Follow Us On

15

January

2025

Wednesday

ഒരു കാരുണികന്റെ സുകൃതവഴികള്‍

ഒരു കാരുണികന്റെ സുകൃതവഴികള്‍

വിന്‍സെന്റ് കോട്ടപ്പടി

ഒരു നാടിന് വിശ്വാസവെളിച്ചം നല്‍കി അന്ധവിശ്വാസത്തില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും പിന്തിരിപ്പിച്ച പുണ്യശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതച്ചന്റെ (കോട്ടപ്പടി വറതച്ചന്‍) മാതൃക ഇന്നേറെ ശ്രദ്ധിക്കപ്പെടുകയാണ്. ഒരു നൂറ്റാണ്ട് മുമ്പ് ‘ജീവിച്ചിരിക്കുന്ന പുണ്യവാന്‍’ എന്ന് ഖ്യാതി നേടിയ വൈദികശ്രേഷ്ഠനാണ് തൃശൂര്‍ രൂപതാംഗമായ വറതച്ചന്‍.

1840-ല്‍ ഒരു നിര്‍ധന കര്‍ഷകകുടുംബത്തിലാണ് വറതച്ചന്‍ ജനിച്ചത്. ഗുരുവായൂരിനടുത്തുള്ള അന്നത്തെ കോട്ടപ്പടി ഇടവകയില്‍പെട്ട കാവീട് ഗ്രാമത്തില്‍ ചുങ്കത്ത് കുഞ്ഞിപ്പാലുവിന്റേയും മറിയത്തിന്റേയും രണ്ടാമത്തെ മകനായി. അമ്മയില്‍നിന്നും ലഭിച്ച മൂല്യങ്ങള്‍ ദൈവവിശ്വാസവും ഭക്തിയും, ആഴത്തിലുളള ദൈവാഭിമുഖ്യവും ആത്മീയതയും ആ ബാലനില്‍ വളര്‍ന്നുവരാന്‍ ഇടയാക്കി.

യുവാവായപ്പോള്‍ ദൈവവിളി സ്വീകരിക്കുകയും കല്‍പ്പറമ്പ്, കൂനമ്മാവ് എന്നിവിടങ്ങളിലെ സെമിനാരിപഠനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ച് വരാപ്പുഴ മെത്രാപ്പോലീത്തയില്‍നിന്ന് 1870 -ല്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. എല്‍ത്തുരുത്ത് കര്‍മലീത്താ ഗോവന്തപ്പള്ളിയിലാണ് നവപൂജാര്‍പ്പണം നടത്തിയത്. ധനവാന്റെ വീട്ടുപടിക്കല്‍ ഉച്ഛിഷ്ടങ്ങള്‍ക്കായി കാത്തുകിടന്ന ദരിദ്രനായ വിശുദ്ധ ലാസറായിരുന്നു കോട്ടപ്പടി ഇടവകയുടെ മധ്യസ്ഥന്‍. ആ വിശുദ്ധനോടുള്ള ആത്മീയപ്രതിബദ്ധതയാല്‍ ദാരിദ്ര്യം സ്വീകരിച്ച വറതച്ചന്‍ ക്രിസ്തുവിന്റെ സഹനവും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പ്രേഷിത ചൈതന്യവും തന്റെ ഇടയ ദൗത്യത്തിന്റെ മുഖമുദ്രയാക്കി. നിത്യസഞ്ചാരിയായിരുന്ന വറതച്ചന്‍ യാതൊരു വാഹനങ്ങളും ഉപയോഗിച്ചിരുന്നില്ല. എന്തു ഭക്ഷിക്കുമെന്നോ എന്തു ധരിക്കുമെന്നോ അദ്ദേഹം ഉത്ക്കണ്ഠപ്പെട്ടില്ല. സ്വന്തമായി വറതച്ചന് ഒന്നുമുണ്ടായിരുന്നില്ല. ഒരു നല്ല ഉടുപ്പുപോലും!

