. അതിലൊരാളാണ് കാഞ്ഞിരപ്പള്ളി രൂപതാംഗമായിരുന്ന അച്ചാമ്മ ജേക്കബ്. 1934 ൽ കാഞ്ഞിരപ്പള്ളി രൂപതയിലുള്ള ചെറുവള്ളി ഇടവകയിൽ ഇളംന്തോട്ടം കുടുംബത്തിൽ കോര- മറിയാമ്മ ദമ്പതികളുടെ 13 മക്കളിൽ എട്ടാമത്തെ മകളായി അച്ചാമ്മ ജനിച്ചു. വലിയ ഒരുകുടുംബത്തിന്റെ ഭാഗമായിരുന്നതിനാൽ പരസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും മൂല്യങ്ങൾ സ്വായത്തമാക്കിയാണ് അച്ചാമ്മ വളർന്നത്.

1953 ൽ തന്റെ 19 -ാമത്തെ വയസിൽ മുട്ടാർ കുമരഞ്ചിറ സെന്റ് തോമസ് ഇടവകാംഗമായ പുലിക്കോട്ട് ജേക്കബിന്റെ ജീവിതപങ്കാളിയായി അച്ചാമ്മ. തന്റെ ബാല്യകാലം സമ്മാനിച്ച വലിയ കുടുംബത്തിന്റെ സന്തോഷ നിർവൃതി ഒരു വലിയ കുടുംബമെന്ന സ്വപ്നം അവരിൽ രൂപവൽക്കരിക്കപ്പെട്ടിരുന്നു. മക്കൾക്ക് ജന്മം നൽകുന്ന എന്നത് ഭാരമായി അവർ കണ്ടില്ല. കർഷക കുടുംബത്തിന്റെ പ്രാരാബ്ദങ്ങളും ബുദ്ധിമുട്ടുകളും വലിയ കുടുംബം എന്ന സ്വപ്നം സാധിതമാകുന്നതിൽ നിന്നവരെ പിന്മാറ്റിയില്ല.

വിവാഹജീവിതമെന്ന ദൈവവിളി തനിക്ക്‌ തന്നത് ലോകത്തിന്റെയും സമൂഹത്തിന്റെയും സഭയുടെയും കുടുംബത്തിന്റെ ഐശ്വര്യത്തിന് കാരണമായിത്തീരേണ്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനാണെന്ന് അച്ചാമ്മ ഉറച്ചു വിശ്വസിച്ചിരുന്നു. 20 വർഷം നീണ്ട  അവരുടെ ദാമ്പത്യ ജീവിതം 12 മക്കൾക്ക് ജന്മമേകി. 1973 ൽ തന്റെ 12 -ാമത്തെ കുഞ്ഞിന് ജന്മം നൽകിയ അച്ചാമ്മയ്ക്കു തന്റെ ഇളയ കുഞ്ഞിനെ താലോലിക്കാൻ അവർക്ക് ആറ്‌ മാസമെ ലഭിച്ചുള്ളു.

അച്ചാമ്മ ജേക്കബിന്റെ കബറിടം

12 -ാമത്തെ ഗർഭത്തിന്റെ കാലഘട്ടത്തിൽ അച്ചാമ്മയുടെ ശരീരത്തിൽ ക്യാൻസർ എന്ന മഹാമാരി മുഴകളായി രൂപപ്പെട്ടു തുടങ്ങി. ചികിത്സയിലേക്ക് നീങ്ങിയെങ്കിലും ഗർഭചിദ്രം നടത്തി മാത്രമെ ഫലപ്രദമായ ചികിത്സ നടത്താൻ സാധിക്കുകയുള്ളു എന്ന ഡോക്ടർമാരുടെ നിർദ്ദേശത്തിനു മുന്നിൽ അച്ചാമ്മയ്ക്ക് മറുത്തൊരു ഉത്തരമില്ലായിരുന്നു. തന്റെ ഗർഭത്തിലുള്ള കുഞ്ഞിനെ നശിപ്പിച്ചിട്ട് ഒരു ജീവിതം തനിക്കു വേണ്ട എന്നവൾ ശഠിച്ചു. ഡോക്ടർമാരോടൊപ്പം കുടുംബാംഗങ്ങളിൽ പലരും അതിനായവരെ പ്രേരിപ്പിച്ചു.

എന്നാൽ,  രോഗമോ തന്റെ ജീവനോ കുഞ്ഞിന്റെ ജീവന് തടസമാകരുതെന്ന ആഗ്രഹിച്ച അവൾ രോഗത്തിന്റെ കഠിനവേദനയിലും മനസ് തകരാതെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മമേകി. പ്രസവാനന്തരം അവരുടെ രോഗം അതിവേഗം മൂർഛിച്ചു. ആറ്‌ മാസക്കാലം തന്റെ ഇളയ കുഞ്ഞിനെ താലോലിച്ച് 1973 ജൂലൈ ഏഴിന്‌ അവൾ  തന്റെ രക്ഷകന്റെ സന്നിധിയിലേയ്ക്ക് യാത്രയായി, നാഥൻ ഒരുക്കിയ കിരീടം സ്വീകരിക്കാൻ.

2014ൽ ചങ്ങനാശ്ശേരി അതിരൂപത പാറേൽ മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ സംഘടിപ്പിച്ച മെഗാ പ്രൊ ലൈഫ് എക്‌സിബിഷനാണ് ഒരർത്ഥത്തിൽ അതുവരെ അരാലും അറിയപ്പെടാതിരുന്ന അച്ചാമ്മ എന്ന വീട്ടമ്മയെ കേരളത്തിന് പരിചയപ്പെടാൻ അവസരമൊരുക്കിയത്. വിശുദ്ധ ജിയന്ന ബെരേറ്റ മോളയുടെ ചിത്രം വിശദീകരിച്ചിരുന്ന വ്യക്തിയോട്,  ജിയന്നയെപ്പോലെ ജീവിച്ച മറ്റൊരു ജിയന്ന ഇവിടെ ഉണ്ടെന്ന വിവരം ഒരു കന്യാസ്ത്രീ  പങ്കുവെക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് വിശുദ്ധ ജീവിതം നയിച്ച അച്ചാമ്മയുടെ വിശ്വാസസാക്ഷ്യം കേരളക്കര അറിഞ്ഞത്.അച്ചാമ്മയുടെ 12 -ാമത്തെ കുഞ്ഞ് ഇന്ന് ഒരു മിഷണറി വൈദികനാണ്- ഫാ. റെജി പുലിക്കോട്ട്.തന്റെ ഗർഭസ്ഥശിശുവിന് തന്റെ ജീവനെക്കാളും വില കൽപ്പിച്ച മറ്റൊരു ജിയന്നയായ അച്ചാമ്മയുടെ വിശുദ്ധ ജീവിതത്തിന്റെ അടയാളം ഇന്ന് കേരളസഭയിൽ സുപരിചതമാവുകയാണ്.

കോട്ടയത്തെ ആശുപത്രിയിലാണ് ചികിത്സയ്ക്ക് പോയിരുന്നത്. രോഗം മൂർഛിച്ചിരുന്നതുകൊണ്ട് ഗർഭത്തിന്റെ എട്ടാം മാസം ഇൻജക്ഷൻ നൽകി പ്രസവിപ്പിക്കുകയായിരുന്നു. രോഗം വളരെ മൂർഛിച്ച സമയത്തും പുഞ്ചിരിയോടെയാണ് അച്ചാമ്മ കഴിഞ്ഞത്. 1974 ലെ വെള്ളപ്പൊക്കസമയത്തായിരുന്നു അച്ചാമ്മയുടെ മരണം. സിമിത്തേരിയിൽ വെള്ളമായിരുന്നതിനാൽ കൊച്ചുകുട്ടികളുടെ മൃതസംസ്‌കാരം നടത്തുന്ന ഉയർന്ന സ്ഥലത്തായിരുന്നു അച്ചാമ്മയെയും അടക്കിത്. കുഞ്ഞുങ്ങളുടെ കൂടെ, കുഞ്ഞുങ്ങളെ സ്നേഹിച്ച അച്ചാമ്മ അന്ത്യവിശ്രമം കൊള്ളുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?