Follow Us On

24

November

2024

Sunday

ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ പിന്തള്ളിയോ?

ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ പിന്തള്ളിയോ?

എബ്രഹാം പുത്തന്‍കളം
(ലേഖകന്‍ ചങ്ങനാശേരി ജീവന്‍ ജ്യോതിസ് പ്രോ-ലൈഫ് സെല്‍ കോ-ഓര്‍ഡിനേറ്ററാണ്).

ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ പിന്തള്ളി ലോകത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയെന്ന വാര്‍ത്ത ദിവസങ്ങള്‍ക്കുമുമ്പാണ് പുറത്തുവന്നത്. ഇത് ഇന്ത്യയിലെ ജനസംഖ്യ ക്രമാതീതമായി കൂടിയത് കൊണ്ടല്ല, ചൈനയിലെ ജനസംഖ്യ കുറഞ്ഞതിനാലാണ്. ചൈനയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ഒറ്റക്കുട്ടി നയം ആ രാജ്യത്തെ വലിയ പ്രതിസന്ധിയില്‍കൊണ്ടുചെന്ന് എത്തിച്ചിരിക്കുകയാണ്.

ചൈനയിലെ ജനനനിരക്ക് ഇപ്പോള്‍ 1.28 ആണ്. അതായത് കുടുംബങ്ങളില്‍ ശരാശരി 1.28 കുട്ടികള്‍ മാത്രം. ഓരോ രാജ്യത്തെയും ഇപ്പോഴുള്ള ജനസംഖ്യ നിലനിര്‍ത്തണമെങ്കില്‍ 2.1 കുട്ടികള്‍ ശരാശരി വേണമെന്ന് യുഎന്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. അതില്‍ കുറയുമ്പോള്‍ ജനസംഖ്യ താഴും. ഇന്ത്യയിലെ ജനന നിരക്ക് 2.05 ആണെങ്കിലും ചൈനയെ അപേക്ഷിച്ചു അല്പം മുമ്പിലായത് കൊണ്ട് ജനസംഖ്യ അത്രവേഗം കുറയുന്നില്ല എന്നുമാത്രം. ഇപ്പോഴത്തെ ജനനനിരക്ക് സമീപ ഭാവിയില്‍ ഇന്ത്യയെയും പ്രതികൂലമായി ബാധിക്കും.

നമ്മുടെ കുടുംബങ്ങളില്‍ മക്കളുടെ എണ്ണം കുറയ്ക്കുന്നത് ഭാവിയില്‍ വലിയ അപകടം വിളിച്ചു വരുത്തുമെന്നു പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരുന്നതാണ്.
മക്കളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നത് ക്രിസ്ത്യാനിയെ ഉദ്ദേശിച്ചു മാത്രമല്ല മാനവകുലത്തിന്റെ നിലനില്‍പ്പിനും രക്ഷയ്ക്കും വേണ്ടിയുള്ള നിര്‍ദ്ദേശം ആയിരുന്നു. വിവാഹ ഒരുക്ക സെമിനാറുകളിലും മറ്റു ക്ലാസുകളിലുമൊക്കെ ഇതു പറഞ്ഞപ്പോള്‍ കുറച്ചു പേര്‍മാത്രം അതില്‍ നന്മ കണ്ടു. ബാക്കിയുള്ളവര്‍ പുച്ഛിച്ചു തള്ളുകയായിരുന്നു.

മക്കളുടെ എണ്ണം കുറഞ്ഞാല്‍….?
കുടുംബങ്ങളില്‍ മക്കളുടെ എണ്ണം കുറയുമ്പോള്‍ ബന്ധങ്ങളുടെ തകര്‍ച്ചയായിരിക്കും ആദ്യം സംഭവിക്കുന്നത്. കുടുംബങ്ങളില്‍ പരസ്പരമുള്ള പങ്കുവക്കല്‍, കൂട്ടായ്മ മനോഭാവം, ഐക്യം, ആനന്ദം ഇവ നഷ്ടമാകും. കുടുംബം കൂടുമ്പോള്‍ ഇമ്പമുള്ളതാകാന്‍ അവിടെ കൂടാന്‍ ആവശ്യത്തിന് ആളുകള്‍ വേണം.
നമ്മുടെ കുടുംബങ്ങള്‍ അണുകുടുംബങ്ങളായി മാറിയതോടെ ഇപ്പറഞ്ഞ സ്‌നേഹ വികാരങ്ങള്‍ നഷ്ടമാകുന്നു. ഒന്നും രണ്ടും കുഞ്ഞുങ്ങള്‍ മാത്രമാകുന്നതോടെ അവിടെ സ്വാര്‍ത്ഥത നിറഞ്ഞുനില്‍ക്കുന്ന ഇടങ്ങളായി മാറും. അവരവരുടെ സുഖവും സന്തോഷവും മാത്രം ലക്ഷ്യം ഉള്ളവര്‍ സഹോദരങ്ങളെ കരുതുകയോ പരിഗണിക്കുകയോ സ്‌നേഹിക്കുകയോ ചെയ്യാന്‍ അറിയാത്തവരാകുന്നു.

സാമ്പത്തിക തകര്‍ച്ച
ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് മനുഷ്യവിഭവശേഷിയാണ്. അത് കൂടുതലുള്ള രാജ്യങ്ങള്‍ നേട്ടങ്ങള്‍ കൊയ്യും. എണ്ണം കുറയുന്നതനുസരിച്ച് സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ജനപ്പെരുപ്പമാണ് ഇന്ത്യയുടെ ശാപം എന്ന നിഗമനം കാലഹരണപ്പെട്ടെന്നും ജനസംഖ്യയെ നേട്ടമായി മാറ്റാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെ ന്നും പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ മോഹന്‍ ഗുരുസ്വാമി വര്‍ഷങ്ങള്‍ക്കുമുമ്പ് പറഞ്ഞിരുന്നു (മലയാള മനോരമ 2006 മാര്‍ച്ച് 7). ‘ജനസംഖ്യ ബാധ്യതയല്ല ആസ്തിയാണെന്നു ചിന്തിക്കാന്‍’ 2006 ലെ ദേശീയ ജനസംഖ്യ കമ്മീഷന്‍ യോഗത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ആഹ്വാനം ചെയ്തത് നമ്മള്‍ വിസ്മരിക്കരുത്.

ഇപ്പോള്‍ ജനനം കുറഞ്ഞാല്‍, അടുത്ത തലമുറയില്‍ യുവജനങ്ങളുടെ എണ്ണം കുറയും. ഇങ്ങനെ പോയാല്‍ കുട്ടികള്‍ കുറഞ്ഞും വൃദ്ധര്‍ കൂടുതലുമുള്ള സംസ്ഥാനമായി കേരളം സമീപ ഭാവിയില്‍ മാറും. ജനനനിരക്ക് കുറയുന്നതുപോലെ മരണനിരക്കും കുറയുന്നുണ്ട്.
കുട്ടികളുടെയും യുവാക്കളുടെയും എണ്ണം കുറയുമ്പോള്‍ വൃദ്ധരുടെ എണ്ണം കൂടുകയാണ്. ജനസംഖ്യ കൂടുന്നു എന്ന് പറഞ്ഞുകൊണ്ട് ചൈന ഒറ്റകുഞ്ഞു നയം കൊണ്ടുവന്നിരുന്നെങ്കിലും അതു തെറ്റായ നയമാണെന്ന് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും വൈകിയിരുന്നു.

ജനനം നിയന്ത്രിക്കുന്നതിനായി തങ്ങള്‍ ചെയ്ത പ്രവൃത്തികള്‍ തെറ്റായിരുന്നു എന്ന് ചൈന തിരിച്ചറിഞ്ഞു കഴിഞ്ഞു. അവര്‍ ആ നയം തിരുത്തി എന്നുമാത്രമല്ല, കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്കും ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ജനസംഖ്യ കുറയുന്നത് രാജ്യത്തിന്റെ നിലനില്പിനെപ്പോലും ബാധിക്കുമെന്ന് തിരിച്ചറിവാണ് ഭരണാധികാരികളെക്കൊണ്ട് അങ്ങനെയൊരു തീരുമാനം എടുപ്പിച്ചത്.

ക്രൈസ്തവരുടെ എണ്ണം കുറയുന്നു
കേരളത്തിലെ ക്രൈസ്തവരുടെ എണ്ണം കുറഞ്ഞതിനു ഉത്തരവാദികള്‍ ക്രൈസ്തവര്‍ മാത്രമാണ്. 1950-ല്‍ കേരള ജനസംഖ്യയില്‍ ക്രൈസ്തവര്‍ 24.6 % ആയിരുന്നത് ഇപ്പോള്‍ 17% ആയി കുറഞ്ഞു. അതിന്റെ ഉത്തരവാദിത്വം മറ്റാര്‍ക്കുമില്ല. ക്രൈസ്തവ ദമ്പതിമാര്‍ മക്കള്‍ക്ക് ജന്മം കൊടുക്കാന്‍ തയാറാകാതിരുന്നത് മൂലമാണ്.
ശരാശരി 2 കുഞ്ഞുങ്ങള്‍ക്ക് പോലും ജന്മം നല്‍കാന്‍ ക്രൈസ്തവ ദമ്പതികള്‍ തയാറാകുന്നില്ല. കേരളത്തിലെ ഹൈന്ദവരുടെ ജനനനിരക്ക് 1.53, ക്രൈസ്തവരുടെ ജനനനിരക്ക് 1.7, മുസ്ലീങ്ങളുടെ ജനനനിരക്ക് 2.7 ആണ്. ഇതാണ് മുസ്ലീം സമൂഹം കേരളത്തില്‍ വര്‍ധിച്ചുവരുന്നതിന്റെ കാരണം.

കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കണം എന്ന നിര്‍ദേശം ക്രൈസ്തവര്‍ ഗൗരവമായി എടുത്തില്ല. താത്കാലിക നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കി, കുട്ടികളുടെ എണ്ണം കുറച്ചു. സീറോമലബാര്‍, സീറോമലങ്കര വിഭാഗങ്ങളില്‍ ജനനനിരക്ക് 1.4 ശതമാനംമാത്രമാണ്. ഈ മനോഭാവത്തില്‍ മുമ്പോട്ടു പോയാല്‍ 2031 ആകുമ്പോള്‍ ഇത് ഇനിയും കുറയുമെന്നത് ഗൗരവമായി കാണണം. ”ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍” (ഉല്‍പത്തി 1 :28).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?