Follow Us On

02

May

2024

Thursday

പെണ്‍മക്കള്‍ക്കും പിതൃസ്വത്തില്‍ തുല്യ അവകാശം

പെണ്‍മക്കള്‍ക്കും പിതൃസ്വത്തില്‍  തുല്യ അവകാശം

ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി
(തലശേരി അതിരൂപത)

ഉത്ഥിതനായ ഈശോ നമുക്ക് നല്‍കുന്ന നാല് പ്രധാന സന്ദേശങ്ങള്‍ സുവിശേഷങ്ങള്‍ വിവരിക്കുന്നുണ്ട്. ”സ്ത്രീയേ നീ കരയേണ്ട” എന്ന മഗ്ദലനാമറിയത്തിനുള്ള സന്ദേശമാണ് ആദ്യത്തേത്. ”നിങ്ങള്‍ക്കു സമാധാനം” എന്ന ശിഷ്യര്‍ക്കുള്ള അനുഗ്രഹമാണ് രണ്ടാമത്തേത്. ”പരിശുദ്ധാത്മാവിനെ സ്വീകരിച്ച് പാപമോചനം നേടുവിന്‍” എന്നതാണ് മൂന്നാമത്തെ സന്ദേശം. നാലാമത്തേതാകട്ടെ, ലോകാവസാനംവരെ അവിടുന്ന് നമ്മോടൊത്തുണ്ടായിരിക്കും എന്നതിനാല്‍ ”നാം സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കണം” എന്ന കല്പനയാണ്. ഈ നാലു സന്ദേശങ്ങളില്‍ നാം പലപ്പോഴും വിസ്മരിക്കുന്ന ആദ്യത്തെ സന്ദേശത്തെക്കുറിച്ചാണ് സംവദിക്കാന്‍ ആഗ്രഹിക്കുന്നത്. ”സ്ത്രീയേ നീ കരയേണ്ട” എന്ന വിചിന്തനം സ്ത്രീയുടെ സങ്കടങ്ങളെ ദൈവം ഗൗരവമായി എടുക്കുന്നു എന്നതിന്റെ ഓര്‍മപ്പെടുത്തലാണ്.

സ്ത്രീധനമെന്ന പാപം
സ്ത്രീകളെ ആദരിക്കുന്നതില്‍ നമ്മുടെ രാജ്യവും സംസ്‌കാരവും നിലവില്‍ ഏറെ പിന്നിലാണ്. സഭയിലും സമുദായത്തിലും സ്ത്രീകള്‍ അവഗണന നേരിടുന്നു എന്നത് നമുക്ക് വിസ്മരിക്കാനാവില്ല. ”ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു” (ഉല്‍പത്തി 1:27) എന്ന പ്രസ്താവനയോടെ സ്ത്രീ-പുരുഷ സമത്വമാണ് വിശുദ്ധ ഗ്രന്ഥകാരന്‍ ഊന്നിപ്പറയുന്നത്. എന്നാല്‍ കാലാന്തരത്തില്‍ കായിക ബലത്തിന്റെ പിന്തുണയില്‍ പുരുഷാധിപത്യം സമൂഹത്തില്‍ ശക്തിപ്പെട്ടു. സ്ത്രീയോടുള്ള ആദരവ് നഷ്ടപ്പെടുത്തുന്ന അവഗണനയുടെ സമ്പ്രദായങ്ങള്‍ രൂപപ്പെട്ടു. അതിനുള്ള ഏറ്റവും ശക്തമായ ദൃഷ്ടാന്തമാണ് സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സ്ത്രീധന സമ്പ്രദായം. നമ്മുടെ സമുദായത്തിലും നിയമവിരുദ്ധമായ ഈ സമ്പ്രദായം പല രൂപത്തിലും നിലനില്‍ക്കുന്നു എന്നത് അപമാനകരമാണ്.

ദൈവം ജീവിതപങ്കാളിയായി നല്‍കുന്ന സ്ത്രീതന്നെയാണ് ഏറ്റവും വലിയ ധനം എന്ന ചിന്ത സമൂഹത്തില്‍ ശക്തിപ്പെടണം. വിവാഹം എന്ന പരിശുദ്ധമായ കൂദാശയെ സ്ത്രീധനവുമായി ബന്ധിപ്പിക്കുന്നത് നമ്മുടെ വിശ്വാസമനുസരിച്ച് പാപമാണ്. ദൈവം യോജിപ്പിച്ച ബന്ധമായ ദാമ്പത്യത്തെ സമ്പത്തുമായി ബന്ധിപ്പിക്കുന്ന സ്ത്രീവിരുദ്ധസമ്പ്രദായം പൂര്‍ണമായും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. വിവാഹപ്രായമെത്തിയ പെണ്‍മക്കളെക്കുറിച്ച് ആകുലപ്പെടുന്ന സാഹചര്യമാണ് മാതാപിതാക്കള്‍ക്ക് മുന്നിലുള്ളത്. നമ്മുടെ കുടുംബങ്ങളിലെ കടബാധ്യതകളില്‍ നല്ലൊരു ശതമാനവും പെണ്‍മക്കളുടെ വിവാഹത്തോടനുബന്ധിച്ചുള്ള കടമാണ്. പെണ്‍മക്കളെ വലിയ സാമ്പത്തിക ബാധ്യതകളോടെ പഠിപ്പിച്ച് ജോലിയില്‍ പ്രവേശിപ്പിച്ചാലും അവരുടെ വിവാഹത്തിന് വീണ്ടും കടം വാങ്ങേണ്ട ഗതികേടിലാണ് പെണ്‍കുട്ടിയുടെ കുടുംബം. ഇത് തികച്ചും അനീതിയാണ്.

ആഭരണധൂര്‍ത്ത്
ആണ്‍മക്കള്‍ക്ക് എന്നതുപോലെ പെണ്‍മക്കള്‍ക്കും പിതൃസ്വത്തില്‍ തുല്യ അവകാശമുണ്ട് എന്ന സുപ്രീംകോടതി വിധി നമ്മുടെ സമുദായം ഇനിയും വേണ്ട രീതിയില്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണ് സത്യം. വിവാഹസമയത്ത് വിലപേശി വാങ്ങേണ്ട വസ്തുവല്ല സ്ത്രീ, മറിച്ച് ആണ്‍മക്കളെപ്പോലെ പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യ അവകാശം ഉറപ്പുവരുത്തുകയാണ് വേണ്ടത്. കല്യാണസമയത്തെ ആഭരണധൂര്‍ത്തിന് അറുതിവരുത്താന്‍ ഇതിലൂടെ സാധിക്കും. വധുവിന്റെ വീട്ടില്‍നിന്നു ലഭിക്കുന്ന തുകകൊണ്ട് കല്യാണം ആര്‍ഭാടമാക്കാന്‍ ശ്രമിക്കുന്ന പ്രവണതയും തികച്ചും അനഭിലഷണീയമാണ്. ഭാര്യയ്ക്ക് വിഹിതമായി ലഭിക്കുന്ന പിതൃസ്വത്ത് തലമുറകള്‍ക്കുവേണ്ടിയുള്ള കരുതലായി സൂക്ഷിക്കാം.

സ്ത്രീയാണ് യഥാര്‍ത്ഥ ധനം എന്നു തിരിച്ചറിയാന്‍ വൈകിയതിന്റെ അനന്തരഫലമാണ് വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത ചില യുവാക്കന്മാരുടെയെങ്കിലും ജീവിതം. സ്ത്രീധനസമ്പ്രദായം സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ദോഷകരമായി ബാധിക്കുന്നു എന്നാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. 35 വയസുകഴിഞ്ഞിട്ടും വിവാഹിതരാകാത്ത വിവാഹാര്‍ത്ഥികളായ പുരുഷന്മാര്‍ നമ്മുടെ ഇടയിലുണ്ട് എന്ന സത്യം ഏറെ ഗൗരവമുള്ളതാണ്. ഇവരില്‍ ചിലരുടെയെങ്കിലും വിവാഹാലോചനകള്‍ നല്ല പ്രായത്തില്‍ സ്ത്രീധനവിഷയത്തില്‍ തട്ടി വഴിമുട്ടിയതാണെന്ന് അവര്‍തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴാണ് സ്ത്രീധനസമ്പ്രദായം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത നാം തിരിച്ചറിയുന്നത്.
സ്ത്രീയുടെയും പുരുഷന്റെയും കണ്ണീരിനു കാരണമാകുന്ന ഈ ദുരാചാരത്തെ അകറ്റിനിര്‍ത്താന്‍ മാതാപിതാക്കളും മക്കളും വിശിഷ്യാ യുവജനങ്ങള്‍ ആത്മാര്‍ത്ഥമായി മുന്നോട്ടുവരണം.

പെണ്‍കുട്ടികളോടുള്ള വിവേചനങ്ങള്‍
നമ്മുടെ സമുദായത്തിലെ യുവജനങ്ങളുടെ വിവാഹപ്രായം ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്നതിന്റെ പിന്നിലും സ്ത്രീധന സമ്പ്രദായത്തിന്റെ സ്വാധീനമുണ്ട്. സ്ത്രീധനത്തിനുള്ള തുക സ്വരുക്കൂട്ടാനുള്ള വ്യഗ്രതയില്‍ ജോലി സമ്പാദിച്ചശേഷവും വിവാഹത്തിനുവേണ്ടി കാത്തിരിക്കാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാവുകയാണ്. വിവാഹപ്രായം അമിതമായി ഉയരുന്നത് പുതുതലമുറയുടെ എണ്ണത്തെയും ഗുണത്തെയും ദോഷകരമായി ബാധിക്കുമെന്ന ശാസ്ത്രീയ പഠനങ്ങള്‍ നമ്മുടെ സമുദായം ഗൗരവമായി എടുക്കേണ്ട വസ്തുതയാണ്.

സ്ത്രീകളെ ആദരിക്കുന്നതും തുല്യരായി പരിഗണിക്കുന്നതുമാണ് സാംസ്‌കാരിക വളര്‍ച്ചയുടെ യഥാര്‍ത്ഥ ലക്ഷണം. ഗാര്‍ഹിക പീഡനങ്ങളും പെണ്‍കുട്ടികളോടുള്ള വിവേചനവും കുടുംബത്തെക്കുറിച്ചുള്ള ദൈവികപദ്ധതിയെ തകിടം മറിക്കുന്ന തിന്മകളാണ്.
സ്ത്രീകളെ ആദരിക്കുന്ന സംസ്‌കാരം മാതാപിതാക്കളില്‍നിന്നുമാണ് മക്കള്‍ പഠിക്കേണ്ടത്. യാത്രകളിലും ജോലിസ്ഥലങ്ങളിലും പഠനസ്ഥലങ്ങളിലും സ്ത്രീകളെ ഇരകളായി കരുതുന്ന കഴുകന്‍ കണ്ണുകളുടെ എണ്ണം വര്‍ധിക്കുന്നത് അപകടകരമാണ്. പ്രണയക്കെണികളില്‍ കുടുക്കി നമ്മുടെ പെണ്‍മക്കള്‍ക്ക് ചതിക്കുഴികളൊരുക്കുന്ന സംഭവങ്ങള്‍ ആശങ്കാജനകമായി വര്‍ധിക്കുകയാണ്. സ്ത്രീയുടെ കണ്ണീരൊപ്പുക എന്നത് ഉത്ഥിതനായ ഈശോയുടെ ആഗ്രഹമാണ് എന്ന സത്യം നാം തിരിച്ചറിയണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?