ജാക്വിലിന്‍ ടോണി
ഫ്രാന്‍സിലെ പാരലമോണിയയിലെ വിസിറ്റേഷന്‍ സഭാംഗമായിരുന്ന മര്‍ഗരീത്ത മറിയം അലക്കോക്ക് പുണ്യവതിക്ക് 1673 മുതല്‍ 1675 വരെയുള്ള കാലഘട്ടത്തില്‍ ഈശോയുടെ തിരുഹൃദയം പ്രത്യക്ഷമായി. ഇന്ന് നാം വീടുകളില്‍ വണങ്ങുന്ന തിരുഹൃദയത്തിന്റെ ചിത്രം രൂപപ്പെട്ടത് വിശുദ്ധ മര്‍ഗരീത്തയുടെ വിവരണം അനുസരിച്ചാണ്. 1856 ല്‍ പീയൂസ് ഒമ്പതാമന്‍ പാപ്പയാണ് തിരുഹൃദയ തിരുനാള്‍ സാര്‍വത്രിക സഭ മുഴുവന്‍ ആഘോഷിക്കുന്ന തിരുനാളായി ഉയര്‍ത്തിയത്.
ഈശോയ്ക്ക് മനുഷ്യരോടുള്ള കത്തിജ്വലിക്കുന്ന സ്‌നേഹമാണ് തിരുഹൃദയ ഭക്തിയുടെ വിഷയം. അവിടുത്തെ തിരുഹൃദയ ചിത്രത്തെ ഒന്ന് സൂക്ഷിച്ചു നോക്കൂ… മുള്ളുകളാല്‍ ചുറ്റപ്പെട്ട, കുരിശിനാല്‍ മുദ്ര ചെയ്യപ്പെട്ട, കത്തിജ്വലിക്കുന്ന ഒരു ഹൃദയം. ആ ഹൃദയത്തില്‍ ആഴത്തിലുള്ള ഒരു മുറിവ് കാണാം. വലതു കരംകൊണ്ട് ഈശോ അനുഗ്രഹം ചൊരിയുന്നു. ഇടതുകൈയുടെ ചൂണ്ടുവിരല്‍ ഈശോയുടെ ഹൃദയത്തില്‍ തൊട്ടിരിക്കുന്നു. ‘ഇതാ നോക്ക്, നിന്നോടുള്ള സ്‌നേഹത്താല്‍ എരിയുന്ന എന്റെ മുറിവേറ്റ ഹൃദയം’ എന്നു അവിടുന്ന് പറയുന്നതുപോലെ തോന്നും.
നൂറ്റാണ്ടുകളായി നമ്മുടെ കുടുംബങ്ങളില്‍ തിരുഹൃദയ ഭക്തി ആചരിച്ചു പോരുന്നു. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു. കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും (1 സാമു 16: 7). ഈശോയുടെ തിരുഹൃദയത്തിലെ ചില ഭാവങ്ങളെക്കുറിച്ച് ചിന്തിക്കാം.
ആശ്വസിപ്പിക്കുന്ന ഹൃദയം
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം (മത്താ. 11:28).
താന്‍ സ്വന്തമെന്ന് കരുതി സ്‌നേഹിക്കുന്നവര്‍ വേദനിക്കുമ്പോള്‍,കഷ്ടപ്പെടുമ്പോള്‍, ബുദ്ധിമുട്ടുമ്പോള്‍ അവരോടൊപ്പം കൂടെവേദനിക്കുന്ന ഈശോ നമ്മെ ആശ്വസിപ്പിക്കാനായി കാത്തുനില്‍ക്കുന്ന ദൈവമാണ്. ഹൃദയഭാരം വര്‍ധിക്കുമ്പോള്‍ എല്ലാ ലൈറ്റുകളും അണച്ച് ഈശോയുടെ തിരുഹൃദയ ചിത്രത്തിനു മുന്നില്‍ ഒരു മെഴുകുതിരി കത്തിച്ച് ആ നുറുങ്ങു വെട്ടത്തില്‍ തിരുഹൃദയത്തിലേക്ക് നോക്കി അല്‍പനേരം ഇരുന്നു നോക്കൂ.. നമ്മുടെ ഭാരങ്ങളെല്ലാം അലിഞ്ഞില്ലാതാകുന്നത് കാണാം. നാം ആശ്വസിപ്പിക്കപ്പെടുന്നത് നമുക്ക് തിരിച്ചറിയാനാകും.
ഈശോയുടെ തിരുഹൃദയമേ, അങ്ങയുടെ ഹൃദയത്തില്‍ അഭയം നല്‍കി എന്നെ ആശ്വസിപ്പിക്കേണമേ.
കരുണാര്‍ദ്ര ഹൃദയം
നിങ്ങളുടെ പിതാവ് കരുണയുള്ളവന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ (ലൂക്കാ 6:36).
