Follow Us On

22

January

2025

Wednesday

ദൈവം ഓർത്തുവച്ച എന്റെ സ്വപ്നം!

ദൈവം ഓർത്തുവച്ച എന്റെ സ്വപ്നം!

ലിജോ കെ. ജോണി

കത്തോലിക്ക യുവജനങ്ങള്‍ മാര്‍പാപ്പക്ക് ഒപ്പം ഒരുമിച്ചുചേരുന്ന ലോകത്തിലെ ഏറ്റവും വലിയ സംഗമമായ വേള്‍ഡ് യൂത്ത് ഡേ (ലോകയുവജനസംഗമം) ഓഗസ്റ്റ് ഒന്ന് മുതല്‍ ആറ് വരെ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കുകയാണ്. വിശ്വാസ പ്രതിസന്ധിയുണ്ടെന്ന് പറയുന്ന ഈ കാലഘട്ടത്തില്‍ ലക്ഷക്കണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന ഒരോ വേള്‍ഡ് യൂത്ത് ഡേയും സഭക്ക് നല്‍കുന്ന പ്രത്യാശ ചെറുതല്ല. 2019-ല്‍ പാനമയില്‍ വച്ച് നടന്ന ലോകയുവജനസംഗമത്തില്‍ ശാലോം വേള്‍ഡ് ചാനലിനുവേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തിയ ലിജോ കെ. ജോണി ആ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നു.

2008 ല്‍ വത്തിക്കാന്‍ ടെലിവിഷനില്‍നിന്ന് അനുമതി നേടിയാണ് ആദ്യമായി ശാലോം ടെലിവിഷന്‍ ലോകത്തിലെ ഏറ്റവും വലിയ യുവജനസംഗമത്തിന്റെ ദൃശ്യങ്ങള്‍ കേരളത്തിലെ പ്രേക്ഷകരുടെ മുമ്പിലെത്തിച്ചത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വച്ചായിരുന്നു അന്നത്തെ ലോകയുവജനസംഗമം. ശാലോം ടെലിവിഷനില്‍ ക്യാമറ കൈകാര്യം ചെയ്തിരുന്ന ഞാനും ആ കാലത്തെ സഹപ്രവര്‍ത്തകരും വലിയ ആവേശത്തോടെയാണ് ടി വി യിലൂടെ അതുകണ്ടത്. പാപ്പ സിഡ്‌നി ഹാര്‍ബറില്‍നിന്ന് ബോട്ടില്‍ യുവജനങ്ങളെ അഭിസംബോധന ചെയ്യാനായി പോകുന്നത് വലിയ കൗതുകത്തോടെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തോന്നിയ ആഗ്രഹം സഹപ്രവര്‍ത്തകനായ ജിയോ ഇരാളിയോട് വെറുതെ പങ്കുവച്ചു. ലോകത്തിലെ എറ്റവും വലിയ യുവജനസംഗമത്തിന്റെ ദൃശ്യങ്ങള്‍ ശാലോമിനുവേണ്ടി ക്യാമറയിലൂടെ പകര്‍ത്താനുള്ള ഭാഗ്യം നമുക്കുണ്ടാകുമോ? ദൈവം നമുക്ക് അതിനുള്ള അവസരം തരുമോ? എന്നൊക്കെയായിരുന്നു ആ ചിന്തകള്‍…

കാലം കടന്നുപോയി… ആ സ്വപ്നവും?
സിഡ്‌നിക്കു ശേഷം, മാഡ്രിഡ് (സ്‌പെയിന്‍), റിയോ ഡി ജെനിറോ (ബ്രസീല്‍), ക്രാക്കോവ് (പോളണ്ട്)എന്നിവടങ്ങളില്‍ World Youth Day (WYD) അരങ്ങേറി. അന്നു തോന്നിയ ആഗ്രഹം ഞങ്ങള്‍ തന്നെ മറന്നു തുടങ്ങി…ഇതിനിടെ അമേരിക്കയില്‍ ഇംഗ്ലീഷ് ഭാഷയില്‍ ശാലോം വേള്‍ഡ് ചാനലിന് ആരംഭം കുറിച്ചു. ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നവര്‍ക്ക് വലിയ അനുഗ്രഹമായി ശാലോം വേള്‍ഡ് മാറി. 2019-ല്‍ വലിയ ശാരീരിക പ്രശ്‌നങ്ങളിലൂടെ ഞാന്‍ കടന്നുപോയി… നീണ്ട അവധിക്കു ശേഷം പഴയപോലെ ജോലി ചെയ്യുവാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. ആ നാളുകളിലാണ് ശാലോമിലെ അധികാരികള്‍ പാനമയിലേക്ക് പോകണം എന്ന് ആവശ്യപ്പെടുന്നത്.

