Follow Us On

23

November

2024

Saturday

കര്‍ഷകനെ ആര്‍ക്കാണ് ഭയം?

കര്‍ഷകനെ  ആര്‍ക്കാണ് ഭയം?

കെ.ജെ. മാത്യു
(മാനേജിംഗ് എഡിറ്റര്‍)

കാറല്‍ മാക്‌സ് ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ വിഖ്യാതമായ ഉദ്‌ബോധനം ഇങ്ങനെ തിരുത്തിക്കുറിക്കുമായിരുന്നു. ”സര്‍വ്വരാജ്യ കര്‍ഷകരെ സംഘടിക്കുവിന്‍, സംഘടിച്ച്, സംഘടിച്ച് ശക്തരാകുവിന്‍.” കാരണം അദ്ദേഹത്തിന്റെ കാലത്ത് തൊഴിലാളികള്‍ അനുഭവിച്ച ചൂഷണത്തിനും അവഗണനയ്ക്കും സമാനമായ അനുഭവമാണ് ഇന്ന് കര്‍ഷകര്‍ക്ക് ഉള്ളത്. പണ്ടത്തെ മേലാളന്മാര്‍ ഇന്ന് കീഴാളന്മാരായിരിക്കുന്നു. അതിനാല്‍ അന്ന് കീഴാളന്മാരെക്കുറിച്ച് ചങ്ങമ്പുഴ എഴുതിയ വരികള്‍ ഇന്ന് ഇവരെക്കുറിച്ചും തികച്ചും പ്രസക്തമാണ്. ‘അവശന്മാര്‍, ആര്‍ത്തന്മാര്‍, ആലംബഹീനന്മാര്‍, അവരുടെ സങ്കടമാരറിയാന്‍’?

തികച്ചും അസംഘടിതരും അവഗണിക്കപ്പെട്ടവരും നിരാലംബരുമായി മാറിയിരിക്കുന്നു ഇന്ന് കര്‍ഷകജനത. എല്ലുമുറിയെ പണിയെടുത്താലും ജീവിക്കാനുള്ള വരുമാനം കിട്ടുകയില്ല. ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കണമെന്നുള്ള അവരുടെ മുറവിളി ബധിരകര്‍ണ്ണങ്ങളിലാണ് പതിക്കുന്നത്. കാട്ടാനയുടെയും കാട്ടുമൃഗങ്ങളുടെയും ശല്യങ്ങള്‍ വേറെ. സ്വത്തിന് മാത്രമല്ല ജീവന് തന്നെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് അവര്‍. ‘കൃഷിക്കാര്‍ക്ക് ഭാവിയില്ല, കൃഷികൊണ്ട് ഇനി ജീവിക്കാനാവുകയില്ല’ എന്ന നിരാശയുടെ ഒരു കാര്‍മേഘം അവരുടെ ജീവിതത്തെ മൂടിയിരിക്കുന്നു. ഇത് മനസിലാക്കി അവരുടെ മക്കള്‍ ഭൂരിഭാഗവും വിദേശത്തേക്ക് ചേക്കേറുവാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മൊത്തം ഒരു അരക്ഷിതാവസ്ഥയുടെ അനുഭവമാണ് ഇന്ന് കര്‍ഷകര്‍ക്കുള്ളത്.

എന്നാല്‍ പണ്ട് അങ്ങനെ ആയിരുന്നില്ല. കൃഷി മാന്യമായ ജീവിതമാര്‍ഗ്ഗമായിരുന്നു. തികച്ചും ആദായകരവും. പൊരിവെയിലില്‍ വിയര്‍പ്പൊഴുക്കി അവര്‍, അവര്‍ക്ക് ലഭിക്കാതെ പോയ ഉന്നതവിദ്യാഭ്യാസം മക്കള്‍ക്ക് നല്‍കി. ഇന്ന് സമൂഹത്തിന്റെയും സഭയുടെയും ഉന്നത പദവിയിലിരിക്കുന്ന മിക്കവരും കര്‍ഷകരുടെ മക്കളാണ്. സര്‍ക്കാര്‍ ജോലി പോലും വേണ്ടെന്ന് വച്ച് കൃഷിയില്‍ മുഴുകാന്‍ തക്കവിധത്തില്‍ ആകര്‍ഷകമായിരുന്നു അന്ന് കൃഷിപ്പണി. ഇത്ര ഏക്കറുണ്ട് എന്ന് പറഞ്ഞാല്‍ അവരുടെ മക്കള്‍ക്ക് വിവാഹകമ്പോളങ്ങളില്‍ നല്ല ഡിമാന്റായിരുന്നു.
ഇന്നത്തെ തകര്‍ച്ചയില്‍ നിന്ന് കര്‍ഷകര്‍ക്ക് കരകയറുവാന്‍ കഴിയുകയില്ലേ? അവന് ഒരു ശോഭനമായ ഭാവിയില്ലേ? തീര്‍ച്ചയായും ഉണ്ട്. അതിലേക്കായി ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കട്ടെ.

സംഘടിതശക്തിയുള്ളവര്‍ക്കാണ് ഇന്ന് ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കുന്നത്. അവരുടെ ന്യായമായ ആവശ്യങ്ങള്‍ കരസ്ഥമാക്കാന്‍ ജാതി, മത, രാഷ്ട്രീയഭേദമന്യേ കര്‍ഷകര്‍ക്ക് സംഘടിക്കുവാന്‍ സാധിക്കുകയില്ലേ? സാധിക്കുമെന്ന് തന്നെയാണ് വ്യാപാരികളുടെ അനുഭവം പഠിപ്പിക്കുന്നത്. ഒരുകാലത്ത് അവരും കര്‍ഷകരെപ്പോലെ അസംഘടിതരായിരുന്നു. എന്നാല്‍ ഒരു പ്രബലമായ സംഘടനയ്ക്ക് കീഴില്‍ അണിചേര്‍ന്ന് അവരുടെ ആവശ്യങ്ങള്‍ക്കായി പോരാടുവാന്‍ അവരുടെ മത രാഷ്ട്രീയ വിശ്വാസങ്ങള്‍ തടസമായില്ല എന്നത് ശ്രദ്ധേയമാണ്.

‘കര്‍ഷകരേ, നിങ്ങളുടെ രക്ഷ നിങ്ങളുടെ കൈകളില്‍ തന്നെ’. ചിതറിക്കിടക്കുന്ന കര്‍ഷകരെ രക്ഷിക്കുവാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും താല്പര്യവുമുണ്ടാവുകയില്ല. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ കര്‍ഷകന്റെ കാര്യത്തില്‍ എത്രമാത്രം യഥാര്‍ത്ഥ താല്പര്യമെടുക്കുമെന്ന് കണ്ടറിയണം. ഇനി താല്പര്യമെടുത്താല്‍തന്നെ സര്‍ക്കാരുകള്‍ക്ക് അവരുടെ പരിമിതിയുണ്ട്. ആഗോളവത്കരണം അത്ര പിടിമുറുക്കിയിരിക്കുന്നു. പലതരത്തിലുള്ള അന്താരാഷ്ട്ര കരാറുകളില്‍ ഒപ്പിട്ടിരിക്കുന്നതുകൊണ്ട് അവ ഭേദിച്ച് ഒരു തീരുമാനമെടുക്കുക അത്ര സുഗമമല്ല. അതിനാല്‍ കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും അവ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുവാനുമുള്ള മാര്‍ഗം കണ്ടെത്തണം.

അസംഘടിതരും ചൂഷണം നേരിട്ടുകൊണ്ടിരിക്കുന്നവരുമായ ക്ഷീരകര്‍ഷകര്‍ക്ക് വിജയഗാഥ രചിച്ച അമൂല്‍, മില്‍മ തുടങ്ങിയവ ദീപസ്തംഭങ്ങള്‍ പോലെ ഇപ്പോഴും മുമ്പിലുണ്ടല്ലോ. പ്രാദേശിക തലത്തില്‍ കര്‍ഷകരുടെ സഹകരണസംഘങ്ങള്‍ രൂപീകരിക്കുക, ഓരോ കര്‍ഷകനില്‍ നിന്നും ഒരു ചെറിയ ഓഹരി പിരിക്കാം. പല തുള്ളിയാണല്ലോ പെരുവെള്ളമാകുന്നത്. പ്രാദേശിക സഹകരണസംഘങ്ങള്‍ക്ക് മുകളില്‍ ജില്ലാ തലത്തിലും പിന്നെ സംസ്ഥാന തലത്തിലും ഗവേണിംഗ് ബോഡികളുണ്ടാക്കാം. വര്‍ഗീസ് കുര്യനെയും പ്രയാര്‍ ഗോപാലകൃഷ്ണനെയും പോലെ ഇച്ഛാശക്തിയുള്ള നേതാക്കന്മാര്‍ ഉയര്‍ന്നുവന്നാല്‍ ഇതൊക്കെ സാധിക്കാവുന്നതേയുള്ളൂ. സഭയ്ക്കും ഇക്കാര്യത്തില്‍ സര്‍ഗാത്മകമായ ഉപദേശവും നേതൃത്വവും നല്‍കാന്‍ സാധിക്കും. ഇങ്ങനെ ചെയ്താല്‍ നാടൊട്ടുക്ക് ഒട്ടനവധി വ്യവസായസ്ഥാപനങ്ങള്‍ ഉയരും, എണ്ണമറ്റ തൊഴിലവസരങ്ങള്‍ ഉണ്ടാകും. കര്‍ഷകരുടെ മക്കള്‍ക്ക് അഭിമാനത്തോടെ സ്വന്തം ദേശത്ത് തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യും.

ഉത്പന്നങ്ങള്‍ നല്ല വിലക്ക് വില്‍ക്കുവാനുള്ള മറ്റൊരു മാര്‍ഗം മികച്ച ബ്രാന്‍ഡിംഗ് സ്വീകരിക്കുക എന്നതാണ്. കൃഷിക്കാര്‍ക്ക് നല്ല വില കിട്ടാത്തതിന്റെ ഒരു കാരണം അവര്‍ പഴയ വിപണന മാര്‍ഗങ്ങളാണ് ഇപ്പോഴും ഉപയോഗിക്കുന്നത് എന്നതാണ്. പുതിയ രീതികള്‍ അവലംബിക്കണം. ആദ്യമായി ഉത്പന്നങ്ങള്‍ സോര്‍ട്ട് ചെയ്ത് ഗ്രേഡ് ചെയ്യണം. ഇതിന് ഒന്നാംതരം ഗ്രേഡിംഗ് സോര്‍ട്ടിംഗ് യന്ത്രങ്ങള്‍ ലഭ്യമാണ്. ആകര്‍ഷകമായ ലേബലില്‍ ആകര്‍ഷകമായ പായ്ക്കറ്റില്‍ വൃത്തിയായി നല്‍കിയാല്‍ ആരും നല്ല വിലകൊടുത്ത് വാങ്ങും. ഇത്തരത്തിലുള്ള ബ്രാന്‍ഡിംഗ് ഉപയോഗിച്ച് വെറും സാധാരണ മധുരക്കിഴങ്ങ് അമേരിക്കന്‍ കര്‍ഷകര്‍ ഗള്‍ഫിലെ ഒരു ട്രേഡ്‌ഷോയില്‍ വില്പനനടത്തിയ സംഭവം ‘ഫ്രഷ് ടു ഹോം’ എന്ന ഓണ്‍ലൈന്‍ വിപണന സംരഭത്തിന്റെ സ്ഥാപകനായ മാത്യു ജോസഫ് വിവരിക്കുന്നുണ്ട്.

കര്‍ഷകര്‍ ആദായകരമായ ഇടവിളകള്‍ ചെയ്യുന്നത് വരുമാനം വര്‍ധിപ്പിക്കുവാനുള്ള ഒരു മാര്‍ഗമാണ്. റബര്‍ തോട്ടത്തില്‍ തോട്ടപ്പയര്‍ വളര്‍ത്തി, തോട്ടപ്പയര്‍ വിറ്റ് എട്ട് ലക്ഷം രൂപ വരെ നേടിയ ഒരു കര്‍ഷകനെക്കുറിച്ച് വായിച്ചു (കര്‍ഷകശ്രീ ഏപ്രില്‍ 2023). തോട്ടപ്പയറിന് കിലോയ്ക്ക് 400 രൂപ വിലയുണ്ടത്രേ. അങ്ങനെ വന്നാല്‍ റബര്‍ കൃഷിയും ലാഭകരമാകും. പരമ്പരാഗത കൃഷിരീതികള്‍ വിട്ട് വ്യത്യസ്തങ്ങളായ കൃഷികളും പരീക്ഷിക്കുവാന്‍ കര്‍ഷകര്‍ തയ്യാറാകണം. ശാലോം ടി.വിയില്‍ ഇതിന് പ്രോത്സാഹനം നല്‍കുന്ന ഒരു പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നുണ്ട്, ‘നട്ടതും നനച്ചതും.’ മുളകൃഷിയിലൂടെ ലക്ഷങ്ങള്‍ നേടുന്ന മേപ്പാടിയിലുള്ള ഒരു കര്‍ഷകനെക്കുറിച്ച് അതില്‍ വന്നിരുന്നു.

അവസാനമായി ഏറ്റവും പ്രധാന മാര്‍ഗത്തെക്കുറിച്ച് എഴുതട്ടെ. അത് ദൈവത്തിലേക്ക് തിരിയുക എന്നതാണ്. മേല്പറഞ്ഞ വഴികളൊക്കെ ഫലപ്രദമാകണമെങ്കില്‍ നിശ്ചയമായും ദൈവകൃപ കൂടിയേ തീരൂ. നമ്മുടെ പൂര്‍വ്വികര്‍ പ്രതാപശാലികളായിരുന്നു. കാരണം അവര്‍ ദൈവത്തോടൊപ്പമായിരുന്നു. അവര്‍ ഒരിക്കലും ഒരു തിരക്കിന്റെയും പേരില്‍ കുടുംബപ്രാര്‍ത്ഥന മുടക്കിയിരുന്നില്ല. കൃത്യം സന്ധ്യാമണിയടിക്കുമ്പോള്‍ അവര്‍ കുടുംബം ഒന്നാകെ പ്രാര്‍ത്ഥനയ്ക്കായി ദൈവസന്നിധിയില്‍ മുട്ടുകുത്തുമായിരുന്നു. ദൈവം കുടെയുണ്ടായിരുന്നതുകൊണ്ട് സമൂഹം അവരെ ആദരവോടും ഭയത്തോടും കൂടെ നോക്കിയിരുന്നു. ആ മാര്‍ഗത്തിലേക്ക് ആധുനിക കര്‍ഷകരും തിരിച്ചുപോകട്ടെ.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?