Follow Us On

11

January

2025

Saturday

ക്രൈസ്തവ രക്തം ചിന്തപ്പെട്ട ഇറാഖിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം; ഈശോയെ രുചിച്ചറിഞ്ഞത് 243 കുഞ്ഞുങ്ങൾ

ക്രൈസ്തവ രക്തം ചിന്തപ്പെട്ട ഇറാഖിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം; ഈശോയെ രുചിച്ചറിഞ്ഞത് 243 കുഞ്ഞുങ്ങൾ

എർബിൽ: ക്രൈസ്തവരെ ഒന്നടങ്കം കൊന്നുതള്ളാൻ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ സംഹാരതാണ്ഡവമാടിയ ഇറാഖിന് പ്രത്യാശയുടെ തിരിനാളം പകർന്ന് വീണ്ടും ആദ്യ കുർബാന സ്വീകരണങ്ങൾ. ദിനങ്ങളുടെ ഇടവേളയിൽ ഏർബിലിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് 243 കുട്ടികളാണ്. ഇക്കഴിഞ്ഞ ജൂൺ മൂന്നിന് 172 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഖ്വാരഘോഷ് നഗരം സാക്ഷ്യം വഹിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇറാഖി ക്രൈസ്തവർക്ക് പ്രത്യാശ പകരുന്ന ഈ വാർത്ത പുറത്തെത്തിയത്.

ഷ്വൽവയിലെ മാർട്ടിയേഴ്‌സ് ദൈവാലയത്തിൽവെച്ച് 23 കുട്ടികളും അങ്കാവയിലെ ഉം അൾ മൗന്ഹ് ദൈവാലയത്തിൽവെച്ച് 66 കുട്ടികളും അങ്കാവ സെന്റ് ജോസഫ് കത്തീഡ്രലിൽ വെച്ച് 65 കുട്ടികളും സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ ദൈവാലയത്തിൽ 89 കുട്ടികളുമാണ് ഈശോയെ ആദ്യമായി നാവിൽ രുചിച്ചറിഞ്ഞത്. കൽദായ രൂപതാ ബിഷപ് ബാഷർ വാർദയുടെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുക്കർമങ്ങൾ. കുട്ടികളുടെ സമഗ്രവ്യക്തിത്വ വളർച്ചയിൽ കുടുംബങ്ങൾക്കുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ബിഷപ്പ് വാർദ സന്ദേശം പങ്കുവെച്ചത്.

ക്രിസ്ത്യൻ കുടുംബങ്ങൾ സഭയോട് ചേർന്ന് നിൽക്കണമെന്ന് ഓർമിപ്പിച്ച അദ്ദേഹം, മാതാപിതാക്കൾ കുട്ടികൾക്ക് മാതൃകയാകേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ‘ശരിയായ വിദ്യാഭ്യാസത്തിന്റെ തത്ത്വങ്ങൾ മക്കൾക്ക് നൽകാൻ മാതാപിതാക്കൾ ഉത്സാഹം കാട്ടണം. കുട്ടികൾക്ക് അമിത സ്വാതന്ത്ര്യം നൽകുന്ന, വിശ്വാസത്തിന് വിരുദ്ധമായ, അവരുടെ പെരുമാറ്റം തിരുത്തുന്നത് മാതാപിതാക്കളുടെ സ്‌നേഹത്തിന്റെ അടയാളമാണ്.’ ഇക്കാര്യത്തിൽ കുടുംബങ്ങളെ അനുഗമിക്കാനും സഹായിക്കാനും സഭ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷാഭീഷണി നിലനിൽക്കുമ്പോഴും ഇറാഖിലെ സഭയുടെ ഭാവി ശോഭനമാണെന്ന് വെളിപ്പെടുത്തുന്ന ആദ്യകുർബാന സ്വീകരണങ്ങൾ വലിയ ആവേശമാണ് വിശ്വാസീസമൂഹത്തിന് നൽകുന്നത്. പീഡിതസഭയിൽനിന്ന് ഉയരുന്ന ഉദാത്തമായ ക്രിസ്തീയ ജീവിതസാക്ഷ്യങ്ങളായാണ് കഴിഞ്ഞ ദിവസം നടന്ന ആദ്യകുർബാന സ്വീകരണങ്ങൾ വിലയിരുത്തപ്പെടുന്നത്. ക്രിസ്തുവിശ്വാസത്തെപ്രതി സഭ എവിടെയെല്ലാം പീഡിപ്പിക്കപ്പെടുന്നുവോ, അവിടെയെല്ലാം സഭ തഴച്ചുവളരും എന്ന സനാതന സത്യത്തിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമത്രേ ഈ സദ്വാർത്ത.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?