Follow Us On

24

January

2025

Friday

അമല്‍ ജ്യോതി ഡയറിക്കുറിപ്പുകള്‍…

അമല്‍ ജ്യോതി  ഡയറിക്കുറിപ്പുകള്‍…

ജോര്‍ജ് ജോസഫ്
(ആല്‍ഫാ ആന്‍ഡ് ഒമേഗ കമ്പ്യൂട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കേരള ഓപ്പറേഷന്‍സ് മേധാവിയാണ് ലേഖകന്‍)

”അറിവ് ലഭിച്ചിട്ടില്ലാത്തവന്‍ എന്റെ അടുക്കല്‍ വരട്ടെ,
അവര്‍ എന്റെ വിദ്യാലയത്തില്‍ വസിക്കട്ടെ”
(പ്രഭാഷകന്‍ 51: 23).

ഇടുക്കി ജില്ലയില്‍ തോട്ടമേഖലയില്‍ കൂലിപ്പണി ചെയ്തിരുന്ന അധികം വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കള്‍ക്ക് ജനിച്ച എനിക്ക് അമല്‍ജ്യോതി കോളജ് ഓഫ് എഞ്ചിനീയറിങ്ങ് സ്വപ്‌നം കാണാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍ ദൈവത്തിന്റെ വലിയ അനുഗ്രഹത്താല്‍ കേരള എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സിന് ഉയര്‍ന്ന റാങ്കു കിട്ടി മെറിറ്റ് സീറ്റില്‍ തന്നെ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ് ബ്രാഞ്ചില്‍ 2004-ല്‍ അമല്‍ജ്യോതിയില്‍ അഡ്മിഷന്‍ ലഭിച്ചു. ആ കോളജ് തിരഞ്ഞെടുക്കാന്‍ കാരണം അതൊരു ക്രിസ്ത്യന്‍ മാനേജ്‌മെന്റ്‌കോളജ് ആയതുകൊണ്ടുമാത്രമാണ്. അക്രൈസ്തവനായി ജനിച്ച്, ഗവണ്‍മെന്റ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ എനിക്ക് ഒരു ക്രിസ്തീയ സ്ഥാപനത്തില്‍ പഠിക്കണമെന്നുള്ളത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. അങ്ങനെയൊരു സ്ഥാപനത്തില്‍ എന്നെ പഠിപ്പിക്കണമെന്നുള്ളത് എന്റെ മാതാപിതാക്കളുടെ വലിയൊരു സ്വപ്‌നവും. അതനുസരിച്ച് ഞാന്‍ അമല്‍ജ്യോതിയില്‍ അഡ്മിഷന്‍ എടുക്കണമെന്നു പറഞ്ഞപ്പോള്‍ യാതൊരു മടിയും കൂടാതെ എന്റെ മാതാപിതാക്കള്‍ അതു സമ്മതിച്ചു.

ബി.ടെക് പഠനകാലത്ത് വലിയ ബുദ്ധിമുട്ടായി തോന്നിയിരുന്നെങ്കിലും ഇന്ന് ഒരുപാട് നന്ദിയോടെ ഓര്‍ക്കുന്ന ഒരു കാര്യം – ആ കോളജിലുണ്ടായിരുന്ന സ്ട്രിക്റ്റ്‌നെസ് തന്നെയാണ്. സമയത്ത് ക്ലാസില്‍ കയറാന്‍, ഷര്‍ട്ട് ഇന്‍ ചെയ്യാന്‍, ഷൂ ഇടാന്‍, ടൈ കെട്ടാന്‍, ഷേവ് ചെയ്യാന്‍, സമയത്ത് മുടി വെട്ടാന്‍, ക്ലാസ് കട്ട് ചെയ്യാതിരിക്കാന്‍, സമയത്ത് അസൈന്‍മെന്റ് വയ്ക്കാന്‍, പരീക്ഷയെ ഗൗരവമായി കാണാന്‍, ലൈബ്രറിയില്‍നിന്ന് ് ബുക്ക് എടുക്കാന്‍, നോട്ട് എഴുതാന്‍, ഇംഗ്ലീഷ് സംസാരിക്കാന്‍, ന്യൂസ് പേപ്പര്‍ വായിക്കാന്‍, മറ്റുള്ളവരെ ബഹുമാനിക്കാന്‍ എന്നുവേണ്ട സകല കഴിവുകളും സകല നല്ല കാര്യങ്ങളും എന്നെ ശീലിപ്പിച്ചെടുത്തത് അവിടുത്തെ സ്ട്രിക്റ്റ്‌നെസ് ആയിരുന്നു. അതിനെയോര്‍ത്ത് ഇന്ന് ദൈവത്തിന് ഒരുപാട് നന്ദി പറയുന്നു.

