Follow Us On

24

November

2024

Sunday

ക്രിസ്തുശിഷ്യന്‍: ഉയിര്‍ക്കുന്നവനും ഉയിര്‍പ്പിക്കുന്നവനും

ക്രിസ്തുശിഷ്യന്‍:  ഉയിര്‍ക്കുന്നവനും ഉയിര്‍പ്പിക്കുന്നവനും

ഫാ. ഡോ. ഡേവ് അഗസ്റ്റിന്‍ അക്കര

ഉയിര്‍ക്കുന്നവന്‍
അവന്റെ കഥ കഴിഞ്ഞു, അവന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചു. ഇനി മടങ്ങി വരവില്ല, ഇനിയൊന്നും പ്രതീക്ഷിക്കാനില്ല, എല്ലാം അവസാനിച്ചു. വ്യക്തികളെക്കുറിച്ചും കുടുംബങ്ങളെ കുറിച്ചും പ്രസ്ഥാനങ്ങളെക്കുറിച്ചും ചില രാജ്യങ്ങളെ കുറിച്ചും ഇത്തരം വിധി തീര്‍പ്പുകള്‍ പലരും കല്‍പ്പിക്കാറുണ്ട്. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പഴയ നിയമത്തിലെ ജോബിനെ പോലെ വളരെ ശക്തമായ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തുന്ന അനേക ജീവിത സാക്ഷ്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്.

ക്രിസ്തു ശിഷ്യന്റെ ജീവിതം പട്ടുപരവതാനിയിലെ പൂച്ച നടത്തം പോലെ ആയിരിക്കില്ല, മറിച്ച് ഇടുങ്ങിയ വഴികളും, ക്ലേശകരമായ പ്രലോഭനങ്ങളും ദൈനംദിന ജീവിതത്തിലെ കുരിശുകളും പേറിയുള്ളതാണ് എന്നതാണ് ക്രിസ്തു മൊഴി. ഈ പരീക്ഷണങ്ങള്‍ എല്ലാം അതിജീവിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിവുള്ള ഉത്ഥാന അനുഭവം ജീവിതംകൊണ്ട് അടയാളപ്പെടുത്തുന്നവനാണ് ക്രിസ്തു ശിഷ്യന്‍. ‘അഗ്‌നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം'(1 പത്രോസ് 1 : 7). ഈ ശിഷ്യന്മാരില്‍, മണ്ടന്‍ എന്ന മുദ്രകുത്തിയിട്ടും കഠിനാധ്വാനംകൊണ്ട് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളും നിരുത്തരവാദിയായ കുടുംബനാഥന്റെ കുറവുകളെ തന്റെ മനക്കരുത്തുകൊണ്ടും അധ്വാനംകൊണ്ടും നികത്തി, മക്കളെ വളര്‍ത്തുന്ന അമ്മമാരും, മാനസിക അസ്വസ്ഥതയും വ്യക്തിത്വ വൈകല്യങ്ങളും ഉണ്ടായിട്ടും ജീവിതപങ്കാളിയെ ചേര്‍ത്തുപിടിക്കുന്ന ഭര്‍ത്താക്കന്മാരും ഉള്‍പ്പെടും.

നിങ്ങള്‍ക്ക് എങ്ങനെ ഈ കഷ്ടപ്പാട് ഉണ്ടായി എന്നുള്ളതല്ല, നിങ്ങള്‍ എങ്ങനെ ഇതിനെ അതിജീവിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ക്രിസ്തുശിഷ്യന്റെ ജീവിതത്തില്‍നിന്ന് ഈ ലോകം കണ്ടുപഠിക്കാന്‍ ആഗ്രഹിക്കുന്നത്. ലോകാവസാനം വരെ ഞാന്‍ നിങ്ങളോട് കൂടെ ഉണ്ടായിരിക്കും എന്ന ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ വചനത്തിലുള്ള ഉറച്ച വിശ്വാസമാണ് ക്രിസ്തുശിഷ്യന്റെ അനുദിന ജീവിതത്തില്‍ നിരന്തരമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കുന്നത്.
ഓട്ട മത്സരത്തില്‍ മനസ് ആദ്യം ഫിനിഷിങ് ലൈന്‍ കടക്കണം, അതിനു പിന്നാലെയെ ശരീരം വരുകയുള്ളൂ. പൗലോസ് ശ്ലീഹ പറയുന്ന (2 തിമോത്തി 4:78) ജീവിതമാകുന്ന ഓട്ടപ്പന്തയത്തില്‍ ഫിനിഷിംഗ് പോയിന്റില്‍ തന്നെ കാത്തുനില്‍ക്കുന്ന ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവില്‍ മനസുറപ്പിച്ചുകൊണ്ട് ഓടുന്നവനാണ് ഓരോ ക്രിസ്തു ശിഷ്യനും. അതുകൊണ്ട് അന്തിമ വിജയം അവന്റേത് മാത്രമാണ്…

ഉയിര്‍പ്പിക്കുന്നവന്‍
തന്റെ മരണത്തിനു മുമ്പുതന്നെ കണ്ടുമുട്ടിയവര്‍ക്കെല്ലാം ഉത്ഥാന അനുഭവം പങ്കുവെച്ചവനാണ് ക്രിസ്തു. ഇതില്‍ കല്ലെറിഞ്ഞു കൊല്ലാന്‍ സമൂഹം വിധിച്ച പാപിനിയായ സ്ത്രീയും കുലദ്രോഹി എന്ന് മുദ്രകുത്തപ്പെട്ട് സമൂഹം ഒറ്റപ്പെടുത്തിയ ചുങ്കക്കാരന്‍ സക്കേവൂസും കുരിശില്‍ കിടന്നുകൊണ്ട് പറുദീസ സ്വന്തമാക്കിയ നല്ല കള്ളനും ഉള്‍പ്പെടും. ഒരു ഉത്തമ ക്രിസ്തു ശിഷ്യന്‍ തന്റെ ചുറ്റുമുള്ളവര്‍ക്ക് ഉയിര്‍പ്പിന്റെ അനുഭവം പങ്കുവെക്കുന്നവനാണ്. പരീക്ഷയില്‍ തോറ്റ തന്റെ കുഞ്ഞിനോട് സാരമില്ല പോട്ടെ അടുത്ത തവണ നമുക്ക് പഠിച്ച് കൂടുതല്‍ മാര്‍ക്ക് വാങ്ങാം എന്ന് പറയുന്ന പിതാവും, കഴിഞ്ഞതെല്ലാം പോട്ടെ ഇനി പുതുതായി തുടങ്ങാം എന്ന് ധൂര്‍ത്തപുത്രന്റെ ഉപമയിലെ പിതാവിനെ കണക്ക് മരുമകളെ ചേര്‍ത്തുപിടിക്കുന്ന അമ്മായിഅമ്മയും, ആസക്തികളുടെ അടിമത്തത്തില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന തന്റെ പ്രിയപ്പെട്ടവരോട് ഒപ്പം നിന്ന് പൊരുതുന്ന സഹോദരിമാരും അപരന് ഉയിര്‍പ്പിന്റെ അനുഭവം നല്‍കുന്ന ഉത്ഥാന ജീവിതം നയിക്കുന്നവരാണ്. പ്രതീക്ഷ നഷ്ടപ്പെട്ടവരെ പുത്തന്‍ ഉണര്‍വോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുക അതാണ് ക്രൈസ്തവ ധര്‍മ്മം.

നിങ്ങള്‍ ലോകത്തിന്റെ ദീപവും (മത്താ 5:4, 13) ഭൂമിയുടെ ഉപ്പുമാണെന്ന് ക്രിസ്തു തന്റെ ശിഷ്യന്മാരെ ഓര്‍മപ്പെടുത്തുന്നു. മറ്റുള്ളവരുടെ ജീവിതങ്ങള്‍ക്ക് വെളിച്ചവും രുചിയും പകരുന്ന ഉയിര്‍പ്പിന്റെ വക്താക്കളാകാനുള്ള വിളിയാണത്. അന്ത്യദിനത്തിലെ കണക്കെടുപ്പിന്റെയും വിധി ന്യായത്തിന്റെയും അടിസ്ഥാനം, നമ്മള്‍ എത്രപേര്‍ക്ക് ഉയിര്‍പ്പിന്റെ അനുഭവമായി എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. അനുദിനം ഉയിര്‍ത്തെഴുന്നേറ്റും മറ്റുള്ളവരെ കൈ പിടിച്ചുയര്‍ത്തിയും ഉയിര്‍ത്തെഴുന്നേറ്റവന്റെ യഥാര്‍ത്ഥ ശിഷ്യര്‍ ആകുവാന്‍ നമുക്ക് പരിശ്രമിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?