Follow Us On

19

April

2024

Friday

വീണ്ടും ചര്‍ച്ചകളില്‍ നിറയുന്ന ഓജോബോര്‍ഡ്

വീണ്ടും ചര്‍ച്ചകളില്‍ നിറയുന്ന  ഓജോബോര്‍ഡ്

ടോം ചെല്ലങ്കോട്ട്

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ ഒരു ശരാശരി മലയാളിക്ക് പരിചിതമാണ് ഓജോബോര്‍ഡ് എന്ന പേര്. തൊണ്ണൂറുകളില്‍ ഒരു തരംഗം പോലെ ഈ ആശയം കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വ്യാപിച്ചപ്പോള്‍ തമാശയ്‌ക്കെങ്കിലും ഓജോബോര്‍ഡ് പരീക്ഷിച്ചു നോക്കിയിട്ടുള്ള അനേക സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികളുണ്ട്. തികച്ചും അപരിചിതവും പുതുമയുള്ളതുമായ ഒരാശയം എന്ന നിലയിലുള്ള കൗതുകമായിരുന്നു അത്തരമൊന്ന് പരീക്ഷിച്ചുനോക്കാന്‍ അന്ന് അവരെ പ്രേരിപ്പിച്ചത്. മിനുസമുള്ള പ്രതലവും ഗ്ലാസും മെഴുകുതിരിയും സംഘടിപ്പിച്ച് മുന്‍കാലങ്ങളില്‍ ചിലര്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നെങ്കില്‍ ഇന്ന് വിവിധ രീതികളിലും പല വിലകളിലുമുള്ള ഓജോബോര്‍ഡുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇത്തരം ഉപകരണങ്ങള്‍ ധാരാളമായി വില്‍ക്കപ്പെടുന്നുണ്ട് എന്നതിനാല്‍ ഓജോബോര്‍ഡ് ഉപയോഗം നമുക്കിടയിലും വ്യാപകമാണെന്ന് മനസിലാക്കാം.

സമീപനാളുകളില്‍ പുറത്തിറങ്ങിയ ‘രോമാഞ്ചം’ എന്ന ചലച്ചിത്രമാണ് ഓജോബോര്‍ഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുന്നത്. ഒരുകൂട്ടം യുവാക്കള്‍ ഓജോബോര്‍ഡ് പരീക്ഷിച്ച് വിജയിക്കുന്നതും അത് ഒടുവില്‍ അവര്‍ക്കുതന്നെ കെണിയായി മാറുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. കഴിഞ്ഞ കാലങ്ങളില്‍ ഓജോ ബോര്‍ഡ് സംബന്ധിച്ച് പറഞ്ഞുകേട്ടിട്ടുള്ള അത്ഭുത പ്രതിഭാസങ്ങള്‍ പലതും ഒരു ഹൊറര്‍ കോമഡി ചിത്രമായി അവതരിപ്പിച്ചിരിക്കുന്ന ‘രോമാഞ്ച’ത്തില്‍ ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നു. ഭാവിയുടെ പ്രവചനം, അത്ഭുതകരമായ വെളിപ്പെടുത്തലുകള്‍ തുടങ്ങിയവ സംഭവിക്കുന്നതോടൊപ്പം, അതില്‍ ഉള്‍പ്പെടുന്നവരുടെ ജീവിതത്തില്‍ അശുഭകരമായ പലതും സംഭവിക്കുന്നതും, അപകടങ്ങളിലേക്കും ദുരന്തങ്ങളിലേക്കും അത് നയിക്കുന്നതും ഹാസ്യത്തിന്റെ അകമ്പടിയോടെ സിനിമ വിവരിക്കുന്നു.

