മാത്യു സൈമണ്‍
ചായ കുടിക്കാന്‍ അല്‍പം വെള്ളം ചേര്‍ത്ത് പാല്‍ അടുപ്പത്ത് വച്ചാല്‍ പെട്ടെന്നങ്ങ് തിളച്ച് പൊങ്ങി അടുപ്പില്‍ വീഴുമെന്ന് പേടി ക്കണ്ട. നമ്മുടെ സ്വന്തം പാല്‍കമ്പനി വിലയില്‍ ഒട്ടും മാറ്റം വരുത്താതെ പുതിയ കവറില്‍ ഇറക്കിയ പാലിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി പലതരം പാല്‍പായ്ക്കറ്റുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമായതിനാല്‍ അത്തരം എന്തെങ്കിലും കണ്ടുപിടുത്തമായിരിക്കും എന്നാണ് വിചാരിച്ചത്. പക്ഷേ അതല്ല കളി. പാലിന്റെ കൊഴുപ്പ് കുറച്ച് വളരെ നേര്‍ത്തതാക്കിയിരിക്കുന്നു. എങ്ങനെ സാധിക്കുന്നു ഈ ക ണ്ടുപിടുത്തമൊക്കെ! സമ്മതിക്കണം. ഒരു കവര്‍ പാലുകൊണ്ട് എത്ര ചായ യെടുക്കാം എന്ന കണക്കൊക്കെ തെറ്റി. ഇനി വെള്ളം ചേര്‍ത്ത് മയപ്പെടുത്തേണ്ട കാര്യമില്ല, പാല്‍ അപ്പാടെ തിള പ്പിച്ചങ്ങ് കുടിക്കാം. ആഹാ, അന്തസ്. പെട്ടെന്ന് ജീവിതനിലവാരം ഉയര്‍ന്നപോലെ!
പാലില്‍ ഈ വിദ്യ ഇപ്പോഴാണ് തുടങ്ങിയതെന്ന് തോന്നുന്നു. എന്നാല്‍ പ്രമുഖ കമ്പനികള്‍ ഉത്പാദിപ്പിച്ച് പായ്ക്കറ്റിലാക്കി വില്‍ക്കുന്ന ഒട്ടുമിക്ക എല്ലാ സാധനത്തിനും ഇത് കുറച്ച് നേരത്തെ തന്നെ തുടങ്ങിയിരുന്നു. വില കൂടുകയും തൂക്കം കുറയുകയും ചെയ്യുന്ന പ്രതിഭാസവും പല പായ്ക്കറ്റിലും കാണാം. എന്തുചെയ്യാനാ, കുത്തക മുതലാളിമാര്‍ക്ക് പിടിച്ചുനില്‍ക്കണ്ടേ! അടിക്കടി ഉണ്ടാകുന്ന സാധനങ്ങളുടെ ഈ വിലവര്‍ദ്ധനവില്‍ സര്‍ക്കാരുകള്‍ക്ക് ഒരു നിയന്ത്രണവുമില്ലേ?
കോവിഡ്, റഷ്യ-യുക്രെയ്ന്‍ യുദ്ധം അങ്ങനെ വില കൂടാന്‍ കാരണങ്ങള്‍ പലതാണ് പറയുന്നത്. എന്നാലും ഇന്ധന വിലവര്‍ദ്ധനവ് തന്നെ ഇതില്‍ പ്രധാനി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് മുഖ്യഘടകം. ഇന്ധന വിലവര്‍ദ്ധനവോടെയാണ് ശരിക്കും സാധാരണക്കാരന്റെ പോക്കറ്റ് കാലിയായിത്തുടങ്ങിയത്. ചിട്ടികൂടി സ്വരുക്കൂട്ടിയ പണം പോലും എടുത്ത് അനുദിന ചെലവുകള്‍ നടത്തേണ്ട അവസ്ഥ. ഏഴ് ശതമാനത്തിന് എടുത്തിരുന്ന ലോണ്‍, ഇഎംഐ കുതിച്ചുയര്‍ന്ന് ഒമ്പതും പത്തും ശതമാനമായി. കുടുംബങ്ങളിലെ വരുമാനത്തിന്റെ ഏറെ ഭാഗവും ഇങ്ങനെ നഷ്ടപ്പെടുന്ന സാഹചര്യമാണിപ്പോള്‍. സമ്പാദ്യശീലമൊക്കെ വെറും സങ്കല്‍പമായി മാറുന്നുവോ?
ഇഎംഐ, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുടെ രൂപത്തില്‍ ചെലവു നടത്താന്‍ വ്യക്തിഗത ലോണെടുക്കുന്നവരുടെ എണ്ണം ഏറുന്നു. പണ്ടൊക്കെ വീട്, സ്ഥലം, വാഹനം തുടങ്ങിയവ വാങ്ങാന്‍ ലോണ്‍ എടുത്തിരുന്ന സ്ഥാനത്ത് ഫോണ്‍ മേടിക്കുന്നതിനുവരെ വായ്പ എടുക്കണം. പക്ഷേ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്നതിനേക്കാള്‍ സാധാരണക്കാര്‍ക്ക് വായ്പ കൊടുക്കാനാണ് ബാങ്കുകള്‍ക്ക് ഇപ്പോള്‍ താല്‍പര്യം. ആവശ്യത്തിന് ഈടും, തിരിച്ചുകിട്ടുമെന്ന ധൈര്യവുമാണ് കാരണം.
ഖജനാവ് നിറക്കല്‍
‘നല്ല ദിനം വരുമെന്നും’ ‘കരുതലുണ്ടെന്നും’ പറഞ്ഞ് അധികാരത്തില്‍ കേറിയവര്‍ക്ക് ഇത്രയും സ്‌നേഹമുണ്ടെന്ന് ഓര്‍ത്തില്ല. ജീവിത നിലവാരം ഉയരുകയെന്നു പറഞ്ഞാല്‍ ഇതാണ്! ‘വിലകൂടിയ’ സാധനങ്ങള്‍ മാത്രം വാങ്ങിക്കാന്‍ കഴിയുന്ന രീതിയിലേക്ക് സാധാരണക്കാരെ ഉയര്‍ത്തിയതിന് നന്ദി. എന്നാല്‍ അവന് ചെലവിനൊത്ത് വരവുകൂടി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് ആ സ്‌നേഹമില്ല. ഇങ്ങനെപോയാല്‍ കുടുംബങ്ങള്‍ അവരറിയാതെ തന്നെ പാപ്പരായി മാറും.
2019-ല്‍ ഗ്യാസ് സിലിണ്ടറിന് 700 രൂപയായിരുന്നത് ഇന്ന് 1200-ന് അടുത്തെത്തിയിരിക്കുന്നു.
എത്ര ശതമാനമാണ് വര്‍ധന! എന്നാല്‍ നമ്മുടെ വരുമാനം എത്ര വര്‍ധിച്ചു? പലയിടത്തും വൈദ്യുതിക്ക് സബ്‌സിഡി കൊടുക്കുമ്പോള്‍ ഇവിടെ അടിക്കടി വര്‍ധനവ്. വെള്ളത്തിനും വില കൂടി. ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിച്ചാല്‍ ജല അതോറിറ്റിക്ക് വര്‍ഷം 400 കോടി രൂപ അധികം ലഭിക്കുമെന്നാണ് കണക്ക്. കാലി ഖജനാവ് നിറക്കാന്‍ എന്ത് എളുപ്പം? നികുതിഭാരം മുഴുവന്‍ സാധാരണക്കാരന്. ആരു ഭരിച്ചാലും എന്തൊക്കെ വലിയ പദ്ധതി പ്രഖ്യാപിച്ചാലും സാധാരണക്കാരനെ കരുതിയില്ലെങ്കില്‍ സര്‍ക്കാരിലുള്ള വിശ്വാസവും ആദരവും നഷ്ടപ്പെടുക സ്വാഭാവികം. അഴിമതിയും സ്വജനപ ക്ഷപാതവും കൈക്കൂലിയും അതിന്റെ മുറയ്ക്കു നടക്കുന്നു. ഏത് മുന്നണി ഭരിച്ചാലും കാര്യങ്ങള്‍ വല്യമാറ്റമിെല്ലന്ന് തോന്നിപ്പോകുന്ന അനുഭവമാണ് കുറച്ച് കാലങ്ങളായി നമുക്കുള്ളത്.
മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ലേ..?
പണത്തിന് ആവശ്യം വരുമ്പോള്‍ ജനങ്ങളെ പിഴിയുക, അല്ലെങ്കില്‍ വീണ്ടും വീണ്ടും കടം വാങ്ങുക എന്നതല്ലാതെ മികച്ച മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഉണ്ടാക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മനസുവച്ചാല്‍ അവര്‍ നടത്തുന്ന സംരംഭങ്ങളില്‍ മെച്ചപ്പെട്ട ലാഭം നേടാനും ലാഭ വിഹിതംകൊണ്ട് സാധാരണക്കാരന് സബ്‌സിഡിയും മറ്റും നല്‍കാനും സാധിക്കില്ലേ?
ദൈവം കനിഞ്ഞ് നല്‍കിയിരിക്കുന്ന കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും ഫലപ്രദമായി ഉപയോഗിച്ചാല്‍ തന്നെ സര്‍ക്കാരിന് ആവശ്യത്തിലേറെ വരുമാനം കണ്ടെത്താം. വിദേശികള്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് ഈ കൊച്ചു നാടിനെ വിളിക്കാന്‍ കാരണം ഇവിടുത്തെ കാലാവസ്ഥതന്നെ. വിദേശത്ത് ചിലയിടത്ത് തണുപ്പാണെങ്കില്‍ കഠിന തണുപ്പ്, ചൂടാണെങ്കില്‍ അങ്ങേയറ്റത്തെ ചൂട്. ചിലയിടത്ത് പകല്‍ അവസാനിക്കാന്‍ വൈകും, ജനലും വാതിലും അടച്ച് രാത്രി ഉണ്ടാക്കേണ്ട അവസ്ഥ. ഇതൊക്കെ വെച്ചുനോക്കുമ്പോള്‍ നമുക്ക് എന്ത് സുഖം! ഇത് അനുഭവിക്കാന്‍ വരുന്ന വിനോദസഞ്ചാരിക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കിയാല്‍ തന്നെ യഥേഷ്ടം വിദേശനാണ്യം കിട്ടും. പക്ഷേ ഇതിനൊന്നും ബന്ധപ്പെട്ടവര്‍ക്ക് അത്ര താല്‍പര്യമില്ല.
എന്തിന് മഴക്കാലത്ത് പെയ്ത് പൊങ്ങുന്ന വെള്ളമെല്ലാം അങ്ങ് അറബിക്കടലില്‍ ചെന്ന് ചേരുന്നതല്ലാതെ അത് എങ്ങനെ ഉപയോഗിക്കാം എന്ന് ചിന്തിക്കില്ല. കേരളത്തിന്റെ അത്രയും മാത്രം വലിപ്പമുള്ള രാജ്യങ്ങള്‍പോലും ജലവൈദ്യുത പദ്ധതിയിലൂടെ വൈദ്യുതി ഉല്‍പാദിപ്പിച്ച് മറ്റ് രാജ്യങ്ങള്‍ക്ക് വിറ്റ് പണമുണ്ടാക്കുന്നു.
അയല്‍ രാജ്യമായ പാക്കിസ്ഥാനിലും ശ്രീലങ്കയിലും പട്ടിണിയെത്തിയത് നമ്മള്‍ കണ്ടു. അമേരിക്കയ്ക്കും ബ്രിട്ടനുംശേഷം യൂറോപ്പിന്റെ ശക്തിയായ ജര്‍മ്മിനിയിലും സാമ്പത്തികമാന്ദ്യ ഭീഷണിയെത്തി. ഇന്ത്യയുടെ കാര്യം എന്താകുമെന്നറിയില്ല. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.. എങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ സാമ്പത്തിക വളര്‍ച്ചയില്‍ നാം ഏറ്റവും പുറകിലാണെന്ന് പറയാതെ വയ്യ.
എല്ലാവര്‍ക്കുമുള്ള സമ്പത്ത് ദൈവം ഈ ഭൂമിയില്‍ ഒരുക്കിയിട്ടുണ്ട്. ചിലരുടെ സ്വാര്‍ത്ഥതമൂലമാണ് എല്ലാം തകിടംമറിയുന്നത്. ജനങ്ങള്‍ക്ക് സ്വസ്ഥവും സമാധാന പൂര്‍ണവുമായ ജീവിതം നയിക്കാന്‍ സാഹചര്യം ഒരുക്കേണ്ടത് ഒാരോ ഭരണസംവിധാനത്തിന്റെയും പ്രഥമ കടമയും ഉത്തരവാദിത്വവുമാ ണ്. അത് മറക്കാതിരുന്നെങ്കില്‍…!
Leave a Comment
Your email address will not be published. Required fields are marked with *