അവിടെ ലോകയുവജനസംഗമം ജനുവരിയില്‍ നടക്കാന്‍ പോവുകയാണെന്നും ശാലോം വേള്‍ഡ് ലോകയുവജനസംഗമത്തിന്റെ മീഡിയ പാര്‍ട്ട്ണര്‍ ആണെന്നും വേഗം തയാറെടുക്കാനും പറഞ്ഞപ്പോള്‍ ഞാന്‍ സത്യത്തില്‍ കരഞ്ഞു പോയി. എപ്പോഴോ ഞാനെന്റെ ഉള്ളില്‍ അഗ്രഹിച്ച ഒരു കാര്യം ദൈവം മറന്നില്ല എന്നു മാത്രമല്ല, ജോലി സംബന്ധമായ ആശങ്കകള്‍ക്കുള്ള ഉത്തരം കൂടിയാക്കി ആ അവസരത്തെ ദൈവം മാറ്റി. നിന്നെ എനിക്ക് ഇനിയും വേണമെന്ന് ദൈവം പറയുന്ന അനുഭവത്തിലൂടെയാണ് ആ നിമിഷം കടന്നുപോയത്.

കയ്യെത്തും ദൂരത്ത് പാപ്പാ
ഈ ദൃശ്യവിരുന്ന് പകര്‍ത്തുന്ന തിനായി പാനമയിലെത്തിയ പ്പോള്‍ പഴയ സഹപ്രവര്‍ത്തകനായ ജിയോയും ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് പങ്കുവച്ച സ്വപ്നം സാധിച്ചു നല്‍കിയ ദൈവത്തിന് ഞങ്ങളിരുവരും നന്ദി പറഞ്ഞു. സാന്താ മരിയ ലാ ആന്റിഗ്വയിലെ ബസിലിക്കയിലായിരുന്നു ആ സംഗമത്തിലെ പാപ്പയുടെ കുര്‍ബാന ക്രമീകരിച്ചിരുന്നത്. കുട്ടികളുമായി നില്‍ക്കുന്ന അമ്മമാരുടെ അടുത്താണ് അന്ന് ഷൂട്ട് ചെയ്യുവാനുള്ള സ്ഥലം ലഭിച്ചത്. പരിശുദ്ധ പിതാവ് ബസിലിക്കയില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ ഞങ്ങളുടെ അടുത്തുള്ള കുഞ്ഞുങ്ങളെ കണ്ട് അവരുടെ അടുത്തേക്ക് പെട്ടെന്ന് നടന്നു വന്നു. എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. എന്റെ കയ്യെത്തും ദൂരത്ത് ഫ്രാന്‍സിസ് പാപ്പ എത്തി. പിന്നെ അതിനും അടുത്തുവന്ന് എന്നെയും ശാലോമിന്റെ ക്യാമറയും ആശീര്‍വദിച്ചുകൊണ്ട് പാപ്പ നടന്നുപോയി… എന്തൊരു ചൈതന്യമായിരുന്നു ആ മുഖത്ത്. മരിക്കുവോളം മറക്കാന്‍ കഴിയാത്ത പച്ചകെടാത്ത ഇത്തരം ഓര്‍മകളാണ് പാനമ യുവജനസംഗമം ഞങ്ങള്‍ക്ക് സമ്മാനിച്ചത്.

