‘സ്വന്തം ജീവിതത്തിന് വിലകൊടുക്കാതെ മറ്റുള്ളവർക്കു ചെയ്യുന്ന ഏതൊരു പ്രവൃത്തിയും തമ്പുരാന്റെ മുമ്പിൽ അമൂല്യമാണ്,’ പെസഹാ തിരുനാളിൽ വായിക്കാം, സവിശേഷമായ ഒരു പെസഹാ ചിന്ത.
യേശുവിനെ ഒത്തിരിയേറെ ആകർഷിച്ചതും യേശു മറ്റുള്ളവരുടെ മുമ്പിൽ പ്രശംസിച്ചതുമായ ഒരു പ്രവൃത്തി നമുക്ക് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ വായിക്കാം. ‘തന്റെ ദാരിദ്ര്യത്തിൽനിന്ന് ഉപജീവനത്തിനുള്ള വക മുഴുവനും നിക്ഷേപിച്ചിരിക്കുന്നു,’ എന്ന വചനത്തോടു കൂടി വിധവയുടെ പ്രവൃത്തിയെ യേശു വിവരിക്കുന്നു. സ്വന്തം ജീവിതത്തിന് വിലകൊടുക്കാതെ മറ്റുള്ളവർക്കു ചെയ്യുന്ന ഏതൊരു പ്രവൃത്തിയും തമ്പുരാന്റെ മുമ്പിൽ അമൂല്യമാണ്.
അപ്രകാരം, ലോകം മുഴുവനും മനുഷ്യകുലത്തിനും വേണ്ടി തമ്പുരാൻ ചെയ്യുന്ന ഏറ്റവും ഉത്തമവും മഹനീയവും ശ്രേഷ്~വുമായ പ്രവൃത്തിയാണ് പെസഹാ വ്യഴാഴ്ചയിൽ നാം ആഘോഷിക്കുന്ന പരിശുദ്ധ കുർബാനയുടെ സ്ഥാപനം. പരിശുദ്ധ കുർബാനയുടെ സാന്നിധ്യം അത്ഭുതങ്ങളുടെ പ്രവാഹമാണ്. അത് നൽകുന്ന സാന്ത്വനവും ആശ്വാസവും മനുഷ്യജീവിതത്തിന് ഉൾക്കരുത്താണ്.
പരിശുദ്ധ കുർബാനയുടെ സ്ഥാപനവും പൗരോഹിത്യത്തിന്റെ ആരംഭവും ഒന്നുചേരുമ്പോൾ എനിക്കും നിനക്കുമായി കാൽവരിയിൽ അർപ്പിച്ച ആ ബലിയുടെ ഉൾക്കാമ്പിലേക്ക് നമുക്ക് നടന്ന് നീങ്ങാം. രണ്ടു വ്യക്തികൾ ഒന്നുചേരുന്ന ഈ ദിവ്യ കൂദാശയിൽ അലിയപ്പെടുന്ന ഞാനും നീയും ക്രിസ്തുവിൽ ഒന്നാകുക അനിവാര്യമാണ്.
ഞാനും- നീയും
വ്യക്തി ബന്ധങ്ങളെ സംയോജിപ്പിക്കുകയും ഒന്നിച്ചു ചേർക്കുകയും ചെയ്യുന്ന രണ്ടു ഘട്ടങ്ങളാണ് ഞാനും നീയും. നമ്മെ ഞാനും നീയുമാക്കുന്ന പ്രോത്സാഹനത്തിന്റെയും പ്രശംസയുടെയും അനേകം ശ്രേണികൾ നമ്മുടെ ജീവിതത്തിൽ കണ്ടെത്താനാകും. ഈ ബന്ധങ്ങളുടെ ശ്രേണിക്കപ്പുറം ഒരു ഏകാന്തത ഏതൊരു മനുഷ്യനിലും കടന്നുവരാം. അത് ഒരു പ്രലോഭനമാകാം. ഒരു ദുഃഖമാകാം. മരണമാകാം. നിരാശയാകാം. ഈ സന്ദർഭങ്ങളിൽ നമ്മുടെ ഏക ആശ്രയം ക്രിസ്തുവാണ്.
അനുദിനം പരിശുദ്ധ കുർബാനയിൽ നാം സംബന്ധിക്കുകയും അവിടുത്തെ സന്നിധിയിൽ ആയിരിക്കുമ്പോൾ ‘ഞാൻ’ എന്ന വ്യക്തിത്വം ക്രിസ്തുവിൽ അലിഞ്ഞ് ഞാൻ മറ്റൊരു ക്രിസ്തുവായി തീരുന്നു. വിധവ തന്റെ ചില്ലിക്കാശിലൂടെ സ്വയം സമർപ്പിച്ച തന്റെ ജീവിതം ക്രിസ്തു സ്നേഹത്തിന്റെ ഒരടയാളമായി എന്നും നിലകൊള്ളുന്നു. സ്നേഹത്തിനുവേണ്ടി നിലകൊള്ളുന്ന സ്നേഹിതനായ ക്രിസ്തുവിൽ നമുക്കും ഒന്ന് ചേർന്ന് പരിശുദ്ധ കുർബാനയുടെ ശക്തിയും മഹത്വവും പ്രഭയും സ്വന്തമാക്കി എന്നിലെ ‘ഞാൻ’ ക്രിസ്തുവിൽ ‘നീയാകും’
നീയും- ഞാനും
ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്ന ‘നീ’ എന്നപദം ഏതൊരു വ്യക്തിക്കും തന്നെക്കുറിച്ചുള്ള ഒരു ബോധ്യം സൃഷ്ടിക്കുന്നു. ഞാൻ ആയിരിക്കുന്നു. എന്തായിരിക്കുന്നു. എങ്ങനെ ജീവിക്കുന്നു. എങ്ങനെ ജീവിക്കണം എന്ന ചിന്ത നീ എന്ന പദം മനസ്സിൽ രൂപപ്പെടുത്തുന്നു. നല്ല രീതിയിൽ ഈ ബോധ്യം രൂപപ്പെടുത്തുന്നതിൽ നമ്മുടെ ജീവിതം അപചയത്തിലേക്ക് നീങ്ങാൻ ഒത്തിരിയേറെ സാധ്യതകളുണ്ട്. ചുരുക്കത്തിൽ ഓരോ വ്യക്തിയിലും ഉടലെടുക്കുന്ന ഒരു ഭാവമാണ് ‘നീ’. ഈ അഹം എന്ന നീ നിയന്ത്രണ വിധേയമാക്കിയാലേ ജീവിതത്തിൽ ക്രിസ്തുവിനെപ്പോലെ വിനയാന്വിതനാകാൻ സാധിക്കൂ.
എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്തവനെപ്പോലെ തന്റെ എല്ലാ ‘നീ’യും പിതാവിന് വിട്ടുകൊടുത്തുകൊണ്ട് ദരിദ്രരിൽ ദരിദ്രനും എളിയവനിൽ എളിയവനുമായി ഇന്ന് അനേകായിരങ്ങളിൽ പരിശുദ്ധ കുർബാനയായി ജീവിക്കുന്നു. അങ്ങനെ എനിക്കും നിനക്കും ജീവിതത്തിൽ ഏക ആശ്രയമായി ക്രിസ്തു നിലകൊള്ളുന്നു. വിശുദ്ധ കുർബാനയുടെ സ്ഥാപനവും പൗരോഹിത്യവും പെസഹായുടെ ഓർമയും ഒന്നുചേരുമ്പോൾ എനിക്കും നിനക്കുമായി ലോകത്തിൽ കുടികൊള്ളുന്നവൻ, ദിവ്യസക്രാരിയിൽ രാപകലായി നമ്മെ കാത്തിരിക്കുന്ന യേശുവിൽ നമ്മുടെ ‘നീയും ഞാനും’ ലയിപ്പിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *