Follow Us On

22

December

2024

Sunday

നേതാവ്‌

നേതാവ്‌

സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

എം. ഗോവിന്ദന്റെ ജീവിതകര്‍മമണ്ഡലങ്ങളെ അനുപമമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് പ്രഫ. എം.കെ. സാനു ഒരു ജീവചരിത്രം ഒരുക്കിയിട്ടുണ്ട്. അതില്‍ പരാമര്‍ശിക്കുന്ന ഒരു നാടകത്തെക്കുറിച്ച് പറഞ്ഞുതുടങ്ങാം. എം. ഗോവിന്ദന്‍ നേതാവായിരുന്നില്ല. നേതാവാകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നാണ് സാനുമാഷിന്റെ നിരീക്ഷണം. കാരണം തന്റെ കാലഘട്ടത്തില്‍ നേതാവ് ഏതു രൂപത്തിലുള്ളവനാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. അയൊനെസ്‌കോ ( Ionesco ) യുടെ ‘നേതാവ്’ ( The leader ) എന്ന നാടകം നേതാവിന്റെ ആ രൂപത്തെയാണ് വെളിപ്പെടുത്തുന്നത്. ആ നാടകത്തില്‍ ആരാധകരായ ആള്‍ക്കൂട്ടത്തിനുമുമ്പാകെ നേതാവ് പ്രത്യക്ഷപ്പെടുന്നത് തലയില്ലാത്ത മനുഷ്യരൂപമായിട്ടാണ്. മോടിയോടെ വസ്ത്രധാരണം ചെയ്തിട്ടുണ്ട്.

പക്ഷേ, തലയില്ല. ആ കാഴ്ച കണ്ട് സംഭ്രമിച്ച ഒരാളെ ജ്ഞാനികള്‍ കാര്യം പറഞ്ഞു മനസിലാക്കുന്നു. എന്താണ് കാര്യം? തലയില്ലാതിരിക്കുക എന്നതാണ് നേതാവാകുന്നതിനുള്ള യോഗ്യത! എം. ഗോവിന്ദന്റെ പക്ഷത്തില്‍ തലയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. തല എന്നത് ചിന്ത, ഭാവന, ധര്‍മബോധം മുതലായവയുടെ പ്രതീകമാണ്. അവയുടെ അഭാവത്തില്‍ മനുഷ്യന്‍ ജന്തുലോകത്തില്‍ മറ്റൊരു ജന്തുമാത്രം.

ആദിമകാല സഭാപിതാക്കന്മാരുടെ എഴുത്തുകളില്‍ മനുഷ്യസൃഷ്ടിയുടെ വ്യതിരിക്തത അവന്റെ ശരീരഘടനയെ മുന്‍നിര്‍ത്തി വ്യാഖ്യാനിച്ചിട്ടുള്ളതായി കാണാം. ഇതര ജന്തുജാലങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ മുന്‍കാലുകള്‍ (കൈകള്‍) ബുദ്ധിയുടെ ഉപകരണങ്ങളായതും നാവു തീറ്റയെടുക്കുന്നതില്‍നിന്നും ഭാഷ ഉപയോഗിക്കുന്നതിലേക്ക് പരിണമിച്ചതും മനുഷ്യന്റെ അതുല്യതയുടെ ദൃഷ്ടാന്തമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു വേറിട്ട നിലനില്‍പാണ് മനുഷ്യസാധ്യമായ ഉന്നതഭാവങ്ങളിലൊന്ന്. ക്രിസ്തു തന്റെ ശിഷ്യന്മാര്‍ക്ക് നല്‍കുന്ന ഉപദേശങ്ങളിലും നായകത്വത്തിന്റെ വേറിട്ടഭാവം നല്‍കുന്നതിനെ നാം ശ്രദ്ധാപൂര്‍വം ധ്യാനിക്കേണ്ടതുണ്ട്.

