ഇംഫാല്‍: കാസംകുലാന്‍ ഗ്രാമത്തിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചു തിരിച്ചുവരുമ്പോള്‍ 500-ലധികം വരുന്ന സ്ത്രീകള്‍ ഞങ്ങളുടെ വാഹനം തടഞ്ഞു. അവരുടെ കൈകളില്‍ ആയുധങ്ങളും പോലീസുകാര്‍ ഉപയോഗിക്കുന്ന വയര്‍ലെസ് സെറ്റുകളും ഉണ്ടായിരുന്നു എന്നതാണ് ആശങ്കാജനകം. ഇത് എങ്ങനെ ലഭിച്ചു എന്ന് അന്വേഷിച്ചാല്‍ പ്രതിക്കൂട്ടിലാകുന്നത് സംസ്ഥാന ഭരണകൂടമായിരിക്കും. ദൈവാനുഗ്രഹംകൊണ്ട് അവര്‍ ഞങ്ങളെ ഉപദ്രവിച്ചില്ല. മറ്റൊരു വഴിയെ മടങ്ങേണ്ടിവന്നു.
കേന്ദ്ര സര്‍ക്കാര്‍ ക്രമസമാധാന ചുമതല കൈയ്യാളുന്ന മണിപ്പൂര്‍ കത്തിയെരിയാന്‍ തുടങ്ങിയിട്ട് രണ്ടു മാസത്തോളമായി. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 120-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 50,000-ത്തിനടുത്ത് ആളുകള്‍ 300-ഓളം ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയംതേടുകയും ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ കണക്കുകള്‍ ഇതിന്റെ പതിന്മടങ്ങു വരുമെന്നാണ് തദ്ദേശീയര്‍ പറയുന്നത്. ജൂണ്‍ 14-ന് നടന്ന അക്രമത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, 80-ലധികം പേര്‍ കൊല്ലപ്പെട്ടു എന്നാണ് അവിടെനിന്നും മനസിലാക്കുവാന്‍ സാധിച്ചത്. ഇതാണ് ഔദ്യോഗിക കണക്കുകളുടെ അവസ്ഥ.
ലക്ഷ്യം ആദിവാസി ഭൂമിയോ?
കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് മെയ്‌തേയികള്‍ അക്രമം അഴിച്ചുവിട്ടതെന്നത് വ്യക്തമാണ്. കലാപം തുടങ്ങി ആദ്യത്തെ 36 മണിക്കൂറിനുള്ളില്‍ ഇംഫാല്‍ നഗരത്തിന്റെ പരിസര പ്രദേശങ്ങളില്‍ മാത്രം തകര്‍ക്കപ്പെട്ടത് മെയ്‌തേയി ക്രൈസ്തവരുടെ 251 ദൈവാലയങ്ങളും അഞ്ച് സെമിനാരികളും കുക്കികളുടെ വീടുകളും സ്ഥാപനങ്ങളുമായിരുന്നു. ഇതുകൂടാതെ മെയ്‌തേയി ക്രിസ്ത്യാനികളുടെ വീടുകളും ആക്രമിച്ചു. ബൈബിളുകള്‍ കത്തിക്കുകയും ഹൈന്ദവ വിശ്വാസം സ്വീകരിക്കണമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന വിധത്തിലുള്ള അക്രമങ്ങളാണ് കുക്കികള്‍ക്കുനേരെ തുടര്‍ന്നു നടന്നത്. അവരുടെ ഗ്രാമങ്ങളില്‍ ചെന്ന് അതിര്‍ത്തികളില്‍ പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയും തീ ആളികത്തുമ്പോള്‍ അതിലേക്ക് വീണ്ടും പെട്രോള്‍ ബോംബുകള്‍ വലിച്ചെറിയുകയും ചെയ്യുന്ന ഭീകരതയാണ് പലയിടത്തും അരങ്ങേറിയത്. ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ ഒഴിച്ച് സര്‍വവും നഷ്ടപ്പെട്ട അവസ്ഥയിലാണ് പതിനായിരങ്ങള്‍.
മണിപ്പൂര്‍ കലാപത്തില്‍ വര്‍ഗീയതയും രാഷ്ട്രീയവുമുണ്ട്. മലനിരകളിലെ എണ്ണനിക്ഷേപം, ധാതുലവണങ്ങള്‍, വജ്രശേഖരം എന്നിവയില്‍ കണ്ണുവച്ചിരിക്കുന്ന രാജ്യത്തെ വന്‍കിട കുത്തകകള്‍ക്കുവേണ്ടി ഏതുവിധേനയും ആദിവാസി ഭൂമി പിടിച്ചെടുക്കാനും അതിനെതിരെ പ്രതിഷേധിക്കുന്ന ക്രൈസ്തവ സമൂഹത്തെ ഇല്ലാതാക്കാനും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നടത്തുന്ന കുത്സിതശ്രമങ്ങളില്‍നിന്നും രൂപംകൊണ്ടതാണ് ഇപ്പോഴത്തെ മണിപ്പൂര്‍ കലാപം. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് നടപ്പിലാക്കാന്‍ ശ്രമിച്ച ‘ഗോ ടു ഹില്‍ സ്’ പോളിസി ഇപ്പോള്‍ ‘ബേണ്‍ ദ ഹില്‍സ് ‘ പോളിസിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്തു സഹായമാണ് ഞങ്ങള്‍ ചെയ്യേണ്ടതെന്നു ചോദിച്ചപ്പോള്‍ അവര്‍ക്കു ഒരു മറുപടിയെ ഉണ്ടായിരുന്നുള്ളൂ, ‘ഞങ്ങളുടെ വീടുകളില്‍ സമാധാനത്തോടെ കഴിയാനുള്ള സാഹചര്യം ഉണ്ടായാല്‍മതി.’ നിസഹായരായ ആ മനുഷ്യര്‍ക്ക് മറുപടി നല്‍കാനുള്ള ഉത്തരവാദിത്വം ഇവിടുത്തെ നിയമങ്ങള്‍ക്കും നീതിപീഠങ്ങള്‍ക്കുമാണ്. കാരണം, അവരും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ പൗരന്മാരാണ്.
Leave a Comment
Your email address will not be published. Required fields are marked with *