Follow Us On

22

December

2024

Sunday

കാട്ടുനീതിക്കെതിരെ ശബ്ദമുയര്‍ത്തുക!

കാട്ടുനീതിക്കെതിരെ  ശബ്ദമുയര്‍ത്തുക!

കെ.ജെ മാത്യു
(മാനേജിങ് എഡിറ്റര്‍)

”എല്ലാ മൃഗങ്ങളും തുല്യരാണ്, എന്നാല്‍ ചില മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ്”, സ്വേച്ഛാധിപത്യത്തിനെതിരെ ഒളിയമ്പ് എയ്യുന്ന പരിഹാസച്ചുവയുള്ള ഈ പ്രസ്താവന പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വലിന്റേതാണ്. ഇതിന് വര്‍ത്തമാനകാല സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തിയുണ്ടെന്ന് തോന്നും കാര്യങ്ങളുടെ പോക്കുകണ്ടാല്‍. മനുഷ്യനും മൃഗങ്ങളും തുല്യരാണ്, എന്നാല്‍ മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ് – ഇതാണ് ഇന്നത്തെ നീതി. മനുഷ്യരെ മൃഗങ്ങള്‍ കൊന്നാല്‍ വലിയ കുഴപ്പമില്ല. എന്നാല്‍ മൃഗങ്ങളെ കൊല്ലുന്നത് വലിയ അപരാധമാണ്! മനുഷ്യജീവനുകള്‍ കൊമ്പില്‍ കോര്‍ത്ത കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലുവാന്‍ കളക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ കാട്ടുപോത്തിനെ മയക്കുവെടിവച്ച് മയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. മൃഗസംരക്ഷണത്തില്‍ അത്യന്തം ശുഷ്‌കാന്തിയുള്ള വനംവകുപ്പുപോലെ മനുഷ്യന്റെ കാര്യത്തില്‍ അല്പമെങ്കിലും ജാഗ്രതയുള്ള ഒരു ‘മനുഷ്യവകുപ്പ്’ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആരും ആശിച്ചുപോകും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ കാണുമ്പോള്‍.

ഈ സാഹചര്യത്തില്‍ അധികമൊന്നും മാധ്യമശ്രദ്ധ ആകര്‍ഷിക്കാത്ത ഒരു സുപ്രധാനമായ സുപ്രീംകോടതിവിധി ശ്രദ്ധയില്‍പ്പെടുത്തുവാന്‍ മാത്രമാണ് ഇതെഴുതുന്നത്. മനുഷ്യര്‍ക്കുള്ളതുപോലെ മൃഗങ്ങള്‍ക്ക് മൗലികാവകാശങ്ങള്‍ ഉള്ളതായി ഭരണഘടന അംഗീകരിക്കുന്നില്ലെന്നാണ് ആ വിധി. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റേതാണ് ഈ വിധി എന്നതിനാല്‍ ഇത് വളരെ നിര്‍ണായകമായ ഒന്നുതന്നെ. വ്യക്തികള്‍ക്കെന്നതുപോലെ തുല്യതാ അവകാശവും മൃഗങ്ങള്‍ക്ക് നല്‍കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. മൃഗങ്ങള്‍ക്ക് നിയമാവകാശങ്ങള്‍പോലെ മൗലികാവകാശങ്ങളുണ്ടെന്നുള്ള ഹര്‍ജിക്കാരുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല (മാതൃഭൂമി മെയ് 22, പേജ് 4). അധികാരികളുടെ കണ്ണ് തുറപ്പിക്കുവാന്‍ ഈ വിധിക്ക് സാധിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

മനുഷ്യരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് തടസമായതിനാല്‍ അത് നിയന്ത്രിക്കണമെന്ന് ശക്തമായി വാദിക്കുന്ന ബുദ്ധിജീവികള്‍ എന്തുകൊണ്ട് മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്ന കാര്യത്തില്‍ മൗനം പാലിക്കുന്നു? കാടിന് ഉള്‍ക്കൊള്ളുവാന്‍ പറ്റാത്തവിധത്തില്‍ മൃഗസംഖ്യ വര്‍ധിച്ചാല്‍ മേല്‍പറഞ്ഞ വിനാശങ്ങളൊക്കെ സംഭവിക്കും. പ്രശസ്ത ഇംഗ്ലീഷ് ദിനപത്രമായ ‘ദ ഹിന്ദു’വില്‍ വന്ന ഒരു നിരീക്ഷണം ഉദ്ധരിക്കട്ടെ. ”ഈ വക മൃഗങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതുകൊണ്ട് അവ മനുഷ്യസങ്കേതങ്ങളിലേക്ക് കാടുവിട്ട് ഇറങ്ങുവാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ചില വന്യജീവി വിദഗ്ധന്മാര്‍ അഭിപ്രായപ്പെടുന്നു” (ദ ഹിന്ദു, മെയ് 26, പേജ് 2).

