വിയന്ന: ഫ്രാൻസിസ് പാപ്പയും ദലൈ ലാമയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും യുക്രേനിയൻ പ്രിസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയും ഇടംപിടിച്ച ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ മലയാളിയായ കന്യാസ്ത്രീയും. പ്രമുഖ ഓസ്ട്രിയിൻ മാസികയായ ‘ഊം’ (ooom) പ്രസിദ്ധീകരിച്ച ‘ദ വേൾഡ്‌സ് മോസ്റ്റ് ഇൻസ്പയറിംഗ് പീപ്പീൾസ് 2023’ പട്ടികയിലാണ് അശരണരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘മാഹേർ’ ഫൗണ്ടേഷൻ സ്ഥാപകയായ മലയാളി സിസ്റ്റർ ലൂസി കുര്യൻ ഇടം പിടിച്ചത്. വിവിധ രംഗങ്ങളിൽനിന്നുള്ള പ്രമുഖർ ഉൾപ്പെട്ട പട്ടികയിൽ 54-ാം സ്ഥാനത്താണ് സിസ്റ്റർ. 1997ൽ പൂനയിൽ സ്ഥാപിച്ച ‘മാഹേർ’ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2000ൽപ്പരം അശരണർക്ക് അഭയം നൽകുന്ന പ്രസ്ഥാനമാണ്.
‘ഊം’ മാസിക ഇത് ഏഴാം തവണാണ് ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ ആളുകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തെ സ്വാധീനിച്ച വ്യക്തികളെയാണ് മാസിക തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വർഷം ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാരം നേടിയ ഹോളിവുഡ് താരം ജെന്നിഫർ കൂളിഡ്ജാണ് ഒന്നാം സ്ഥാനത്ത്. 40 വയസിനുശേഷം ശ്ര്‌ദ്ധേയമായ നേട്ടം കൈവരിച്ച ഹോളിവുഡിലെ ചുരുക്കം ചില വനിതകളിലൊരാൾ എന്ന വിശേഷണത്തോടെയാണ് ജെന്നിഫറിനെ തിരഞ്ഞെടുത്തത്.
തന്റെ സഹായ സംഘടനയായ മഹേറിനൊപ്പം ആയിരക്കണക്കിന് കുട്ടികളെ തെരുവിൽനിന്ന് കരകയറ്റിയ സിസ്റ്റർ ലൂസി കുര്യനെ ആധുനിക ലോകത്തിന്റെ നായിക എന്ന വിശേഷണത്തോടെയായാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ ചൂഷണങ്ങൾക്ക് ഇരയായ സ്ത്രീകളെ സഹായിക്കാൻ ഹോളി ക്രോസ് കോൺവെന്റിലെ സിസ്റ്റർ നോയിലിൻ പിന്റോ സ്ഥാപിച്ച ‘ഹോപ്’ എന്ന സംഘടനയുമായി ചേർന്നി പ്രവർത്തിച്ച സിസ്റ്റർ 1997ലാണ് ‘മാഹേറി’ന് രൂപം നൽകിയത്. ജാതിമതകക്ഷിരാഷ്ട്രീയ ചിന്തകൾക്കതീതമായ സർവമത സ്‌നേഹസേവന സംരംഭമാണ് ‘മാഹേർ’.
കണ്ണൂർ കോളയാട് വകചാലിൽ കുര്യൻ മറിയക്കുട്ടി ദമ്പതികളുടെ മകളായി 1955 സെപ്റ്റംബർ 10നാണ് ജനനം. 1977ൽ ഹോളിക്രോസ് സന്യാസിനി സഭയിൽ ചേർന്നു. 1980ലായിരുന്നു വ്രതവാഗ്ദാനം. ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ‘നാരി ശക്തി പുരസ്‌കാര’ത്തിന് 2016ൽ അർഹയായത് സിസ്റ്റർ ലൂസി കുര്യനായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *