Follow Us On

18

April

2024

Thursday

അല്‍ഫോന്‍സാമ്മയുടെ വീട്ടിലെ താപസപിതാവ്‌

അല്‍ഫോന്‍സാമ്മയുടെ വീട്ടിലെ താപസപിതാവ്‌

രഞ്ജിത് ലോറന്‍സ്

മെത്രാന്‍ പദവിയുടെ അധികാരങ്ങള്‍ വേണ്ടെന്നുവച്ചുകൊണ്ട് ഏകാന്ത താപസ ജീവിതത്തിലേക്ക് പ്രവേശിച്ച പാലാ രൂപതയുടെ സഹായമെത്രാനായിരുന്ന മാര്‍ ജേക്കബ് മുരിക്കന്‍ ഈ വര്‍ഷം 60-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സൗമ്യമായ പെരുമാറ്റത്തിലൂടെയും കിഡ്‌നി ദാനം ചെയ്തും തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവരെ ശുശ്രൂഷിച്ചുമൊക്കെ ക്രിസ്തുവിന്റെ പ്രതിരൂപമായി മാറിയ ഈ ഇടയന്‍ ഇടുക്കി ജില്ലയിലെ നല്ലതണ്ണിയിലാണ് താപസജീവിതം നയിക്കുന്നത്. കോടമഞ്ഞ് പുതച്ചു നില്‍ക്കുന്ന ആശ്രമത്തിലിരുന്ന് താപസ ജീവിതത്തിലേക്ക് കടന്നുവരാനിടയായ സാഹചര്യവും ദൈവപരിപാലനയുടെ നാള്‍വഴികളെക്കുറിച്ചും പിതാവ് മനസുതുറന്നു.

? ആദ്യം ലഭിച്ച ദൈവവിളയില്‍ നിന്ന് എങ്ങനെയാണ് ഏകാന്ത താപസ ജീവിതം എന്ന വിളിക്കുള്ളിലെ വിളിയിലേക്ക് എത്തുന്നത്?

22-ാം വയസിലാണ് സെമിനാരിയില്‍ ചേര്‍ന്നത്. കുടുംബത്തിലുണ്ടായിരുന്ന വൈദികരൊക്കെ തന്നെ രൂപതാ വൈദികരായിരുന്നു. അന്ന് സന്യാസ താപസ ജീവിതത്തെക്കുറിച്ച് കേട്ടുകേള്‍വിപോലുമില്ല. അച്ചനായപ്പഴോ മെത്രാനായപ്പഴോ ഒന്നും സന്യാസ ജീവിതത്തോട് ആകര്‍ഷണം തോന്നിയിട്ടില്ല. ജനങ്ങളുമായി ബന്ധപ്പെട്ട അജപാലനശുശ്രൂഷയായിരുന്നു എന്നും ഇഷ്ടവും സന്തോഷവും. 2017 ലാണ് ആദ്യമായിട്ട് ഇങ്ങനെ ഒരു വിളി ലഭിക്കുന്നത്. ഞാന്‍ വളരെ സന്തോഷത്തോടുകൂടെ ചെയ്തുകൊണ്ടിരിക്കുന്ന ശുശ്രൂഷയില്‍ നിന്ന് മാറി ഏകാന്ത താപസജീവിതം നയിക്കുവാനുള്ള ദൈവിക സ്വരമായിരുന്നു അത്. പിന്നീട് ആ വിളി ശക്തി പ്രാപിക്കുന്നതായി അനുഭവപ്പെട്ടു.

എനിക്ക് മറ്റൊരു മാര്‍ഗമില്ലാത്ത വിധത്തില്‍ ഈ വിളി ശക്തമായപ്പോള്‍ ഞാനത് ഉള്ളുകൊണ്ട് സ്വീകരിക്കുകയും അബ്രാഹത്തെപ്പോലെ ഇറങ്ങി പുറപ്പെടുകയുമാണ് ചെയ്തത്. അബ്രാഹം സന്തോഷത്തോടെ ജീവിക്കുന്ന സമയത്താണല്ലോ പിതൃദേശത്തെ ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് പോകുവാന്‍ ദൈവം വിളിക്കുന്നത്. ഇത്തരമൊരു പ്രചോദനം ലഭിച്ച ശേഷമാണ് മരുഭൂമിയിലെ താപസപിതാക്കന്‍മാരെക്കുറിച്ചും ഏകാന്ത താപസ ജീവിതത്തെക്കുറിച്ചും പഠിക്കുന്നത്. അങ്ങനെയാണ് ഈ ജീവിതത്തിനുള്ള ക്രമം ചിട്ടപ്പെടുത്തുന്നതും.

അല്‍ഫോന്‍സാമ്മ വളര്‍ന്നത് ഞങ്ങളുടെ തറവാട്ട് വീട്ടിലാണ്. ആ കാര്യങ്ങളൊക്കെ കേട്ടാണ് വളര്‍ന്ന് വന്നത്. താപസജീവിതം തിരഞ്ഞെടുക്കാനുള്ള വിളി ലഭിച്ചപ്പോള്‍ പ്രധാനമായും മാധ്യസ്ഥം തേടിയത് പരിശുദ്ധ അമ്മയോടും യൗസേപ്പിതാവിനോടും എന്റെ പേരിന് കാരണക്കാരനായ വിശുദ്ധ യാക്കോബ് ശ്ലീഹായോടും അല്‍ഫോന്‍സാമ്മയോടുമായിരുന്നു. കൂടാതെ താപസ പിതാക്കന്‍മാരുടെയും ഫ്രാന്‍സിസ് അസീസി പോലുള്ള ചില വിശുദ്ധരുടെയും മാധ്യസ്ഥം പ്രത്യേകമായി തേടിയിരുന്നു.

? പ്രാര്‍ത്ഥനയുടെ സമയത്ത് ദൈവസ്വരം തിരിച്ചറിയാന്‍ ചെറുപ്പം മുതല്‍ സാധിച്ചിരുന്നോ?

ചെറുപ്പത്തില്‍ തന്നെ പ്രാര്‍ത്ഥനയുടെ സമയത്ത് ദൈവം ചില കാര്യങ്ങള്‍ പറയുന്നതായിട്ട് അനുഭവപ്പെട്ടിരുന്നു. ദൈവത്തോടുള്ള സംഭാഷണമാണല്ലോ പ്രാര്‍ത്ഥന. നമ്മള്‍ ദൈവത്തോട് സംസാരിക്കുക മാത്രമല്ല, ദൈവവും നമ്മോട് സംസാരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടിരുന്നു. വലിയൊരു മിസ്റ്റിക്കല്‍ തലത്തിലൊന്നുമല്ല, സാധാരണ ഒരു മനുഷ്യന് പ്രാപ്യമായ വിധത്തില്‍ ദൈവം സംസാരിക്കുന്നതായുള്ള അനുഭവമായിരുന്നു അത്. അതിന്റെ പരിസമാപ്തിയിലാണ് ദൈവം എന്നോട് ഇപ്രകാരം ഒരു വിളി സ്വീകരിക്കുവാന്‍ ആവശ്യപ്പെടുന്നത്.

ദൈവവുമായുള്ള പ്രാര്‍ത്ഥനയുടെ ബന്ധത്തില്‍ നിന്നാണ് ഞാന്‍ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ ദൈവമേ അത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ദൈവത്തോട് ചോദിക്കുകയും അതിനുള്ള ഉത്തരം ലഭിക്കുകയും ചെയ്തിരുന്നു. ഏത് പ്രശ്‌നം വന്നാലും പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തില്‍ ഇരിക്കുമ്പോള്‍ അതിനുള്ള പരിഹാരം ദൈവം വെളിപ്പെടുത്തി തരും. അങ്ങനെ ചെയ്തുവന്നതുകൊണ്ട് ഒരിക്കലും ടെന്‍ഷനും പ്രയാസവും അനുഭവപ്പെട്ടിട്ടില്ല. മാത്രമല്ല പ്രത്യാശയും വിശ്വാസവും എപ്പോഴും ഉള്ളില്‍ ഉണ്ടായിരുന്നു.

? ഒരു വ്യക്തിക്ക് തന്നെക്കുറിച്ചുള്ള ദൈവഹിതം എങ്ങനെ തിരിച്ചറിയാനാകും?

ദൈവാനുഭവങ്ങള്‍ പല വിധത്തിലാണ് ലഭിക്കുന്നത്. ചിലര്‍ക്ക് പ്രാര്‍ത്ഥനയുടെ സമയത്ത് അത് ബോധ്യമായി ലഭിക്കുന്നു. ചിലര്‍ക്ക് മറ്റ് വ്യക്തികളുടെ സഹായത്താല്‍ ദൈവികപദ്ധതികള്‍ വെളിപ്പെട്ട് ലഭിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് നമുക്ക് നിര്‍വചിക്കാന്‍ പറ്റില്ല. കര്‍ത്താവ് പറഞ്ഞുതുപോലെ കാറ്റ് എവിടെ നിന്ന് വരുന്നു എന്നും എങ്ങോട്ട് പോകുന്നു എന്നും നമുക്ക് അറിയാന്‍ സാധിക്കില്ല. ആത്മാവ് പല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി നമുക്ക് കാണാം. എല്ലാവര്‍ക്കും പ്രാര്‍ത്ഥനയില്‍ അത്ര ഏകാഗ്രതയോടെ എപ്പോഴും വ്യാപരിക്കാന്‍ സാധിക്കണമെന്നില്ല. ഒരു ഗ്രൂപ്പിലോ മറ്റ് വ്യക്തികളിലൂടെയോ വ്യക്തിപരമായോ പരിശുദ്ധാത്മാവിന് ഇടപെടാന്‍ സാധിക്കും.

? സാധാരണ മനുഷ്യര്‍ ലക്ഷ്യമാക്കുന്ന പ്രധാന കാര്യങ്ങളാണ് ജീവിതസൗകര്യം, അംഗീകാരം, അധികാരം തുടങ്ങിയ കാര്യങ്ങള്‍. സന്തോഷത്തെക്കാളുപരി ദൈവഹിതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് പിതാവ് ആ പാതയില്‍ നിന്ന് മാറി നടക്കുകയായിരുന്നു?

മറ്റുള്ള കാര്യങ്ങളും വ്യക്തിഗതമായ കാര്യങ്ങളുമെല്ലാം ദൈവഹിതത്തിന് താഴെയുള്ള കാര്യമാണ്. ദൈവമാണ് എന്നെ തിരഞ്ഞെടുത്തത്. ദൈവമെന്നെ നയിക്കുന്നു. ദൈവം പറഞ്ഞിട്ടാണ് അച്ചനായത്. അതുകഴിഞ്ഞ് മെത്രാനായി. അതുകഴിഞ്ഞ് ദൈവം ഇത്തരം ഒരു നിയോഗത്തിലേക്ക് പോകണമെന്ന് പറയുമ്പോള്‍ അതിന് പിന്നില്‍ ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ഇതിന്റെ ലക്ഷ്യം നമുക്ക് കൃത്യമായി മനസിലാകണമെന്നില്ല. പക്ഷേ ദൈവത്തിന്റെ ഹിതം അതാണെന്ന് മനസിലാക്കിയപ്പോള്‍ ഞാനത് നൂറ് ശതമാനവും സന്തോഷത്തോടെ സ്വീകരിച്ചു.

ദൈവത്തോടുകൂടെയാണോ സന്തോഷമനുഭവിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇന്ദ്രിയങ്ങള്‍ക്ക് തൃപ്തി നല്‍കുന്ന സന്തോഷത്തിലുപരി ഹൃദയത്തിന് തൃപ്തി നല്‍കുന്ന സന്തോഷത്തിലേക്ക് നയിക്കാന്‍ ദൈവത്തിന് മാത്രമേ സാധിക്കൂ. നമ്മുടെ നന്മയ്ക്കാവശ്യമായ കാര്യങ്ങളാണ് ദൈവം തരുന്നത് എന്നത് നൂറു ശതമാനവും പരമാര്‍ത്ഥമായ കാര്യമാണ്. ഉദാഹരണണത്തിന് ഒരു രോഗം വന്നാല്‍ ആ രോഗാവസ്ഥയിലും ദൈവം കൂടെ ഉണ്ട് എന്ന ബോധ്യമുണ്ടാകണം. അതില്‍ വിഷമിക്കേണ്ട ആവശ്യമില്ല. ആ രോഗം ദൈവം സുഖപ്പെടുത്തുകയോ സുഖപ്പെടുത്താതിരിക്കുകയോ ചെയ്‌തേക്കാം. എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അത് നന്മയ്ക്കായി മാത്രമേ മാറുകയുള്ളൂ. രോഗവും എനിക്ക് കൃപയായി മാറ്റാന്‍ സാധിക്കും എന്ന് തിരച്ചറിണം. നിത്യതയുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോഴാണ് ഇത് സാധ്യതമാകുന്നത്.

? ഏകാന്ത താപസജീവിതം നയിക്കാന്‍ എന്തുകൊണ്ടാണ് ഈ സ്ഥലം തിരഞ്ഞെടുത്ത്? ഈ ജീവിതശൈലി ആരംഭിച്ചതിന് ശേഷം പിതാവിന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍/മാറ്റങ്ങള്‍ എന്തൊക്കെയാണ്?

ഈ പ്രദേശത്തുള്ള ആരുമായും എനിക്ക് പരിചയമില്ല. കൂടപ്പുഴ അച്ഛന്‍ എന്റെ ഗുരുവായിരുന്നു എന്നുള്ളത് ശരിയാണ്. അദ്ദേഹം ഇവിടെ ഒരു ആശ്രമം ക്രമീകരിച്ചിട്ടുള്ളതായി അറിയാമായിരുന്നു. ഇവിടെ ഇതിനോട് ചേന്നുള്ള വനത്തില്‍ മൂന്ന് ബ്രദേഴ്‌സ് താമസിക്കുന്ന കാര്യം എന്നോട് പലരും പറഞ്ഞു. അവരെ ചെന്നു കണ്ടു. അവരുടെ ജീവിതചര്യകളൊക്കെ കണ്ട് മനസിലാക്കി. അങ്ങനെ ഇവിടെ വന്നപ്പോഴാണ് ഇവിടെയായിരിക്കും ഏകാന്ത താപസ ജീവിതത്തിന് അനുയോജ്യമായ സ്ഥലമെന്ന പരിശുദ്ധാത്മാവിന്റെ പ്രചോദനം ലഭിക്കുന്നത്.

ഏകാന്ത സന്യാസ താപസ ജീവിതം നയിക്കുന്നതിനാണ് ഇവിടെ എത്തിയത്. എന്നാല്‍ ആളുകള്‍ ഇവിടേക്ക് രാവിലെ മുതല്‍ പ്രാര്‍ത്ഥിക്കാനായി വരുന്നു എന്നുള്ളതാണ് ഇവിടെ വന്നശേഷം ഉണ്ടായ വ്യത്യസ്തമായ ഒരു സംഭവവികാസം. ഇങ്ങനെ വരുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് ദൈവം ആഗ്രഹിക്കുന്ന കാര്യമാണെന്ന് ബോധ്യം ലഭിച്ചതുകൊണ്ട് ആരെയും ഒഴിവാക്കിയില്ല. വരുന്നവരെ ശ്രവിക്കുന്നതും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതും ഈ ശുശ്രൂഷയുടെ ഒരു ഭാഗമായി കാണുന്നു. വരുന്നവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ഏകാന്ത താപസ ജീവിതത്തിന് തടസമാകുന്നില്ല. ഏകാന്തതയില്‍ തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. സഹായികളായി ആരുമില്ല. എല്ലാ കാര്യങ്ങളും തന്നെയാണ് ഇവിടെ ചെയ്യുന്നത്. ആ ചൈതന്യത്തിന് ഒരു കുറവും സംഭവിക്കുന്നില്ല.

? ഇവിടെ വരുന്നവര്‍ക്കെല്ലാം പിതാവ് രുചികരമായ ഭക്ഷണം നല്‍കാറുണ്ട്. പിതാവ് തന്നെയാണോ ഇത് മുഴുവന്‍ തയാറാക്കുന്നത്?

അത് താപസജീവിതത്തിന്റെ ഒരു പ്രത്യേകതയായി ഞാന്‍ മനസിലാക്കിയ കാര്യമാണ്. താപസന്‍മാര്‍ അവര്‍ക്കുവേണ്ടി തന്നെ ഒന്നും കരുതിവയ്ക്കുന്നില്ല. ഉള്ളതെല്ലാം അവര്‍ വരുന്നവരുമായി പങ്കുവയ്ക്കും. ആത്മീയ കാര്യങ്ങള്‍ക്കൊപ്പം ഭൗതികമായിട്ടുള്ളതും അവര്‍ പങ്കുവച്ച് നല്‍കുന്നു.
ഒരു മണിക്കൂര്‍ സമയമാണ് ഭക്ഷണം പാകം ചെയ്യുന്നതിനായി അനുവദിച്ചിരിക്കുന്നത്. ആ സമയത്തിനുള്ളില്‍ കഞ്ഞിയും പയറുമൊക്കെ തയാറാക്കും. ഒരു കലം അരി ഇടും. തീരുന്നതുവരെ കൊടുക്കും. 20-22 പേര്‍ക്ക് വരെയുള്ള ഭക്ഷണം നല്‍കാറുണ്ട്. തീര്‍ന്നുകഴിഞ്ഞാല്‍ പഴങ്ങളോ മറ്റെന്തെങ്കിലുമോ ഉണ്ടെങ്കില്‍ അത് കൊടുക്കും. ആളുകള്‍ വരുമ്പോള്‍ അഞ്ചും പത്തും കിലോ അരിയും പയറുമൊക്കെ കൊണ്ടുവരും. ഞാന്‍ ഒന്നും വാങ്ങാന്‍ പോകാറില്ല. കൊണ്ടുവരുന്ന സാധനങ്ങള്‍ കൂടുതലായതിനാല്‍ അവ പലര്‍ക്കായി കൊടുത്തുവിടുകയാണ് ചെയ്യാറുള്ളത്. പാലായിലുള്ള സ്ഥാപനത്തിലേക്ക് ഇവിടെനിന്ന് അഞ്ഞൂറ് കിലോ അരി അടുത്തിടെ കൊടുത്തയച്ചിരുന്നു.

? അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായൊരു വിളിയാണ് ഏകാന്ത താപസജീവിതത്തിലേക്കുള്ള വിളി. പിതാവിന്റെ ഒരു ദിവസം എങ്ങനെയാണ് കടന്നുപോകുന്നത്?

പ്രഭാതത്തില്‍ മൂന്ന് മണിക്കാണ് ആദ്യ യാമപ്രാര്‍ത്ഥന. അതുകൊണ്ട് രണ്ട് മണിക്ക് എഴുന്നേല്‍ക്കും. പ്രാര്‍ത്ഥനക്ക് ശേഷം ഭക്ഷണം പാകം ചെയ്യുന്നതിനായി ഒരു മണിക്കൂര്‍ സമയം ഉണ്ട്. പിന്നെ മധ്യസ്ഥപ്രാര്‍ത്ഥന, വ്യക്തിപരമായ പ്രാര്‍ത്ഥന, ദിവ്യബലി, സപ്രാ, ധ്യാനം തുടങ്ങിയ പ്രാര്‍ത്ഥനകള്‍ക്കായാണ് ഏഴര വരെയുള്ള സമയം. ഇതിനുശേഷം കൃഷിപ്പണികള്‍ക്കും പരിസരം വൃത്തിയാക്കുന്നതിനും കള പറിക്കുന്നതിനുമൊക്കെയായി പുറത്തേക്കിറങ്ങും. കാരറ്റ്, തക്കാളി എന്നിവയൊക്കെ കൃഷി ചെയ്യുന്നുണ്ട്. പലതിനും നല്ല വിളവ് ലഭിച്ചു കഴിഞ്ഞു. കൃഷി എനിക്കിഷ്ടമുള്ള കാര്യമാണ്.

യാമപ്രാര്‍ത്ഥനകള്‍ എല്ലാ യാമങ്ങളിലും ചൊല്ലും. വായനക്കും പഠനത്തിനുമായി സമയം ചിലവഴിക്കും. ബൈബിള്‍ തന്നെയാണ് കൂടുതലും വായിക്കുന്നത്. പത്ത് മണിമുതല്‍ ആളുകള്‍ വന്നു തുടങ്ങും. ആളുകളുണ്ടെങ്കില്‍ അവരെ കൂട്ടി പ്രാര്‍ത്ഥനയുടെ സമയത്ത് അത് ചൊല്ലുകയാണ് പതിവ്. ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായാണ് ഭക്ഷണത്തിന്റെ സമയം. മറ്റുള്ളവര്‍ക്ക് കൊടുത്ത് കഞ്ഞി തീര്‍ന്നിട്ടുണ്ടെങ്കില്‍ റെസ്‌കോ മറ്റെന്തെങ്കിലും പഴങ്ങളോ സമാനമായ അളവില്‍ കഴിക്കും. നാല് മണിക്ക് ശേഷം നടക്കാന്‍ പോവാറുണ്ട്. പിന്നെ ഏഴ് മുതല്‍ എട്ട് വരെ പ്രാര്‍ത്ഥനയ്ക്കുള്ള സമയമാണ്. ഒന്‍പത് മണിക്കുള്ള യാമപ്രാര്‍ത്ഥനക്ക് ശേഷമാണ് ഉറങ്ങുന്നത്.

? ഭക്ഷണം കൂടിയതുകൊണ്ടുള്ള രോഗങ്ങളാണ് ഇന്ന് കൂടുതലും ഉണ്ടാകുന്നത്. ഒരു നേരം മാത്രമാണോ പിതാവ് ഭക്ഷണം കഴിക്കുന്നത്?

അമ്മ മരിച്ച ശേഷം ഒരു വര്‍ഷം സസ്യാഹാരം മാത്രമായിരുന്നു കഴിച്ചിരുന്നത്. അത് നല്ലതാണെന്ന് എനിക്ക് മനസിലായി. അങ്ങനെയാണ് അത് തുടരാന്‍ തീരുമാനിച്ചത്.
2017 ല്‍ താപസ സന്യാസ ജീവിതത്തിലേക്ക് ഒരു വിളിയുണ്ടെന്ന് മനസിലായി കഴിഞ്ഞപ്പോള്‍ മുതല്‍ ആ വിളിയനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്താന്‍ ശ്രമിച്ചു. പാലും പാലുത്പന്നങ്ങളും പൂര്‍ണമായി ഉപേക്ഷിച്ചു. ദിവസം ഒരു നേരമാണ് ആഹാരം കഴിക്കുന്നത്.

? ഇദംപ്രഥമമായി ദിവ്യകാരുണ്യ കോണ്‍ഗ്രസിന് വേണ്ടി കേരളസഭ ഒരുങ്ങുന്ന സമയമാണിത്. പിതാവിന്റെ ജീവിതവും ദിവ്യകാരുണ്യത്തോട് വളരെ ബന്ധപ്പെട്ടാണല്ലോ നിലകൊള്ളുന്നത്?

ദിവ്യകാരുണ്യത്തിലാണ് എല്ലാവരുടെയും ജീവിതം അധിഷ്ഠിതമായിരിക്കുന്നത്. ഈശോ നമ്മോട് കൂടെ വസിക്കുന്നു. ഈശോയോടു കൂടെയുള്ള ജീവിതമണ് രക്ഷയിലേക്ക് നയിക്കുന്നത്. ദിവ്യകാരുണ്യത്തോടു കൂടെയായിരിക്കുക എന്നത് വലിയൊരു കൃപയാണ്. ആ കൃപയില്‍ നിന്നാണ് ജീവിതം ഫലദായകമായി മാറുന്നത്. ലോകത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഈശോയാണ്. എല്ലാവര്‍ക്കും പ്രാപ്യമായ വിധത്തില്‍ ഈശോ ദിവ്യകാരുണ്യമായി നമ്മോട് ഒപ്പം വസിക്കുന്നു. നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ദിവ്യകാരുണ്യ ഈശോയിലുണ്ട്. രാവിലെയുള്ള പരിശുദ്ധ കുര്‍ബാന തന്നെയാണ് ജീവിതത്തിന്റെ കേന്ദ്രബിന്ദു.
ഒരു കുഞ്ഞിന്റെ മനോഭാവത്തോടെ ദിവ്യകാരുണ്യസന്നിധിയിലിരിക്കുക. ദിവ്യകാരുണ്യത്തിലേക്ക് നോക്കുമ്പോള്‍ ഈശോയെ കണ്ടുകൊണ്ടാണ് നാം പ്രാര്‍ത്ഥിക്കുന്നത്. പ്രാര്‍ത്ഥിക്കുവാനും വിശ്വാസത്തില്‍ ആഴപ്പെടുവാനുമുള്ള അനുഗ്രഹം വിശ്വാസത്തിന്റെ കണ്ണുകൊണ്ടുള്ള ആ കാഴ്ചയിലൂടെ നമുക്ക് ലഭിക്കും. സന്തോഷമാണെങ്കിലും ദുഃഖമാണെങ്കിലും നമുക്ക് ആദ്യം പങ്കുവയ്ക്കാനാവുന്ന വ്യക്തി ഈശോയാണ്. നമുക്ക് ഇഷ്ടമുള്ള ആളോടാണല്ലോ നാം കാര്യങ്ങള്‍ പങ്കുവയ്ക്കുക. അങ്ങനെ ഒരു ബന്ധം ഈശോയുമായി ഉണ്ടാക്കിയെടുക്കാന്‍ കഴിയുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

? പ്രകൃതിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു ചാക്രിക ലേഖനം തന്നെ രചിച്ചിട്ടുണ്ട്. പ്രകൃതിയുമായി ഇഴുകി ചേര്‍ന്ന് ജീവിക്കുന്ന പിതാവിന്റെ കാഴ്ചപ്പാടുകള്‍…

ദൈവത്തിന്റെ രണ്ട് സാക്ഷികള്‍ ഒന്ന് വിശുദ്ധ ഗ്രന്ഥവും രണ്ട് പ്രകൃതിയുമാണെന്നാണ് സഭാപിതാവായ മാര്‍ അപ്രേമിനെ പോലെയുള്ളവര്‍ പറയുന്നത്. പ്രകൃതി യഥാര്‍ത്ഥത്തില്‍ ഒരു കൂദാശയാണ്. പ്രകൃതിയിലൂടെ നമുക്ക് ദൈവാത്തെ കാണാനും അനുഭവിക്കാനും സാധിക്കും. മനുഷ്യന് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യം – പ്രകൃതി – ഒരുക്കിയ ശേഷമാണ് ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നത്. താന്‍ സൃഷ്ടിച്ചതെല്ലാം നല്ലതാണെന്ന് കണ്ടശേഷം മനുഷ്യനെ സൃഷ്ടിച്ച് ഇതിന്റെയെല്ലാം സൂക്ഷിപ്പുകാരനായി അവനെ നിയമിക്കുകയായിരുന്നു. ദൈവത്തോടും സഹമനുഷ്യരോടും പ്രകൃതിയോടും ഐക്യത്തിലായിരിക്കുമ്പോഴാണ് മനുഷ്യന്റെ ആത്മരക്ഷ സാധ്യമാകുന്നത്. പണ്ട് താപസപിതാക്കന്‍മാര്‍ മരുഭൂമിയിലും മലയിലും വനത്തിലുമൊക്കെയാണ് താമസിച്ചിരുന്നത്. ഇവയൊക്കെ ദൈവത്തെ അനുഭവിക്കുന്നതിനുള്ള പശ്ചാത്തലമാണ്.

പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കുമ്പോഴും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ധാര്‍മികത കാത്തുസൂക്ഷിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഉദാഹരണത്തിന് നല്ല മൈലേജുള്ള വാഹനങ്ങള്‍ ഉപയോഗിക്കുക, കൂടുതലായി പൊതുവാഹനങ്ങളെ ആശ്രയിക്കുക തുടങ്ങിയ കാര്യങ്ങള്‍ സംസ്‌കാരമായി നാം വളര്‍ത്തിയെടുക്കണം. ദൈവത്തോടും മനുഷ്യനോടും പ്രകൃതിയോടുമെല്ലാം അനുരഞ്ജനപ്പെടുന്ന മനോഭാവമാണ് മനുഷ്യന്‍ ഇന്ന് പുലര്‍ത്തേണ്ടത്. നിര്‍മാണമേഖലയിലും മാറ്റങ്ങള്‍ ഉണ്ടാകണം. ഇത്രയും വലിയ സൗധങ്ങള്‍ നമുക്കാവശ്യമുണ്ടോ എന്ന് ചിന്തിക്കണം. ഇനിയും ഈ ഭൂമിയില്‍ മനുഷ്യര്‍ക്ക് ജീവിക്കാനുള്ളതാണ് എന്ന ചിന്തയോടുകൂടെ വേണം നാം ജീവിക്കുവാന്‍.

? കേരളത്തില്‍ വളര്‍ന്നുവരുന്ന വിഭാഗീയ/തീവ്രവാദ ചിന്താഗതികളോട് ഒരു ക്രൈസ്തവവിശ്വാസി എങ്ങനെയാണ് പ്രതികരിക്കേണ്ടത്?

ദൈവം സ്‌നേഹമാണെന്ന് ഈശോയിലൂടെയാണ് വെളിപ്പെടുന്നത്. പിതാവായ ദൈവം അയച്ച പുത്രനാണ് ദൈവം സ്‌നേഹമാണെന്ന് വെളിപ്പെടുത്തിയത്. അതുപോലെ കൃത്യമായ വെളിപ്പെടുത്തല്‍ വേറൊരു മതത്തിലും ഉണ്ടായിട്ടില്ല. മറ്റൊരു മതസ്ഥാപകനും നടത്തിയിട്ടുമില്ല. ക്രിസ്തുമതം ലോകത്തെ പഠിപ്പിക്കുന്നത് ഈശോയിലൂടെ വെളിപ്പെട്ട ഈ യാഥാര്‍ത്ഥ്യമാണ്.

നമ്മളെ തള്ളിക്കളയുന്നവരെയും നാം സ്‌നേഹിക്കണമെന്ന് ഈശോ കൃത്യമായി പറയുന്നുണ്ട്. നിങ്ങളെ സ്‌നേഹിക്കുന്നവരെ മാത്രം സ്‌നേഹിച്ചാല്‍ എന്ത് പ്രയോജനമാണുള്ളത്? നിങ്ങളെ വെറുക്കുന്നവരെയും സ്‌നേഹിക്കുമ്പോഴാണ് നിങ്ങള്‍ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളാണെന്ന് മറ്റുള്ളവര്‍ മനസിലാക്കുന്നത്.
മണിപ്പൂരില്‍ ഇപ്പോള്‍ സംഭവിക്കുന്നതും ആദിമസഭയില്‍ നടന്ന പീഡനങ്ങളും ഒരു കാര്യം വ്യക്തമാക്കുന്നു. ഇവിടെയൊന്നും കൊല്ലുന്നവരല്ല ജയിക്കുന്നത്, മറിച്ച് കൊല്ലപ്പെടുന്നവരാണ്. ഞാന്‍ കാണ്ടമാലില്‍ പോയതാണ്. അവിടെ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്ത സമയത്ത് ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം ക്രൈസ്തവര്‍ ഇപ്പോഴവിടെയുണ്ട്. ഒരു മനുഷ്യനെ കൊല്ലുന്നതിലൂടെ അവന്റെ വിശ്വാസം ഉന്മൂലനം ചെയ്യാന്‍ സാധിക്കും എന്നത് ലോകത്തിന്റെ കാഴ്ചപ്പാടാണ്. എന്നാല്‍ ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ദൈവത്തില്‍ ആശ്രയിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ള ഏക കാര്യം. നമുക്ക് പഠിപ്പിക്കാനുള്ളത് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും പാഠങ്ങള്‍ മാത്രമാണ്.

മുരിക്കന്‍ പിതാവിന്റെ ആശിര്‍വാദവും സ്വീകരിച്ച് പിതാവ് തന്ന രുചികരമായ ഭക്ഷണവും കഴിച്ച് യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഒരു കാര്യം ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഈ ഏകാന്തത ചില സമയത്തെങ്കിലും മടുപ്പിക്കാറുണ്ടോ?.
‘ഇവിടെ ഒറ്റയ്ക്കാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല’ എന്നായിരുന്നു പിതാവിന്റെ മറുപടി. ദിവ്യകാരുണ്യത്തിന്റെ സാമീപ്യത്തില്‍ ദിവസത്തിന്റെ ഭൂരിഭാഗം സമയവും ചിലവഴിക്കുന്ന ആ താപസപിതാവിന് താനവിടെ ഒറ്റയ്ക്കല്ലെന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു. പിതാവിനെ കണ്ട് പ്രാര്‍ത്ഥിച്ച് അവിടെ നിന്ന് പോരുന്നവര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചറിവും അത് തന്നെയാണ് – സന്തോഷമാണെങ്കിലും ദുഃഖമാണെങ്കിലും ദൈവം എപ്പോഴും കൂടെ ഉണ്ടെന്നുള്ള തിരിച്ചറിവ്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?