ഇംഫാല്‍: മനുഷ്യമനസുകളില്‍ വിദ്വേഷത്തിന്റെയും ശത്രുതയുടെയും വിത്തുകള്‍ വിതച്ചാല്‍ എന്താണ് സംഭവിക്കുക എന്നതിന്റെ തെളിവാണ് മണിപ്പൂരില്‍നിന്നും പുറത്തുവന്ന മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിച്ച ആ വാര്‍ത്ത. രണ്ടു സ്ത്രീകളെ മാനഭംഗം ചെയ്ത് നഗ്നരായി നടത്തിക്കൊണ്ടുപോകുന്നതായി തെളിയിക്കുന്ന വീഡിയോ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. മെയ് നാലിനാണ് ഈ ദാരുണ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ പോലീസും പ്രതികൂട്ടിലാണ്. പോലീസ് അക്രമകാരികള്‍ക്ക് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണം തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു. അതിന് അടിവരയിടുന്നതാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. പോലീസ് അക്രമികള്‍ക്ക് തങ്ങളെ വിട്ടുകൊടുത്തെന്ന നടുക്കുന്ന പ്രതികരണം ഇരയായ സ്ത്രീകളിലൊരാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയിരുന്നു. എട്ട് സ്ത്രീകളാണ് അന്നേദിവസം അവിടെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായത് എന്ന വെളിപ്പെടുത്തലും തുടര്‍ന്നുവന്നു.
മറച്ചുവയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍
പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാകുന്ന വിധത്തിലുള്ള സംഭവങ്ങള്‍ മണിപ്പൂരില്‍ പലയിടങ്ങളിലും നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുകള്‍ ആരംഭം മുതല്‍ ഉണ്ടായിരുന്നു. വരും നാളുകളില്‍ അതിനുള്ള കൂടുതല്‍ തെളിവുകള്‍ വെളിച്ചത്തുവന്നേക്കാം. ഇന്ത്യയെ മുഴുവന്‍ പിടിച്ചുലയ്ക്കുന്ന രീതിയില്‍ ഇപ്രകാരമൊരു കലാപം അവിടെ രൂപപ്പെട്ടതിന്റെയും ഇപ്പോഴും അണയാത്ത അഗ്‌നികുണ്ഠമായി ആ സംസ്ഥാനം തുടരുന്നതിന്റെയും കാരണങ്ങള്‍ കൃത്യമായി പരിശോധിക്കപ്പെടേണ്ടതാണ്. കലാപത്തിന്റെ കാരണമായി ഉപരിപ്ലവമായ ചില വാദങ്ങളാണ് ഇപ്പോഴും പലരും ആവര്‍ത്തിക്കുന്നത്.
സംഘര്‍ഷത്തിന് കാരണം മെയ്‌തെയി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ (ടഠ) പദവി നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നല്‍കിയ നിര്‍ദേശം മാത്രമാണോ എന്നൊരു ചോദ്യവുമുണ്ട്. 2022 മുതല്‍ കുക്കി ഗ്രാമങ്ങള്‍ കുടിയിറക്ക് ഭീഷണികള്‍ നേരിട്ടിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആധികാരികതയോ, ഹില്‍ ഏരിയ കമ്മിറ്റിയുടെ അനുമതിയോ ഇല്ലാതെ നടത്തിയ സര്‍വേയുടെ പേരില്‍ അര നൂറ്റാണ്ടിന് മേല്‍ പഴക്കമുള്ള 38 കുക്കി ഗ്രാമങ്ങള്‍ അനധികൃതമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനെത്തുടര്‍ന്ന് നിരവധി വീടുകളും ചില ദൈവാലയങ്ങളും പൊളിച്ചുനീക്കപ്പെട്ടു. ഇപ്പോഴത്തെ കലാപത്തില്‍ നശിപ്പിക്കപ്പെട്ട വീടുകളും സ്ഥാപനങ്ങളും മുഴുവന്‍ ക്രൈസ്തവരായ കുക്കിക ളുടേതാണ്. മെയ്‌തേയികളില്‍ ന്യൂനപക്ഷമായ ക്രൈസ്തവരും അതിക്രമങ്ങള്‍ക്ക് ഇരകളായി. എന്നാല്‍, അവരുടെ ആരാധനാലയങ്ങള്‍ മാത്രമാണ് തകര്‍ക്കപ്പെട്ടത്.
നേതൃത്വം രണ്ട് സംഘടനകള്‍ക്കോ?
മെയ്‌തെയി ലീപൂണ്‍, അരംബായി തെങ്കോള്‍ എന്നിങ്ങനെയുള്ള രണ്ടു തീവ്രഹിന്ദുത്വ സംഘടനകള്‍ മെയ്‌തേയികള്‍ക്കിടയില്‍ പ്രവര്‍ത്തി ക്കുന്നുണ്ട്. ഗോത്ര വിഭാഗങ്ങളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുന്ന ആ സംഘടനകളുടെ നേതൃത്വത്തിലാണ് കലാപം അരങ്ങേറിയത് എന്ന ശക്തമായ ആരോപണമുണ്ട്. മണിപ്പൂര്‍ സംസ്ഥാനം ഞങ്ങളുടേത് മാത്രമാണെന്നും ആ ലക്ഷ്യം നേടാനുള്ള നീക്കങ്ങള്‍ നടത്തുമെന്നുമായിരുന്നു മെയ്‌തേയി ലീപൂണ്‍ സംഘടനയുടെ തലവന്‍ പ്രമോദ്‌സിങ് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
സമീപകാലം വരെ ഒരു സമൂഹമായി ജീവിച്ചിരുന്ന രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ വലിയ അകല്‍ച്ച രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ കാരണവും മറഞ്ഞുകിടക്കുന്ന വസ്തുതകളും സമൂഹത്തിന് മുന്നിലെത്തിക്കുന്നതില്‍ മാധ്യമങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ് മണിപ്പൂരില്‍.
ഇപ്പോഴും മണിപ്പൂര്‍ പുകമറയ്ക്കുള്ളിലാണ്. സത്യം വെളിച്ചത്തുവരുകയും പരിഹരിക്കപ്പെടാനുള്ള കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാവുകയും ചെയ്തില്ലെങ്കില്‍ ഇപ്പോള്‍ മണിപ്പൂരില്‍ നടക്കുന്നത് നാളെ മറ്റു സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കപ്പെട്ടേക്കാം.
Leave a Comment
Your email address will not be published. Required fields are marked with *