ആത്മാക്കളെ വിളിച്ചുവരുത്തുന്ന ഉപകരണം

മരിച്ചുപോയവരുടെ ആത്മാവിനെ വിളിച്ചുവരുത്തുക എന്നതാണ് ഓജോബോര്‍ഡിന്റെ അടിസ്ഥാന ആശയം. വിവിധ രചനകളിലും ചിത്രങ്ങളിലും പലവിധത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വിഷയമാണ് അത്. സമാനമായ ആശയങ്ങളെ കത്തോലിക്കാ സഭ വിവിധ കാലങ്ങളില്‍ തള്ളിപ്പറയുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. 1890 ല്‍ അമേരിക്കയിലെ മെരിലാന്‍ഡിലാണ് ഓജോബോര്‍ഡ് എന്ന പേരില്‍ ഒരു ഉപകരണം ആദ്യമായി സൃഷ്ടിക്കപ്പെട്ടത്. പിന്നീടുള്ള ഒരു നൂറ്റാണ്ട് കാലത്തിനുള്ളില്‍ ഈ ഉപകരണവും ആശയവും ലോകമെമ്പാടും വ്യാപിച്ചു. ഉപയോഗവും പ്രത്യാഘാതങ്ങളും അതിരറ്റ് വര്‍ധിച്ച ചില കാലങ്ങളില്‍ ഓജോബോര്‍ഡുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും, വിപണനം നിരോധിക്കപ്പെടുകയും ചെയ്തിട്ടുള്ള സാഹചര്യങ്ങള്‍ പോലും ചിലയിടങ്ങളില്‍ ഉടലെടുത്തിട്ടുണ്ട്. ടോക്കിംഗ് ബോര്‍ഡ്, ഓജോബോര്‍ഡ് എന്നിങ്ങനെയുള്ള പേരുകളില്‍ ഇത്തരം ഉപകരണങ്ങള്‍ കഴിഞ്ഞ ഒരു സഹസ്രാബ്ദത്തിനിടെ ഉപയോഗിക്കപ്പെട്ടിട്ടുള്ളതായി ചരിത്രത്തില്‍ വ്യക്തമാണെങ്കിലും ഈ അടിസ്ഥാന ആശയത്തിന്റെ ഉപജ്ഞാതാവ് ആരെന്നോ, ഉത്ഭവം എവിടെനിന്നെന്നോ ഉള്ളകാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കും അവ്യക്തതയാണ് ഉള്ളത്.

കത്തോലിക്കാ സഭയുടെ നിലപാട്

ഓജോബോര്‍ഡും സമാന ആശയങ്ങളുടെ പ്രചാരകരും വാഗ്ദാനം ചെയ്യുന്നതുപോലെ മരിച്ചുപോയവരുടെ ആത്മാവിനെ തിരികെ വിളിച്ച് സംസാരിക്കുക അസാധ്യമാണെന്നാണ് കത്തോലിക്കാ സഭയുടെ അടിസ്ഥാന പ്രബോധനം. ഈ പ്രബോധനം വചനാധിഷ്ഠിതവുമാണ്. മരിച്ച വ്യക്തികളുടെ ആത്മാക്കളുടെയല്ല, ദുഷ്ടാരൂപിയുടെ സാന്നിധ്യമാണ് അത്തരം സന്ദര്‍ഭങ്ങളില്‍ പ്രകടമാകുന്നത് എന്നുള്ളതാണ് സഭയുടെ പഠനം. മരണപ്പെട്ട ഒരു വ്യക്തിയുടെ ആത്മാവ് സ്വേച്ഛയാല്‍ മനുഷ്യര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുക തികച്ചും അസംഭവ്യമാണ് എന്ന നിലപാടില്‍ കത്തോലിക്കാ സഭ എന്നും ഉറച്ചുനില്‍ക്കുന്നു.

സാത്താന്റെ അസ്തിത്വത്തെ സഭ ഒരിക്കലും നിരാകരിക്കുന്നില്ല എന്നുമാത്രമല്ല, സാത്താന്റെ ഇടപെടലുകളെക്കുറിച്ചും പ്രവര്‍ത്തനരീതികളെക്കുറിച്ചും കരുതലുള്ളവരായിരിക്കുവാന്‍ വിശ്വാസികളെ നിരന്തരം ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു. ഭാവികാലത്തെക്കുറിച്ച് അറിയാനുള്ള വ്യഗ്രത, മാന്ത്രിക സംവേദനങ്ങള്‍, ആഭിചാര പ്രവൃത്തികള്‍ തുടങ്ങിയവ തിന്മയിലേക്കും അപകടങ്ങളിലേക്കും നയിക്കും എന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം മുന്നറിയിപ്പ് നല്‍കുന്നുണ്ട് (CCC 2115 17). നമുക്ക് ദൈവത്തോട് മാത്രം ഉണ്ടായിരിക്കേണ്ട ബഹുമാനം, ആദരവ്, സ്‌നേഹപൂര്‍ണമായ ഭയം എന്നിവയ്ക്ക് എതിരുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്ന് മതബോധന ഗ്രന്ഥം ഓര്‍മപ്പെടുത്തുന്നു. ദുഷ്ടാരൂപിയുമായി നേരിട്ടുള്ള സംവേദനത്തിലേക്ക് ഇത്തരം പ്രവൃത്തികള്‍ ഒരു വ്യക്തിയെ നയിച്ചേക്കാം എന്നതാണ് ദൈവശാസ്ത്രജ്ഞര്‍ നല്‍കുന്ന പ്രധാന മുന്നറിയിപ്പ്. സാത്താന്റെ നിയന്ത്രണത്തിലേക്ക് ഒരുവന്‍ എത്തിച്ചേരുവാന്‍ അത് കാരണമായേക്കാം.

കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ പ്രകാരം സാത്താന് ഒരു വ്യക്തിയില്‍ സ്വാധീനം ചെലുത്തുന്നതുകൊണ്ട് മാത്രം അവനില്‍ ആധിപത്യം സ്ഥാപിക്കാനാവില്ല. പൈശാചിക അധിനിവേശം (Possession) ആണ് ഒരു വ്യക്തിയില്‍ പിശാച് ആധിപത്യം സ്ഥാപിക്കുന്ന അവസ്ഥ. ഇത്തരമൊരു അവസ്ഥയിലേക്ക് ഒരു വ്യക്തി എത്തിച്ചേരണമെങ്കില്‍ അയാളുടെ പൂര്‍ണ സമ്മതവും മനസും ആവശ്യമാണ്. ഓജോബോര്‍ഡ് പോലുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ച് ‘ആത്മാവിനെ ക്ഷണിക്കുമ്പോള്‍’ ചിലപ്പോഴെങ്കിലും ഇത്തരത്തില്‍ സംഭവിക്കുന്നുണ്ട്. അംഗീകൃത ഭൂതോച്ചാടകരുടെ അനുഭവങ്ങളും ഇതേ മുന്നറിയിപ്പ് നല്‍കുന്നു. പൈശാചിക പീഡ, ബാധ തുടങ്ങി പലവിധ മനസികാസ്വാസ്ഥ്യങ്ങള്‍ക്കും ഇത്തരത്തില്‍ സംഭവിക്കുന്ന പൈശാചിക സ്വാധീനം വഴിയൊരുക്കുന്നതായി നിരവധി സംഭവങ്ങള്‍ വെളിപ്പെടുത്തുന്നു.

മനഃശാസ്ത്രപരമായ വിശദീകരണങ്ങള്‍

‘രോമാഞ്ചം’ എന്ന സിനിമയില്‍ അവതരിപ്പിക്കുന്നതുപ്രകാരം എല്ലായ്‌പ്പോഴും, എല്ലാവരിലൂടെയും ഓജോബോര്‍ഡ് പ്രവര്‍ത്തിച്ചുകൊള്ളണമെന്നില്ല. അത് വാസ്തവമാണെന്ന് നിരവധിപേരുടെ അനുഭവങ്ങള്‍ തെളിയിക്കുന്നു. മനഃശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങള്‍ പ്രകാരം വിവിധ മനോദൗര്‍ബല്യങ്ങളുള്ളവര്‍, അതിവൈകാരിക പ്രകൃതമുള്ളവര്‍ തുടങ്ങിയവരാണ് ഇത്തരം കെണികളില്‍ അകപ്പെടുന്നവരില്‍ ഏറിയ പങ്കും. ഓജോബോര്‍ഡ് പോലുള്ളവയെ പ്രാകൃതമായി കണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളെ മനഃശാസ്ത്രത്തിന്റെയും ശാസ്ത്രത്തിന്റെയും പേരില്‍ തള്ളിപ്പറയുന്ന പ്രവണതയും എക്കാലവുമുണ്ട്. പ്ലാസിബോ എഫക്ട്, കാര്‍പ്പന്റര്‍ എഫക്ട് എന്നിങ്ങനെയുള്ള മനഃശാസ്ത്രപരമായ വിശദീകരണങ്ങള്‍ നല്‍കി എല്ലാം മനസിന്റെ തോന്നലുകളും ഭ്രമങ്ങളുമാണ് എന്ന് സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു.

എന്നാല്‍, ഇത്തരത്തില്‍ സാത്താനെ പൂര്‍ണമായും നിരാകരിക്കുന്ന പ്രവണത അനാരോഗ്യകരവും അക്രൈസ്തവവുമാണ്. അതേസമയം, തന്റെ അസ്തിത്വത്തെ മറച്ചുവയ്ക്കാനുള്ള പ്രവണതയും പ്രവൃത്തികളും സാത്താനില്‍നിന്ന് തന്നെയുള്ളതാണ് എന്നതാണ് ദൈവശാസ്ത്രജ്ഞരുടെ പക്ഷം.
ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെട്ട ഒന്നല്ല ഓജോബോര്‍ഡ്, സ്പിരിച്വലിസം തുടങ്ങിയ ആശയങ്ങള്‍. അവയ്ക്ക് അടിസ്ഥാനമായുള്ള ആശയങ്ങള്‍ മതാതീതമാണ്. ഒട്ടേറെ അക്രമ പ്രവര്‍ത്തനങ്ങള്‍, കൊലപാതകങ്ങള്‍, കൂട്ട ആത്മഹത്യകള്‍ തുടങ്ങിയവയ്ക്ക് ഇതുപോലുള്ള കള്‍ട്ടുകള്‍ വഴിയൊരുക്കിയിട്ടുണ്ട്. അതിനാല്‍, ശരിയായ അവബോധം സമൂഹത്തിനും വിശ്വാസികള്‍ക്കും നല്‍കുകയും, കരുതലുകള്‍ സ്വീകരിക്കുകയും, ആരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുവാന്‍ മതബോധകരും മതനേതാക്കളും ശ്രദ്ധിക്കണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?