റായ്പുര്‍ (ഛത്തീസ്ഗഡ്): മതംമാറിയ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള നിയമനിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങളുമായി ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാര്‍. ക്രൈസ്തവ പീഡനങ്ങള്‍ തുടര്‍ക്കഥയായ സംസ്ഥാനത്ത് ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത് ഗൂഢലക്ഷ്യങ്ങളോടെയാണെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. മലയാളികളായ രണ്ടു കന്യാസ്ത്രീകളെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റു ചെയ്തതിന്റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുമ്പാണ് പുതിയ നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.
നിര്‍ദിഷ്ട ഭേദഗതി പ്രകാരം, മതം മാറിയ ആദിവാസികള്‍ക്ക് ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കൊപ്പം പട്ടികവര്‍ഗ സംവരണ ആനുകൂല്യങ്ങളും നഷ്ടപ്പെടും. ഈ നിയമപരിഷ്‌ക്കരണം ആവശ്യമാണെന്ന വാദവുമായി ഭരണകക്ഷിയായ ബിജെപി രംഗത്തുവന്നു.
ഇതു രാഷ്ട്രീയ പ്രേരിതമാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. നിയമ വിദഗ്ധരുടെ മാര്‍ഗനിര്‍ദ്ദേശത്തോടെ നിയമം ശക്തിപ്പെടുത്തുമെന്നും ദേശീയ തലത്തിലുള്ള മാറ്റങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് അനുമതി തേടുമെന്നും ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയും നിയമമന്ത്രിയുമായ അരുണ്‍ സാവോ പറയുന്നു.
നിലവിലുള്ള നിയമങ്ങള്‍ പ്രകാരംതന്നെ ക്രൈസ്തവര്‍ക്ക് ജീവിക്കാനും അവരുടെ വിശ്വാസം പുലര്‍ത്താനും കഴിയാത്ത സാഹചര്യമാണ് ഛത്തീസ്ഗഡില്‍. അത്തരമൊരു അവസ്ഥയില്‍ പുതിയ നിയമനിര്‍മ്മാണ നീക്കങ്ങളെ ആശങ്കയോടെയാണ് ക്രൈസ്തവര്‍ കാണുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *