Follow Us On

20

April

2024

Saturday

ആരാണീ വിശുദ്ധർ? അറിഞ്ഞാൽ സ്വപ്‌നങ്ങൾക്ക് ചുറകുമുളയ്ക്കും!

റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

ആരാണീ വിശുദ്ധർ? അറിഞ്ഞാൽ സ്വപ്‌നങ്ങൾക്ക് ചുറകുമുളയ്ക്കും!

ആഗോള സഭ സകല വിശുദ്ധരുടെയേയും തിരുനാൾ (നവംബർ ഒന്ന്) ആഘോഷിക്കുമ്പോൾ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ പങ്കുവെക്കുന്ന ഈ മൂന്നു കാര്യങ്ങൾ, വിശുദ്ധരാകണമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ളവരുടെ ആഗ്രഹങ്ങൾക്ക് പുതിയ പ്രതീക്ഷ പകരും.

വിശുദ്ധിയെയും വിശുദ്ധരെയും ധ്യാനിക്കാൻ ആണ്ടുവട്ടത്തിൽ പ്രത്യേകം നൽകപ്പെട്ട ദിനമാണല്ലോ നവംബർ ഒന്ന്. പുണ്യചരിതരുടെ ഓർമ്മയാചരണമെന്നല്ലാതെ പ്രത്യേകമായൊന്നും അനുഭവപ്പെട്ടിട്ടില്ല. അതിലെണെ്ണപ്പടാൻ ആഗ്രഹിച്ചിട്ടുണ്ടോ എന്ന് ആത്മശോധന നടത്തിയാൽ, വല്ലപ്പോഴും എന്നു പറയുന്നതാകും ശരി. കാരണം ലളിതമാണ്. ലഭിക്കാനിടയില്ലാത്തത് ആഗ്രഹിച്ചാട്ടാവശ്യമില്ലല്ലോ എന്ന തോന്നൽ. എത്തിപ്പിടിക്കാൻ കഴിയാത്ത നക്ഷത്രങ്ങൾക്കായി ആശിക്കുന്നതല്ലേ വലിയ തെറ്റ്.

വിശുദ്ധരെ പരിചയെടുത്തി തന്നിട്ടുള്ള പാഠങ്ങളിലെല്ലാം അതിസ്വാഭാവികത ധാരാളമുണ്ടായിരുന്നു. ഉന്നതമായ വിശുദ്ധി, അപാരമായ എളിമ, ആഴമായ പാരസ്പര്യം, അവിഭക്തമായ സമർപ്പണം, കഠിനമായ താപസങ്ങൾ എന്നിങ്ങനെ പലതും പയറ്റിനോക്കി. പലതും കുറച്ചുകഴിഞ്ഞപ്പോൾ പറ്റില്ലെന്നു മനസ്സിലായി, വിട്ടുകളഞ്ഞു. മാത്രവുമല്ല, അനുകരണത്തിനിടയിൽ ഞാനെന്ന വ്യക്തി ഇല്ലാതാകുന്നതും പോലെ. കോവിഡു കാലത്ത് മാസ്‌ക് ആകാം, എല്ലാക്കാലത്തുമായാലോ!

വിശുദ്ധിയെയും വിശുദ്ധരെയും കുറിച്ചുള്ള തെറ്റായ ധാരണകളാണ് അവരുടെ ജീവിതവഴിയെ നടക്കാൻ തടസ്സമാകുന്നതെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ട്. മനുഷ്യപുത്രൻ ദൈവരാജ്യനിർമതിയിൽ തിരഞ്ഞെടുത്തത് മാലാഖമാരെയല്ല, നിരന്തരം വീണുപോകുന്ന, ചപലതകൾ ഏറെയുള്ള മനുഷ്യരെയാണ്. ഫ്രാൻസിസ് പാപ്പായുടെ രചനകൾ വിശുദ്ധിയിലേക്കുള്ള നമ്മുടെ വിളിക്ക് ആകർഷണം ഒരുപാട് കൂട്ടുന്നുണ്ട്.

വിശുദ്ധരിൽ നമ്മുടെ ഭാവിയെ കാണണമെങ്കിൽ വിശുദ്ധി എന്താണെന്നറിയണം. അവരെ അങ്ങനെ ആക്കിത്തീർത്തതെന്താണെന്ന് ധ്യാനിക്കണം. അതിനുള്ള ശ്രമമാണ് ഇവിടെ നാം നടത്തുന്നത്.

ഒന്ന്:

അതിസ്വാഭാവികതയല്ല വിശുദ്ധി. ദൈവഹിതം നിറവേറ്റുന്നതാണ് വിശുദ്ധി. വളരെ സ്വാഭാവികമായ കാര്യങ്ങളെ ഏറെ ലാവണ്യത്തോടെ, ചങ്കുറപ്പോടെ കൈകാര്യം ചെയ്യുക. മറിയം അന്ന് കാനായിൽവച്ച് പറഞ്ഞത് ഓർക്കുക: അവൻ പറയുന്നത് ചെയ്യുക. അനേകം പേർ പലതും പറഞ്ഞിട്ടുണ്ടാകും. വീഞ്ഞുണ്ടാക്കുന്ന മാന്ത്രികച്ചരടുമായി അവിടെ ആരെങ്കിലുമൊക്കെ എത്തിയിട്ടുണ്ടാകും. മറ്റുള്ളവരുടെ ഹിതത്തിനൊപ്പം വളരാനും ഉയരാനും ശ്രമിച്ചാൽ നമ്മളാകെ തളർന്നുപോകും. എത്രകാലം

പ്രകടനങ്ങളിൽ ജീവിതത്തിന്റെ താളങ്ങളെ തളച്ചിടാനാകും? മറ്റുള്ളവരുടെ ഇഷ്ടത്തിനനുസൃതം ആടുന്നതും പാടുന്നതുമല്ല വിശുദ്ധി. മറിച്ച്, അതിൽ പറയുന്നതു ചെയ്യുന്നതാണ്. ഫ്രാൻസിസ് പാപ്പ ഓർമ്മപ്പെടുത്തുന്നുണ്ട്: വിശുദ്ധരിൽ നിന്നു പഠിക്കാം. പക്ഷേ, അനുകരിക്കാൻ ശ്രമിച്ച് തളർന്നുപോകരുത്. കാരണം, നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം മറ്റൊന്നാകാം.

സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ബലിചെയ്ത് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുമ്പോൾ വിശുദ്ധരുണ്ടാകും. ഒരാത്മാവിന്റെ മൂല്യം നിശ്ചയിക്കുന്നത് അവർ ചെയ്യുന്ന പ്രവൃത്തിയുടെ വെളിച്ചത്തിലല്ല, അബ്ബായുടെ ഇഷ്ടം നിറവേറ്റിയോ എന്നതിലാണ്. പ്രവൃത്തികളുടെ വലുപ്പചെറുപ്പങ്ങൾ നമ്മെപ്പോലുള്ള കുറിയ മനുഷ്യരുടെ ചിന്തയുടെ പ്രശ്‌നമാണ്. അൾത്താര വണക്കത്തിന് ഉയർത്തട്ടെ വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിനെ ഓർക്കുക. പതിനഞ്ചു വയസ്സുകൊണ്ട് ദൈവഹിതം നിറവേറ്റി.

കണ്ടോ? എല്ലാ ദിവസവും സ്‌കൂളിൽ പോവുകയും മടങ്ങുകയും ചെയ്യുമ്പോൾ സൈക്കിൾ നിറുത്തി, അയൽപക്കക്കാരോട് വിശേഷങ്ങൾ ചോദിക്കും, രോഗികളെ കാണും. ഉച്ചഭക്ഷണത്തിനായി കൊണ്ടുപോകുന്നതിൽ കുറച്ച് ബാക്കിവയ്ക്കും. മടങ്ങിവരുമ്പോൾ അത് പാവപ്പെട്ടവരുമായി പങ്കുവയ്ക്കും. പോക്കറ്റ്മണി കൂട്ടിവച്ച് അഭയാർത്ഥികളെ ശുശ്രൂഷിക്കുന്ന കപ്പൂച്ചിൻ ആശ്രമത്തിൽ കൊണ്ടുകൊടുക്കും. എല്ലാ ദിവസവും പള്ളിയിൽ പോകും. ദിവ്യകാരുണ്യത്തെ കാര്യമായി സ്‌നേഹിച്ചു. ദിവ്യകാരുണ്യ അത്ഭുതങ്ങൾ ഏതാനും ശേഖരിച്ച് അപ്‌ലോഡ് ചെയ്തു. രോഗം വന്നപ്പോൾ പരാതി പറയാതെ ദൈവഹിതമെന്ന് അറിഞ്ഞ് സഭയ്ക്കായി അർപ്പിച്ചു. ഒരാളെ വിശുദ്ധനെന്നു വിളിക്കാൻ ഇത്രയൊക്കെ മതിയോ?

