Follow Us On

24

November

2024

Sunday

പീഡാനുഭവങ്ങളില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ ആര്‍ച്ചുബിഷപ്‌

പീഡാനുഭവങ്ങളില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ  ആര്‍ച്ചുബിഷപ്‌

ഡമാസ്‌കസ്: ഈ വര്‍ഷത്തെ പീഡാനുഭവ വാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ ആര്‍ച്ച്ബിഷപ് ജാക്വസ് മൗറാദിന്റെ മനസില്‍ താന്‍ അനുഭവിച്ച പീഡനങ്ങളുടെ ഓര്‍മകളും കടന്നുവരാതിരിക്കില്ല. ഒപ്പം ഗുരുവും സഹപ്രവര്‍ത്തകനുമായിരുന്ന ഫാ. പാവോലോ ഡാള്‍ ഒഗ്ലിയോ എസ്‌ജെക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും. 2013-ല്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ അദ്ദേഹത്തെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. ഫാ. ജാക്വസ് മൗറാദിനെ ഇക്കഴിഞ്ഞ ജനുവരിയിലാണ് നേരിട്ട് സിറിയയിലെ ഹോംസ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചത്. ആര്‍ച്ചുബിഷപ് ജാക്വസ് മൗറാദ് അഞ്ച് മാസം ഐഎസിന്റെ തടവില്‍ കഴിഞ്ഞിരുന്നു (അന്ന് അദ്ദേഹം വൈദികനായിരുന്നു). കടുത്ത പീഡനങ്ങളായിരുന്നു അവിടെ അദ്ദേഹത്തെ കാത്തിരുന്നത്. മരണത്തെ മുഖാമുഖം കണ്ട സന്ദര്‍ഭങ്ങള്‍ നിരവധി.

ഫാ. ജാക്വസ് മൗറാദിനെ 2015 മെയ് 21-നാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഭീകര സംഘടന തടവുകാരനാക്കിയത്. ക്വാററ്റയിനിലെ മാര്‍ ഏലിയന്‍ ആശ്രമാധിപനായിരുന്നു അപ്പോള്‍ ആ വൈദികന്‍. തടവുകാലത്ത് ഒരു ഐഎസ് ഭീകരന്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ കത്തി വച്ചശേഷം പത്തുവരെ എണ്ണാന്‍ തുടങ്ങി. അതിനുള്ളില്‍ ഇസ്ലാം മതം സ്വീകരിക്കുമെന്ന് സമ്മതിച്ചില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. ‘കര്‍ത്താവേ, എന്റേമേല്‍ കരുണയായിരിക്കണമേ’ എന്ന് ഫാ. ജാക്വസ് ഹൃദയംപൊട്ടി വിളിച്ചു. അതുകേട്ടതും അയാള്‍ കത്തി നിലത്തിട്ട് പുറത്തേക്ക് ഓടി. തന്റെ നിലവിളി ദൈവം കേട്ടതാണെന്ന് ഫാ. ജാക്വസിന് ഉറപ്പുണ്ടായിരുന്നു.

മറ്റൊരവസരത്തില്‍ ഭീകരര്‍ അദ്ദേഹത്തെ തുടര്‍ച്ചയായി മര്‍ദ്ദിച്ചു. ഈ സമയമൊക്കെയും യേശുവിനെ ചാട്ടവാറുകൊണ്ടടിക്കുന്ന രംഗം ഫാ. ജാക്വസ് ഒരു ദര്‍ശനത്തിലെന്നപോലെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഫാ. ജാക്വസിനെ ഭീകരര്‍ മോചിപ്പിച്ചത്. ഒരു മുസ്ലീം സുഹൃത്തിന്റെ സഹായത്തോടെയാണ് ഫാ. ജാക്വസ് ക്വാററ്റയിനില്‍ നിന്ന് പുറത്തുകടന്നത്. കഴിഞ്ഞ മാര്‍ച്ച് മൂന്നിനായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്. ഹോംസ് കത്തീഡ്രലില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ തന്റെ ഗുരുവും അല്‍-കലീല്‍ കൂട്ടായ്മയുടെ (ദൈവത്തിന്റെ സുഹൃത്ത് എന്നര്‍ത്ഥം) സ്ഥാപകനുമായ ഫാ. പാവോലോ ഡാള്‍ ഒഗ്ലിയോയ്ക്കാണ് ഏറ്റവുമധികം നന്ദി പ്രകാശിപ്പിച്ചത്. 1991-ല്‍ ഫാ.പാവോലോ ഡാള്‍ ഒഗ്ലിയോ എസ്‌ജെയും ഫാ.ജാക്വസ് മൗറാദും ചേര്‍ന്നാണ് അല്‍-കലീല്‍ കൂട്ടായ്മ ആരംഭിച്ചത്.

ഈ സന്യാസ കൂട്ടായ്മയുടെ പ്രധാന പ്രവര്‍ത്തനത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഏവരും അതിശയിക്കും. ക്രൈസ്തവ-മുസ്ലീം സംവാദവും സാഹോദര്യവും സാധ്യമാക്കുക എന്നതാണ് പ്രധാന പ്രവര്‍ത്തന ലക്ഷ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. സിറിയയിലെ ആലപ്പോയില്‍ ജനിച്ച ഫാ. മൗറാദ് 1993 ഓഗസ്റ്റ് 28-ന് പൗരോഹിത്യം സ്വീകരിച്ചു. 2000-ലാണ് മാര്‍ ഏലിയന്‍ ആശ്രമത്തിലേക്ക് നിയോഗി ക്കപ്പെട്ടത്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടശേഷം ഇറ്റലിയി ലും ഇറാക്കിലെ അഭയാര്‍ത്ഥികളുടെ ഇടയിലും പ്രവര്‍ത്തിച്ചശേഷമാണ് 2020-ല്‍ സിറിയയില്‍ മടങ്ങിയെത്തിയത്. ആഭ്യന്തരയുദ്ധവും ഭീകരാക്രമണ വും, ഒടുവിലായി ഭൂകമ്പവും തകര്‍ത്ത് തരിപ്പണമാക്കിയ സിറിയയിലെ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് ആര്‍ച്ചുബിഷപ് ജാക്വസ് മൗറാദിനെ കാണുന്നത്.

തന്നെ ക്രൂരമായി പീഡിപ്പിച്ച ഭീകരരോട് ആര്‍ച്ചുബിഷപ് മൗറാദിന് അല്പംപോലും വിരോധമില്ല. മറിച്ച്, അവരുടെ മാനസാന്തരത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളിലാണ് ഈ ഈസ്റ്റര്‍ കാലത്ത് അദ്ദേഹം. ഭീകരരുടെ തടവറയില്‍ കഴിഞ്ഞതിലൂടെ ക്രിസ്തുവിന്റെ പീഡസഹനങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്ന ആര്‍ച്ചുബിഷപ് മൗറാദ് അതു ദൈവനിയോഗമായാണ് കാണുന്നത്. ഉത്ഥിതനായ ക്രി സ്തു, പീഡനങ്ങളില്‍നിന്നും തന്നെ ഉയിര്‍പ്പിച്ചതുപോലെ വേദനയിലൂടെ കടന്നുപോകുന്ന അനേകരെ ഉത്ഥാനത്തിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ദൈവനിയോഗം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?