ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)
അദ്ദേഹവും എല്ലാവരെയുംപോലെ മണ്ണ് ആയിരുന്നു. ആ മണ്ണിനെ മനുഷ്യനാക്കിയത് അതില്‍ ദൈവം നിവേശിപ്പിച്ച ആത്മാവാണ്. ആ ആത്മാവിനെ ദൈവം തിരിച്ചെടുത്തു. അദ്ദേഹം വീണ്ടും മണ്ണായിത്തീരാന്‍ മണ്ണിലേക്ക് മടങ്ങി. മണ്ണായിക്കൊണ്ടിരിക്കുന്ന പ്രക്രിയയിലൂടെ ആ ശരീരം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. ആദരണീയനായ ഉമ്മന്‍ ചാണ്ടി സാറിന്റെ ഓര്‍മയ്ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു; ആ ശവകുടീരത്തില്‍ സ്‌നേഹത്തോടും ആദരവോടുംകൂടി ഏതാനും പൂക്കള്‍ സമര്‍പ്പിക്കുന്നു.
ഉമ്മന്‍ ചാണ്ടിയുടെ മൃതശരീരം തിരുവനന്തപുരത്ത് എത്തിച്ചപ്പോള്‍ മുതല്‍ സംസ്‌കാരശുശ്രൂഷകള്‍ കഴിയുന്നിടംവരെയുമുള്ള സമയത്തിന്റെ അധികഭാഗവും ഞാന്‍ ആ രംഗങ്ങള്‍ കാണുവാനും അവിടെ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുവാനും ടെലിവിഷന്‍ സെറ്റിന്റെ മുമ്പില്‍ ചെലവഴിച്ചു എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ആ വിലാപയാത്ര ദുഃഖം ഉണ്ടാക്കുന്നതാണെങ്കിലും ഒരു മോട്ടിവേഷന്‍ ക്ലാസായി എനിക്ക് അനുഭവപ്പെട്ടു. തിരുവനന്തപുരം മുതല്‍ പുതുപ്പള്ളിവരെ ഒന്നിച്ചുകൂടിയ ജനങ്ങള്‍, അവരില്‍ പലരുടെയും അനുഭവസാക്ഷ്യങ്ങള്‍, നിരവധി പേരുടെ കരച്ചിലുകള്‍, ചാനലുകാര്‍ നല്‍കിയ കമന്ററികള്‍ എല്ലാംകൂടി ചേര്‍ന്നപ്പോള്‍ അദ്ദേഹത്തെപ്പറ്റിയുള്ള ധാരാളം വിവരങ്ങള്‍ കിട്ടി. അതുവരെ അറിയാതിരുന്ന പല കാര്യങ്ങളും അറിയാന്‍ ഇടയായി.
അദ്ദേഹത്തെ കേസില്‍ കുടുക്കാന്‍ പ്രവര്‍ത്തിച്ച കുരുട്ടുബുദ്ധികളും അതിന് സഹായിച്ചവരും അദ്ദേഹത്തിനെതിരെ കള്ളസാക്ഷ്യം പറഞ്ഞവരും അദ്ദേഹത്തിനെതിരെയുള്ള വാര്‍ത്തകള്‍ക്ക് വമ്പന്‍ പ്രാധാന്യം കൊടുത്ത മാധ്യമപ്രവര്‍ത്തകരുംകൂടി ആ മൃതശരീരം കല്ലറയില്‍ വയ്ക്കുന്നതിനുമുമ്പ് ഒരു കുമ്പസാരം നടത്തിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മഹത്വം ഇനിയും ഉയരുമായിരുന്നു. തങ്ങള്‍ അദ്ദേഹത്തോട് മയം ഇല്ലാതെ പെരുമാറി എന്ന കുറ്റബോധം ഉള്ളില്‍ ഉള്ളതുകൊണ്ടുകൂടിയാകാം, മരണവാര്‍ത്തമുതല്‍ സംസ്‌കാരശുശ്രൂഷകള്‍വരെയും അതുകഴിഞ്ഞും മാധ്യമങ്ങള്‍ അദ്ദേഹത്തിന് വലിയ പ്രാധാന്യം നല്‍കുന്നത്. ഏതായാലും മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ മാധ്യമങ്ങള്‍ അദ്ദേഹം ആരായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു എന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. അദ്ദേഹത്തിന് അനുയോജ്യമായ ഒരു സ്ഥലം സെമിത്തേരിയില്‍ നല്‍കി എന്നതും ഓര്‍ത്തഡോക്‌സ് സഭ കാണിച്ച വിവേകത്തോടുകൂടിയ ഒരു പ്രവൃത്തിയായി. അവര്‍ക്കും ഇതില്‍ അഭിമാനിക്കാം.
