Follow Us On

27

April

2024

Saturday

ആ കത്തിയെരിഞ്ഞത് എന്റെ സഹോദരനായിരുന്നു

ആ കത്തിയെരിഞ്ഞത് എന്റെ സഹോദരനായിരുന്നു

ക്രൈസ്തവവിശ്വാസികളുടെ എണ്ണം ഏറ്റവും വേഗത്തില്‍ വര്‍ധിക്കുന്ന ഭൂഖണ്ഡമാണ് ആഫ്രിക്ക. ഇന്ന് ക്രൈസ്തവ വിശ്വാസത്തെപ്രതി പീഡനങ്ങള്‍ക്ക് ഇരയാകുന്നതിലും ആഫ്രിക്ക മുമ്പന്തിയിലാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ വാര്‍ത്തകള്‍ ദിവസേനയെന്നവണ്ണം നമ്മുടെ മുമ്പിലെത്തുന്നുണ്ട്. നൈജീരിയയിലെ മുന്‍നിര അന്വേഷണാത്മക കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ എസ്ബിഎം ഇന്റലിജന്‍സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം 2022 ല്‍ 39 കത്തോലിക്ക വൈദികരാണ് ഇവിടെ കൊല്ലപ്പെട്ടത്. 30 വൈദികരെ തട്ടിക്കൊണ്ടുപോയി. ഇത്തരം വാര്‍ത്തകള്‍ കേട്ടു തഴമ്പിച്ചതുകൊണ്ടോ, അല്ലെങ്കില്‍ നമ്മുടെ നാട്ടിലെ കാര്യമല്ലാത്തതുകൊണ്ടോ എന്തോ, മുഖ്യധാരാമാധ്യമങ്ങളില്‍ മാത്രമല്ല, സാമൂഹ്യമാധ്യമങ്ങളില്‍ പോലും കാര്യമായ പ്രതികരണങ്ങളൊന്നും ഈ വിഷയത്തില്‍ ഉണ്ടാകുന്നില്ല. നൈജീരിയയില്‍ കത്തോലിക്ക വൈദികനെ ചുട്ടുകൊന്ന വാര്‍ത്തയും കോംഗോയിലെ ദൈവാലയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ ദൈവാലയത്തിനുള്ളില്‍ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്ന ഹൃദയഭേദകമായ കാഴ്ചകളും കഴിഞ്ഞ ആഴ്ചകളില്‍ നാം കാണേണ്ടതായി വന്നു.

ജീവനോടെ കത്തിയമര്‍ന്ന ഫാ. ഐസക്കിന്റെ കത്തിക്കരിഞ്ഞ മൃതശരീരം ആഫ്രിക്കയിലെ വിവിധ പ്രദേശങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി വ്യക്തമാക്കുന്നു. കോംഗോയിലെ ദൈവാലയത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ ചിത്രങ്ങളും ഭീകരരുടെ നിഷ്ഠൂരതയുടെ സാക്ഷ്യമായി നമ്മുടെ മുമ്പിലുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി ഭീകരരുടെ വെടിയേറ്റ് പിടഞ്ഞുവീഴുന്നവരുടെയും കത്തിയമരുന്നവരുടെയും വാര്‍ത്തകളും ചിത്രങ്ങളും ഒരു വേദനയും കൂടാതെ കാണുകയും വായിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് നമ്മുടെ മനഃസാക്ഷിയെ ബാധിച്ച മരവിപ്പിന്റെ സൂചനയാണ്. ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാകുന്ന ആഫ്രിക്കന്‍ ജനതക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും അവര്‍ക്കുവേണ്ടി ശബ്ദിക്കുവാനും നമുക്ക് കടമയുണ്ട്. ക്രിസ്തുവില്‍ നമ്മുടെ സഹോദരങ്ങളാണ് ഏത് നിമിഷവും കൊല്ലപ്പെടാവുന്ന സാഹചര്യത്തില്‍ ആഫ്രിക്കയിലെ പല പ്രദേശങ്ങളിലും കഴിയുന്നത്. ക്രിസ്തുവാകുന്ന ശരീരത്തിലെ ഒരവയവത്തിനുള്ള വേദന മറ്റ് അവയവങ്ങളുടെയും വേദന തന്നെയാണ്. ഈ വേദനയാണ് പ്രാര്‍ത്ഥനകളും പ്രതികരണങ്ങളുമായി ഉയരേണ്ടത്.

വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ പ്രശ്‌നങ്ങളില്‍ നട്ടംതിരിയുന്നവര്‍ക്ക് ആഫ്രിക്കയിലെ സഭാവിശ്വാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് എന്ത് ചെയ്യാനാവുമെന്ന ചോദ്യം പ്രസക്തമാണ്. നിസംഗത പാപമാണെന്ന് കൂടെക്കൂടെ ഓര്‍മിപ്പിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ നിരന്തരം പറയുന്ന മറ്റൊരു കാര്യം കൂടിയുണ്ട് – ‘മനുഷ്യനെ വെറും അക്കങ്ങളോ സംഖ്യകളോ ആയി കാണരുതെന്ന്.’ വേദന അനുഭവിക്കുന്ന മനുഷ്യരുടെ കണക്കുകള്‍ വികാരരഹിതമായി വായിച്ചുതള്ളുന്നവരായി നാം മാറരുതെന്ന് സാരം. ഇറാക്കിലും സിറിയയിലും നടന്ന ഐഎസ് ആക്രമണത്തോളം മാധ്യമശ്രദ്ധ ലഭിച്ചിട്ടില്ലെങ്കിലും ആഫ്രിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ആസൂത്രിതമായ വംശഹത്യ തന്നെയാണ് നടക്കുന്നത്. അടുത്തിടെ ക്രൈസ്തവ സന്നദ്ധസംഘടനയായ ഓപ്പണ്‍ ഡോര്‍സ് പ്രസിദ്ധീകരിച്ച ഏറ്റവുമധികം പീഡനങ്ങള്‍ നടക്കുന്ന രാജ്യങ്ങളുടെ ‘2023 ലെ വേള്‍ഡ് വാച്ച് ലിസ്റ്റിലും’ ആഫ്രിക്കയില്‍ നിന്നുള്ള സൊമാലിയ, യെമന്‍, എത്യോപ്യ, സുഡാന്‍, എറിട്രിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്.

ഇതില്‍ ആഫ്രിക്കയില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയുടെ കാര്യം പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. ഏകദേശം ഒന്‍പത് കോടിയോളം ക്രൈസ്തവരും ഒന്‍പത് കോടിയോളം തന്നെ ഇസ്ലാം മതസ്ഥരുമാണ് ഇവിടെയുള്ളത്. നൈജീരിയയില്‍ 2022 ജനുവരി ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള 10 മാസത്തിനിടെ ക്രിസ്തുവിശ്വാസത്തെപ്രതി 4020 പേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് സന്നദ്ധ സംഘടനയായ ‘ഇന്റര്‍ സൊസൈറ്റി’ പുറത്തുവിട്ടിരുന്നു. അല്‍ക്വയ്ദയുടെ പിന്തുണയോടെ ആരംഭിച്ച്, ഐഎസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബൊക്കോ ഹറാമും ഹൗസാ-ഫുലാനി എന്ന ഇസ്ലാമിക്ക് നാടോടി സംഘവുമാണ് നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് ഭീഷണിയുയര്‍ത്തുന്നത്. ആഫ്രിക്കയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഈ ഭീകരരുടെയും തീവ്രവാദികളുടെയും മാനസാന്തരം പ്രധാന വിഷയമാകണം. സ്വഭാവികമായി ഇവരോട് തോന്നാവുന്ന അമര്‍ഷം നമ്മുടെ പ്രാര്‍ത്ഥന ദൈവസന്നിധിയിലേക്കെത്തുന്നതിന് തടസമായേക്കാം
മറ്റ് പലയിടങ്ങളിലും വിശ്വാസികളുടെ സംഖ്യയും വിശ്വാസവും ക്ഷയിക്കുമ്പോഴും ഈ പീഡനങ്ങളുടെ നടുവിലും ആഫ്രിക്കയില്‍ സഭ അതിവേഗം വളരുകയാണ് എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. 2100 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ 40 ശതമാനവും ആഫ്രിക്കയിലായിരിക്കും എന്ന ഐക്യരാഷ്ട്രസഭയുടെ കണക്കുകളും കാലഘട്ടം നല്‍കുന്ന മറ്റ് അടയാളങ്ങളോട് കൂട്ടിവായിക്കേണ്ടതുണ്ട്.

ആര്‍ത്തിരമ്പി വന്ന കൊടുങ്കാറ്റോ വള്ളത്തിലേക്ക് അടിച്ച് കയറിയ തിരമാലകളോ അല്ല, ‘ഗുരോ, ഞങ്ങളിതാ നശിക്കാന്‍ പോകുന്നു’ എന്ന ശിഷ്യരുടെ നിലവിളിയാണ് വഞ്ചിയുടെ അമരത്ത് തലചായ്ച്ചുറങ്ങിയ ഈശോയെ ഉണര്‍ത്തിയത്. മനുഷ്യന്റെ നിലവിളിയെ അവഗണിച്ചു കടന്നുപോകാനാകാത്ത ദൈവത്തിനു മുന്നില്‍ ആഫ്രിക്കയ്ക്കുവേണ്ടി നമ്മുടെയും നിലവിളികള്‍ ഉയരേണ്ട സമയമാണിത്. ആഫ്രിക്കന്‍ മണ്ണില്‍ കൊലചെയ്യപ്പെടുന്ന സഹോദരങ്ങളുടെ നിലവിളികളും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ചങ്കുപൊട്ടിയുള്ള രോദനങ്ങളും നമ്മുടെയും ഹൃദയവേദനയും പ്രാര്‍ത്ഥനകളുമായി മാറട്ടെ.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?