ഈശോയുടെ തിരുഹൃദയത്തില്‍ നിന്നും ഒഴുകിയിറങ്ങുന്ന കരുണ വാക്കുകളില്‍ ഒതുക്കാനാവില്ല. ലാസറിനെ ഉയര്‍പ്പിച്ചതും രോഗികളെ സുഖപ്പെടുത്തിയതും അന്ധര്‍ക്കും മുടന്തര്‍ക്കും സൗഖ്യം നല്‍കിയതും അപ്പം വര്‍ധിപ്പിച്ചതും, എന്നും നമ്മോട് കൂടെ ആയിരിക്കാന്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതും മനുഷ്യര്‍ക്കുവേണ്ടി കുരിശില്‍ മരിച്ചതുമെല്ലാം ആ കരുണയാണ്. മരണശേഷംതന്റെ പാര്‍ശ്വത്തില്‍ കുത്തിയ പട്ടാളക്കാരന്റെ കണ്ണിനു സൗഖ്യം നല്‍കിയത് അവിടുത്തെ നിസീമമായ കരുണയല്ലാതെ മറ്റെന്താണ്? ലോകത്തിനു മുഴുവന്‍ തന്റെ കരുണയുള്ള തിരുഹൃദയം കാണിച്ചു കൊടുത്തുകൊണ്ട്, വിശുദ്ധ ഫൗസ്റ്റീനയിലൂടെയും ഈശോ തന്റെ കരുണാര്‍ദ്ര ഹൃദയത്തിലേക്ക് നമ്മെ ക്ഷണിച്ച് കാത്തിരിക്കുന്നു.
ഈശോയുടെ തിരുഹൃദയത്തില്‍നിന്നും ഞങ്ങള്‍ക്ക് വേണ്ടി കാരുണ്യ സ്രോതസായി ഒഴുകിയിറങ്ങുന്ന തിരുരക്തമേ, തിരുജലമേ, ഞങ്ങള്‍ അങ്ങില്‍ ശരണപ്പെടുന്നു എന്ന് വി.ഫൗസ്റ്റീനയോടു ചേര്‍ന്ന് നമക്കും പ്രാര്‍ത്ഥിക്കാം.
തീക്ഷ്ണതയുള്ളവരാക്കുന്ന ഹൃദയം
സകല ജനതകള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനാലയം എന്ന് വിളിക്കപ്പെടേണ്ട കര്‍ത്താവിന്റെ ഭവനം കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയതില്‍ വേദനിച്ച് ഈശോ ചാട്ടവാറെടുത്ത് ദൈവാലയം ശുദ്ധീകരിക്കുന്ന രംഗം സുവിശേഷത്തിലുണ്ട്. ദൈവത്തിന്റെ ആലയമായ നമ്മുടെ ഹൃദയത്തില്‍ ഈശോക്ക് ഹിതകരമല്ലാത്തതെല്ലാം അവിടുത്തെ തിരുഹൃദയത്തിലെ സ്‌നേഹാഗ്‌നിയില്‍ ദഹിപ്പിച്ചുകളയണം. നമ്മുടെ ഹൃദയവും ത്രിതൈ്വക ദൈവത്തോടുള്ള സ്‌നേഹത്താല്‍ ചൂടുപിടിക്കട്ടെ. എന്റെ മേലുള്ള സ്‌നേഹത്താല്‍ എരിയുന്ന ഈശോയുടെ ദിവ്യഹൃദയമേ, അങ്ങയോടുള്ള സ്‌നേഹത്താല്‍ എരിയുന്ന ഒരു ഹൃദയം എനിക്ക് നല്‍കണമേ.
ദാഹം ശമിപ്പിക്കുന്ന ഹൃദയം
ദാഹിക്കുന്ന ഏതൊരാളും എന്റെ അടുക്കല്‍ വന്ന് കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവരുടെ ഉള്ളില്‍ നിന്നും, തിരുവെഴുത്തില്‍ പറയുന്നതുപോലെ ജീവ ജലത്തിന്റെ നദികള്‍ ഒഴുകും (യോഹ 7:37-38).
താന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ലെന്ന് സമരിയാക്കാരി സ്ത്രീയോട് പറഞ്ഞ ഈശോ, അവിടുത്തെ പക്കല്‍നിന്നും ദാഹജലം സ്വീകരിക്കാന്‍ ഓരോരുത്തരെയും ക്ഷണിക്കുന്നുണ്ട്. നമ്മുടെ ഹൃദയത്തില്‍ നിന്നും ആത്മാവിന്റെ ഫലങ്ങളായ സ്‌നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവ അനുദിനം പുറപ്പെടുവിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു.
ഓ, ഈശോയുടെ തിരുഹൃദയമേ,ലോകത്തിനു വേണ്ടിയല്ല, അങ്ങേയ്ക്ക് വേണ്ടി ദാഹിക്കുന്ന ഒരു ഹൃദയം എനിക്ക് നല്‍കണമേ.
ഈ തിരുഹൃദയ മാസത്തില്‍ തിരുഹൃദയ ജപമാല ചൊല്ലുന്നത് ശീലമാക്കാം. തിരുഹൃദയത്തോടുള്ള ഭക്തിയില്‍ അനുദിനം വളരാം.
നമുക്കു പ്രാര്‍ത്ഥിക്കാം: ‘ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ അങ്ങ് എന്റെ സ്‌നേഹമായിരിക്കണമേ.’
Leave a Comment
Your email address will not be published. Required fields are marked with *