Follow Us On

22

January

2025

Wednesday

സുന്ദര്‍പൂരിലെ ബാബാ

സുന്ദര്‍പൂരിലെ ബാബാ

സ്വന്തം ലേഖകന്‍

ഇന്ത്യന്‍ ഡാമിയന്‍ എന്ന അപരനാമത്തിലാണ് ഫാ. ക്രിസ്തുദാസ് അറിയപ്പെടുന്നത്. കുഷ്ഠരോഗികള്‍ക്കുവേണ്ടി ജീവിതം ബലിയാക്കി മാറ്റിയ ഈ മലയാളി
വൈദികന്‍ 14 വര്‍ഷത്തോളം വിശുദ്ധ മദര്‍ തെരേസയോടൊപ്പം പ്രവര്‍ത്തിച്ചതിനുശേഷമായിരുന്നു ബീഹാറിലെ സുന്ദര്‍പൂരില്‍ എത്തിയത്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് ബീഹാര്‍. അഫ്ഗാനിസ്ഥാന്‍ മുതല്‍ കിഴക്ക് ആസാംവരെയും തെക്ക് തമിഴ്‌നാടുവരെയും വ്യാപിച്ചിരുന്ന മൗര്യസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പാടലീപുത്രയും (ഇന്നത്തെ പാറ്റ്‌ന), ശ്രീബുദ്ധന് ജ്ഞാനോദയം ഉണ്ടായതായിപ്പറയപ്പെടുന്ന, ഏറ്റവും വലിയ ബുദ്ധമത തീര്‍ത്ഥാടനകേന്ദ്രമായ ബുദ്ധഗയയും ബീഹാറില്‍തന്നെ. ഹൈന്ദവര്‍ പുണ്യഭൂമിയായി ആദരിക്കുന്ന ഗംഗാനദിയും ഈ നാട്ടിലൂടെ ഒഴുകുന്നു. വടക്കന്‍ ബീഹാറില്‍ ഈസ്റ്റ് ചംബാരന്‍ ജില്ലയില്‍പെട്ട റെക്‌സോള്‍ പട്ടണത്തിനടുത്തുള്ള ഒരു ഗ്രാമം. ഇന്ത്യക്കും നേപ്പാളിനും ഇടയിലൂടെ ഒഴുകുന്ന ഒരു തോടിന് ഇരുവശങ്ങളിലായുള്ള രണ്ടു രാജ്യങ്ങളും അവകാശപ്പെടാത്ത പുറമ്പോക്ക് – നോബഡീസ് ലാന്റ് അതാണ് ‘സുന്ദര്‍പൂര്‍’ എന്ന ഗ്രാമമായി ഇന്നറിയപ്പെടുന്നത്. എന്നാല്‍ പേരുപോലെ സുന്ദരമൊന്നും ആയിരുന്നില്ല അവിടുത്തെ ജീവിതം.

കുഷ്ഠരോഗത്തെ ഭീതിയോടെ കണ്ടിരുന്ന ലോകം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും കുഷ്ഠരോഗം ഉണ്ടെന്നറിഞ്ഞാല്‍, അച്ഛനാണെങ്കിലും അമ്മയാണെങ്കിലും ശരി വീട്ടുകാരും നാട്ടുകാരുംകൂടി വീട്ടില്‍നിന്നും അടിച്ചോടിക്കും. ഗ്രാമങ്ങളില്‍ കുഷ്ഠരോഗികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഇങ്ങനെ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെട്ട കുഷ്ഠരോഗികളുടെ സങ്കേതമായിരുന്നു സുന്ദര്‍പൂര്‍. കിടക്കാന്‍ വീടില്ല, കഴിക്കാന്‍ ഭക്ഷണമില്ല, മരുന്നോ ചികിത്സാസൗകര്യങ്ങളോ ഇല്ല. വ്രണങ്ങള്‍ വന്ന് കൈയും കാലും നഷ്ടപ്പെട്ട മനുഷ്യര്‍ നരകിച്ച്, പട്ടിണി കിടന്ന് ഒടുവില്‍ മരിക്കും. ദുര്‍ഗന്ധം വമിക്കുന്ന വ്രണങ്ങളുമായി അറപ്പുളവാകുന്ന ചുറ്റുപാടുകളില്‍ ജീവിക്കുന്ന ഹതഭാഗ്യരായ മനുഷ്യരെക്കുറിച്ച് ഫാ. ക്രിസ്തുദാസ് കേട്ടറിഞ്ഞു. 1981-ല്‍ ഒരു മരുന്നുപെട്ടിയും തന്റെ ബിഷപ്പിനോട് കടം വാങ്ങിയ രണ്ടായിരം രൂപയും കുഷ്ഠരോഗത്തില്‍നിന്നും വിമുക്തി നേടിയ അനാഥരായ നാലഞ്ച് ആളുകളുമായി അദ്ദേഹം സുന്ദര്‍പൂരിലെത്തി. കുഷ്ഠരോഗികളോടൊപ്പം ഒരു ചെറ്റക്കുടിലില്‍ ജീവിച്ചു. അവരുടെ മുറിവുകള്‍ വച്ചുകെട്ടി. ഔഷധങ്ങള്‍ നല്‍കി ചികിത്സിച്ചു. എല്ലാറ്റിലും ഉപരി സ്‌നേഹവും പ്രത്യാശയും നല്‍കി.

ചികിത്സയുടെ ഫലമായി കുഷ്ഠരോഗികള്‍ സുഖം പ്രാപിക്കാന്‍ തുടങ്ങി. അപ്പോഴാണ് പുതിയൊരു പ്രശ്‌നം ഉദയം ചെയ്തത്. കുഷ്ഠരോഗം മാറിയാലും പലപ്പോഴും വീട്ടുകാരും ബന്ധുക്കളും അവരെ സ്വീകരിക്കാന്‍ തയാറാവുന്നില്ല. അവര്‍ക്കാരും ജോലി കൊടുക്കില്ല. സ്‌നേഹത്തോടെ ഇടപെടില്ല. അങ്ങനെ സുഖപ്പെട്ട കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കേണ്ട ചുമതലയും ഫാ. ക്രിസ്തുദാസില്‍ വന്നണഞ്ഞു. അതുപോലെതന്നെ കുഷ്ഠരോഗം വന്നവരെ വീട്ടുകാരും നാട്ടുകാരും ചാക്കില്‍ കെട്ടിയും അല്ലാതെയും സുന്ദര്‍പൂരില്‍ കൊണ്ടുവന്ന് ഉപേക്ഷിക്കാനാരംഭിച്ചു. അവര്‍ക്കായി അദ്ദേഹം നാല്‍പതോളം കിടക്കകളുള്ള ഒരു ഹോസ്പിറ്റല്‍ സജ്ജമാക്കി. ചെറ്റക്കുടില്‍ നിര്‍മിക്കുന്നതുപോലെതന്നെ ഒരു ഷെഡ്.

കഴിഞ്ഞ 30 വര്‍ഷങ്ങള്‍കൊണ്ട് അമ്പതിനായിരത്തില്‍ അധികം കുഷ്ഠരോഗികള്‍ ഇവിടുത്തെ ചികിത്സകൊണ്ട് സുഖം പ്രാപിച്ചിട്ടുണ്ട്. ഇന്ന് ബീഹാറിലെ ഏറ്റവും വലിയ കുഷ്ഠരോഗാശുപത്രിയായി ഉയര്‍ന്ന ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലില്‍ മരുന്നും ഭക്ഷണവും സൗജന്യമാണ്. നേപ്പാളില്‍നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ആളുകള്‍ ഇവിടെ ചികിത്സയ്‌ക്കെത്താറുണ്ട്. കുഷ്ഠരോഗികളുടെ മക്കള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം നല്‍കാത്ത അവസ്ഥ. മറ്റു കുട്ടികള്‍ ഭയംമൂലം അവരുടെ അടുത്തിരിക്കാനോ കൂട്ടുകൂടാനോ തയാറാവുകയില്ല. എന്തുചെയ്യും? സാധാരണഗതിയില്‍ ഈ കുട്ടികള്‍ ഭിക്ഷാടകരും മോഷ്ടാക്കളുമൊക്കെയായി മാറുകയേയുള്ളൂ. ഫാ. ക്രിസ്തുദാസിന്റെ മനസലിഞ്ഞു. അദ്ദേഹം അവര്‍ക്കുവേണ്ടി ഒരു സ്‌കൂള്‍ ആരംഭിച്ചു. ഇപ്പോള്‍ 450-ഓളം വിദ്യാര്‍ത്ഥികള്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുന്നു. അവിടെനിന്നും പഠിച്ചിറങ്ങിയവര്‍ വക്കീലും ഡോക്ടറുമൊക്കെയായി മാറിക്കഴിഞ്ഞിരിക്കുന്നു. ആ കുഞ്ഞുങ്ങളുടെ അപകര്‍ഷതാബോധം മാറ്റി, ആത്മാഭിമാനവും അന്തസും ഉള്ളവരാക്കി മാറ്റാനുള്ള ഫാ. ക്രിസ്തുദാസിന്റെ പരിശ്രമങ്ങള്‍ സഫലമായിക്കൊണ്ടിരിക്കുന്നു.

കുഷ്ഠരോഗംമൂലം വിരലുകള്‍ ദ്രവിച്ചുപോയവരാണ് പലരുമെങ്കിലും ഓരോരുത്തര്‍ക്കും പറ്റിയ തൊഴിലുകള്‍ കണ്ടെത്തി സാമ്പത്തികമായ സ്വയംപര്യാപ്തതയിലേക്ക് അവരെ നയിക്കുവാനും ഫാ. ക്രിസ്തുദാസ് മറന്നില്ല. സ്ത്രീകള്‍ കൂടുതലും നെയ്ത്താണ് ഉപജീവനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സുന്ദര്‍പൂരില്‍നിന്നും ഉത്പാദിപ്പിക്കുന്ന പട്ടുവസ്ത്രങ്ങള്‍ ഇന്ത്യയ്ക്ക് പുറമേ യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലും മാര്‍ക്കറ്റ് കണ്ടെത്തിക്കഴിഞ്ഞു. ഡയറി ഫാമിംഗാണ് ഗ്രാമത്തിന്റെ മുഖ്യവരുമാന സ്രോതസ്. ആധുനിക രീതിയില്‍, മേല്‍ത്തരം പശുക്കളെ വളര്‍ത്തി ഉത്പാദിപ്പിക്കുന്ന പാല്‍ – ആദ്യകാലത്ത് പുറത്തുള്ളവര്‍ക്ക് വാങ്ങാന്‍ മടിയായിരുന്നു. കാരണം കുഷ്ഠരോഗം സുഖപ്പെട്ടാലും കുഷ്ഠരോഗികളോടുള്ള അറപ്പ് സമൂഹത്തില്‍ നിലനില്‍ക്കുന്നു. എന്നാല്‍ ബോധവല്‍ക്കരണത്തിലൂടെ അതിനെല്ലാം മാറ്റം വന്നുകഴിഞ്ഞു. മായം ചേര്‍ക്കാത്ത, ശുദ്ധമായ സുന്ദര്‍പൂര്‍ പാലിന് ഇന്ന് നേപ്പാളിലും ബീഹാറിലും നല്ല ഡിമാന്റാണ്. അതുപോലെ ഭക്ഷണത്തിനാവശ്യമായ പരിപ്പും ഉരുളക്കിഴങ്ങും മറ്റു ധാന്യങ്ങളുമെല്ലാം ഗ്രാമവാസികള്‍ സ്വയം ഉത്പാദിപ്പിക്കുന്നു. സ്വയംപര്യാപ്തമായ ഒരു ഗ്രാമം.

കുഷ്ഠരോഗികളായവര്‍ക്ക് ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ കിണറുകളില്‍നിന്നോ പൈപ്പില്‍നിന്നോ വെള്ളമെടുക്കാന്‍ അനുവാദമില്ല. അവരെ കല്ലെറിഞ്ഞോടിക്കും. അതിനാല്‍ 25-ഓളം ലെപ്രസി കോളനികളിലായി 450-ഓളം കുഴല്‍കിണറുകള്‍ ഫാ. ക്രിസ്തുദാസ് കുഴിപ്പിച്ചു.14 വര്‍ഷത്തോളം മദര്‍ തെരേസയോടൊപ്പം ഒരു വോളന്റിയറായി ഫാ. ക്രിസ്തുദാസ് പ്രവര്‍ത്തിക്കുകയായിരുന്നു. അവിടെവച്ചാണ് സുന്ദര്‍പൂരിലെ കുഷ്ഠരോഗികളുടെ ദുരിതജീവിതത്തെക്കുറിച്ച് അദ്ദേഹത്തിനറിവു കിട്ടിയത്.

കുടുംബവും നാടും നഷ്ടപ്പെട്ട, എല്ലാവരാലും വെറുക്കപ്പെട്ട ആ മനുഷ്യരും ദൈവത്തിന്റെ സ്വന്തമാണെന്ന ചിന്ത അദ്ദേഹത്തിന്റെ ഹൃദയത്തെ ഉണര്‍ത്തി. എന്തുചെയ്യണം എന്നറിയില്ലായെങ്കിലും കുഷ്ഠരോഗത്തിനുള്ള മരുന്നു നിറച്ച പെട്ടിയും തോളില്‍ ഒരു തുണിസഞ്ചിയുമായി അദ്ദേഹം ഇറങ്ങി. കുഷ്ഠരോഗികളുടെ ഒപ്പം അവരുടെ കുടിലുകളിലൊന്നില്‍ താമസിച്ചുകൊണ്ട് അദ്ദേഹം നിരാശരും അശരണരുമായ അവര്‍ക്ക് പുതിയൊരു ജീവിതം കൊടുത്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ പലരുടെയും സഹായത്താല്‍, അദ്ദേഹം വൃത്തിയും വെടിപ്പുമുള്ള ഭവനങ്ങളും തൊഴില്‍ ചെയ്യാന്‍ അവസരങ്ങളും മക്കള്‍ക്ക് പഠിക്കാന്‍ സൗകര്യങ്ങളും ഒരുക്കി നല്‍കി. ഫാ. ക്രിസ്തുദാസ് അങ്ങനെ അവിടെയുള്ളവര്‍ക്ക് ബാബാ ക്രിസ്തുദാസായി മാറി.

ചീഞ്ഞളിഞ്ഞ വ്രണങ്ങളുമായി വരുന്ന കുഷ്ഠരോഗികളെ അദ്ദേഹം സ്‌നേഹത്തോടെ സ്പര്‍ശിക്കും, സ്‌നേഹസ്പര്‍ശനമാണ് ഒരു കുഷ്ഠരോഗിക്കുവേണ്ട ഏറ്റവും ആദ്യത്തെ ഔഷധമെന്ന് ബാബാ പറയുന്നു. കാരണം മറ്റുള്ളവരുടെ വെറുപ്പിനെക്കാളുപരി ഓരോ കുഷ്ഠരോഗിയും സ്വയം വെറുക്കുന്നവരായിരിക്കും. അതു മാറ്റി അവര്‍ സ്‌നേഹയോഗ്യരാണെന്നും മൂല്യമുള്ളവരാണെന്നും അവരെ ബോധ്യപ്പെടുത്താന്‍ ബാബാ ആദ്യം ചെയ്യുന്നത് വ്രണങ്ങള്‍ നിറഞ്ഞ അവരുടെ ശരീരത്തെ സ്‌നേഹപൂര്‍വം തൊടുകയാണ്. കുഷ്ഠരോഗം മറ്റ് ഏതൊരു രോഗവുംപോലെതന്നെയാണെന്നും ചികിത്സിച്ചു മാറ്റാന്‍ കഴിയും എന്ന പ്രത്യാശയും നല്‍കിയിട്ടാണ് മരുന്നുകൊണ്ടുള്ള ചികിത്സ ആരംഭിക്കുക.

എങ്ങനെയാണ് ഈ മനുഷ്യരെ ഇത്രമാത്രം സ്‌നേഹിക്കാനും ഇവരോടൊപ്പം ജീവിക്കാനും കഴിയുന്നത് എന്ന ചോദ്യത്തിന് ബാബാ നല്‍കിയ മറുപടി ഇപ്രകാരമാണ്. യേശുക്രിസ്തുവാണ് എന്റെ ഗുരു. മര്‍ക്കോസിന്റെ സുവിശേഷം ഒന്നാം അധ്യായത്തില്‍ നാം ഒരു സംഭവം വായിക്കുന്നു. ”ഒരു കുഷ്ഠരോഗി അവന്റെ അടുത്തെത്തി മുട്ടുകുത്തി അപേക്ഷിച്ചു. അങ്ങേക്ക് മനസുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും. അവന്‍ കരുണ തോന്നി കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു. എനിക്ക് മനസുണ്ട്. നിനക്ക് ശുദ്ധിയുണ്ടാകട്ടെ. തല്‍ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധി വന്നു” (മര്‍ക്കോസ് 1:40-42). അന്നുവരെയും ആരും കുഷ്ഠരോഗികളെ തൊടാറില്ലായിരുന്നു. അടുത്തുവരാന്‍ അനുവദിക്കാറുമില്ലായിരുന്നു. എന്നാല്‍ യേശു കുഷ്ഠരോഗിയെ അടുത്തുവരാന്‍ അനുവദിക്കുക മാത്രമല്ല, കരുണയോടുകൂടെ അവനെ തൊടുകയും ചെയ്തു. അതൊരു വിപ്ലവം ആയിരുന്നു. സ്‌നേഹത്തിന്റെ വിപ്ലവം. അതാണ് എന്റെ ശുശ്രൂഷയുടെ പ്രചോദനം. എന്റെ ഗുരു കുഷ്ഠരോഗിയെ തൊട്ടുവെങ്കില്‍ ഞാനും അവരെ കരുണയോടെ തൊടണം.

യേശു പറഞ്ഞു: ”എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി 25:40). എന്റെ അടുത്തുവരുന്ന ഓരോ രോഗിയിലും ഞാന്‍ യേശുവിനെ കാണുന്നു. ദിവ്യകാരുണ്യത്തിലും കുഷ്ഠരോഗിയിലും ഒരേ ദൈവത്തിന്റെ സാന്നിധ്യം ഞാനനുഭവിക്കുന്നു. ക്രിസ്തുവിനോടുള്ള സ്‌നേഹം കരകവിഞ്ഞൊഴുകലാണ് എന്റെ ഈ ശുശ്രൂഷ. അതിനാല്‍ അറപ്പും വെറുപ്പുമില്ല, മടുപ്പുമില്ല. ഒരു ദിവസം 14 മണിക്കൂറോളം നീളുന്ന വിശ്രമമില്ലാത്ത അദ്ധ്വാനം.

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്കടുത്ത് ഇടമറുക് വേലന്മാരുകുടിയില്‍ കുടുംബാംഗമായിരുന്ന ഫാ. ക്രിസ്തുദാസ് – ഇന്ത്യന്‍ ഡാമിയന്‍ എന്ന അപരനാമത്താല്‍ ഇന്നറിയപ്പെടുന്നു. ദി വീക്ക് മാഗസിന്‍ 2009-ലെ ‘മാന്‍ ഓഫ് ദി ഇയര്‍’ ആയി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. സ്വന്തം സുഖങ്ങളും സ്വപ്‌നങ്ങളും ഉപേക്ഷിച്ച്, സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ട കുഷ്ഠരോഗികള്‍ക്കായി അദ്ദേഹം തന്റെ ജീവിതം ബലിയാക്കി മാറ്റി. 2011-ല്‍ ബാബാ ക്രിസ്തുദാസ് ഈ ഭൂമിയിലെ സേവനം അവസാനിപ്പിച്ച് നിത്യതയിലേക്ക് യാത്രയായി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?