യാതൊരു അതിസ്വഭാവികതയുമില്ല. കളിച്ചും പാട്ടു പാടിയും ഇന്റർനെറ്റ് ഉപയോഗിച്ചും പയ്യൻ സ്വർഗം നേടിയതു കാണുക. അപ്പനും അമ്മയും അനിയനും നിൽക്കുന്ന വേദിയിൽ അവൻ ഉയർത്തപ്പെട്ടു. ദൈവഹിതം നിറവേറ്റാൻ പതിനഞ്ചു വർഷം ധാരാളം മതിയായിരുന്നു, കാർലോയ്ക്ക്. വിശുദ്ധരാകാൻ ഭയം വേണ്ട, ഇനിമുതൽ. കാരണം, അതൊന്നും നിങ്ങളിൽ നിന്ന് അപഹരിക്കില്ല. പ്രപഞ്ചത്തെ ആവൃതിയാക്കിയുള്ള ഒരു യാത്രയാണിത്.

പാത്രം കഴുകിയും കുഞ്ഞിനെ കുളിപ്പിച്ചും രോഗിണിയായ അമ്മയെ പരിചരിച്ചും അപ്പന്റെ വിയർപ്പു തുടച്ചും ദൈവേഷ്ടം നിറവേറ്റുന്ന എത്രയോ വിശുദ്ധരുണ്ട് നമുക്കിടയിൽ. വിശുദ്ധ ഈഡിത് സ്റ്റെൻ പറയും: ‘ലോകത്തിൽ നിർണായകസ്ഥാനം വഹിക്കുന്ന ചിലരുടെ പേരുകൾ ചരിത്ര പുസ്തകം രേഖപ്പെടുത്തും. എന്നാൽ, ചരിത്രഗ്രന്ഥങ്ങളിൽ പതിയാത്ത എത്രയോ വ്യക്തികൾ ലോകത്തിന്റെ നിർണായകമാറ്റങ്ങൾക്കായി നിലകൊണ്ടിട്ടുണ്ട്. ദൈവം ഒരു നാളിൽ അതു വെളിവാക്കും.’

രണ്ട്:

ഏതെങ്കിലുമൊരു കാര്യത്തിന് അമിതപ്രാധാന്യം കൽപ്പിക്കുന്നതല്ല വിശുദ്ധി. സമഗ്രതയാണത്. വിശുദ്ധിക്ക് ലൈംഗിക പരിശുദ്ധി എന്നു മാത്രം കൽപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. ഒരിക്കലും പരിക്കേൽക്കാത്ത, മറ്റൊരാളെയും പരിക്കേൽപ്പിക്കാത്ത ലൈംഗിക പരിശുദ്ധിയുണ്ടോ? നിങ്ങളുടെ ജീവിതയാത്രയിൽ ലോകം കരുതിവയ്ക്കുന്ന കരുണയില്ലാത്ത ക്ഷതങ്ങൾക്ക് ആത്യന്തികമായി നിങ്ങളുടെ പരിശുദ്ധിയെ തകർക്കാനാവില്ലെന്ന് ഓർക്കുക. പറക്കാനാകാത്തവിധം ഒരു കല്ലിലും നിങ്ങളെ കെട്ടിയിടാൻ, നിങ്ങളുടെ അനുവാദമില്ലാതെ, ഈ ഭൂമിയിൽ ഒരാൾക്കും കഴിയില്ല. മാത്രവുമല്ല, സ്വയം നഷ്ടെപ്പടാതെ ജനങ്ങളുടെ രാത്രികളിലേക്ക് അവരുടെ അന്ധകാരത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നവരാണ് വിശുദ്ധരായ ഇടയന്മാരെന്ന് ഫ്രാൻസിസ് പാപ്പ ഓർമിപ്പിക്കുന്നു.