തൃശൂര്‍ രൂപതയില്‍ അക്കാലത്തുണ്ടായിരുന്ന മിക്ക ഇടവകകളിലും വറതച്ചന്‍ തന്റെ അജപാലനദൗത്യം നിര്‍വഹിച്ചിട്ടുണ്ട്. ലഭ്യമായ രേഖകള്‍ പ്രകാരം കോട്ടപ്പടി, ആര്‍ത്താറ്റ്, ചിറളയം, വൈലത്തൂര്‍, ചിറ്റാട്ടുകര, പാവറട്ടി, വേലൂര്‍, എരനെല്ലൂര്‍, കൊട്ടേക്കാട്, മുണ്ടൂര്‍, വലപ്പാട്, പറപ്പൂക്കര എന്നീ ഇടവകകളിലും ഏതാനും വര്‍ഷങ്ങള്‍ ഗോവയിലും സേവനമനുഷ്ഠിച്ചതായി മനസിലാകുന്നു. കിട്ടുന്നതുമുഴുവന്‍ ദരിദ്രര്‍ക്കായി പങ്കുവെച്ചുകൊടുത്തു എന്നത് മാത്രമല്ല വറതച്ചന്റെ മഹത്വം. സാമൂഹ്യഉച്ചനീചത്വങ്ങള്‍ കൊടികുത്തി വാണിരുന്ന ആ കാലഘട്ടത്തില്‍ ജാതിമതഭേദമില്ലാതെ, തൊട്ടുകൂടാത്തവരേയും തീണ്ടികൂടാത്തവരേയും ഒരു പിതാവിന്റെ സ്‌നേഹവാത്സല്യത്തോടെ നെഞ്ചോട് ചേര്‍ത്തണച്ച യോഗീവര്യനായിരുന്നു വറതച്ചന്‍. ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവുകൂടിയായിരുന്ന അദ്ദേഹം നാടിന്റെ വളര്‍ച്ചക്ക് ദിശാബോധം നല്‍കി. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഹീനജാതിക്കാര്‍ എന്ന നിലയില്‍ അകറ്റിനിര്‍ത്തപ്പെട്ടവരുടെ രക്ഷകനായി വറതച്ചന്‍ മാറി. പല സ്ഥലങ്ങളിലും ചാവറയച്ചന്റെ ആഹ്വാനമനുസരിച്ച് സകലര്‍ക്കുമായി വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ പരിശ്രമിച്ചു. സ്‌നേഹിക്കാനും പരിപാലിക്കാനും എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും നാമെല്ലാവരും ഒരു പിതാവിന്റെ മക്കളാണെന്നുമുള്ള സന്ദേശം എല്ലാ രംഗത്തും തറപ്പിച്ചുപറഞ്ഞു. വെറുതെ പറയുകയല്ല. എന്ത് ത്യാഗം സഹിച്ചും അത് പ്രാവര്‍ത്തികമാക്കാനിറങ്ങി.

നിത്യവും പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ കഴിഞ്ഞാല്‍ ഇറങ്ങിനടക്കും. ഏതുകുടിലിലും വറതച്ചന്‍ എത്തും. നാട്ടില്‍ തനിക്കുചുറ്റും പട്ടിണിയും പരിവട്ടവുമായി കഴിയുന്നവര്‍ക്ക് കയ്യിലുള്ളതുമുഴുവനും കൊടുക്കും. അവരോടൊത്തു പ്രാര്‍ത്ഥിക്കുക മാത്രമല്ല അവരോടൊത്ത് ഭക്ഷിക്കുകയും ചെയ്തു. പിതാവായ ദൈവത്തോട് ചേര്‍ന്നുനടന്ന് സമൂഹത്തില്‍ നിരവധി അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു. പൈശാചിക ബന്ധനങ്ങളെ ഉച്ഛാടനം ചെയ്യല്‍, ഭ്രാന്ത് തുടങ്ങിയ രോഗങ്ങള്‍ സുഖപ്പെടുത്തുക, കാര്‍ഷികരംഗത്തെ ബാധിക്കുന്ന ക്ഷുദ്രജീവകളെ വിലക്കുക തുടങ്ങിയ രംഗങ്ങളില്‍ ദിവ്യസിദ്ധി പ്രകടിപ്പിച്ചു.
നടപ്പുദീനം, വസൂരി തുടങ്ങിയ മഹാമാരികള്‍ താണ്ഡവമാടിയിരുന്ന അക്കാലത്ത് ദീനം വന്നവരെ ദീനപ്പുരകളുണ്ടാക്കി അവിടേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ് പതിവ്. ഒരര്‍ത്ഥത്തില്‍ യാതൊരുവിധ ചികിത്സയോ പരിചരണമോ ഇല്ലാതെ മരണത്തിനുവിട്ടുകൊടുക്കുന്ന അവസ്ഥ. അവരുടെ അടുത്തേക്കാരും പോകില്ല. എന്നാല്‍ വറതച്ചന്‍ ഇക്കാര്യത്തെ സമീപിച്ചിരുന്നത് നിര്‍ഭയനായിട്ടാണ്. ഏതു ദീനപ്പുരകളിലും പോയി അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. പലരും ആ പ്രാര്‍ത്ഥനവഴി അത്ഭുതകരമായി സുഖം പ്രാപിച്ചു. അതുപോലെതന്നെ ഇത്തരം രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കാനും രോഗികളോടുള്ള മനോഭാവത്തെകുറിച്ചും ജനങ്ങളെ ഏറെ ബോധവാന്മാരാക്കി. ഇക്കാര്യങ്ങളൊക്കെ അക്കാലത്ത് വലിയ ഒച്ചപ്പാടുണ്ടാക്കിയ നിലപാടുകളായിരുന്നു.

