Follow Us On

21

December

2024

Saturday

അറിയാമോ ജപമാലഭക്തർക്ക് പരിശുദ്ധ അമ്മ നൽകുന്ന 15 വാഗ്ദാനങ്ങൾ!

ഫാ. ജോസഫ് വയലിൽ സി.എം.ഐ

ഭക്തിയോടുകൂടി ജപമാല ചൊല്ലുന്നവർക്ക് 15 പ്രത്യേക വാഗ്ദാനങ്ങളാണ് വിശുദ്ധ ഡൊമിനിക്, വാഴ്ത്തപ്പെട്ട അലൻ എന്നിവരിലൂടെ പരിശുദ്ധ മാതാവ് നൽകിയിരിക്കുന്നത്. 

ഒക്‌ടോബർ എന്ന് കേൾക്കുമ്പോൾ കത്തോലിക്കാ വിശ്വാസികളുടെ മനസിൽ ആദ്യം വരുന്ന ചിന്ത കൊന്തനമസ്‌കാരത്തിന്റെ മാസം, ദശദിന കൊന്ത നമസ്‌കാരത്തിന്റെ ദിവസങ്ങൾ എന്നൊക്കെയാണ്. ദശദിന കൊന്തനമസ്‌കാരത്തിൽ പങ്കെടുക്കാൻ, തിരുനാളിന് പോകുന്ന ആവേശത്തോടെയാണ് മിക്ക ദൈവാലയങ്ങളിലും വിശ്വാസികൾ പ്രവഹിക്കുന്നത്. കൊന്തനമസ്‌കാരത്തെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വികാരിയച്ചനുള്ള ഇടവകകളിൽ വിശേഷിച്ചും.

കൊന്തനമസ്‌കാര പ്രാർത്ഥനയിൽ മൂന്ന് കഥാപാത്രങ്ങളാണുള്ളത്. ഒന്ന്, സർവശക്തനായ ദൈവം. രണ്ട്, പരിശുദ്ധയായ മറിയം. മൂന്ന്, പാപികളായ നാം. പാപികളായ നാം പരിശുദ്ധയായ മറിയം വഴി സർവശക്തനായ ദൈവത്തോട് വളരെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾക്കുവേണ്ടി അപേക്ഷിക്കുകയാണ്.

ഒന്ന്, നമ്മുടെ ദൈനംദിന ജീവിതത്തിൽ ദൈവത്തിന്റെ സഹായം വേണം (ഇപ്പോഴും ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ). ഇപ്പോഴും എന്ന് പറയുമ്പോൾ ഈ ലോകജീവിതത്തിലെ സകല ആവശ്യങ്ങളിലും എന്ന് അർത്ഥംവയ്ക്കാം; നിയോഗം വയ്ക്കാം.

രണ്ട്, മരണസമയത്ത് അനുഗ്രഹം കിട്ടണം. മരണസമയത്ത് കിട്ടാവുന്നതും കിട്ടേണ്ടതുമായ ഏറ്റവും വലിയ അനുഗ്രഹം നന്മരണമാണ്. നന്മരണം എന്നുവച്ചാൽ, അധികം സഹിക്കാതെയുള്ള മരണമെന്നോ ഒന്നും അർത്ഥമില്ല. ആത്മാവ് സ്വർഗത്തിൽ എത്താൻ പറ്റിയ അവസ്ഥയിലുള്ള മരണത്തെയാണ് നന്മരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നുവച്ചാൽ, ക~ിനപാപങ്ങളെങ്കിലും ക്ഷമിക്കപ്പെടാൻ ബാക്കി ഇല്ലാത്ത ഒരു അവസ്ഥയിലുള്ള ഒരു മരണം. നമ്മുടെ ലൗകിക ആവശ്യങ്ങളിലും മരണസമയത്തും നമ്മെ സഹായിക്കാൻ മാതാവിനെ ദൈവം അനുവദിക്കുന്നു. അതിനാൽ, മാതാവ് വഴി ലൗകിക ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിനും നന്മരണം നൽകുന്നതിനും ദൈവം തയാറാണ്. അതിനായി മാതാവിന്റെ മധ്യസ്ഥത ജപമാല പ്രാർത്ഥനവഴി നാം തേടുകയാണ്.

