Follow Us On

24

November

2024

Sunday

ലൈക്ക്‌

ലൈക്ക്‌

സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

”നിങ്ങള്‍ ഇത് എത്ര ലൈക്കാണ് മാഷേ ദൈവത്തിന് കൊടുക്കുന്നത്? ഓരോ പ്രാര്‍ത്ഥനാ നേരത്തും എത്ര വിശേഷണങ്ങളാണ് നല്‍കുക. പരിശുദ്ധനാണ്, ബലവാനാണ്, മരണമില്ലാത്തവാണ്, അപ്രമേയനാണ്, അവര്‍ണനീയനാണ്, പ്രവൃത്തികള്‍ വിസ്മയനീയമാണ്, അവാച്യവും അഗോചരവുമാണ്… എണ്ണിയാലൊടുങ്ങില്ല (പകുതിയോളം വാക്കുകളുടെ അര്‍ത്ഥം ഇപ്പോള്‍ ദൈവത്തിനുമാത്രമേ അറിയൂ എന്നാണ് തോന്നുന്നത്). ഇതൊരുതരം സുഖിപ്പിച്ചു കാര്യം നേടുന്ന മാതിരിയുണ്ട്. ഏയ്, ദൈവവും കോഴ വാങ്ങുമോ? അതുമാത്രമല്ല സന്ദേഹം. ഏത് അപ്പനാണ് മക്കള്‍ പട്ടിണി കിടക്കുന്നതിലും കഷ്ടപ്പെടുന്നതിലും പ്രീതിപ്പെടുക? ഉപവാസങ്ങളും കുമ്പിട്ട് നമസ്‌ക്കാരങ്ങളുമൊക്കെ ഒരുതരം ഫ്യൂഡലിസ്റ്റ് കാലത്തെ വേ ഓഫ് പ്ലീസിംഗ് ഓര്‍ പണീഷിങ്ങ് പോലെ തോന്നുന്നു! ഇത്തരം സുഖിപ്പിക്കലുകളുടെ ദീര്‍ഘപ്രാര്‍ത്ഥനകളോടും ബദ്ധപ്പാടുകളോടും യോജിക്കാനാവുന്നില്ല. Bcz God is loving, caring and He knows everything, then y shld v?”
ലഭിച്ച എസ്എംഎസിലെ അവസാനത്തെ വരി ഒട്ടും മാറ്റം വരുത്താതെയാണ് ചേര്‍ത്തിരിക്കുന്നത്.

ന്യൂ ജനറേഷന്‍ ചോദ്യകര്‍ത്താവിനെ വിധിക്കാന്‍ വരട്ടെ? ഉറക്കെ ചിന്തിക്കേണ്ടതുണ്ടെന്ന തോന്നല്‍കൊണ്ടാണ് അല്പം പരുഷമായ ഭാഷയുണ്ടെങ്കിലും ചോദ്യം എഡിറ്റ് ചെയ്യാഞ്ഞത്! പരിഭവിക്കരുത്! അവനോട് പറയാന്‍ കുറേ ഉത്തരങ്ങളുണ്ട് കൈവശം. സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള സത്താപരമായ വ്യത്യാസം (ontological difference), ഇവയ്ക്കിടയിലുള്ള അപരിഹാര്യമായ വിടവ് (diastema), സ്രഷ്ടാവിന്റെ അഗ്രാഹ്യത (incomprehensibility of God) എന്നിങ്ങനെ ദൈവശാസ്ത്രപരമായ ചിലതുണ്ട്. ദൈവമേ നീ പരിശുദ്ധനാകുന്നു എന്ന അഭിസംബോധനയിലൂടെ നമ്മുടെ പാപാവസ്ഥയുടെ തിരിച്ചറിവുകള്‍ സാധ്യമാകുന്നു എന്ന മല്പാനച്ചന്റെ ഉത്തരമുണ്ട്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന നാമധേയങ്ങള്‍പോലും മനുഷ്യന്റെ ദൈവാനുഭവത്തിന്റെ പദപ്രയോഗങ്ങള്‍ മാത്രമാണ്. മറിച്ച്, ദൈവസത്ത അതാണ് എന്ന തീര്‍ത്തുപറയല്‍ അല്ല എന്നുള്ള കപ്പദോക്യന്‍ പാഠമുണ്ട്. നമ്മുടെ നേതി നേതി ലൈന്‍ തന്നെ. പ്രശ്‌നമതല്ല. ഇത്ര കടുപ്പത്തിലങ്ങോട്ട് തുടര്‍ന്നാല്‍ അവന്‍ കേട്ടുനില്‍ക്കാന്‍ സാധ്യതയില്ല. പോരാത്തതിന് നിങ്ങളുടെ പള്ളിപ്രസംഗത്തിന്റെ ലാംഗ്വേജ് ഞങ്ങള്‍ക്ക് മനസിലാവില്ലെന്ന പരാതിയും കുറേനാള്‍ മുമ്പേ തുടങ്ങിയതാണ്.

പുതിയ കാലത്തിന്റെ കോര്‍പറേറ്റ് രീതി ശാസ്ത്രങ്ങള്‍ ആത്മീയ പരിസരങ്ങളിലും കലരുന്നതിന്റെ ഒരു ലക്ഷണമായിട്ടാണ് ഈ ചോദ്യം അനുഭവപ്പെട്ടത്. അധികാരവര്‍ഗപ്രീണനനയവും (സുഖിപ്പിച്ച് നിര്‍ത്തലെന്ന് സാധാരണ മലയാളം) അതിനു സ്വീകരിക്കുന്ന അവിഹിത മാര്‍ഗങ്ങളും ദൈവ-മനുഷ്യ ബന്ധത്തിലും ആകാമെന്ന അജ്ഞതയുടെ ഇരുട്ട് പരക്കുന്നുണ്ട്. വെളിച്ചത്തില്‍നിന്നുള്ള വീഴ്ച എക്കാലവും അഹന്തയുടെ പരിണിതിയാണ്. അഹന്തയുടെ വിളംബരവേളയായി നമ്മുടെ ആരാധനകള്‍ മാറുമ്പോള്‍ അവയുടെ സാരം മറക്കുന്നു. അങ്ങനെയവ ‘നിസാര’ സംഗതികളായിത്തീരുന്നു.

എന്താണ് ആരാധനകളിലൂടെ സംഭവിക്കുന്നത്? സത്യത്തില്‍ ഓരോ പ്രാര്‍ത്ഥനകളും നമ്മെ കൂടുതല്‍ വിനീതരാക്കുകയാണ് ചെയ്യേണ്ടത്. നീ ആകാശത്തിലേക്ക് നോക്കുക, ഒരു കടല്‍ത്തീരത്തെത്തുക, താഴ്‌വാരത്തുനിന്ന് പര്‍വതങ്ങളെ കാണുക, ഇവിടെയെല്ലാം നിന്റെ ഉള്ളില്‍ വിസ്മയമുണരുന്നു, ഒപ്പം ഒരവബോധവും. എത്ര ചെറുതാണ് എന്നുതന്നെ. നിസാരതയെയും പരിമിതികളെയുംകുറിച്ച് ഓരോര്‍മപ്പെടുത്തലും ഉണ്ടാവുന്നു. ആകാശങ്ങളും ആകാശങ്ങള്‍ക്ക് മീതെയുള്ള വെള്ളങ്ങളും ഭൂമിയും സമുദ്രവും ദ്വീപുകളും അവയില്‍ കുടിയിരിക്കുന്നവരും പര്‍വതങ്ങളും സകല കുന്നുകളും ഫലവൃക്ഷങ്ങളും ഇങ്ങനെ സകലവും സൃഷ്ടിച്ചവന്റെ മുമ്പാകെ എത്തുമ്പോള്‍ എന്താണ് സംഭവിക്കേണ്ടത്. സത്യത്തില്‍ ഓരോ തവണയും പ്രാര്‍ത്ഥനയ്‌ക്കെത്തുമ്പോള്‍ നാം അഡ്രസ് ചെയ്യുന്നത് infinity യെ തന്നെയാണ്. സഖേ! നിശ്ചയമായും നമ്മുടെ finite nature നെക്കുറിച്ചുള്ള ഒരു ധാരണയാണ് അവിടെ രൂപപ്പെടേണ്ടത്. അഹന്തയുടെ മരണം തുടങ്ങുന്ന നിമിഷം.

