കൊള്ളരുതാത്ത സകല ആശകളില്‍നിന്നും ക്രമരഹിതമായ സ്‌നേഹങ്ങളില്‍നിന്നും അങ്ങെന്നെ മോചിപ്പിക്കുക. അങ്ങനെ ഞാന്‍ അങ്ങയോടൊത്ത് മഹാഹൃദയ സ്വാതന്ത്ര്യത്തോടെ വ്യാപാരിച്ചുകൊള്ളും (ക്രിസ്ത്വാനുകരണം).
അടിമത്വത്തിന്റെ നുകം വലിച്ചു വലിച്ചു നമ്മളുടെ മുഖം ഇന്ന് നല്ലതുപോലെ വികൃതമായിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ കഥകളും കവിതകളുമാണ് എല്ലാവരും എഴുതുകയും പാടുകയുമൊക്കെ ചെയ്യുന്നതെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടെന്ന് നമ്മുടെയൊക്കെ അടക്കിപ്പിടിച്ച വിലാപമാണ്.
അടിമത്വത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാനാണ് നമ്മള്‍ ആഗ്രഹിക്കു ന്നതെങ്കില്‍ സമയം വൈകാതെ ക്രൂശിതനിലേക്ക് യാത്ര ചെയ്യാനാണ് യോഹന്നാന്‍ ശ്ലീഹ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. വചനം പറയുന്നതിപ്രകാരമാണ്:
അതുകൊണ്ട് പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാകും (യോഹ 8:36).
ക്രിസ്തുവിന് നല്‍കാനാവാത്ത ഒരു സ്വാതന്ത്രവും ഈ ലോകത്തിലില്ല. അവനല്ലാതെ ആര്‍ക്കും ഒരു സ്വാതന്ത്രവും നല്കാനും ആവില്ല. അവനെ മോചന ദ്രവ്യമെന്നാണ് വേദം Point Out ചെയ്തിരിക്കുന്നത് തന്നെ. അവന്‍ ചോരയും നീരും കാല്‍വരിയില്‍ ചിന്തിയത് നമുക്ക് സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ ആകാശവും ആനന്ദവും കൈമാറാന്‍ തന്നെയായിരുന്നു.
ഓര്‍മ്മ വരുന്നത് ഇഷ്ട കവിയായ ജിബ്രാനെയാണ്. സ്വാതന്ത്ര്യത്തിന്റെ അക്ഷര സാക്ഷ്യങ്ങള്‍ തന്നെയാണ് അയാളുടെ ഓരോ രചനകളും. പ്രവാചകനും, ഒടിഞ്ഞ ചിറകുകളുമെല്ലാം സ്വാതന്ത്രത്തിന്റെ പുത്തന്‍ ഭാവങ്ങളാണ് അനുവാചകര്‍ക്കു പകര്‍ന്നേകുന്നത്. ഈ വരികളിലേക്കുള്ള കിളിവാതില്‍ ക്രിസ്തുവും കുരിശുമായിരുന്നു എന്ന് ജിബ്രാന്‍ ഏറ്റുപറയു ന്നുണ്ട്. ക്രിസ്തുവിനെ കണ്ടു മുട്ടിയില്ലെങ്കില്‍ ഞാന്‍ ഒരു അടിമയായി മാറുമായിരുന്നു എന്നാണ് അദ്ദേഹം കുമ്പസാരിക്കുന്നത്.
ക്രൂശിതനെ നോക്കി ജീവിക്കുമ്പോള്‍ നമ്മില്‍ അടിമത്വ ചങ്ങല പൊട്ടിവീഴുന്നതിന്റെ സ്വരം നമ്മള്‍ കേള്‍ക്കുക തന്നെ ചെയ്യും ഈ നോമ്പിന്റെ പുലരികളില്‍.
ഖലില്‍ ജിബ്രാന്‍ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തിയിരിക്കുന്നത് ഈ നോമ്പില്‍ നമ്മെ പ്രകാശിപ്പിക്കട്ടെ:
സ്വാതന്ത്ര്യമില്ലാത്ത ജീവിതം ആത്മാവില്ലാത്ത ശരീരം പോലെയാണ്, ചിന്തയില്ലാത്ത സ്വാതന്ത്ര്യം ആശയക്കുഴപ്പത്തിലായ ഒരു ആത്മാവ് പോലെയാണ്. ജീവിതം, സ്വാതന്ത്ര്യം, ചിന്ത എന്നിവ Three in One ആണ്, അവ ശാശ്വതമാണ്, ഒരിക്കലും കടന്നുപോകില്ല.
Leave a Comment
Your email address will not be published. Required fields are marked with *