തിരുവനന്തപുരം ‘പുതുപ്പള്ളി’ മുതല്‍ കോട്ടയം പുതുപ്പള്ളി വരെയുള്ള അദ്ദേഹത്തിന്റെ അന്ത്യയാത്ര ഒരു മോട്ടിവേഷന്‍ ക്ലാസായിരുന്നു. ഈ യാത്രയില്‍ നമ്മോടും സെക്കുലര്‍-ആത്മീയ ഭരണകര്‍ത്താക്കളോടും അദ്ദേഹം പലതും പറഞ്ഞു. അദ്ദേഹം പറഞ്ഞതും ഓര്‍മപ്പെടുത്തിയതുമായ പ്രധാന കാര്യങ്ങള്‍ ഇവയാണ്.
ഒന്ന്, അദ്ദേഹം തന്റെ ശക്തമായ ദൈവവിശ്വാസവും ദൈവഭയവും വ്യക്തമാക്കി. ഞാന്‍ ദൈവവിശ്വാസിയും ദൈവഭയമുള്ളവനുമാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. അതിനാല്‍ ദൈവത്തിന് സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ താന്‍ ചെയ്യുകയില്ല എന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. മരിച്ചുകഴിയുമ്പോള്‍ പള്ളിയും സെമിത്തേരിയും ആത്മീയ ശുശ്രൂഷകളും ഒന്നും വേണ്ട എന്നദ്ദേഹം പറഞ്ഞിട്ടുമില്ല. എല്ലാ ശുശ്രൂഷകളും എല്ലാ പ്രാര്‍ത്ഥനകളും അദ്ദേഹം ഏറ്റുവാങ്ങി. പക്ഷേ, ആ മൃതശരീരം കാണാന്‍ ദൈവവിശ്വാസം ഇല്ലാത്തവരും ആത്മീയ ശുശ്രൂഷകള്‍ സ്വീകരിക്കാത്തവരുമായ പലരെയും കാണാന്‍ ഇടയായി. ഉമ്മന്‍ ചാണ്ടിയുടെ ജീവിതം അവര്‍ക്കൊരു മോട്ടിവേഷന്‍ ക്ലാസ് ആയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.
രണ്ടാമത്തെ കാര്യം ഇതാണ്: അധികാരം സേവനം ചെയ്യാനുള്ള അവസരമാണ്. സ്വാധീനങ്ങള്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ പരമാവധി, എന്നാല്‍ നിയമവിധേയമായി ഉപയോഗിക്കണം. നമ്മുടെ മന്ത്രിമാരും നിരവധിയായ ഉദ്യോഗസ്ഥരും സഭാനേതൃത്വവും വൈദിക-സമര്‍പ്പിത സമൂഹവുമെല്ലാം കുറച്ചുകൂടി തങ്ങളുടെ അധികാരവും സ്വാധീനവും മറ്റുള്ളവരെ സഹായിക്കാന്‍ ഉപയോഗിക്കുകയാണെങ്കില്‍ എത്രയധികം നന്മകള്‍ കൂടി ഉണ്ടാകും; എത്രയോ പേരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. അതിനാല്‍ കൂടുതല്‍ നന്മ ചെയ്യുവാന്‍, കൂടുതല്‍ കരുണയുള്ളവരാകുവാന്‍, കൂടുതല്‍ കരുണയുടെ പ്രവൃത്തികള്‍ ചെയ്യുവാന്‍ അദ്ദേഹം നമ്മെ പ്രേരിപ്പിക്കുന്നു. ചെറുതോ വലുതോ ആയ ഏത് അധികാരസ്ഥാനവും ചില നന്മകള്‍ ചെയ്യാന്‍ കിട്ടുന്ന അവസരങ്ങളാണ്.
മൂന്നാമത് അദ്ദേഹം നല്‍കുന്ന മോട്ടിവേഷന്‍ ലാളിത്യത്തിന്റെ ജീവിതം നയിക്കാനാണ്. ഉമ്മന്‍ ചാണ്ടിയുടെ വസ്ത്രധാരണം, ഭക്ഷണം തുടങ്ങിയവയെല്ലാം ലളിതമായിരുന്നു.
അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ ഒരു ഔദ്യോഗിക യാത്രയുടെ ഭാഗമായി മലബാറില്‍ ഒരു സ്ഥലത്ത് വന്നപ്പോള്‍ അദ്ദേഹത്തിന്റെ മുറിക്ക് പുറത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞൊരു അനുഭവമുണ്ട്. അദ്ദേഹം ഗസ്റ്റ് ഹൗസില്‍ വരുമ്പോള്‍ കുറെപ്പേര്‍ അദ്ദേഹത്തെ കാണാന്‍ കാത്തുനില്‍ക്കുന്നുണ്ട്. മുറിയിലേക്ക് കയറുകപോലും ചെയ്യാതെ അവരെ ഓരോരുത്തരെയും കേട്ടു; പരാതികള്‍ സ്വീകരിച്ചു. ഔദ്യോഗിക പരിപാടിക്ക് പുറപ്പെടാന്‍ സമയമായപ്പോള്‍ മുറിയില്‍ കയറി പെട്ടെന്ന് ഒരുങ്ങിവന്ന് കാറില്‍ കയറി. കാറില്‍ യാത്രയ്ക്കിടയിലായിരുന്നു പ്രഭാതഭക്ഷണം. രണ്ട് ഇഡ്ഡലി. നമ്മളില്‍ ഒരുപാട് പേര്‍ക്ക് ഭക്ഷണം, വസ്ത്രം, യാത്ര, ഉപയോഗസാധനങ്ങള്‍ എന്നിവയില്‍ കുറച്ചുകൂടി ലാളിത്യം കാണിക്കാന്‍ കഴിയും. ശത്രുത, വെറുപ്പ്, പക, പ്രതികാരചിന്ത എന്നിവ വച്ചുകൊണ്ടിരിക്കരുത് എന്നതാണ് ഉമ്മന്‍ ചാണ്ടി നല്‍കുന്ന മറ്റൊരു മോട്ടിവേഷന്‍ ക്ലാസ്. അദ്ദേഹം ആരോടും വിരോധം വച്ചുകൊണ്ടിരിക്കുകയോ പകരംവീട്ടുകയോ ചെയ്തില്ല; അതിന്റെ പേരില്‍ സാധിക്കുന്ന സഹായം ചെയ്യാതെയിരുന്നിട്ടുമില്ല.
ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ വലിയൊരു മാതൃകയാണ് അദ്ദേഹം. ആത്മീയജീവിതം നയിക്കുന്ന പലര്‍ക്കും, ആത്മീയനേതൃത്വം വഹിക്കുന്ന പലര്‍ക്കും കഴിയാത്ത കാര്യമാണിത്. ആത്മീയ ജീവിതത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കണം; അതിനായി സമയം മാറ്റിവയ്ക്കണം എന്നതാണ് അദ്ദേഹം തരുന്ന മറ്റൊരു മോട്ടിവേഷന്‍. ഒരു ഞായറാഴ്ചയും അദ്ദേഹം പുതുപ്പള്ളി പള്ളിയിലെ കുര്‍ബാന മുടക്കിയിരുന്നില്ല. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴും ഞായറാഴ്ച കുര്‍ബാനയ്ക്ക് എത്രയോ ദൂരെക്കിടക്കുന്ന പുതുപ്പള്ളി പള്ളിയില്‍ എത്തുമായിരുന്നെങ്കില്‍, അതിന്റെ പിന്നില്‍ സമര്‍പ്പണവും മുന്‍ഗണനയും ഉണ്ടെന്നു വ്യക്തം. നിസാര കാര്യങ്ങള്‍ കാരണം പള്ളിയില്‍പോക്ക് മുടക്കുന്ന, കുടുംബപ്രാര്‍ത്ഥന മുടക്കുന്ന, ജപമാല, ധ്യാനം തുടങ്ങിയവ മുടക്കുന്നവര്‍ വൈദിക-സമര്‍പ്പിതരുടെ ഇടയിലും വിശ്വാസികളുടെ ഇടയിലും ഉണ്ടല്ലോ. ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ ഒരു മോട്ടിവേഷന്‍ തരുന്നില്ലേ?അതെ, അദ്ദേഹത്തിന്റെ ജീവിതവും വിലാപയാത്രയുമെല്ലാം നമുക്ക് തരുന്നത് മോട്ടിവേഷന്‍ ക്ലാസാണ്.
Leave a Comment
Your email address will not be published. Required fields are marked with *