Follow Us On

15

January

2025

Wednesday

മണിപ്പൂരിലെ ഹൃദയം പിളര്‍ക്കുന്ന കാഴ്ചകള്‍

മണിപ്പൂരിലെ ഹൃദയം പിളര്‍ക്കുന്ന കാഴ്ചകള്‍

ഇടയ്ക്കിടെ ഉയരുന്ന വെടിയൊച്ചകള്‍, സൈറണ്‍ മുഴക്കി പായുന്ന പട്ടാളത്തിന്റെയും പോലീസിന്റെയും വാഹനങ്ങള്‍, കത്തിക്കരിഞ്ഞ വീടുകളുടെ നീണ്ടനിര, തകര്‍ക്കപ്പെട്ട ദൈവാലയങ്ങള്‍, മൂന്നൂറിലധികം അഭയാര്‍ത്ഥി ക്യാമ്പുകളിലായി ഏകദേശം 50,000 ആളുകള്‍, എങ്ങുനിന്നും ഉയരുന്ന പുക… കലാപത്തില്‍ വിറങ്ങലിച്ചുനില്ക്കുന്ന മണിപ്പൂരിലെ കാഴ്ചകളെ ഇങ്ങനെ ചുരുക്കാം. ഞങ്ങള്‍ ഇംഫാല്‍ വിമാനത്താവളത്തില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ ജനജീവിതം തടസപ്പെട്ടതിന്റെ ചിത്രങ്ങളാണ് എല്ലായിടത്തും കാണാനായത്. വാഹനങ്ങള്‍ ഒഴിഞ്ഞ റോഡുകള്‍, ഇന്റര്‍നെറ്റില്ല, മൊബൈല്‍ ഫോണിന് റെയ്ഞ്ചില്ല, എങ്ങും പട്ടാളം, അടഞ്ഞുകിടക്കുന്ന സ്‌കൂളുകളും മാര്‍ക്കറ്റുകളും പെട്രോള്‍ പമ്പുകളും. പൊതുഗതാഗതവും ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളും നിലച്ചിട്ട് നാളുകളായി. ഭരണകൂടത്തിന്റെ സ്വാര്‍ത്ഥതയ്ക്കും വക്രതകള്‍ക്കും പിടിപ്പുകേടുകള്‍ക്കും കനത്ത വില കൊടുക്കേണ്ടിവന്ന ഒരു ജനതയുടെ വിലാപങ്ങളാണ് എല്ലായിടത്തും.
കരളലിയിക്കുന്ന കാഴ്ചകള്‍

മണിപ്പൂരിലെ മെയ്‌തേയി വിഭാഗവും ആദിവാസികളായ കുക്കികളും തമ്മില്‍ ഉണ്ടായ ചെറിയ സംഘര്‍ഷമാണ് മണിപ്പൂര്‍ കലാപമായി വളര്‍ന്നത്. കുക്കികള്‍ പൂര്‍ണമായും ക്രൈസ്തവരാണ്. മണിപ്പൂര്‍ യാത്രയില്‍ കരളലിയിക്കുന്ന നിരവധി രംഗങ്ങള്‍ക്ക് സാക്ഷികളായി. 500-ലധികം ക്രൈസ്തവ ദൈവാലയങ്ങളാണ് തകര്‍ക്കപ്പെട്ടത്. മെയ്‌തേയി വിഭാഗത്തിലെ 15 ശതമാനത്തോളം പേര്‍ ക്രൈസ്തവരാണ്. അവരുടെ 251 ദൈവാലയങ്ങള്‍ തകര്‍ത്തതായി കണക്കുണ്ട്. കുക്കികളുടെ ദൈവാലയങ്ങളാണ് അതില്‍ കൂടുതല്‍ നശിപ്പിക്കപ്പെട്ടത് എന്നു തീര്‍ച്ച. സുഗുണനാ ഗ്രാമത്തിലെ കന്യാസ്ത്രീമഠം മെയ്‌തേയി കലാപകാരികള്‍ ക്യാമ്പാക്കി മാറ്റിയെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. നാലിലധികം കന്യാസ്ത്രീ മഠങ്ങള്‍ മണിപ്പൂരില്‍ വേറെ തകര്‍ക്കപ്പെട്ടിട്ടുണ്ട്. തീവച്ചു നശിപ്പിക്കപ്പെട്ട വീടുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. പട്ടാപ്പകല്‍ ഞങ്ങളുടെ കണ്‍മുമ്പില്‍ അക്രമികള്‍ വീടുകളില്‍നിന്നും വലിയ മോട്ടോറുകളടക്കം വിലപിടിപ്പുള്ള സാധനങ്ങള്‍ ട്രക്കുകളില്‍ കയറ്റിക്കൊണ്ടുപോകുന്നതു കണ്ടു. കംലാങ്, യാരിപോക്, മോളേന്‍, നാട്ട് യങ്, കുലെന്‍, കാസംകുലാന്‍, മെയ്‌റാങ്… തുടങ്ങിയ നിരവധി ഗ്രാമങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. യാരിപോക് ഗ്രാമത്തില്‍ 200-ലധികം വീടുകള്‍ക്കാണ് തീവച്ചത്. കുലെനില്‍ 100 വീടുകള്‍ തീവച്ചുനശിപ്പിച്ചു. ഇവിടങ്ങളിലുള്ള നിരവധി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി.

മെയ്‌തേയി വിഭാഗത്തിന് ഗോത്രവിഭാഗത്തിന്റെ സംവരണ ആനുകൂല്യങ്ങള്‍ നല്‍കുന്നത് പരിഗണിക്കമെന്ന് മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു (പിന്നീട് ആ വിധി സുപ്രീംകോടതി അസാധുവാക്കുകയും ഇങ്ങനെ വിധി പുറപ്പെടുവിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു). അതിനെതിരെ മണിപ്പൂര്‍ ഓള്‍ ട്രൈബല്‍ സ്റ്റുഡന്‍സ് യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം സമാധാനപരമായ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. അതേസമയം കുക്കികള്‍ക്ക് വൈകാരികമായ അടുപ്പമുള്ള ആംഗ്ലോ-കുക്കി മെമ്മോറിയല്‍ യുദ്ധകവാടത്തിന് മെയ്‌തേയി വിഭാഗക്കാര്‍ തീ ഇട്ടു. പിന്നീട് ക്രൈസ്തവര്‍ക്ക് എതിരെ നടന്നത് സമാനതകളില്ലാത്ത പീഡനങ്ങളായിരുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?