Follow Us On

15

January

2025

Wednesday

ഹിംസ്രമൃഗങ്ങള്‍ കണ്ണടച്ച ദിനങ്ങള്‍

ഹിംസ്രമൃഗങ്ങള്‍  കണ്ണടച്ച ദിനങ്ങള്‍

ജോസഫ് മൂലയില്‍

ആമസോണ്‍ വനത്തില്‍നിന്നും 40 ദിവസങ്ങള്‍ക്കുശേഷം രക്ഷപ്പെട്ട നാല് കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലോകം അമ്പരപ്പോടെയാണ് കേട്ടത്. പൈലറ്റടക്കം ആ ചെറുവിമാനത്തില്‍ ഉണ്ടായിരുന്ന മറ്റു മൂന്നു പേരും അപകടത്തില്‍ മരണമടഞ്ഞിരുന്നു. സ്വന്തം അമ്മയുടെ മരണതീരത്തുനിന്നാണ് 13,11, 4, കേവലം 11 മാസം മാത്രം പ്രായമുള്ള കുട്ടിയടക്കം ജീവിതത്തിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്. തനിക്ക് ഇവിടെനിന്നും രക്ഷപ്പെടുക അസാധ്യമാണെന്ന് അപകടം നടന്ന് നാല് ദിവസത്തിനുശേഷം അമ്മ തിരിച്ചറിഞ്ഞ്, മക്കളോടു കാടിനു പുറത്തേക്ക് നടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍.

അവര്‍ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ടായിരുന്നിരിക്കണം. രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്ത് എത്തിയപ്പോഴേക്കും അമ്മ മരണത്തിന് കീഴടങ്ങിയിരുന്നു. ഇളയ കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ എത്തിയത് അവരുടെ വനത്തിലൂടെയുള്ള യാത്രക്കിടയിലായിരുന്നു. നടക്കാന്‍പോലും തുടങ്ങാത്ത ഇളയ കുഞ്ഞിനെ 13, 11 വയസുള്ള കുട്ടികള്‍ മാറിമാറി തോളില്‍ വഹിച്ചിട്ടുണ്ടാകും. മുതിര്‍ന്നവരാണ് ഈ സാഹചര്യത്തിലെങ്കില്‍ സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി, നടക്കാന്‍ കഴിയാത്തയാളെ വഴിയില്‍ ഉപേക്ഷിക്കാനാണ് കൂടുതല്‍ സാധ്യത.

നീതി നിഷേധിക്കപ്പെടുന്ന കുട്ടികള്‍

ഹിംസ്രമൃഗങ്ങള്‍ നിറഞ്ഞ ആമസോണ്‍ വനാന്തരങ്ങളിലൂടെ 4 കുട്ടികള്‍ 40 ദിവസം നടന്നിട്ടും വന്യമൃഗങ്ങളുടെ കണ്ണിലൊന്നും അവര്‍ പെട്ടിട്ടുണ്ടാവില്ലേ? നിഷ്‌ക്കളങ്കരായ ആ കുഞ്ഞുങ്ങളെ കണ്ട് വന്യമൃഗങ്ങള്‍ കാണാത്തതുപോലെ കടന്നുപോയിട്ടുണ്ടാകാം. ഒരു വന്യമൃഗവും അവരെ ഒരുവിധത്തിലും ഉപദ്രവിച്ചിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. നമ്മുടെ നാട്ടിലൂടെ ആയിരുന്നെങ്കില്‍ ആ കുട്ടികള്‍ക്ക് ഇത്രയും ദിവസം സുരക്ഷിതരായി സഞ്ചരിക്കുവാന്‍ കഴിയുമായിരുന്നോ എന്നതില്‍ സംശയമുണ്ട്. മാംസഭോചികളായ മൃഗങ്ങള്‍ കാണിച്ച മനുഷ്യത്വംപോലും മനുഷ്യര്‍ക്ക് ഇല്ലാതെപോകുന്നു. പോക്‌സോ കേസുകളുടെ എണ്ണത്തിലുള്ള വര്‍ധനവ് പരിശോധിച്ചാല്‍ അതു വ്യക്തമാകും. കുട്ടികള്‍ക്കുനേരെയുള്ള അക്രമങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങള്‍ കുറവാണെന്നു പറഞ്ഞാല്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല.

കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ എന്നു പറയുമ്പോള്‍ ലൈംഗിക അതിക്രമങ്ങള്‍ മാത്രമല്ല, ഏതെങ്കിലുമൊക്കെ രീതികളില്‍ അവര്‍ക്കുനേരെ നടക്കുന്ന നീതിനിഷേധങ്ങള്‍വരെ അതിന്റെ പരിധിയില്‍ വരുമെന്നത് ഓര്‍ക്കുക. കുഞ്ഞുങ്ങള്‍ക്ക് മാലാഖമാരുടെ മുഖഛായയാണെന്നു പറയാറുണ്ട്. എന്നിട്ടും നമ്മുടെ തെരുവുകളില്‍ കുഞ്ഞുങ്ങളുടെ നിലവിളികള്‍ മുഴങ്ങാറില്ലേ? നിയമംമൂലം ബാലവേല നിരോധിക്കപ്പെട്ടെങ്കിലും ലക്ഷക്കണക്കിനു കുട്ടികള്‍ ഇപ്പോഴും ബാലവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നാടോടികളുടെയും അന്യസംസ്ഥാന തൊഴിലാളികളുടെയും കുട്ടികള്‍ നമ്മുടെ മുമ്പിലൂടെയും പലപ്പോഴും കടന്നുപോകുന്നുണ്ടാകും. ബാല്യത്തിന്റെ കൗതുകങ്ങളും ആനന്ദങ്ങളുമൊക്കെ നിഷേധിക്കപ്പെടുന്ന അവരെക്കുറിച്ച് സമൂഹം എന്തുകൊണ്ടോ കാര്യമായി ആകുലപ്പെടുന്നില്ല.

രക്ഷപ്പെടല്‍ അത്ഭുതകരം

കിലോമീറ്ററുകളോളം നടന്ന് സ്‌കൂളില്‍പോയിരുന്ന കാലം ചിലരുടെയെങ്കിലും ഓര്‍മകളില്‍ ഉണ്ടാകും. ഒറ്റയ്ക്കാണെങ്കില്‍ക്കൂടി നടക്കാന്‍ ഭയം തോന്നിയിരുന്നില്ല. കാരണം, നാടിന്റെ സംരക്ഷണവലത്തിനുള്ളിലായിരുന്നു കുട്ടികള്‍. സമയംതെറ്റി ഒരു കുട്ടി പോകുന്നതു കണ്ടാല്‍ അന്വേഷിക്കുന്നത് ഈ നാടിന്റെ പൊതുരീതിയായിരുന്നു. അന്നു നടന്നതിന്റെ പകുതിദൂരംപോലും മക്കളെ തനിയെ വിടാന്‍ ഇപ്പോള്‍ ആര്‍ക്കാണ് ധൈര്യമുള്ളത്? നമ്മുടെ നാട് ആ വിധത്തില്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

13 വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി തന്റെ സഹോദരങ്ങളുമായി 40 ദിവസം കൊടുംവനത്തിലൂടെ നടക്കാന്‍ ധൈര്യം കാണിച്ചു എന്നിടത്തുനിന്നാണ് ഈ അത്ഭുത രക്ഷപ്പെടലിന്റെ കഥ തുടങ്ങുന്നത്. പതിമൂന്നും പതിനൊന്നും നാലും വയസുള്ള കുട്ടികള്‍ 40 ദിനങ്ങള്‍ വനത്തിലൂടെ നടന്നു എന്നു കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍പോലും കഴിയാത്ത മാനസികാവസ്ഥയിലാണ് നമ്മള്‍. അവരുടെ വിശപ്പകറ്റിയത് കാട്ടിലെ പഴങ്ങളായിരുന്നു. മൂത്ത കുട്ടിയുടെ മനസ് ഇടക്ക് എവിടെയെങ്കിലും വച്ച് തളര്‍ന്നിരുന്നെങ്കില്‍ ഇത്തരമൊരു അതിശയകരമായ രക്ഷപ്പെടലിന്റെ കഥ കേള്‍ക്കാന്‍ കഴിയുമായിരുന്നോ എന്നതില്‍ സംശയമുണ്ട്.
ചെറിയ പ്രതിസന്ധികളുടെ പേരില്‍ ജീവിതം പാതിവഴിയില്‍ അവസാനിപ്പിച്ചു പോകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

സ്‌കൂള്‍ കുട്ടികള്‍ മുതല്‍ ഐഐടികളിലും മെഡിക്കല്‍ കോളജുകളിലും പഠിക്കുന്ന മിടുമിടുക്കന്മാരായവര്‍വരെ അക്കൂട്ടത്തിലുണ്ട്. ജീവിതം എപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്നതുപോലെ പോകുമെന്ന് ചിന്തിക്കരുത്. ജീവിതത്തിന്റെ വഴിത്താരകളില്‍ ചിലപ്പോഴെങ്കിലും നിരാശപ്പെടുത്തുന്ന അനുഭവങ്ങള്‍ കാത്തിരിക്കുന്നുണ്ടാകും. പ്രതിസന്ധികളുടെ അപ്പുറം നമ്മെ കാത്തിരിക്കുന്ന വസന്തങ്ങളെക്കുറിച്ചും അതില്‍ ആഹ്ലാദിക്കാന്‍ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെക്കുറിച്ചും ചിന്തിക്കാന്‍ കഴിഞ്ഞാല്‍ പിന്നീട് നമുക്ക് തോല്ക്കാനാവില്ല. അതെ, തന്റെ സഹോദരങ്ങളോടുള്ള സ്‌നേഹവും കരുതലുമായിരിക്കും കൗമാരക്കാരിക്ക് 40 ദിവസം ആമസോണ്‍ കാടുകളിലൂടെ നടക്കാന്‍ കരുത്തു പകര്‍ന്നത്. ആ സ്‌നേഹം കണ്ട് ദൈവം തന്റെ സംരക്ഷണത്തിന്റെ കരം അവരുടെ മുകളില്‍ ഉയര്‍ത്തിയിട്ടുണ്ടാകാം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?