ബിടെക് പഠനകാലം പല കാരണങ്ങള്‍ക്കൊണ്ടും എനിക്ക് മറക്കാന്‍ പറ്റാത്ത കാലഘട്ടമാണ്. 2007 ഓഗസ്റ്റ് നാലിനാണ് എന്റെ പിതാവിന് വലിയൊരു അപകടം സംഭവിച്ച് കിടപ്പാകുന്നത്. നട്ടെല്ലിന്റെ എട്ട് കണ്ണിയോളം പൊട്ടി സ്‌പൈനല്‍കോഡിന് തകരാര്‍ സംഭവിച്ച് കഴുത്തിന് താഴേക്ക് പൂര്‍ണമായും തളര്‍ന്നുപോയി. പാവപ്പെട്ട കുടുംബമായിരുന്നതുകൊണ്ട് എന്റെ മുന്നോട്ടുള്ള പഠനം, ഹോസ്റ്റല്‍ ചെലവുകള്‍, പെങ്ങളുടെ നഴ്‌സിങ്ങ് പഠനം അങ്ങനെയുള്ള പ്രതിസന്ധികളുടെ മുമ്പില്‍ ഞാന്‍ പകച്ചുനിന്നപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ താങ്ങിനിര്‍ത്തിയത് എന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ ടീച്ചേഴ്‌സ് ആണ്. ജീവിതത്തില്‍ വീണുപോയേക്കാമായിരുന്ന വലിയൊരു കുഴിയുടെ വക്കില്‍നിന്ന് എന്നെ കൈപിടിച്ച് ഉയര്‍ത്തിയ ആളാണ് സതീഷ് ജോണിസാര്‍. എന്റെ പ്രതിസന്ധിയുടെ സമയത്ത് ഇവിടെ നിന്ന് ലഭിച്ച മോറല്‍ സപ്പോര്‍ട്ട് മറക്കാന്‍ പറ്റാത്ത അനുഭവമാണ്. പ്രിയപ്പെട്ട സതീഷ്‌കുമാര്‍ സാറിനെയും മണ്‍മറഞ്ഞുപോയ സതീഷ് ജോണിസാറിനെയും ഒത്തിരി നന്ദിയോടെ ഓര്‍ക്കുന്നു.

അമല്‍ജ്യോതി കോളജിലെ എടുത്തുപറയേണ്ട ഒരു കാര്യം അവിടെ ആത്മീയ കാര്യങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യമാണ്. എന്റെ എംടെക് പഠനം പൂര്‍ത്തിയാക്കിയത് അമല്‍ജ്യോതി കോളജില്‍നിന്നാണ്. ആ സമയത്ത് ഞാന്‍ താമസിച്ചിരുന്നത് ഹോസ്റ്റലിലാണ്. അവിടെ മനോഹരമായ ഒരു ചാപ്പലുണ്ടായിരുന്നു. എല്ലാ ദിവസവും ആറരക്ക് പരിശുദ്ധ കുര്‍ബാനയുണ്ട്. ഒട്ടുമിക്ക ദിവസങ്ങളിലും അതില്‍ പങ്കുകൊള്ളാനുള്ള അവസരം കര്‍ത്താവ് തന്നു. ഓരോ പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും നിര്‍ണായകമായ അസസ്‌മെന്റിന്റെയും പ്രൊജക്ട് ഇവാല്യുവേഷന്റെയുമൊക്കെ സമയത്തു പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് വൈദികരുടെ പ്രാര്‍ത്ഥനയും വാങ്ങിച്ച് പോകുന്നത് വലിയൊരു അനുഗ്രഹമായി ഇന്നും കണക്കാക്കുന്നു. പഠിക്കാന്‍ ബുദ്ധിമുട്ടുള്ളപ്പോഴൊക്കെ സക്രാരിയുടെ മുമ്പിലിരുന്ന് പഠിച്ചതൊക്കെ ഒത്തിരി നന്ദിയോടെ ഓര്‍ക്കുന്നു. ഏതു സമയത്തും കുമ്പസാരിപ്പിക്കാന്‍ റെഡിയായ വൈദികര്‍ അവിടെയുണ്ട്. ഹോസ്റ്റലില്‍ എനിക്കാവശ്യമായ ഓരോ സാധനങ്ങളും എത്തിച്ചുതന്ന ഡയറക്ടര്‍ അച്ചനെയും അവിടുത്തെ വാര്‍ഡനെയും ഒത്തിരി നന്ദിയോടെ ഓര്‍ക്കാറുണ്ട്. ഒത്തിരി പാവപ്പെട്ട കുട്ടികള്‍ക്ക് ഒരുപാട് സഹായങ്ങള്‍ അവിടെ ചെയ്യുന്നുണ്ട്. നല്ല ഭക്ഷണമുള്‍പ്പടെ സകലവിധ കാര്യങ്ങളും കോളജ് കാമ്പസിനുള്ളില്‍തന്നെ മാനേജ്‌മെന്റ് ഒരുക്കിത്തരുന്നു.