പരമനന്മയായും പൂര്‍ണ വിശുദ്ധിയായും നിറസ്‌നേഹമായും അളവറ്റ കരുണയായുമെല്ലാം നിരവധി അപദാനങ്ങള്‍കൊണ്ട് ദൈവത്തെ പാടുന്നു (നിന്റെ ഭാഷയില്‍ സുഖിപ്പിക്കല്‍). വിശ്വാസിയെ സംബന്ധിച്ചിടത്തോളം പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനുമായ ക്രിസ്തുവില്‍ വെളിപ്പെട്ട അനുഭവങ്ങളാണ് പരമസത്യത്തിന്റെ വിശേഷണപദങ്ങളാവുക. ഇത്തരം പ്രാര്‍ത്ഥനകള്‍ നമ്മുടെ ജീവിതത്തിന്റെ അപൂര്‍ണതകളെ ഓര്‍മപ്പെടുത്തുക മാത്രമല്ല, പിന്നെയോ മനുഷ്യപൂര്‍ണിമയിലേക്കുള്ള ഒരു ഭാവുകത്വ പരിണാമസാധ്യതയുടെ ഏറ്റുപറച്ചില്‍കൂടെയാണത്. അന്യായമായി വിധിക്കപ്പെട്ടിട്ടും self defence നു മുതിരാതിരിക്കുക. ഒപ്പം നടന്നവരുടെ ചതിവുകളെ ദീര്‍ഘക്ഷമകൊണ്ട് എതിരിടുക. അഹങ്കാരികളുടെ അവിവേകങ്ങളെ പ്രാര്‍ത്ഥനകൊണ്ട് പ്രതിരോധിക്കുക. തികച്ചും വിപരീതമായ സാഹചര്യങ്ങളില്‍ ഇത്രയും ക്രിയേറ്റീവ് റെസ്‌പോണ്‍സ് കാട്ടിത്തന്ന തമ്പുരാനെയാണ് നാം ആരാധിക്കുക.
എന്തിന്? ഇത് കേവലം പുകഴ്ത്തലല്ല; പിന്നെയോ അവന്റെ ഗുണങ്ങളെ പ്രാക്ടീസ് ചെയ്യാന്‍ വേണ്ടിത്തന്നെയാണ്! പ്രാര്‍ത്ഥനകള്‍ തമ്മിലുളവാകുന്ന ഗുണവര്‍ധനവിനെക്കുറിച്ച് തന്നെയാണ് പറഞ്ഞത്.

അപ്പോള്‍ ദൈര്‍ഘ്യം കൂടിയാലും വലിയ തെറ്റില്ലെന്ന് മനസിലായില്ലേ! അവന്റെ ദിവ്യഭാവങ്ങളെ വാഴ്ത്തിപ്പാടി നാം വീണ്ടും വീണ്ടും ലൈക്ക് ചെയ്യുന്നത് ശരിക്കും അവന്റെ likeness ലേക്ക് വളരുന്നതിനാണ് സഖേ! തിരുവെഴുത്തിന്റെ ഭാഷയില്‍ ‘ to be like Christ or to be with Christ ‘എന്നൊക്കെ പറയാം. പിന്നെ മക്കളെ കഷ്ടപ്പെടുത്തുന്ന അപ്പനെക്കുറിച്ചുള്ള നിന്റെ മനോവിഷമം കേട്ടപ്പോള്‍ ശരിക്കും ദൈവപുത്രനായ മിശിഹായുടെ കഷ്ടാനുഭവങ്ങളെ ധ്യാനിച്ച് മൗനമായിരിക്കുന്നതാണ് നന്നെന്നു കരുതി.

ഇനി പറയുന്നത് പുറത്താരും കേള്‍ക്കണ്ട. നിനക്ക് മനസിലാവാന്‍ നിന്റെ ലാംഗ്വേജില്‍ പറയുന്നു എന്നേയുള്ളൂ. ഉപമിക്കാനേ പറ്റില്ല. എന്നാലും ഗതികേടുകൊണ്ടാണ്. നിനക്കും ചില സ്‌നേഹിതര്‍ക്കും സച്ചിന്‍ തെന്‍ഡുല്‍ക്കറോട് (ഇതുപോലെ പലരോടും) വലിയ ആരാധനയാണല്ലോ. പല രീതിയിലാണ് ഫാന്‍സ് പ്രവര്‍ത്തനങ്ങള്‍. ചിലര്‍ അതേ നമ്പര്‍ ജഴ്‌സി വാങ്ങിയണിയും. ചിലര്‍ ബാറ്റില്‍ എംആര്‍എഫിന്റെ സ്റ്റിക്കര്‍ പതിപ്പിക്കും. വളരെ കുറച്ചുപേര്‍ മാത്രം സച്ചിനെപ്പോലെ പ്രാക്ടീസ് ചെയ്യും. ‘കരിയറോ, ടൂര്‍ണമെന്റോ ഒരു മാച്ചോ അല്ല പിന്നെയോ നേരിടുന്ന ഓരോ പന്തിനെയുമാണ് പ്രധാന ലക്ഷ്യമായി താന്‍ വച്ചത്’ എന്നാണ് ആത്മകഥയില്‍ (Playing It My Way) സച്ചിന്‍ പറയുക.
ശരിക്കും ആയുസിന്റെ ‘ഓരോ നിമിഷങ്ങളെയും’ ഗൗരവത്തിലെടുക്കുവാന്‍ നാമെന്നാണ് പഠിച്ചുതുടങ്ങുക. മിക്കവാറുമൊക്കെ നമ്മുടേത് വെറും വേഷംകെട്ടലാവുന്നു. ചിലനേരം വെറും ഷോ ഓഫുകളും. എത്ര കുറച്ചുപേരാണ് നല്ല പ്രാക്ടീസിനുവേണ്ടി സമര്‍പ്പിക്കുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?