വറതച്ചന്റെ മഹനീയ ജീവിതം അനേകരെ ക്രിസ്തുവിലേക്ക് അടുപ്പിച്ചിട്ടുണ്ട്. തങ്ങള്‍ ഒരിക്കലും കേട്ടിട്ടില്ലാത്ത രക്ഷകനെകുറിച്ചുള്ള അറിവ് നിരവധിയാളുകളെ ക്രിസ്തുവിന്റെ സഭയിലേക്കു നയിച്ചു. മാമ്മോദീസാ സ്വീകരിച്ച് സഭയിലേക്ക് കടന്നുവരുന്നവര്‍ക്ക് അദ്ദേഹം സ്വന്തം വീട്ടുപേര് കൊടുക്കുന്നതും പതിവായിരുന്നു. 1914 ജൂണ്‍ 8 -നാണ് വറതച്ചനെന്ന വന്ദ്യവൈദികന്റെ മരണം സംഭവിച്ചത്. എന്നാല്‍ മരിച്ചിട്ടും ആ ദീപം അണഞ്ഞില്ല. മറ്റുള്ളവര്‍ക്ക് മാര്‍ഗം തെളിയിക്കുന്ന പ്രകാശമായി നിലകൊണ്ടു. വറതച്ചന്റെ മഹനീയമായ ജീവിതം ദൈവതിരുമുമ്പില്‍ ശ്ലാഘിക്കപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഓരോ ശ്രാദ്ധാഘോഷത്തിനും ആവേശത്തോടെ എത്തിച്ചേരുന്ന നാനാജാതി മതസ്ഥരടങ്ങുന്ന ഭക്തര്‍.

എല്ലാവര്‍ഷവും ജൂണ്‍ 1 മുതല്‍ 8 വരെ തിയതികളിലാണ് വറതച്ചന്റെ ശ്രാദ്ധാഘോഷചടങ്ങുകള്‍ നടക്കുക. ജൂണ്‍ 8 നാണ് ശ്രാദ്ധ ഊട്ട്. എല്ലാ മാസവും 8-ാം തിയതി (ഞയറാഴ്ചയായാല്‍ തലേദിവസം) രാവിലെ 10.30 ന് അനുസ്മരണ ബലിയും കബറിട ശുശ്രൂഷകളും നേര്‍ച്ചഊട്ടും നടക്കാറുണ്ട്. ആ പുണ്യാത്മാവിന്റെ കബറിടത്തിങ്കല്‍ അണയുന്നവര്‍ തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കൊപ്പം മറ്റൊരു പ്രാര്‍ത്ഥനയും ഉരുവിടുന്നു. തങ്ങളുടെ വറതച്ചന്‍ ലോകം വണങ്ങുന്ന വിശുദ്ധരുടെ പദവിയിലേക്കുയരട്ടെയെന്ന പ്രാര്‍ത്ഥന!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?