കട്ടപ്പന: കാട്ടുകോഴിക്കുള്ള സംരക്ഷണവും പരിഗണനയുംപോലും മലയോരമേഖലയിലെ ജനങ്ങള്‍ക്കില്ലെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. വെള്ളയാംകുടിയില്‍ നടന്ന ഇടുക്കി രൂപതയിലെ മതാധ്യാപക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയും മലബാറും സമാന സ്വഭാവമുള്ള പ്രദേശങ്ങളാണ്. രണ്ടിടത്തുമുള്ള സാമൂഹിക പ്രശ്‌നങ്ങളും ഒന്നുതന്നെയാണ്.
വന്യമൃഗ ശല്യംകൊണ്ട് കര്‍ഷകര്‍ക്ക് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയിലായപ്പോഴും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നികുതി വര്‍ധനവിലൂടെ ജനങ്ങളുടെമേല്‍ തേര്‍വാഴ്ച നടത്തുകയാണെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരോടാണ് മാധ്യമങ്ങള്‍ക്ക് താത്പര്യം. 22 മലയാളം സിനിമകളിലാണ് വിശുദ്ധ കുമ്പസാരത്തെ വികലമായി ചിത്രീകരിച്ചിരിക്കുന്നത്. ഇതെല്ലാം ബോധപൂര്‍വ്വം സഭയെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്. ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ സഭയെ തളര്‍ത്താനാവില്ലെന്ന് മുന്‍കാല അനുഭവങ്ങള്‍ പഠിക്കുന്നവര്‍ക്ക് വ്യക്തമാകുമെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
സമാപന സമ്മേളനത്തില്‍ ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷനായിരുന്നു. 25 വര്‍ഷം പൂര്‍ത്തിയാക്കിയ മതാധ്യാപകരെ സമ്മേളനത്തില്‍ ആദരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *