Follow Us On

16

November

2024

Saturday

ഉണര്‍വിന്റെ ദൈവവിളി

ഉണര്‍വിന്റെ ദൈവവിളി

ബ്രദര്‍ ജിബു കൊച്ചുചിറ സിഎംഐ
(ലേഖകന്‍ ബംഗളൂരു ധര്‍മ്മാരാമിലെ ഒന്നാം വര്‍ഷ തിയോളജി വിദ്യാര്‍ത്ഥിയണ്)

ഉയരങ്ങള്‍ ജീവിതത്തെ കൂടുതല്‍ വിശുദ്ധികരിക്കുമെന്നതാണ് സത്യം. അതുകൊണ്ടാകാം മര്‍ക്കോസിന്റെ സുവിശേഷത്തില്‍ അവന്‍ മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു എന്ന് എഴുതപ്പെട്ടിരിക്കുന്നത്. സ്വാതന്ത്രത്തിന്റെ തനതു വഴികള്‍ അന്വേഷിക്കുന്നവരെല്ലാം വന്നുചേരുന്ന വഴിയമ്പലങ്ങളാണ് മലകള്‍. മലമുകളില്‍ ഇരുന്ന് തന്റെ പ്രിയപ്പെട്ടവരെ അടുത്തേക്കു വിളിക്കുന്ന ക്രിസ്തുവിനെയും അവന്റെ അരികിലേക്ക് നടക്കുന്ന ശിഷ്യരെയും വെറുതെ ഒന്നു ഭാവന ചെയ്തു നോക്കൂ. ഉയരത്തിലേക്ക് നടക്കുംതോറും അവര്‍ ജീവിച്ച ജീവിതവും സഞ്ചരിച്ച പാതകളും കണ്ടുമുട്ടിയ മനുഷ്യരും ചെറുതായി ചെറുതായി വരുന്നു. Noah’s Flood എന്ന പുസ്തകം എഴുതിയ വില്യം റിയാനും വാള്‍ട്ടര്‍ പിറ്റ്മാനും ഇങ്ങനെ പറയുന്നുണ്ട്.

‘നിലനില്‍ക്കുന്ന സകല സംസ്‌കാരങ്ങളെയും അവസാനിപ്പിച്ച് പുതിയ സംസ്‌കാരത്തിന്റെ പുല്‍നാമ്പുകള്‍ പൊങ്ങാന്‍ വഴിയൊരുക്കുന്ന സാധ്യതയാണ് ആ വലിയ ജലപ്രളയം.’ ഉയരത്തിലേക്കുള്ള യാത്രകളിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇതുവരെ അറിഞ്ഞതും നേടിയതുമായ എല്ലാ ദര്‍ശനങ്ങും ഉള്ളില്‍നിന്ന് ഒഴിഞ്ഞു പോകുന്നു. പി.എസ.് മുത്തേടം എഴുതിയതു പോലെ ‘വലുതാവുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ ചെറുതാവുകയാണ് ചെയ്യുന്നത്. അനുഭവജ്ഞാനം ജീവിതത്തെ ചെറുതാക്കുന്നു. കുട്ടിക്കാലത്തു കണ്ട നക്ഷത്രത്തിന്റെ തിളക്കം, മലകളുടെ ഉയരം, ആള്‍ക്കാരുടെ സാന്നിധ്യം.. സാന്ത്വനം എല്ലാം വലുതാവുമ്പോള്‍ ചെറുതായിപ്പോവുന്നു.’ ഭൂമിയിലെ മറ്റൊരു ലോകമാണ് മലമുകള്‍.

നമ്മുടെ മനസ് സമൂഹത്തിന്റെ കുപ്പത്തൊട്ടിയാണ്. നമ്മള്‍ കണ്ടുമുട്ടുന്ന ഓരോരുത്തരും എന്തെങ്കിലും അസംബന്ധം നമ്മുടെ തലയില്‍ നിക്ഷേപിച്ചിട്ടു പോകും. അങ്ങനെ വരുമ്പോള്‍ ഇടക്കെങ്കിലും മലമുകളിലെ നിശബ്ദതയിലേക്ക് നമ്മള്‍ പ്രവേശിക്കേണ്ടതുണ്ട്. ഏറ്റവും നിശബ്ദനാകുമ്പോള്‍ ഉള്ളില്‍ ചില ശബ്ദങ്ങള്‍ ഉണരും. ജീവിതത്തില്‍ കുറച്ചെങ്കിലും വെളിച്ചം കിട്ടിയവരെല്ലാം ഇടക്ക് മലകയറുന്നതും ഇതുകൊണ്ടാണ്. യേശു തന്റെ പിതാവുമായുള്ള സംഭാഷണത്തിനായി എല്ലായ്‌പ്പോഴും മലമുകള്‍ തിരഞ്ഞെടുത്തു എന്നാണ് സുവിശേഷം പറയുന്നത്. ചില ഇടങ്ങള്‍ക്ക് തെളിഞ്ഞതും വിശാലവുമായ മനസുണ്ടായിരിക്കും. അതുകൊണ്ടുതന്നെ ക്രിസ്തുശിഷ്യത്വത്തിലേക്കുള്ള വിളി ഉയരങ്ങളിലേക്കുള്ള വിളിയാണ്.

ഇങ്ങനെ പറയുമ്പോള്‍ ചില തെറ്റിദ്ധാരണകള്‍ പരക്കാന്‍ ഇടയുണ്ടാകും, അപ്പോള്‍ ‘ഉയരത്തില്‍ ഇരുന്ന് താന്‍ ഇതുവരെ ജീവിച്ച ജീവിതം ചെറുതാണ് എന്ന് വിചാരിക്കുന്നതാണോ ശിഷ്യത്വമെന്നത്?’ നിഷ അനില്‍കുമാര്‍ തന്റെ ‘വിഷാദിയുടെ കുമ്പസാരം’ എന്ന കഥയില്‍ എഴുതുന്നു, ‘കയറ്റത്തിനു ശേഷം ഒരിറക്കമുണ്ടെന്ന ബോധ്യത്തോടെയുള്ള യാത്രയാണ് യാത്രകളുടെ യഥാര്‍ത്ഥ വിശുദ്ധി.’ സുവിശേഷത്തില്‍ തുടര്‍ന്നു വരുന്ന വാക്യങ്ങള്‍ ശ്രദ്ധിക്കു, ‘തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയക്കുന്നതിനും പിശാചുക്കളെ ബഹിഷ്‌കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി അവന്‍ പന്ത്രണ്ടുപേരെ നിയോഗിച്ചു’ (മര്‍ക്കോസ് 3:14-15). അവന്റെ ഒപ്പം ആയിരിക്കുക എന്നത് മല കയറ്റമാണ്. പിന്നെ അവന്‍ തുടര്‍ന്നു നല്‍കുന്ന നിയോഗങ്ങള്‍ അത്രയും ഇറക്കത്തില്‍ ചെയ്യേണ്ടതും. കയറ്റവും ഇറക്കവും സംഭവിക്കുമ്പോഴാണ് ദൈവവിളി കൂടുതല്‍ തെളിച്ചമുള്ളതാകുന്നത്.

തിരഞ്ഞെടുപ്പ്
കോടിക്കണക്കിനു മനുഷ്യരുള്ള ഈ ലോകത്ത് ഏറ്റവും നിസഹായരായ മനുഷ്യരെ അവന്‍ തിരഞ്ഞെടുക്കാന്‍ കാരണം എന്താകും എന്ന് ആലോചിച്ചിട്ടുണ്ടോ? ശരിക്കും ഈ ഭൂമിയില്‍ ഒരു മനുഷ്യന്‍ ജനിക്കുന്നതിന് മുന്‍പേ, അവന്റെ ആദ്യത്തെ പ്രാണന്‍ അമ്മയുടെ ഉദരത്തിലേക്ക് ആവാഹിക്കുന്നതിന് എത്രയോ മുന്‍പേ ദൈവം തന്റെ പ്രിയപ്പെട്ടവരെ തിരഞ്ഞെടുത്തു എന്നാണ് തിരുവചനം. എന്തായിരിക്കാം, എന്തുകൊണ്ടായിരിക്കാം ഈ തിരഞ്ഞെടുപ്പ്? ഇങ്ങനെ എത്ര ചോദ്യങ്ങള്‍ ഉളളില്‍ തിക്കുമുട്ടി വരുന്നു. സത്യത്തില്‍ സ്‌നേഹത്തിനോടൊപ്പം ‘എന്തുകൊണ്ട്’ എന്ന ചോദ്യം അപ്രസക്തമാണ്. പ്രണയിക്കുന്ന രണ്ടു മനുഷ്യരോട് ചോദിച്ചു നോക്കൂ ‘എന്തുകൊണ്ട് നിങ്ങള്‍ പ്രണയത്തിലായി ?’ സത്യസന്ധമായ പ്രണയമാണെങ്കില്‍ കാരണം ഒന്നും പറയാനുണ്ടാകില്ല.’ ‘കാരണം’ പറയാന്‍ ഉണ്ട് എങ്കില്‍ അത് പ്രണയമാവുകയുമില്ല. ദൈവത്തിന്റെ തിരഞ്ഞെടുപ്പും ഇങ്ങനെ തന്നെയാകും. കാരണം ഒന്നും പറയാന്‍ ഉണ്ടാകില്ല, എന്തോ ഇഷ്ടമായി അത്ര തന്നെ. ഉത്തരമില്ലാത്ത ചോദ്യങ്ങളില്‍ ജീവിതം അതിന്റെ വസന്തം തീര്‍ക്കുന്നതെന്നു മാത്രമറിയുക.

ഈ ഭൂമിയും അതിലുള്ള മനുഷ്യരും സകല ചരാചരങ്ങളും ഒരല്‍പ്പം കൂടി കരുതല്‍ ആവശ്യപ്പെടുന്നുണ്ട്. 2003 ല്‍ നടന്ന ഒരു സംഭവം, ന്യൂയോര്‍ക്കിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തില്‍നിന്ന് ചാടി ഒരാള്‍ ആത്മഹത്യ ചെയ്തു. അയാള്‍ മരിക്കും മുന്‍പ് ഗോള്‍ഡന്‍ ഗേറ്റ് പാലത്തിനടുത്തുള്ള അപ്പാര്‍ട്ടുമെന്റില്‍ ഇങ്ങനെ എഴുതി വെച്ചിരുന്നു. ‘I am going to walk to the bridge. If one person smiles at me on the way, I will not jump’. അയാളുടെ ആ നടപ്പില്‍ ആരും അയാളെ നോക്കി ചിരിച്ചില്ല എന്നു വേണം അനുമാനിക്കാന്‍. എല്ലാ ആത്മഹത്യകളും സംഭവിക്കുന്നത് ചേര്‍ത്തുനിര്‍ത്തി സാരമില്ല എന്നു പറയാന്‍ ഒരാളില്ലാത്തതുകൊണ്ടാണ്. ചീറിപ്പായുന്ന ലോകത്തിന് ഒരു മനുഷ്യനുവേണ്ടി സമയം മാറ്റിവെക്കാന്‍ എവിടെയാണ് സമയം. സുവിശേഷം എന്നതിന്റെ അര്‍ത്ഥം തന്നെ ‘നല്ല വാര്‍ത്ത’ എന്നാണ്.

നിങ്ങള്‍ ലോകം എങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നാണ് ക്രിസ്തു തന്റെ ശിഷ്യരോട് പറയുന്നത്. ഭൂമിയിലെ നിസഹായത ചുമന്നു നടക്കുന്ന മനുഷ്യര്‍ക്ക് ജീവന്‍ നല്‍കലാണ് സുവിശേഷ പ്രഘോഷണം. അതിന് സ്‌നേഹത്തിന്റെ ഭാഷ ചാലിക്കണം. എന്താണ് സ്‌നേഹം എന്ന ചോദ്യത്തിന് ഇതുവരെ കേട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ഉദാത്തമായ മറുപടി, ‘സമയം കൊടുക്കലാണ് സ്‌നേഹം എന്നതാണ്.’ വേദനിക്കുന്നവരുടെ അടുത്ത് വെറുതെ കുറച്ചുനേരം ധൃതിയില്ലാതെ ഇരുന്നു കൊടുക്കുമ്പോള്‍ അതുപകരുന്ന ആശ്വാസം വലുതാണ്. ആ സ്‌നേഹത്തിന്റെ സുവിശേഷം രോഗികളെ സുഖപ്പെടുത്തും, പിശാചുക്കളെ ബഹിഷ്‌കരിക്കും. കാരണം, ‘ആവേ മരിയായില്‍’ കെ.ആര്‍. മീര പറഞ്ഞുവെക്കുന്നതു പോലെ ‘രണ്ട് തളര്‍ച്ചകള്‍ക്കിടയിലെ ഉണര്‍വിന്റെ പേരാണ് സ്‌നേഹം.’ ഈ ഉണര്‍വിലേക്ക് മനുഷ്യരെ നടത്തുകയല്ലാതെ മറ്റെന്താണ് ദൈവവിളി.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?