അതുപോലെതന്നെ അവിടെ നടത്തുന്ന സ്റ്റുഡന്റ് കൗണ്‍സലിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു. അതിനായി ഒരുക്കപ്പെട്ടിരിക്കുന്ന വൈദികനും സിസ്റ്ററും എല്ലാ സമയത്തും അവിടെയുണ്ടാകും. മനസിന്റെ വിഷമങ്ങള്‍ തുറന്നു പങ്കുവയ്ക്കുവാനുള്ള അവസരമുണ്ടായിരുന്നു. ജീവിതത്തിന്റെ നിര്‍ണായക കാലഘട്ടത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാനും പഠിക്കുന്ന സമയത്ത് നമുക്കുണ്ടാകുന്ന പ്രലോഭനങ്ങളെ അഭിമുഖീകരിക്കാനുള്ള ഉത്തമ മാര്‍ഗങ്ങള്‍ പറഞ്ഞുതരുവാനും ഒത്തിരിയേറെ തെറ്റുകളും ദുഃശീലങ്ങളും തെറ്റായ ചിന്താഗതികളും മാറ്റിയെടുക്കുവാനും സ്റ്റുഡന്റ് കൗണ്‍സലിങ്ങ് സഹായിച്ചിട്ടുണ്ട്. മറ്റൊരു കാര്യമാണ് കോളേജ് ഒരുക്കുന്ന ധ്യാനങ്ങള്‍. ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ ഒരു ധ്യാനം നിര്‍ബന്ധമായിരുന്നു. ഇനിയും മുന്നോട്ടുള്ള കാലം ഇങ്ങനെ ധ്യാനങ്ങള്‍ കുട്ടികള്‍ക്ക് ഒരുക്കിക്കൊടുക്കണമെന്ന പ്രാര്‍ത്ഥനയും മനസിലുണ്ട്.

ഇന്നത്തെ ജോര്‍ജ് ജോസഫാകാനുള്ള ‘മോള്‍ഡിംഗിന്റെ’ ഒരു 80 ശതമാനമെങ്കിലും നടന്നത് അമല്‍ ജ്യോതി കോളേജില്‍ നിന്നാണെന്ന് നന്ദിയോടെ ഓര്‍ക്കുന്നു. ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സുകളില്‍ നിര്‍ബന്ധമായും പേപ്പര്‍ അവതരിപ്പിക്കുവാനും ഐഇഇഇ, സയന്‍സ് ഡയറക്ട് പോലുള്ള അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പേപ്പര്‍ പ്രസിദ്ധീകരിക്കാനും ഞങ്ങളുടെ പ്രിന്‍സിപ്പലായിരുന്ന ജോസ് കണ്ണമ്പുഴയച്ചന്‍ നിര്‍ബന്ധപൂര്‍വം എംടെക്ക് പഠനകാലത്ത് ആവശ്യപ്പെട്ടതോര്‍ക്കുന്നു. അന്ന് അത് മല കയറുന്നപോലുള്ള അനുഭവമായിരുന്നെങ്കിലും ഭാഷ മെച്ചപ്പെടുത്താനും സ്റ്റേജ് ഭയം മാറുവാനും ഈ മേഖലയിലെ വിദഗ്ധരുമായി സംവദിക്കുവാനും അത് അവസരമൊരുക്കി. ഓരോ ബ്രാഞ്ചിനും വേണ്ട പ്ലെയ്‌സ്‌മെന്റ് സപ്പോര്‍ട്ട്, അതിനുവേണ്ട കമ്യൂണിക്കേഷന്‍ ക്ലാസുകള്‍, ട്രെയിനിങ്ങുകള്‍, പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ് ട്രെയിനിങ്ങ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരുക്കി.

പരീക്ഷയുടെ സമയത്തൊക്കെ വളരെ സ്ട്രിക്റ്റ് ആയിട്ടായിരുന്നു അധ്യാപകര്‍ പെരുമാറിയിരുന്നത്. ചെറിയ തെറ്റുകള്‍ക്ക് പോലും നടപടി സ്വീകരിക്കുകയും ഫൈന്‍ പോലുള്ള ശിക്ഷാ നടപടികള്‍ നടപ്പാക്കുകയും ചെയ്യുന്നത് എന്തിനാണെന്ന് പഠിക്കുന്ന കാലഘട്ടത്തില്‍ ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ചെറിയൊരു തെറ്റുപോലും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ അന്ന് പുലര്‍ത്തിയ സ്ട്രിക്റ്റ്‌നസ് ആത്യന്തികമായി വിദ്യാര്‍ത്ഥികളുടെ നന്മയ്ക്കായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുന്നു. എത്ര കുട്ടികള്‍ വന്നാലും ചെയ്യാനുള്ള ലാബ് സംവിധാനങ്ങളും സിസ്റ്റംസ്, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ എല്ലാം കോളജ് ഒരുക്കി നല്‍കി. ചെയ്യരുതാത്ത കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ പേരന്റ്‌സിനെ അറിയിക്കുകയും അവരെയും കുട്ടികളെയും ഒരുമിച്ചിരുത്തി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കുക, ചില സമയത്ത് പേരന്റ്‌സുമായി നല്ല ബന്ധം പുലര്‍ത്താത്ത കുട്ടികള്‍ക്ക് ആ ബന്ധം നേരെയാക്കുവാനുള്ള സഹായം നല്‍കുക തുടങ്ങി നിരവധി നന്മകള്‍ ആ കാമ്പസില്‍ കാണുവാനും അനുഭവിക്കുവാനും കഴിഞ്ഞിട്ടുണ്ട്.
അടുത്തകാലത്ത് ഒരു കുട്ടിയുടെ ആത്മഹത്യയെ തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ അനുഭവങ്ങള്‍ ഇവിടെ കുറിക്കുന്നത്. കര്‍ശനമായ ഡിസിപ്ലിന്‍ പുലര്‍ത്തുന്നതിന് ഈ കോളേജിന് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടതായി വന്നു. കോളേജിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ സന്നദ്ധരല്ലാത്തവര്‍ക്ക് ഒരുപക്ഷേ അവിടെ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം.

എന്നാല്‍ നിസാരമായ കാര്യങ്ങള്‍ പോലും അനുസരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ജീവിതത്തില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുമ്പോഴൊക്കെ എങ്ങനെയാണ് മേലധികാരികളെ അനുസരിക്കാനും മുമ്പോട്ട് പോകാനും കഴിയുക എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഓര്‍ക്കുകയാണ്, ഞാന്‍ പഠിച്ചിരുന്ന സമയത്ത് രാവിലെ കൃത്യം എട്ടേമുക്കാലാകുമ്പോഴേക്കും ഗേറ്റ് അടക്കും. അന്ന് കിട്ടിയ ആ പരിശീലനം നിമിത്തം ഒരിക്കല്‍ പോലും ഓഫീസില്‍ ലേറ്റായി പോകേണ്ടി വന്നിട്ടില്ല. വിദ്യാര്‍ത്ഥിയുടെ വ്യക്തിത്വം കൂടി രൂപവത്കരിക്കപ്പെടുന്ന കാലഘട്ടമാണല്ലോ വിദ്യാഭ്യാസ കാലഘട്ടം. രാജ്യത്തിനും സമൂഹത്തിനും സഭയ്ക്കും നന്മ ചെയ്യുന്ന ധാരാളം മഹത് വ്യക്തിത്വതങ്ങളെ വാര്‍ത്തെടുക്കുവാന്‍ കോളജിന് ഇനിയും സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?