മനുഷ്യരുടെ എണ്ണം നിയന്ത്രിക്കാമെങ്കില്‍ മൃഗങ്ങളുടെ എണ്ണവും നിയന്ത്രിക്കാം, നിയന്ത്രിച്ചേ തീരൂ. ക്രമാതീതമായി പെറ്റുപെരുകുന്ന മൃഗങ്ങളെ, ദേശീയ മൃഗങ്ങളെപ്പോലും വെടിവെച്ച് കൊന്ന് സന്തുലിതാവസ്ഥ സ്ഥാപിക്കുവാന്‍ പല വികസിത രാജ്യങ്ങളും തീരുമാനമെടുത്തിട്ടുണ്ട്. എന്തുകൊണ്ട് ഇത് നമ്മുടെ രാജ്യത്ത് നടപ്പാക്കുവാന്‍ സാധിക്കുന്നില്ല? കുടുംബനാഥന്മാര്‍ നഷ്ടപ്പെട്ട് നിരാലംബരായിത്തീര്‍ന്ന കുടുംബങ്ങളുടെ കണ്ണുനീര്‍ കാണുവാന്‍ ഇവിടെ ആരുമില്ലേ? പെറ്റുപെരുകുന്ന പന്നികളും കുരങ്ങന്മാരുമൊക്കെ നാട്ടിലിറങ്ങി പാവപ്പെട്ട കര്‍ഷകര്‍ ചോര നീരാക്കി വളര്‍ത്തുന്ന വിളകള്‍ നിഷ്‌ക്കരുണം നശിപ്പിക്കുന്നു. അവന്റെ നെടുവീര്‍പ്പും രോദനങ്ങളും ആരു കേള്‍ക്കാന്‍!

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലിനെ സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കുന്നവര്‍ ഇക്കാര്യത്തില്‍ അദ്ദേഹം പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുന്നില്ല എന്നത് വളരെ വിചിത്രംതന്നെ. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതാ: ”ഒരു കള്ളന്‍ നിങ്ങളുടെ വീട്ടില്‍ അതിക്രമിച്ച് കയറി ജീവനു ഭീഷണിയായാല്‍ പ്രതിരോധത്തിന്റെ ഭാഗമായി അയാളെ കൊന്നാലും നിയമം നമ്മെ ശിക്ഷിക്കില്ല. എന്നാല്‍, കടുവയോ കാട്ടുപന്നിയോ നിങ്ങളുടെ കൃഷി നശിപ്പിച്ചാലും ജീവനു ഭീഷണിയായാലും ഒന്നും ചെയ്യാനാകില്ല. എന്തൊരു നിയമമാണ് ഇതൊക്കെ?” (ദീപിക, മെയ് 20, പേജ് 1).

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍പോലും തള്ളിപ്പറയുന്ന ഈ കാട്ടുനിയമങ്ങള്‍ നിലനിര്‍ത്തുന്നത് ആര്‍ക്കുവേണ്ടിയാണ്? ആരാണ് ഇതിന്റെ പിന്നില്‍? പൊതുജനങ്ങള്‍ക്ക് ഇതൊക്കെ അറിയാനുള്ള ആഗ്രഹവും അവകാശവുമുണ്ട്. ഇത്തരത്തിലുള്ള മനുഷ്യവിരുദ്ധ നിയമങ്ങള്‍ക്കെതിരെ ശക്തവും വ്യാപകവുമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. നിസഹായരായ ജനങ്ങളുടെ പ്രതിഷേധ കൊടുങ്കാറ്റില്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണ ഭരണസംവിധാനങ്ങളുടെയും നിയമങ്ങളുടെയും നേര്‍ചിത്രങ്ങള്‍ നമ്മുടെ മുമ്പില്‍ അനേകമുണ്ടല്ലോ.

അവിടംകൊണ്ടുമാത്രം നിര്‍ത്തരുത്. മനുഷ്യനെ മൃഗങ്ങളുടെ അടിമത്തത്തിലേക്ക് നയിച്ച് അവന്റെ ജീവിതത്തെയും ജീവനെത്തന്നെയും പ്രതിസന്ധിയിലാക്കുന്ന ഇത്തരം നിയമങ്ങള്‍ക്കെതിരെ ശക്തമായ ആത്മീയമുന്നേറ്റം വേണം. മലകള്‍ നിരപ്പാക്കുവാനും പിച്ചളവാതിലുകള്‍ തകര്‍ക്കുവാനും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുവാനും സാധിക്കുന്ന സര്‍വശക്തനായ കര്‍ത്താവിന്റെ തിരുസന്നിധിയില്‍ എളിമയോടെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കണം. എങ്കില്‍ കാര്യങ്ങള്‍ക്ക് എളുപ്പത്തില്‍ തീര്‍പ്പുണ്ടാവും, തീര്‍ച്ചതന്നെ.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?