ഗതകാലങ്ങൾ ചിലരിലേൽപ്പിച്ച പരിക്കുകളെ മറികടക്കാൻ അവർ നടത്തുന്ന ശ്രമങ്ങളും അതിലെ കാർക്കശ്യവുമൊക്കെ വിശുദ്ധിയെക്കുറിച്ചുള്ള വളരെ അപക്വമായ ചിന്തകൾക്ക് വഴിതെളിച്ചിട്ടുണ്ട്. സ്വന്തം അമ്മയുടെ മുഖത്തുനോക്കിയാൽ പോലും പ്രലോഭനം തോന്നിയേക്കുമെന്നു കരുതി തലകുനിച്ച് മാത്രം നടന്നവരുണ്ട് ഇതിൽ. ലോകം മുഴുവൻ പാപമാകയാൽ ആശ്രമവാസത്തിൽ മാത്രം വിശുദ്ധി ദർശിച്ചവരുണ്ട്. ദൈവം ജഡം പൂണ്ട മണ്ണാണിതെന്നു നാം മറന്നു. ഈ ശരീരം അവന്റെ ആലയമാണെന്നും ധ്യാനിക്കാൻ പറ്റാതെ പോയി. തെറ്റായ ശരീരബോധം തെറ്റായ വിശുദ്ധ സങ്കൽപ്പങ്ങളെ വീരാരാധനയ്ക്ക് ഉപയോഗിക്കാൻ തുടങ്ങി. ഇതു നമ്മെ മടുപ്പിക്കും. നാം നാമായിത്തീരാതെ മറ്റുള്ളവരായിത്തീരാൻ എത്ര പണിെപ്പട്ടാലും നമുക്കതിനു കഴിയില്ലെന്നു മാത്രമല്ല, നാമെന്ന വിശുദ്ധ പാത്രത്തിൽ പൂജയൊരുക്കാൻ നമുക്കാവുകയുമില്ല.

സ്‌നേഹമാണ് വിശുദ്ധി. അത് ഒരു അവയവബദ്ധമല്ല, പ്രാണബദ്ധമാണ്. നിങ്ങൾ എന്തിനെ സ്‌നേഹിക്കുന്നുവോ, നിങ്ങളുടെ ഭാവനയെ അതു കൈവശമാക്കും. അതു സകലതിനെയും ബാധിക്കും. പ്രഭാതത്തിൽ എഴുന്നേൽക്കുമ്പോൾ, സായാഹ്നത്തിൽ വിശ്രമിക്കുമ്പോൾ, നിശയിലെ സ്വപ്‌നങ്ങളിൽ, നിങ്ങളുടെ വായനകളിൽ, കാഴ്ചകളിൽ, ചാറ്റിങ്ങിെലല്ലാം ആ സ്‌നേഹിക്കുന്നവ കടന്നുവരും. കാരണം, അത് പ്രാണനാണ്. മഞ്ഞുപോലെ നിർമലവും കാശനീലിമപോലെ സ്വച്ഛവുമായ സ്‌നേഹന്ധങ്ങളിലേക്കുള്ള യാത്രയാണ് വിശുദ്ധി.

‘ആഹ്ലാദിച്ചാനന്ദിപ്പിൻ’ എന്നാണ് വിശുദ്ധിയെക്കുറിച്ചുള്ള പ്രബോധനത്തിന് ഫ്രാൻസിസ് പാപ്പ തലക്കെട്ടു നൽകിയിരിക്കുന്നത്. സന്തോഷം തല്ലിക്കെടുത്തുകയല്ല, പൂർണമാക്കുകയാണ് വിശുദ്ധി. നിങ്ങൾ യഥാർത്ഥത്തിൽ അന്വേഷിക്കുന്ന സന്തോഷത്തിന്, നിങ്ങൾക്ക് അനുഭവിക്കാൻ അവകാശമുള്ള സന്തോഷത്തിന് ഒരു പേരുണ്ട്, മുഖവുമുണ്ട്: നസ്രായനായ ക്രിസ്തു.

