മാത്യു സൈമണ്‍
നിരീശ്വരവാദികള്‍ എപ്പോഴും ജാഗ്രതയോടെയിരിക്കണം എന്നതിന് തെളിവാണ് അലിസ്റ്റര്‍ മഗ്രാത്തിന്റെ ജീവിതം. 1950കളില്‍ വടക്കന്‍ അയര്‍ലണ്ടിലെ ക്രൈസ്തവ കുടുംബത്തിലായിരുന്നു അലിസ്റ്ററിന്റെ ജീവിതം. കൗമാര മധ്യത്തില്‍ മാര്‍ക്‌സിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട മഗ്രാത്ത് 1971 ഒക്‌ടോബറില്‍ രസതന്ത്ര പഠനത്തിന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെത്തി. ശാസ്ത്രപഠനത്തിലൂടെ ദൈവനിഷേധത്തിന്റെ വേരുകള്‍ ദൃഢമാക്കുക എന്നതായിരുന്നു മഗ്രാത്തിന്റെ ലക്ഷ്യം. ഓക്‌സ്‌ഫോര്‍ഡിന്റ വിശാലതയില്‍ അവന്‍ ഒട്ടനവധി ഗ്രന്ഥങ്ങള്‍ വായിച്ചുകൂട്ടി. അവയില്‍ ചില ക്ലാസിക് കൃതികളും ഉള്‍പ്പെട്ടിരുന്നു. അങ്ങനെ പ്ലേറ്റോയുടെ ‘റിപ്പബ്ലിക്’ എന്ന ഗ്രന്ഥത്തിലെത്തിപ്പെട്ടു. അതില്‍ സങ്കല്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന ഗുഹയും അതില്‍ കുടുങ്ങിയ മനുഷ്യരും അലിസ്റ്ററിന്റെ ഉള്ളില്‍ പതിഞ്ഞു.
ഗുഹക്കുള്ളിലെ നിഴലുകളുടെ ഒരു ലോകം മാത്രം ആ മനുഷ്യര്‍ അറിയുന്നു. മറ്റൊരു ലോകത്തെക്കുറിച്ച് അറിവോ അനുഭവമോ ഇല്ലാത്തതിനാല്‍, നിഴലുകള്‍ മാത്രമാണ് യാഥാര്‍ത്ഥ്യം എന്ന് അവര്‍ അനുമാനിക്കുന്നു. എങ്കിലും വായനക്കാരന് അറിയാം, ഗുഹയ്ക്കപ്പുറം മറ്റൊരു ലോകമുണ്ടെന്ന്, അത് കണ്ടെത്തിയിട്ടില്ലെന്നു മാത്രം. ഈ ഭാഗം വായിച്ചപ്പോള്‍, അവന്റെ ഉള്ളിലെ കടുത്ത യുക്തിവാദി നിരാശയോടെ ഊറിച്ചിരിച്ചു. കാരണം, നാം കാണുന്നതെന്തോ അതാണ് യാഥാര്‍ത്ഥ്യം, അതിന് അപ്പുറത്തേക്ക് ഒന്നുമില്ലെന്ന ചിന്ത അവനില്‍ രൂഢമൂലമായിരുന്നു. എന്നിട്ടും ഉള്ളില്‍ ഒരു ചെറിയ സംശയത്തിന്റെ ശബ്ദം. ഈ ലോകം കഥയുടെ ഒരു ഭാഗം മാത്രമാണെങ്കിലോ? നാം കാണുന്നത് ഒരു നിഴല്‍ഭൂമി മാത്രമായാലോ? അതിനപ്പുറം അതിശയകരമായ എന്തെങ്കിലും ഉണ്ടെങ്കില്‍? ആ ചിന്ത അലിസ്റ്ററിലെ അന്വേഷണാത്മകതയെ ഉണര്‍ത്തി. വീണ്ടും വായനകളിലേക്കും വ്യത്യസ്ത വിശ്വാസങ്ങളില്‍പ്പെട്ടവരുമായുള്ള സംവാദങ്ങളിലേക്കും അത് അവനെ നയിച്ചു.
എന്നാല്‍, ശാസ്ത്രംമാത്രം സത്യം എന്നു വാദിച്ചുനടന്ന മാര്‍ക്‌സിയന്‍ നിരീശ്വവാദിയായ അലിസ്റ്റര്‍, ക്രൈസ്തവരുമായുള്ള സംവാദങ്ങളില്‍ പലപ്പോഴും ഉത്തരംമുട്ടിനിന്നു… ക്രിസ്തുവിശ്വാസികളുടെ വാദങ്ങള്‍ അലിസ്റ്ററിന്റെ നിലപാടിനെ അടിക്കടി ദുര്‍ബലപ്പെടുത്തിത്തുടങ്ങി. ”ക്രിസ്റ്റ്യാനിറ്റിയെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും ഗവേഷണങ്ങള്‍ നടത്താനും സംവാദങ്ങള്‍ എന്നെ പ്രേരിപ്പിച്ചു. ക്രൈസ്തവികതയെക്കുറിച്ച് ഞാന്‍ അതുവരെ ചിന്തിച്ചിരുന്നതെല്ലാം വെറും തെറ്റിദ്ധാരണകള്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയെങ്കില്‍ സത്യം കണ്ടെത്തണമല്ലോ. ക്രിസ്തീയത എന്നത് യഥാര്‍ത്ഥത്തില്‍ ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധമാണെന്നത് എനിക്ക് അത്ഭുകരമായ അറിവായിരുന്നു. മാത്രമല്ല, ക്രൈസ്തവികത എന്നത് കേവലം ചില ബോധ്യങ്ങള്‍ മാത്രമല്ല, മറിച്ച് ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ മാത്രം ശക്തമായ ജീവശക്തിയാണ് എന്ന് എനിക്ക് വ്യക്തമായി.” അദ്ദേഹം പറയുന്നു.
പുനരുത്ഥാനം പച്ചക്കള്ളമല്ലേ…?
ഇത്രയൊക്കെയാണെങ്കിലും ഒരു നിരീശ്വരവാദിയായ താന്‍ ഇവയൊക്കെ എങ്ങനെ വിശ്വസിക്കും… ? മരിച്ച ഒരാള്‍ ഉയിര്‍ത്തെഴുന്നേറ്റുവെന്നാണ് ക്രിസ്തുമതത്തിന്റെ പഠനവും വിശ്വാസവും. ക്രിസ്തു മരിച്ചു. എന്നാല്‍ ഉയിര്‍ത്തിട്ടില്ലെങ്കില്‍ ആ മതത്തിനുതന്നെ പ്രസക്തിയോ നിലനില്‌പോ ഇല്ല. ചരിത്രപരമായ വസ്തുതകളെക്കുറിച്ചായിരുന്നു ആ ചോദ്യങ്ങള്‍… യേശു യഥാര്‍ത്ഥത്തില്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റോ? അതു വെറും പച്ചക്കള്ളമല്ലേ? അല്ലെങ്കില്‍ അതിനു എന്തു തെളിവു നിരത്താന്‍ അവര്‍ക്കു കഴിയും?
ക്രിസ്തുവിന്റെ പുനരുത്ഥാനം സംഭവിച്ചിട്ടില്ലെങ്കില്‍, പുതിയ നിയമം വിശ്വസിക്കാന്‍ കഴിയില്ല. സംഭവിച്ചിട്ടുണ്ടെങ്കില്‍ പുതിയ നിയമം വിശ്വസിച്ചേ പറ്റൂ… അവന്‍ ചിന്തിച്ചു. വജ്രം വെളിച്ചത്തിലേക്ക് ഉയര്‍ത്തിപ്പിടിച്ച ഒരാളെപ്പോലെയായിരുന്നു മഗ്രാത്ത്. അതിന് പല വശങ്ങള്‍ ഉണ്ടെന്നും അവയോരോന്നും വെളിച്ചത്തില്‍ മിന്നിത്തിളങ്ങുന്നു എന്നും ഓരോ വശത്തിനും അതിന്റേതായ സൗന്ദര്യവും പ്രസക്തിയും ഉണ്ടെന്നും മനസിലായി. അതിനാല്‍ എല്ലാ വശങ്ങളെക്കുറിച്ചും അന്വേഷിച്ചറിയേണ്ടിയിരിക്കുന്നു.
1980-കളുടെ ആരംഭത്തില്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലുള്ള രോഗികളുടെയും ക്ലേശിതരുടെയും മരണാസന്നരായിട്ടുള്ളവരുടെയും ഇടയില്‍ പ്രവര്‍ത്തിക്കാന്‍ അലിസ്റ്ററിന് അവസരം ലഭിച്ചു. തികച്ചും നിരാശപൂര്‍ണമായ വാക്കുകളും പ്രതികരണങ്ങളുമാണ് അവരില്‍ നിന്നും അദേഹം പ്രതീക്ഷിച്ചത്. കാരണം അവര്‍ക്ക് പ്രതീക്ഷിക്കാന്‍ ഒന്നുമില്ലായിരുന്നു. അവരില്‍ ഏറെപ്പേരും ജീവിതത്തിന്റെ അവസാനഘട്ടത്തിലെത്തിയവരുമായിരുന്നു. എന്നാല്‍ അലിസ്റ്ററിനെ അവര്‍ ശരിക്കും ഞെട്ടിച്ചുകളഞ്ഞു.
ക്രിസ്തുവും അവിടുത്തെ പുനരുത്ഥാനവും ആ പാവപ്പെട്ട മനുഷ്യരെ പ്രത്യാശാഭരിതരാക്കുന്നു. അവര്‍ ശാരീരികമായി അവശരെങ്കിലും ചിന്തകളിലും ഹൃദയത്തിലും ഉപരി വാക്കുകളിലും വലിയ പ്രത്യാശനിറഞ്ഞവരായിരുന്നു. അവരുടെ ജീവിത വീക്ഷണം അലിസറ്ററിനെ ഇരുത്തി ചിന്തിപ്പിച്ചു. തങ്ങളുടെ ദുര്‍ബലമായ ശരീരത്തില്‍പ്പോലും ആ അശരണര്‍ക്ക് വലിയ പ്രതീക്ഷയാണ്. ക്രിസ്തുവിനെപ്പോലെ മഹത്വമുള്ളവരായി അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നവര്‍ ഉറച്ചുവിശ്വസിക്കുന്നു. ആ വിശ്വാസവും പ്രത്യാശയും ക്രിസ്തുവിനോടൊപ്പമുള്ള പുതിയ ജീവിതത്തെ സ്വപ്‌നംകാണാന്‍, ആകാംഷയോടെ കാത്തിരിക്കാന്‍ അവരെ ബലപ്പെടുത്തുന്നു. ഈ ക്രിസ്തു ചില്ലറക്കാരനല്ല, അവനും അവന്റെ ഉത്ഥാനവും അനുദിന ജീവിതരീതികളെത്തന്നെ മാറ്റിമറിക്കാന്‍ ശക്തമാണെന്ന് ആ നീരീശ്വരവാദിക്ക് സമ്മതിച്ചുകൊടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
കണ്‍മുമ്പില്‍ തെളിഞ്ഞ ശക്തമായ തെളിവുകള്‍
പുനരുത്ഥാനം വിശ്വാസികളെ പ്രത്യാശയുള്ളവരാക്കുന്നുവെന്ന് ആ ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ പഠിപ്പിച്ചു. ജീവിതത്തിലെ സങ്കടങ്ങളും അവ്യക്തതയും വേദനയും നേരിടാന്‍ അത് അവരെ സഹായിച്ചു. അവര്‍ വലിയ പുസ്തകങ്ങളൊന്നും വായിച്ചിരുന്നില്ല. എന്നാല്‍ അവര്‍ വിശുദ്ധ ബൈബിളിലെ പുതിയ നിയമത്തില്‍ മുഴുകുകയും പ്രത്യാശയുടെ അടിസ്ഥാന സന്ദേശം ഉള്‍ക്കൊള്ളുകയും ചെയ്തു. മരണത്തിന്റെ നിഴല്‍ വീണ താഴ്‌വരയിലൂടെ നടന്നെങ്കിലും ദൈവം തങ്ങളോടൊപ്പം ഉണ്ടെന്ന് അവര്‍ക്കറിയാമായിരുന്നു. അങ്ങനെ ദൈവം തങ്ങളുടെ അരികിലുണ്ടെന്നറിഞ്ഞുകൊണ്ട് അവര്‍ ഈ ലോകത്തിന്റെ മരുഭൂമിയിലൂടെ നടന്നുകൊണ്ടിരുന്നു. ക്രിസ്തുവില്‍ ആശ്രയിക്കുന്ന എല്ലാവരും ഒടുവില്‍ അവനോടൊപ്പം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും പുതിയ ജെറുസലേമില്‍ അവനോടൊപ്പം ആയിരിക്കുമെന്നുമുള്ള അവരുടെ പ്രത്യാശയുടെ ഉറച്ച അടിത്തറയാണ് ക്രിസ്തുവിന്റെ പുനരുത്ഥാനമെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
ക്രിസ്തുവിനോടുകൂടെ സഹിക്കുന്നവര്‍ അവനോടുകൂടെ മഹത്വീകരിക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ട് അവര്‍ അഭിമാനത്തോടും ശാന്തതയോടെയും കഷ്ടപ്പാടുകളെ സ്വീകരിച്ചു. അലിസ്റ്റര്‍ എന്ന ദൈവവിരോധി ക്രിസ്തുവിശ്വാസം കണ്ടെത്തുന്നതിനും ആവേശത്തോടെ ആലിംഗനം ചെയ്യുന്നതിനും ഒരു നിര്‍ണായക നിമിഷം ഉണ്ടായിരുന്നില്ല. എന്നാല്‍ നിരീശ്വരവാദിയായി ഓക്‌സ്‌ഫോര്‍ഡില്‍ എത്തിയ അദ്ദേഹം ഒരു ക്രിസ്ത്യാനിയായിട്ടാണ് ക്രിസ്മസിന് വീട്ടിലേക്ക് പോയത് എന്താണ് അദേഹത്തിന്റെ ജീവിതത്തിലെ ട്വിസ്റ്റ്. പിന്നീട്, രസതന്ത്രത്തില്‍ ബിരുദവും മോളിക്യുലാര്‍ ബയോഫിസിക്‌സില്‍ ഡോക്ടറേറ്റും നേടിയ അദ്ദേഹം ദൈവശാസ്ത്രം പഠിച്ച് സുവിശേഷശുശ്രൂഷകനായിത്തീരുകയായിരുന്നു.
നിരീശ്വരവാദി കണ്ട പാലം
ക്രിസ്തുവിന്റെ പുനരുത്ഥാനം രണ്ട് ലോകങ്ങള്‍ക്കിടയില്‍ ഒരു പാലം സൃഷ്ടിക്കുന്നു. നാം നിലനില്‍ക്കുന്ന ദൈനംദിന ലോകവും ക്രിസ്തീയ പ്രത്യാശയുടെ മെച്ചപ്പെട്ടതും തിളക്കമാര്‍ന്നതുമായ ഒരു ലോകവും. ക്രിസ്തുവിന്റെ പുനരുത്ഥാനത്തില്‍ പങ്കുചേരുക എന്നതിനര്‍ത്ഥം നാം ഒരു ദിവസം പുതിയ ജറുസലേമില്‍ വസിക്കുമെന്ന പ്രതീക്ഷയില്‍ പങ്കുചേരുകയും അതിന്റെ ആരാധനയില്‍ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുക എന്നതാണ്. സ്വര്‍ഗത്തിലേക്കുള്ള നമ്മുടെ പ്രവേശനം ഭാവിയിലാണെങ്കിലും, നമുക്ക് ഇപ്പോള്‍ അത് മുന്‍കൂട്ടിക്കാണാം. ഭൂമിയിലെ ആരാധന സ്വര്‍ഗീയ ആരാധനയുടെ ഒരു മുന്നാസ്വാദനമാണ്.
ദൈവകൃപയാല്‍, ഇപ്പോള്‍ നമ്മള്‍ ആസ്വദിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ കാര്യങ്ങള്‍ വരാനിരിക്കുന്ന മഹത്തായ ഒന്നിന്റെ അടയാളങ്ങളും ഉറപ്പുമാണ്.
ദൈവത്തെ ആസ്വദിക്കാന്‍ പൂര്‍ണമായി സ്വര്‍ഗത്തില്‍ പോകുക എന്നത് ഇവിടുത്തെ ഏറ്റവും സുഖകരമായ താമസ സൗകര്യങ്ങളേക്കാള്‍ എത്രയോ ശ്രേഷ്ഠമാണ്! അപ്പനും അമ്മയും ഭര്‍ത്താവും ഭാര്യയും കുട്ടികളും അല്ലെങ്കില്‍ ഭൗമിക സുഹൃത്തുക്കളുടെ കൂട്ടുകെട്ടും എല്ലാം നിഴലുകള്‍ മാത്രമാണ്. എന്നാല്‍ ദൈവത്തിന്റെ ആസ്വാദനം ഉണ്മയാണ്. ഇവയെല്ലാം ചിതറിക്കിടക്കുന്ന കിരണങ്ങളാണ്, പക്ഷേ ദൈവം സൂര്യനാണ്. ഇവ അരുവികള്‍ മാത്രമാണ്, പക്ഷേ ദൈവം ഉറവയാണ്. ഇവ തുള്ളികള്‍ മാത്രമാണ്, പക്ഷേ ദൈവം സമുദ്രമാണ്.
ശാസ്ത്രവും ക്രിസ്തുവിശ്വാസവും
ഇന്ന്, മഗ്രാത്തിനെ സംബന്ധിച്ചിടത്തോളം, ശാസ്ത്രവും ക്രിസ്തുവിശ്വാസവും പരസ്പരവിരുദ്ധമല്ല, പരസ്പരം ശക്തിപ്പെടുത്തുകയും പൂരകമാക്കുകയും ചെയ്യുന്നു. ‘ശാസ്ത്ര ഗവേഷണത്തിന് വളരെ ശക്തമായ ക്രൈസ്തവ പ്രചോദനമുണ്ട്,’ അദ്ദേഹം വിശദീകരിക്കുന്നു. ‘ദൈവമാണ് ലോകത്തെ സൃഷ്ടിച്ചതെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, പ്രകൃതിയെ പഠിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ദൈവത്തെക്കുറിച്ചുള്ള കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ ലഭിക്കും. ‘ജീവിതം എന്താണ്?’ ‘എന്തുകൊണ്ടാണ് നമ്മള്‍ ഇവിടെ?’ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ശാസ്ത്രത്തിന് ഉത്തരം നല്‍കാന്‍ കഴിയില്ല. ജീവിതക്ലേശങ്ങളെ വിശദീകരിക്കാന്‍ സയന്‍സിന് കഴിയില്ല. എന്നാല്‍ ക്രിസ്തുവില്‍ അവയ്ക്കുള്ള ഉത്തരമുണ്ട്, പരിഹാരമുണ്ട്.
ശാസ്ത്രം അത്ഭുതങ്ങളെ നിരാകരിക്കുന്നു എന്ന ധാരണ മഗ്രാത്ത് നിരസിക്കുന്നു. ‘ശാസ്ത്രം പറയുന്നത് വളരെ അസംഭവ്യമായ ചില കാര്യങ്ങളുണ്ട് എന്നാണ്. എന്നാല്‍ ആ കാര്യങ്ങള്‍ സംഭവിക്കാന്‍ കഴിയില്ലെന്ന് ശാസ്ത്രത്തിന് പറയാന്‍ കഴിയില്ല,’ ‘യേശുവിന്റെ പുനരുത്ഥാനത്തെ ശാസ്ത്രം നിഷേധിക്കുന്നില്ല. പുനരുത്ഥാനത്തെ ഒരു സ്വാഭാവിക പ്രക്രിയയിലൂടെ വിശദീകരിക്കാന്‍ കഴിയില്ലെന്ന് ശാസ്ത്രത്തില്‍ പറയുന്നു. യേശു അസാധാരണമായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു, ആധുനിക ശാസ്ത്രം ഈ സംഭവങ്ങളെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. അതാണ് യാഥാര്‍ത്ഥ്യം.’
ആരാണ്
മഹാവിസ്‌ഫോടനത്തിന്റെ ബട്ടണ്‍ അമര്‍ത്തിയത്?
‘പ്രപഞ്ചമോ മനുഷ്യരാശിയോ ആകസ്മികമല്ല,’ മഗ്രാത്ത് പറയുന്നു. ആരെന്തുപറഞ്ഞാലും എന്ത് സംഭവിച്ചാലും, പ്രധാന കാര്യം ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നതാണ്. മഹാവിസ്‌ഫോടന സിദ്ധാന്തം -ബിഗ്ബാങ് തിയറി – ദൈവം എല്ലാം സൃഷ്ടിച്ചു എന്ന ആശയത്തെ ശക്തിപ്പെടുത്തുന്ന വലിയ ശാസ്ത്ര മുന്നേറ്റമാണ്.
കത്തോലിക്കാ പുരോഹിതനായ ഫാ. ജോര്‍ജസ് ലമെയ്റ്ററാണ് ഈ തിയറിയുടെ ഉപജ്ഞാതാവ് എന്നതും ശ്രദ്ധേയമാണ്. ‘സൃഷ്ടി സിദ്ധാന്ത’ത്തിന്റെ ശാസ്ത്രീയ പതിപ്പാണ് ഈ തിയറി. മഹാവിസ്‌ഫോടനം എല്ലാം വിശദീകരിക്കുന്നില്ല, പക്ഷേ അത് വളരെ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു, അവയില്‍, ‘ആരാണ് മഹാവിസ്‌ഫോടനത്തിന്റെ ബട്ടണ്‍ അമര്‍ത്തിയത്?’ എന്നൊരു ചോദ്യം ഉദിക്കുന്നുണ്ടല്ലോ. അതിന് ക്രിസ്തീയതയില്‍ വളരെ എളുപ്പമുള്ള ഉത്തരമുണ്ട്.’ മഗ്രാത്ത് വിശദീകരിക്കുന്നു. നിരീശ്വരവാദിയായി ഓക്‌സ്‌ഫോര്‍ഡില്‍ എത്തി, ക്രൈസ്തവനായി ക്രിസ്മസിന് വീട്ടിലേക്ക് പോയ മഗ്രാത്ത് എന്ന ശാസ്ത്രജ്ഞന്‍ ഇത് പറയുമ്പോള്‍ അതിന് ഏറെ പ്രസക്തിയുണ്ട്.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ആന്‍ഡ്രിയാസ് ഇഡ്രിയോസ് സയന്‍സ് ആന്റ് റിലീജിയന്‍ പ്രഫസറായ അലിസ്റ്റര്‍ മഗ്രാത്ത് ബയോഫിസിസ്റ്റും ദൈവശാസ്ത്രജ്ഞനുമാണ്. നിരീശ്വരവാദം, ക്രൈസ്തവചിന്ത തുടങ്ങിയ വിഷയങ്ങളിലുള്ള അദേഹത്തിന്റെ ഈടുറ്റ ലേഖനങ്ങള്‍ ക്രൈസ്തവ പണ്ഡിതര്‍ക്കിടയിലെന്നതിനേക്കാള്‍ ശാസ്ത്രലോകത്തിലാണ് ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ദൈവം നമുക്ക് നല്‍കിയ ഒരു ലെന്‍സ് പോലെയാണ് ക്രൈസ്തവവിശ്വാസം എന്നാണ് മഗ്രാത്തിന്റെ വിലയിരുത്തല്‍.
ഇതിലൂടെ നമുക്ക് കാര്യങ്ങള്‍ വ്യക്തമായി കാണാനും, എല്ലാം കൃത്യമായി കേന്ദ്രീകരിക്കാനും കഴിയും. സൂര്യന്‍ ഉദിച്ചുവെന്ന് വിശ്വസിക്കുന്നതുപോലെയാണ് ക്രിസ്തുവില്‍ വിശ്വസിക്കുന്നത്. സൂര്യന്‍ ഉദിച്ചുവെന്ന് വിശ്വസിക്കുന്നത് സൂര്യനെ കാണുന്നതുകൊണ്ടല്ല, സൂര്യപ്രകാശത്തില്‍ എല്ലാം കാണുന്നതിനാലാണ്.
ഇക്കാരണങ്ങളാല്‍ ഇതിന്റെ ആരംഭവാക്യം ആവര്‍ത്തിക്കട്ടെ,
നിരീശ്വരവാദികള്‍ സദാ ജാഗ്രതൈ….. എപ്പോള്‍ വേണമെങ്കിലും അവര്‍ വിശ്വാസികളായിത്തീരാം ….
Leave a Comment
Your email address will not be published. Required fields are marked with *