Follow Us On

24

November

2024

Sunday

മണിപ്പൂരില്‍ എന്താണ് സംഭവിച്ചത്‌

മണിപ്പൂരില്‍ എന്താണ് സംഭവിച്ചത്‌

ഇംഫാല്‍: അനേകര്‍ വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടു നേടിയ സമ്പാദ്യം ഒരു നിമിഷംകൊണ്ട് ഇല്ലാതാകുന്ന രംഗങ്ങള്‍ക്കാണ് ഫാ. ജോര്‍ജ് തോട്ടപ്പിള്ളി എസ്ഡിബി സാക്ഷിയായത്. വിശ്വാസത്തിന്റെ പ്രതീകങ്ങളായ ദൈവാലയങ്ങള്‍ ഏതാണ്ട് കണ്‍മുമ്പില്‍ എന്നപോലെ തകര്‍ക്കപ്പെട്ടു. ആറു വര്‍ഷമായി ഇംഫാലില്‍ ശുശ്രൂഷ ചെയ്യുന്ന സലേഷ്യന്‍ സഭാംഗമായ ഫാ. ജോര്‍ജ് ഇംഫാല്‍ ഹോളി ട്രിനിറ്റി ദൈവാലയ വികാരിയും കാലടി, മാണിക്കമംഗലം സ്വദേശിയുമാണ്. ഫാ. ജോര്‍ജിന്റെ ഇടവകയില്‍ ഒരു സ്റ്റേഷന്‍പള്ളി നശിപ്പിച്ചു. ഇംഫാലിന്റെ പരിസരങ്ങളില്‍മാത്രം 14 ദൈവാലയങ്ങളും പാസ്റ്ററല്‍ ട്രെയിനിംഗ് സെന്ററും തകര്‍ത്തത് തനിക്ക് അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വീട്ടിലെ അമ്മയെയും രണ്ട് പെണ്‍മക്കളെയും അക്രമികള്‍ കൊന്നു. അക്രമികള്‍ എത്തുന്നതിനുമുമ്പ് കുടുംബത്തിലെ രണ്ട് പുരുഷന്മാര്‍ രക്ഷപ്പെട്ടിരുന്നു. സ്ത്രീകളെ സംരക്ഷിക്കാമെന്നു മെയ്‌തേയി വിഭാഗത്തില്‍പ്പെട്ട അയല്‍ക്കാര്‍ ഉറപ്പുനല്‍കിയതുകൊണ്ടാണ് അവര്‍ പോയത്. എന്നാല്‍ നൂറുകണക്കിനുവരുന്ന അക്രമകാരികളില്‍നിന്നും അവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അക്രമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് പലര്‍ക്കും നല്‍കിയത് മെയ്‌തേയി വിഭാഗങ്ങളില്‍പ്പെട്ട അയല്‍ക്കാരായിരുന്നു. വ്യത്യസ്ത വിഭാഗങ്ങളാണെങ്കിലും എല്ലാവരും തമ്മില്‍ സ്‌നേഹത്തിലാണ് ജീവിച്ചിരുന്നത്. പുറമേ നിന്ന് എത്തിയവരാണ് അക്രമങ്ങള്‍ നടത്തിയത്. അക്രമികള്‍ എത്തുന്ന വിവരം അറിഞ്ഞ് അനേകര്‍ കയ്യില്‍ കിട്ടിയതുമായി രക്ഷപ്പെട്ടു.

തലസ്ഥാന നഗരമായ ഇംഫാലില്‍നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള സുരക്ഷണ്‍പൂരില്‍ നടന്ന റാലിയില്‍ കുക്കി-മെയ്‌തേയി ട്രൈബലുകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെതുടര്‍ന്ന് ഗവണ്‍മെന്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മെയ്‌തേയി വിഭാഗത്തില്‍പ്പെട്ട കുറെപ്പേര്‍ പലഭാഗങ്ങളില്‍നിന്നായി സംഘടിച്ച് എത്തി ഇംഫാലിലും പരിസര പ്രദേശങ്ങളിലുമുള്ള കുക്കികളുടെ ഭവനങ്ങള്‍ തിരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നു.
കുക്കികള്‍ക്ക് ഭൂരിപക്ഷമുള്ള ഹില്‍ ഏരിയായിലേക്ക് അക്രമം വ്യാപിച്ചതുമില്ല. ഇംഫാല്‍ നഗരത്തിന്റെ പല ഭാഗങ്ങളിലായി താമസിക്കുന്ന കുക്കികളാണ് അക്രമങ്ങള്‍ക്ക് ഇരകളായത്. കുക്കി ട്രൈബലുകള്‍ പൂര്‍ണമായി ക്രൈസ്തവരാണ്. ഗവണ്‍മെന്റ്- സ്വകാര്യ മേഖലകളില്‍ ജോലിക്കായി എത്തിയവരാണ് ഇംഫാലിലെ കുക്കികള്‍.

കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും കലാപകാരികള്‍ കൂട്ടംകൂടുന്നതു തടയാനോ അവരെ പിന്തിരിപ്പിക്കാനോ പോലീസോ പട്ടാളമോ ഉണ്ടായിരുന്നില്ലെന്ന് ഫാ. ജോര്‍ജ് പറഞ്ഞു. കൃത്യമായ മുന്നൊരുക്കം നടത്തിയെന്ന തോന്നല്‍ ഉളവാക്കുന്ന രീതിയില്‍ തോക്കും വടിവാളും കത്തിയും വടികളുമായി നഗരത്തിന്റെ പലഭാഗങ്ങളില്‍ ഒരേസമയം അക്രമികളെത്തി. പട്ടാള ക്യാമ്പുകളില്‍ അഭയംതേടിയവരുടെ വാഹനങ്ങള്‍ അകത്തേക്ക് പ്രവേശിപ്പിക്കാത്തതിനാല്‍ ഗെയിറ്റിനു പുറത്താണ് പാര്‍ക്കുചെയ്തിരുന്നത്. കലാപകാരികള്‍ അവയ്‌ക്കെല്ലാം തീവച്ചു. നൂറുകണക്കിന് കാറുകളും ടൂവീലറുകളും കത്തിനശിച്ചു.

ക്യാമ്പിന് മുമ്പില്‍ നടന്ന അക്രമങ്ങള്‍ തടയാന്‍പോലുമുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല. കുക്കികളുടെ വീടുകളില്‍നിന്ന് ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, കട്ടിലുകള്‍ തുടങ്ങിയവ ലോറികളില്‍ കയറ്റി കൊണ്ടുപോയി. അല്ലാത്ത സ്ഥലങ്ങളില്‍ അവയെല്ലാം കൂട്ടിയിട്ട് വീടിന് തീവച്ചു. മുറ്റത്തുണ്ടായിരുന്ന വാഹനങ്ങളും കത്തിച്ചു.
ഇംഫാലില്‍നിന്നും ഓടിപ്പോയവരുടെ ഭാവിയെപ്പറ്റി ഞങ്ങളും ആലോചിക്കുകയാണെന്ന് ഫാ. ജോര്‍ജ് പറഞ്ഞു. തിരികെ വന്നാല്‍ താമസിക്കാന്‍ വീടുകളില്ല. സമ്പാദ്യങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. തിരിച്ചെത്തിയില്ലെങ്കില്‍ അവരുടെ ജോലിയും നഷ്ടപ്പെടും. എല്ലാവരുടെയും മനസുകളില്‍ ഭയവും ആശങ്കകളുമാണെന്ന് ഫാ. ജോര്‍ജ് സണ്‍ഡേ ശാലോമിനോട് പറഞ്ഞു.

മൃതദേഹവുമായി പോയ ആംബുലന്‍സിന് തീവച്ചു

ഗോഹത്തി: കുടുംബത്തിന്റെ സര്‍വ സമ്പാദ്യവും നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് കുക്കി വംശജയും ഗോഹത്തി ഡോണ്‍ ബോസ്‌കോ സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയുമായ അനുന്‍ ഹോയപിക്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കവര്‍ന്ന കലാപകാരികള്‍ അവസാനം വീട്ടിലെ ചെടിച്ചട്ടികള്‍വരെ തകര്‍ത്തിട്ടാണ് മടങ്ങിയത്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ജീവന്‍ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിലാണ് താനെന്ന് അനുന്‍ സണ്‍ഡേ ശാലോമിനോടു പറഞ്ഞു.

60 -70 പേരടങ്ങുന്ന കലാപകാരികളുടെ സംഘമാണ് തീപ്പന്തങ്ങള്‍ ഉയര്‍ത്തി ആയുധങ്ങളുമായി അവരുടെ ഭവനത്തില്‍ എത്തിയത്. പുറത്തിറങ്ങിയില്ലെങ്കില്‍ ആളുകളെ ഉള്‍പ്പെടെ കത്തിക്കുമെന്ന് അവര്‍ ആക്രോശിച്ചു. അനുന്റെ മാതാപിതാക്കളും സഹോദരങ്ങളും വീടിന്റെ പിന്‍വാതിലിലൂടെ ഇറങ്ങിയോടി പട്ടാള ക്യാമ്പില്‍ അഭയം തേടി. ക്യാമ്പില്‍നിന്ന് പുറത്തിറങ്ങിയാല്‍ കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ട് കലാപകാരികള്‍ ക്യാമ്പിന് പുറത്തുപോലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമം ഭയന്ന് പ്രദേശത്തുള്ള കുക്കികള്‍ വീടുപേക്ഷിച്ചു പോയി. പോകാന്‍ മടിച്ച ഒരു വൃദ്ധനെ അക്രമികള്‍ വധിച്ചു. മുഖ്യമന്ത്രിയെ കണ്ട് സഹായം അഭ്യര്‍ത്ഥിക്കാന്‍ പോയ എംഎല്‍എ തിരിച്ചു വരുന്ന വഴിക്ക് അക്രമത്തിനിരയായി.

കുക്കികളുടെ വീടുകള്‍ മെയ്‌തേയികള്‍ കയ്യേറിയതായും അനുന്‍ പറഞ്ഞു. മൃതദേഹവുമായി പോവുകയായിരുന്ന ആംബുലന്‍സ് തടഞ്ഞ അക്രമികള്‍ ആംബുലന്‍സിലുണ്ടായിരുന്നവരെ വലിച്ച് പുറത്തിട്ട് ആംബുലന്‍സ് കത്തിച്ചു. അവിടെനിന്ന് ഓടുന്നതിനിടയില്‍ കൂട്ടം തെറ്റിപ്പോയ ഒരു സ്ത്രീ പട്ടാള ക്യാമ്പില്‍ അഭയം തേടുകയായിരുന്നു. പിന്നീട് അവരുടെ ഭര്‍ത്താവിനെ കലാപകാരികള്‍ വധിച്ചു. മറ്റു സമുദായങ്ങള്‍ രഹസ്യമായി സഹായിക്കുന്നുണ്ടെങ്കിലും ആര്‍ക്കും തങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ധൈര്യമില്ലാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് അനുന്‍ ഹോയപിക് പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?