മൂന്ന്:

വലിയ കാര്യങ്ങൾ ചെയ്യുന്നതല്ല വിശുദ്ധി. വലിയ ചക്രവാളത്തിൽ നിയോഗങ്ങളെ കാണുമ്പോഴും എളിയശ്രമങ്ങളിൽ ബോധപൂർവ്വം ഏർെപ്പടുക. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ പറയുന്നുണ്ട്, എല്ലാം കാണുക; വളരെയധികം ചെയ്തു കൂട്ടുക എന്ന ശ്രമത്തിൽ നിന്നും കണെ്ണടുക്കുക. കുറച്ചുമാത്രം തിരുത്താൻ ശ്രമിക്കുക. നിങ്ങൾക്കു വിശുദ്ധരാകാം. ഈ ശ്രമം നാം തുടങ്ങേണ്ടത് ഇന്നാണ്. മരിച്ചശേഷം ആരും വിശുദ്ധരാകുന്നില്ല, ജീവിച്ചത് പ്രഖ്യാപിക്കുന്നുവെന്നേയുള്ളൂ. ഇന്നിൽ വിശുദ്ധരാകാം നമുക്ക്, കഴിയുന്നിടത്തോളം ചുവടുകൾ മുന്നോട്ടുവച്ച്. ഓരോ നിമിഷവും കുറ്റമറ്റതാകുമ്പോൾ വലിയ ചുവടിനെച്ചൊല്ലി ഭാരപ്പെടേണ്ടതില്ല.

വിയറ്റ്‌നാം മതപീഡനകാലത്ത് ജയിൽവാസം നടത്തേണ്ടിവന്ന ആർച്ചുബിഷപ്പ് വാൻത്വാനെ ഓർമ്മ വരുന്നു. ജയിലിലെ മിക്കവാറും മനുഷ്യർ സ്വാതന്ത്ര്യത്തിന്റെ ഭാവിയെ നോക്കി ജീവിക്കുന്നു. എന്നാൽ, അദ്ദേഹം പറയുന്നു, ‘ഞാൻ ഇന്നിനെ നോക്കി ജീവിക്കാൻ തുടങ്ങി. ജയിലിലെ ഓരോ ദിവസവും സ്വാതന്ത്ര്യത്തിലെ ആയിരം ശരത്കാലത്തിന്റെ മൂല്യമുള്ളതാണ് എന്ന പഴമൊഴി ഓർത്തു. ഞാൻ ചിന്തിച്ചു: എനിക്ക് യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കണം. ജയിലിലാണ് ഞാൻ. മറ്റൊരു ഭാവി വന്നുചേരണമെന്നില്ല. ഉറപ്പായും വന്നുചേരാനിടയുള്ളത് മരണം മാത്രം. അതുകൊണ്ട്, അസാധാരണസ്‌നേഹത്തിൽ ഇവിടെ സാധാരണ പ്രവൃത്തികൾ ഞാൻ ചെയ്യും. ഭാവിക്കായി ഞാൻ കാത്തുനിൽക്കുന്നില്ല. വർത്തമാനകാലത്തു ഞാൻ ജീവിക്കും. അതിനെ സ്‌നേഹം കൊണ്ടു നിറയ്ക്കും.’ എത്ര മനോഹരമാണീ വിചാരം. വർത്തമാനകാലം നിങ്ങളുടെ വരുതിക്കുള്ളിലാണ്. അതിനെ, സ്‌നേഹപൂർവം ഉപയോഗിക്കുക.

ജീവിതത്തിന്റെ വിരുന്നുമേശയിൽ ദൈവം വിളമ്പിതരുന്നവയെ സ്‌നേഹപൂർവ്വം സ്വീകരിച്ച് വിശുദ്ധരാകാം നമുക്ക്. ഭക്ഷണം കഴിച്ചും കഴിക്കാതെയും വിശുദ്ധരാകാം. സ്‌നേഹമല്ലേ പരിശുദ്ധി. ഗാഢമായി സ്‌നേഹിക്കാം, എപ്പോഴും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?