Follow Us On

27

July

2024

Saturday

കൃപയുടെ കൊയ്ത്തുകാലം

കൃപയുടെ  കൊയ്ത്തുകാലം

ബിഷപ് ഡോ. അലക്‌സ് വടക്കുംതല
(കണ്ണൂര്‍ രൂപതാധ്യക്ഷന്‍)

 

ശോ…. നോമ്പായി!… എന്തു കഷ്ടമായി! ഇറച്ചി തിന്നാന്‍ ഇനി ഏപ്രില്‍ ആദ്യവാരം വരെ കാത്തിരിക്കണോ? മീനും കഴിക്കാനാവില്ല?!… എന്തു ചെയ്യും ഹോ…!”
”ഇനി കാലത്തേ എണീക്കണല്ലോ! പള്ളീല്‍ പോയില്ലേല്‍ പൊല്ലാപ്പ്. വികാരിയച്ചന്‍ നോക്കൂല്ലേ.”
”വൈകുന്നേരം ക്ഷീണം മാറ്റാന്‍ എന്തുചെയ്യും? ഒരു സ്‌മോള്‍ വിട്ടില്ലെങ്കില്‍ എങ്ങനെ ഉറക്കം കിട്ടും? ക്ഷീണം പോകും! ശ്ശോ! നോമ്പായി. എന്തു കഷ്ടമായിപ്പോയി…!
ഇതുപോലാണോ നാം അമ്പതു നോമ്പിലേക്ക് പ്രവേശിക്കുന്നത്?

അല്ല, അനുഗ്രഹത്തിന്റെ നല്ല നാളുകള്‍ വരവായി. ദൈവകാരുണ്യം അനുഭവിക്കുന്ന നന്മകാലം വന്നുചേര്‍ന്നിരിക്കുന്നു. കൃപയുടെ കൊയ്ത്തുകാലം ഇതുതന്നെ. എല്ലാവരോടും അനുരഞ്ജനപ്പെടാനാകുന്ന ദിനങ്ങള്‍ കൈവന്നിരിക്കുന്നു. ഇനി ആരോടും പരിഭവമില്ല, പരാതിയില്ല. ക്ഷമയും സ്‌നേഹവും മാത്രം. ആശ്വാസത്തിന്റെ നല്ല കാലം- അതല്ലേ നോമ്പുകാലം? ആഴത്തിലുള്ള ആനന്ദത്തിന്റെ കൃപാകാലവും.

പുതുവസന്തം
നാം ബലഹീനരാണെന്ന് ഒന്നുകൂടി ഓര്‍മിപ്പിക്കുന്ന ദിനമാണ് വിഭൂതി. ”മനുഷ്യാ, നീ പൊടിയാകുന്നു” എന്ന ഉല്‍പത്തി വചനമല്ലേ നെറ്റിയില്‍ കുരിശുവരച്ച് അന്ന് നമ്മോട് പറയുന്നത്. അതോടൊപ്പം നിനക്കൊരു രക്ഷകനെ ആവശ്യമുണ്ട് എന്ന തിരിച്ചറിവുകൂടിയുണ്ട്. കുരിശാണ് രക്ഷ; കുരിശിലാണ് രക്ഷ എന്ന സ്മരണ ഉണര്‍ത്തുന്ന സമയം. കുരിശിന്റെ വഴിയിലൂടെ യഥാര്‍ത്ഥ വിജയത്തിന്റെ പാത കണ്ടെത്താനുള്ള കാലം. കൃപാവരത്തിന്റെ ഈ കാലയളവ് ഉപകാരമില്ലാതെ കടന്നുപോകരുത് എന്ന കരുതലോടെയുള്ള താക്കീത് തരുന്നത് ഫ്രാന്‍സിസ് പാപ്പയാണ്. മാനസാന്തരത്തിന്റെ പാതയിലൂടെ യാത്ര ചെയ്യാന്‍ ദൈവം നമ്മെ സഹായിക്കും എന്ന ഉറപ്പുകൂടി പാപ്പ തരുന്നു.

നോമ്പുകാലത്തിന്റെ ഇംഗ്ലീഷ് പദം ‘ലെന്റ്’ എന്നാണല്ലോ. ജര്‍മാനിക് മൂലപദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ‘വസന്തകാലം’ എന്നാണത്രേ. ക്രൈസ്തവ ജീവിതത്തിന്റെ വസന്തകാലംതന്നെയാണ് നോമ്പുകാലം. ദൈവാനുഗ്രഹത്തില്‍ പൂത്തുലയുന്ന വസന്തം. ചാരത്തില്‍ തുടങ്ങി അഗ്നിയില്‍ അവസാനിക്കുന്നു ഈ കാലഘട്ടം. ചാരം പൂശി ആരംഭിക്കുന്ന നോമ്പ്. ഈസ്റ്റര്‍ പാതിരാവില്‍ അഗ്നി ആശീര്‍വദിച്ച് ‘ക്രിസ്തുവിന്‍ പ്രകാശം’ എന്നാലപിച്ച് ആ വെളിച്ചം നമ്മുടെ സ്വന്തമാക്കുന്നു. ആ തീനാളവും തേജസും തീക്ഷ്ണതയും എന്നും ഹൃദയത്തിലുണ്ടാവണം മനസില്‍ നാളമായി കത്തിത്തെളിഞ്ഞ് നില്‍ക്കണം.

ബന്ധങ്ങളില്‍ ബലം
ബന്ധങ്ങളില്‍ ബലക്കുറവ് വന്നിട്ടുണ്ടെങ്കില്‍ കരുത്താര്‍ജിക്കാന്‍, വിള്ളല്‍ വീണിട്ടുണ്ടെങ്കില്‍ വിളക്കിച്ചേര്‍ക്കാനാണ് ഈ നോമ്പ്. മൂന്നു തലങ്ങളില്‍ കാര്യമായ നിരീക്ഷണവും ഗുണനിര്‍ണയവും ആവശ്യമുണ്ട്. യേശു തന്നെ ഈ പരിശോധനയ്ക്ക് സഹായിക്കുകയാണ് മത്തായിയുടെ സുവിശേഷം ആറാം അധ്യായത്തില്‍. ദൈവവുമായുള്ള ബന്ധമാണ് ആദ്യത്തേത്. നമ്മോടുതന്നെയുള്ള ബന്ധമാണ് രണ്ടാമത്തേത്. സമവായം കാത്തുസൂക്ഷിക്കേണ്ട ആത്മാര്‍ത്ഥതയാണ് അത്. അനുരഞ്ജനത്തിന്റെ ആവശ്യകത പ്രത്യക്ഷമാകുന്ന അവസരമാണിത്. ആദാമിനോട് ദൈവമായ കര്‍ത്താവ് പറഞ്ഞു: ”മണ്ണില്‍നിന്ന് എടുക്കപ്പെട്ട നീ മണ്ണിലേക്ക് ചേരുന്നതുവരെ, നിന്റെ നെറ്റിയിലെ വിശപ്പുകൊണ്ട് ഭക്ഷണം സമ്പാദിക്കും.

നീ പൊടിയാണ്, പൊടിയിലേക്ക് മടങ്ങുകയും ചെയ്യും” (ഉല്‍പത്തി 3:19). നമ്മോടുള്ള ആത്മാര്‍ത്ഥത ഇല്ലാതാകുമ്പോള്‍ നഷ്ടമാകും ജീവിതത്തിലെ എല്ലാ പറുദീസാ സൗഭാഗ്യങ്ങളും. തോമസ് ആകെംമ്പീസിന്റെ ‘ക്രിസ്താനുകരണം’ ഓര്‍മിപ്പിക്കുന്നത് ഇതാണ്: ”ഈ ലോകത്തിന്റെ പ്രതാപങ്ങള്‍ കടന്നുപോകുന്നവയാണ്.” വി.തോമസ് മൂറിന്റെ പ്രസ്താവം ഇതോടൊപ്പം ചേര്‍ത്തുവായിക്കണം: സുന്ദരമായിരിക്കുന്നതെല്ലാം ഉണങ്ങിപ്പോകും. ശാശ്വതമായ സൗന്ദര്യം ദൈവം മാത്രമാണ് എന്നു സാരം.