ജപമാല ഭക്തി സഭയിൽ പ്രചരിപ്പിക്കാൻ പ്രധാന കാരണക്കാരൻ, 12-ാം നൂറ്റാണ്ടിൽ സ്‌പെയിനിൽ ജീവിച്ചിരുന്ന വിശുദ്ധ ഡൊ മിനിക്കാണ്. 1214ൽ ഡൊമിനിക്കിന് മാതാവ് പ്രത്യക്ഷപ്പെട്ട് ജപമാല ചൊല്ലാൻ ആവശ്യപ്പെട്ടെന്നാണ് വിശ്വാസം. പിന്നീട് പല പരിവർത്തനങ്ങൾക്കും വിധേയമായാണ് ഇപ്പോഴത്തെ രൂപത്തിൽ ജപമാല പ്രാർത്ഥന ഉണ്ടായത്. സന്തോഷം, ദു$ഖം, മഹിമ എന്നീ രഹസ്യങ്ങൾക്കുപുറമേ, പ്രകാശത്തിന്റെ രഹസ്യങ്ങൾകൂടി കൂട്ടിച്ചേർക്കപ്പെട്ടത് ഓർക്കുമല്ലോ.

ജപമാല ചൊല്ലുമ്പോൾ അതിന്റെ പൂർണരൂപത്തിൽ ചൊല്ലാൻ ശ്രമിക്കണം. വിശ്വാസപ്രമാണം, 1 സ്വർഗ. പിതാവേ, 3 നന്മനിറഞ്ഞ മറിയം, അഞ്ച് രഹസ്യങ്ങൾക്കുശേഷവും 1 സ്വർഗ. പിതാവേ, 10 നന്മനിറഞ്ഞ മറിയം, ത്രിത്വസ്തുതി, ഓ എന്റെ ഈശോയേ എന്ന പ്രാർത്ഥന, ലുത്തിനിയ എന്നിവ ചൊല്ലിക്കൊണ്ട് പൂർണമായ ജപമാല ചൊല്ലാൻ ശ്രമിക്കണം. പലയിടത്തും ചിലപ്പോഴെങ്കിലും ചില ഭാഗങ്ങൾ വിട്ടുകളയുന്നത് കാണാറുണ്ട്.

ജപമാല ഭക്തിയോടുകൂടി ചൊല്ലുന്നവർക്ക് 15 പ്രത്യേക വാഗ്ദാനങ്ങളാണ് വിശുദ്ധ ഡൊമിനിക്, വാഴ്ത്തപ്പെട്ട അലൻ എന്നിവരിലൂടെ പരിശുദ്ധ മാതാവ് നൽകിയിരിക്കുന്നത്.

1. ഭക്തിയോടുകൂടി ജപമാല ചൊല്ലി എന്നെ വണങ്ങുന്നവർക്ക് ശക്തമായ വരപ്രസാദങ്ങൾ ലഭിക്കും.

2. ജപമാല ചൊല്ലുന്ന എല്ലാവർക്കും എന്റെ പ്രത്യേക സംരക്ഷണം ഞാൻ നൽകും.

3. നരകത്തിനെതിരായ ശക്തമായ ക വചം ആയിരിക്കും ജപമാല. ദു$ശീലങ്ങൾ, പാപം, പാഷണ്ഡതകൾ എന്നിവ കുറയാൻ ജപമാല സമർപ്പണം കാരണമാകും.

4. സുകൃതങ്ങളും സൽപ്രവൃത്തികളും വളർന്നുവരാൻ ജപമാല സമർപ്പണം കാരണമാകും. ജപമാല ചൊല്ലുന്നവർക്ക് ധാരാളമായ ദൈവകാരുണ്യം കിട്ടും. ലോകമോഹങ്ങളിൽനിന്ന് വിട്ടുനിൽക്കാനും നിത്യതയെപ്പറ്റി കൂടുതൽ ചിന്തിക്കാനും ജപമാല ചൊല്ലൽ സഹായിക്കും.

5. ജപമാല ചൊല്ലി എന്റെ സംരക്ഷണ ത്തിന് ഏൽപ്പിക്കപ്പെടുന്നവർ നശിച്ചുപോവില്ല.

6. ഭക്തിയോടെ ജപമാല ചൊല്ലുകയും ദിവ്യരഹസ്യങ്ങളെപ്പറ്റി ധ്യാനിക്കുകയും ചെയ്യുന്നവരെ ദുരന്തങ്ങൾ കീഴടക്കില്ല. ദൈവം തന്റെ നീതികൊണ്ട് അവരെ ശിക്ഷിക്കുകയില്ല. ജപമാല ചൊല്ലുകയും നീതിയോടെ ജീവിക്കുകയും ചെയ്താൽ നിത്യജീവൻ നേടും.

7. ശരിയായ ജപമാലഭക്തിയുള്ളവർ സഭയുടെ കൂദാശകൾ സ്വീകരിക്കാതെ മരിക്കുകയില്ല.

8. ജപമാല ചൊല്ലുന്നതിൽ വിശ്വസ്തത കാണിക്കുന്നവർക്ക് അവരുടെ ജീവിതകാലത്തും മരണസമയത്തും ദൈവികപ്രകാശം ലഭിക്കും. മരണസമയത്ത് അവർക്ക് വിശുദ്ധരുടെ പുണ്യയോഗ്യതകളിൽ പങ്കാളിത്തം കിട്ടും.

9. ജപമാലഭക്തരായിരുന്നവരെ ശുദ്ധീകരണസ്ഥലത്തുനിന്നും ഞാൻ മോചിപ്പിക്കും.

10. വിശ്വസ്തരായ ജപമാലഭക്തർക്ക് സ്വർഗത്തിൽ ഉന്നത മഹത്വം ലഭിക്കും.

11. ജപമാല ചൊല്ലിക്കൊണ്ട് നിങ്ങൾ ചോദിക്കുന്നതെല്ലാം നിങ്ങൾക്ക് ലഭിക്കും.

12. ജപമാലഭക്തി പ്രചരിപ്പിക്കുന്ന എല്ലാവർക്കും അവരുടെ ആവശ്യങ്ങളിൽ എന്റെ സഹായം ലഭിക്കും.

13. എല്ലാ ജപമാലഭക്തർക്കും ജീവിതകാലത്തും മരണസമയത്തും മുഴുവൻ സ്വർഗീയ വൃന്ദങ്ങളുടെയും സഹായം ഉണ്ടാകുമെന്ന വാഗ്ദാനം എന്റെ പുത്രനായ യേശുവിൽനിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്.

14. ജപമാല ചൊല്ലുന്ന എല്ലാവരും എന്റെ മക്കളും എന്റെ പുത്രൻ യേശുവിന്റെ സഹോദരീ സഹോദരന്മാരും ആയിരിക്കും.

15. സ്വർഗത്തിൽപോകും എന്നതിന്റെ ഏറ്റവും വലിയ അടയാളമായിരിക്കും ജപമാലഭക്തി.

******

പ്രിയപ്പെട്ടവരേ, ചെറിയ കാര്യങ്ങളല്ല വലിയ കാര്യങ്ങളാണ് ജപമാല ചൊല്ലുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. ഇവയെല്ലാം കൂടി സംഗ്രഹിച്ചാൽ, ജീവിക്കുന്ന കാലത്തും മരണസമയത്തും ജപമാല ചൊല്ലുന്നവർക്ക് പ്രത്യേക അനുഗ്രഹങ്ങളും നിത്യരക്ഷയും ലഭിക്കുമെന്ന് പറയാനാകും. അതിനാൽ വ്യക്തിപരമായും ഭവനങ്ങളിലും ദൈവാലയങ്ങളിലും നമുക്ക് ഭക്തിയോടുകൂടി, മുടക്കം കൂടാതെ ജപമാല ചൊല്ലി പ്രാർത്ഥിക്കാം. മറിയം വഴി ജീവിതകാലത്തും ദൈനംദിന ആവശ്യങ്ങളിലും മരണസമയത്തും നമുക്ക് വലിയ അനുഗ്രഹങ്ങളും ഏറ്റവും വലിയ അനുഗ്രഹമായ നിത്യരക്ഷയും നേടാൻ ശ്രമിക്കാം.

ജപമാല പ്രാർത്ഥനവഴി നമ്മിൽ ദൈവസ്‌നേഹം കൂടും. നമ്മുടെ ആത്മാക്കൾ വിശുദ്ധീകരിക്കപ്പെടും. ശത്രുക്കളുടെമേൽ വിജയം ലഭിക്കും. സുകൃതാഭ്യാസം എളുപ്പമാകും. കൂടുതൽ ദൈവകൃപ കിട്ടും. ദൈവത്തോ ടും മനുഷ്യരോടുമുള്ള നമ്മുടെ കടങ്ങൾ വീട്ടുന്നതിന് കാരണമായിത്തീരും. ആത്മീയ ബന്ധനങ്ങൾ തകരും. കരയുന്നവർക്ക് ആശ്വാസം ലഭിക്കും. പ്രലോഭനങ്ങളെ അതിജീവിക്കാൻ ശക്തി ലഭിക്കും. ദരിദ്രർക്ക് സഹായം കിട്ടും. സന്യാസസഭകൾ നവീകരിക്കപ്പെടും. അറിവില്ലാത്തവർക്ക് ദൈവിക ജ്ഞാനം കിട്ടും.

അതിനാൽ, നമ്മുടെ വ്യക്തിപരമായ നന്മയ്ക്കുവേണ്ടി, കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി, ലോകത്തിന്റെ മാനസ്സാന്തരത്തിനുവേണ്ടി, നമ്മുടെയും മറ്റുള്ളവരുടെയും പാപങ്ങൾക്ക് പരിഹാരമായി നമുക്ക് ഭക്തിയോടുകൂടി മുഴുവൻ കൊന്ത ചൊല്ലി പ്രാർത്ഥിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?