തലയില്ലായ്മ വെളിപ്പെടുത്തുംവിധം അന്തസാരശൂന്യമായ ഇടപെടലുകളിലേക്ക് നായകത്വം അധഃപതിക്കുമ്പോള്‍ ക്രിസ്തുവിന്റെ വാക്കുകള്‍ മാനദണ്ഡമാക്കാനുള്ള ഒരു ഉള്‍ക്കരുത്താണ് നാം വീണ്ടെടുക്കേണ്ടത്. നിറയെ ഉപദേശങ്ങള്‍ നല്‍കിയാണ് ക്രിസ്തു തന്റെ ശിഷ്യരെ അയക്കുക. അതില്‍ കാതലായൊരു വാക്കുണ്ട്. അത് ഏത് ദൗത്യത്തിനായും അയക്കപ്പെട്ടവര്‍ക്കുള്ള താക്കീതാണ്. ‘ഞാന്‍ എന്റെ ഇഷ്ടമല്ല; എന്നെ അയച്ചവന്റെ ഇഷ്ടമാണ് ചെയ്യുന്നത്’ എന്നാണ് പറയുക.
ശരിക്കും നിയോഗത്തിന്റെ ഓരോ വഴികളിലും ദൈവഹിതം ആരായുക എന്നതാണ് ഒന്നാം പാഠം. ഒരുപക്ഷേ, ഒന്നാം പാഠം മറക്കുമ്പോഴാകും നാം നമ്മുടെ തന്നിഷ്ടങ്ങളിലേക്ക് ചേക്കേറുന്നതും നമ്മുടെ നിയോഗങ്ങള്‍ അയോഗ്യമാകുന്നതും! നിസ്വാര്‍ത്ഥമായൊരു ഇറങ്ങിവരവിലൂടെ താന്‍ അവരെ പഠിപ്പിച്ചതത്രയും നായകത്വത്തിന്റെ നവഭാവമാണ്. പരമമായ താഴ്മയിലേക്കാണ് ആത്മപരിത്യാഗത്തിന്റെ വഴിതെളിച്ച് അവിടുന്ന് അവരെ നയിച്ചത്.

ഗുരുവിന്റെ കൈപിടിച്ചാണ് അവര്‍ പുതുവഴികളില്‍ നടന്നുതുടങ്ങിയത്. പക്ഷേ, എത്രവട്ടമാണവര്‍ വീണുപോയത്. വമ്പുപറച്ചില്‍, അകലം പാലിക്കല്‍, ചിതറിയോടല്‍ അങ്ങനെ എത്രയെത്ര വീഴ്ചകളിലൂടെയാണ് മനുഷ്യരെ പിടിക്കുന്ന നിരുപാധിക സ്‌നേഹത്തിലേക്ക് അവര്‍ സജ്ജരായിത്തീര്‍ന്നത്.
ഗുരുവിന്റെ വഴിയേ പിച്ചവെച്ചവരുടെ വീഴ്ചകളും മുറിവുകളും ചേര്‍ന്നതാണ് സുവിശേഷം. സത്യമായും ഏതൊരു നല്ല വിശേഷത്തിന്റെയും പിന്നില്‍ ഒരായുസിന്റെ പോരാട്ടങ്ങളുടെയും മുറിവുകളുടെയും കഥയില്ലാതെ വരില്ലല്ലോ! ക്രിസ്തുവിന്റെ തലയോളം അവര്‍ വളര്‍ന്നതിന്റെ കഥകള്‍കൂടെയാണവ. ക്രിസ്തുവിന്റെ തലയോളം വളരുന്നതില്‍നിന്ന് നാം പിന്മാറിയതെപ്പോഴാണ്. നിശ്ചയമായും നാം തല മറന്ന് എണ്ണ തേച്ച് തുടങ്ങിയിട്ട് കുറച്ച് നാളുകളായി സഖേ! അപ്പോസ്‌തോലന്മാരുടെ നടപടികള്‍ നമ്മുടെ സ്വത്വബോധത്തെയാവണം ഉണര്‍ത്തേണ്ടത്. അത് ക്രിസ്തുബോധത്തില്‍ നമ്മെ ഉറപ്പിക്കണം.

ഒരുപക്ഷേ, നാം പ്രസംഗിക്കുന്ന ക്രിസ്തുവിനെക്കുറിച്ചുള്ള നമ്മുടെ ബോധ്യത്തിന്റെ ആഴക്കുറവാകാം അധികമാര്‍ക്കും ഈ നാട്ടില്‍ വിശ്വാസമുളവാകാത്തതിനു നിദാനം. മാത്രമല്ല, നാം പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള ദൂരം പൂര്‍വപിതാവായ മാര്‍ത്തോമാ സഞ്ചരിച്ച ദൂരത്തെക്കാളും വലുതായതുകൊണ്ടുമാകാം. മാര്‍ത്തോമന്‍ പൈതൃകം ഒരു അപകടസാധ്യതയാണ്. താന്‍ പറയുന്ന കാര്യങ്ങളില്‍ ദൃഢനിശ്ചയമുള്ളവന്റെ ചവിട്ടടികളുടെ പേരാണത്. നാം നടക്കാന്‍ മറക്കുന്ന ചരിത്രത്തിലെ തലയെടുപ്പുള്ള ഒറ്റയടിപ്പാതയുമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?