കുത്തഴിഞ്ഞ ജീവിതത്തിന്റെ കറുത്ത പാതകളിലൂടെ അലഞ്ഞ്, പാപത്തിന്റെ മായാമോഹങ്ങളില്‍ വ്യാപരിച്ച്, എന്നാല്‍ യഥാര്‍ത്ഥ പ്രകാശവും ആശ്വാസവും ആഴത്തില്‍ രുചിച്ചറിഞ്ഞ മനുഷ്യനാണ് വിശുദ്ധ അഗസ്റ്റിന്‍. ജീവിതത്തിന്റെ അര്‍ദ്ധരാത്രിയില്‍ യഥാര്‍ത്ഥ വെളിച്ചം കണ്ടെത്തിയപ്പോള്‍ ‘കുമ്പസാരം’ എന്ന ആത്മകഥാകൃതിയില്‍ അദ്ദേഹം കുറിച്ചു: ”ചിരപുരാതനവും നിത്യനൂതനവുമായ സൗന്ദര്യമേ, നിന്നെ ഞാന്‍ അറിയാനും സ്‌നേഹിക്കാനും എത്രയോ വൈകി!”
അഗസ്റ്റിന്റെ മാനസാന്തരത്തിന്റെ നാളുകള്‍ സാവധാനം വന്നെത്തി. വിശുദ്ധ അത്തനേഷ്യസ് എഴുതിയ മരുഭൂമിയിലെ വിശുദ്ധ അന്തോണീസിന്റെ ജീവചരിത്രം വായിച്ചപ്പോള്‍ സ്വര്‍ഗത്തെപ്പറ്റിയുള്ള ദാഹം അഗസ്റ്റിന്റെ ഉള്ളിലുണ്ടായി.

മിലാന്‍ പട്ടണത്തിലെ ഒരു പൂന്തോട്ടത്തിലിരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍, ഒരു സ്വരം ശ്രവിച്ചു. എടുത്തു വായിക്കുക! തദനുസാരം അദ്ദേഹം വിശുദ്ധ ഗ്രന്ഥം കൈയിലെടുത്തു. പൗലോസ് അപ്പോസ്തലന്‍ റോമാക്കാര്‍ക്ക് എഴുതിയ ലേഖനം 13:13-14 വായിച്ചു. ”ആകയാല്‍, നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം. പകലിനു യോജിച്ചവിധം നമുക്ക് പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിത വേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍, ദുര്‍മോഹങ്ങളിലേക്ക് നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍.”

അങ്ങനെ 388-ാം ആണ്ടിലെ ഈസ്റ്റര്‍ രാവില്‍, മിലാനിലെ മെത്രാനായിരുന്ന അംബ്രോസില്‍നിന്നും അഗസ്റ്റിന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. ഉത്ഥിതനായ നീതിസൂര്യന്‍ ഇരുളിന്റെ രാവുകളില്‍നിന്ന് പുതിയ പ്രഭാതത്തിലേക്ക് അഗസ്റ്റിനെ കൂട്ടിക്കൊണ്ടുവന്നു. അഗസ്റ്റിന്‍ 36-ാം വയസില്‍ വൈദികനായി. 396-ാം ആണ്ടില്‍ ഹിപ്പോയിലെ മെത്രാനായി. 103 പുസ്തകങ്ങള്‍ എഴുതി. അഗസ്റ്റിനെപ്പോലെ പുതുസൃഷ്ടിയാകാനാണ് ഈ നോമ്പുകാലം. മറ്റുള്ളവരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതാണ് ദാനധര്‍മം എന്ന മൂന്നാമത്തെ ആചരണം. തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ കൊടുക്കുമ്പോഴാണ്, സ്‌നേഹിക്കുമ്പോഴാണ് നമ്മുടെ ബന്ധങ്ങള്‍ ശക്തമാകുക. അഗതികളെയും ആശയറ്റവരെയും വാരിക്കോരിയെടുത്ത് സ്‌നേഹിച്ച മദര്‍ തെരേസയാണ് പറഞ്ഞത് -Give, but give until it hurts! അകക്കാമ്പില്‍ നൊമ്പരപ്പെടുന്നതുവരെ എല്ലാം കൊടുക്കുന്ന അമ്മ.

അതിരുകളില്ലാത്ത ആനന്ദം
നിങ്ങള്‍ എപ്പോഴും സന്തോഷിക്കുവിന്‍ (ഫിലി. 4:4) എന്ന് പൗലോസ് അപ്പോസ്തലന്‍ എഴുതിയത് തടവറയില്‍ കഴിയുമ്പോഴാണ്. 17 പ്രാവശ്യം സന്തോഷം എന്ന പദം അഞ്ച് അധ്യായമുള്ള ഈ കൊച്ചുലേഖനത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. ‘സുവിശേഷത്തിന്റെ സന്തോഷം’ എന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനത്തിന്റെ പ്രാരംഭവാക്യം ശ്രദ്ധിക്കണം. ”യേശുക്രിസ്തുവിനെ കണ്ടുമുട്ടുന്നവരുടെ ഹൃദയങ്ങളിലും ജീവിതത്തിലും സുവിശേഷത്തിന്റെ സന്തോഷംകൊണ്ട് നിറയുന്നു. അവിടുത്തെ രക്ഷ സ്വീകരിക്കുന്നവര്‍ പാപം, ദുഃഖം, ആന്തരിക ശൂന്യത, ഏകാന്തത എന്നിവയില്‍നിന്ന് സ്വതന്ത്രരാക്കപ്പെടുന്നു.” ക്രിസ്തുവിനെ കണ്ടുമുട്ടിയതോടെ പൗലോസ് സ്വന്തമാക്കിയ മൂന്ന് കാര്യങ്ങള്‍ പ്രകടമാണ്. ഒന്ന്, ജീവിതത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട്. ”എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്” (ഫിലി. 1:21) എന്നു പറയാനാവുന്നത് അതുകൊണ്ടാണ്. രണ്ട്, എന്തും നേരിടാനുള്ള കരുത്ത്. മൂന്ന്, ഏതു സാഹചര്യത്തിലും സംതൃപ്തി (ഫിലി. 4:11).

കര്‍ത്താവില്‍ എപ്പോഴും നമുക്ക് സന്തോഷിക്കാനാവാത്തതിന്റെ സൂചനകള്‍ ഫ്രാന്‍സിസ് പാപ്പ ‘സുവിശേഷത്തിന്റെ സന്തോഷം’ വഴി വ്യക്തമാക്കുന്നുണ്ട്. ഒന്ന്, നിസംഗതയുടെ ആഗോളവത്ക്കരണം. തൊട്ടടുത്തുള്ളവര്‍ക്ക് എന്തു സംഭവിച്ചാലും അതൊന്നും നമ്മെ ബാധിക്കാത്ത ഒരു ദുരവസ്ഥ നമ്മിലുണ്ടാകുന്നുണ്ടോ? രണ്ട്, പുതിയ വിഗ്രഹങ്ങളുടെ ആരാധന. സ്വര്‍ണംകൊണ്ടുള്ള കാളക്കുട്ടിയെ ഇസ്രായേല്‍ജനം ആരാധിച്ചപോലെ (പുറ. 32:1-5), ധനം, സ്വാര്‍ത്ഥത, സ്ഥാനമാനം തുടങ്ങിയ വിഗ്രഹങ്ങളുടെ പിന്നാലെ പോകുമ്പോള്‍ എങ്ങനെ സന്തോഷം അനുഭവിക്കാനാകും?!

മൂന്ന് കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കാം. ആദ്യമായി നമുക്ക് കുമ്പസാരിക്കാം, ദൈവത്തോടും അയല്‍ക്കാരോടും നമ്മോടുതന്നെയും അനുരഞ്ജനപ്പെടാം. രണ്ട്, നമ്മുടെ കുമ്പ കുറയ്ക്കാം. ഭക്ഷണപാനീയങ്ങളില്‍ ക്രമീകരണം കൊണ്ടുവന്ന് മത്സ്യമാംസാദികള്‍ ഒഴിവാക്കി, കുമ്പയും കുടവയറും കുറച്ച് ശാരീരിക ആരോഗ്യവും ശരിയാക്കാം. മൂന്ന്, നമുക്ക് കുമ്പിടാം, കൂടുതല്‍ പ്രാര്‍ത്ഥിക്കാനായി കുമ്പിടാം. അഹങ്കാരം വെടിഞ്ഞ് എളിമപ്പെട്ട് കുമ്പിടാം. ഇനി നമുക്ക് തുടങ്ങാം, പുതുജീവിതത്തിലേക്കുള്ള തീര്‍ത്ഥാടനം. ഹായ് നോമ്പായി! അതേ, കൃപയുടെ കൊയ്ത്തുകാലമായി!

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?