പാനമ കനാലിനെക്കാള്‍ വലിയ അത്ഭുതം
വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍, പല നിറത്തിലും, ആകൃതിയിലും, വലുപ്പത്തിലുമുള്ളവരുടെ വലിയ വലിയ കൂട്ടങ്ങള്‍… മധ്യ അമേരിക്കയിലെ ആ മഹാ സംഗമം ശരിക്കുമൊരു വിസ്മയമായിരുന്നു. അവിടെയുള്ള ഒരു വീട്ടിലാണ് ഞങ്ങള്‍ക്ക് താമസമൊരുക്കിയിരുന്നത്. ആദ്യമായാണ് അവര്‍ ഇന്ത്യക്കാരെ കാണുന്നത്. എങ്കിലും ഞങ്ങളെ വളരെ സ്‌നേഹത്തോടെ സ്വീകരിക്കുകയും, സല്‍ക്കരിക്കുകയും, താമസിക്കാന്‍ മുറികള്‍ നല്‍കുകയും ചെയ്തു. ലോകത്തിലെ അത്ഭുതങ്ങളിലൊന്നായ പാനമ കനാല്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയത് അവിടുത്തെ ജനങ്ങളുടെ ആതിഥേയത്വ മര്യാദയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വരുന്ന യുവജനങ്ങള്‍ക്ക് താമസിക്കാന്‍ ആ രാജ്യത്തിലെ എല്ലാ ഭവനങ്ങളും തുറന്നിട്ടുകൊണ്ട് അവിടുത്തെ കുടുംബങ്ങള്‍ ശരിക്കും അത്ഭുതപ്പെടുത്തി.

പാപങ്ങള്‍ ഉപേക്ഷിക്കാനുള്ള പാര്‍ക്ക്
ശാലോമിനുവേണ്ടി കാഴ്ചകളൊരുക്കാനായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള 30 ഓളം വരുന്ന മാധ്യമ ശുശ്രൂഷകരാണ് ഒരുമിച്ചുകൂടിയത്. വിവിധ ഇടങ്ങളിലായി ഒരുക്കപ്പെട്ട ചെറുതും വലുതുമായ സ്റ്റേജുകളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വചനപ്രഘോഷകരുടെ പ്രസംഗങ്ങളും, സാക്ഷ്യങ്ങളും നടക്കുന്നു. ചിലയിടത്ത്, കലാകാരന്‍മാരുടെയും നര്‍ത്തകരുടെയും സംഗീത ബാന്‍ഡുകളുടെയും പ്രകടനങ്ങള്‍ അരങ്ങേറുന്നു. പ്രഗത്ഭരായ അനേകം യുവജനങ്ങളുടെ അവതരണങ്ങള്‍ ഓടിനടന്ന് ക്യാമറയില്‍ പകര്‍ത്തി. ക്ഷമാപണ പാര്‍ക്ക് എന്ന പേരിലുള്ള പാര്‍ക്കായിരുന്നു അവിടുത്തെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്.

അവിടെ പോര്‍ച്ചുഗലില്‍ നിന്നും കൊണ്ടുവന്ന ഫാത്തിമ മാതാവിന്റെ രൂപത്തില്‍ തൊട്ടു പ്രാര്‍ത്ഥിക്കാനുള്ള ഭാഗ്യം ലഭിച്ചു. പുറത്തിറങ്ങിയപ്പോള്‍ പാര്‍ക്കില്‍ നിറയെ കുമ്പസാര കൂടുകള്‍ കണ്ടു. 200 ലധികം വരുന്ന ആ കുമ്പസാര കൂടുകളില്‍ അനേകം യുവജനങ്ങള്‍ ഊഴം കാത്ത് നിന്ന് സമയമെടുത്തു കുമ്പസാരിക്കുന്നു. ക്രിസ്തുവിന്റെ രക്ഷയുടെ അനുഭവം സ്വന്തമാക്കി ലക്ഷകണക്കിന് യുവജനങ്ങള്‍ കാരുണ്യത്തിന്റെ ആ പാര്‍ക്ക് വിട്ടിറങ്ങുന്ന കാഴ്ച ഏറെ ഹൃദ്യമായി.
റോഡുകളില്‍, മൈതാനങ്ങളില്‍, വലിയ സമ്മേളന ഹാളുകളില്‍ എല്ലാം എഴുന്നള്ളിച്ചുവെച്ച ദിവ്യകാരുണ്യ നാഥന്റെ മുന്‍പില്‍ അനേകായിരം യുവജനങ്ങള്‍ ആരാധനയോടെ സ്തുതികളര്‍പ്പിച്ച് അനേകം മണിക്കൂറുകള്‍ ധ്യാനത്തില്‍ ഇരിക്കുന്നതാണ് മനസിന് കുളിര്‍മ നല്‍കിയ മറ്റൊരു കഴ്ച. വലിയ അഭിഷേകത്തോടെയാണ് പാനമയില്‍ ഒത്തുകൂടിയ യുവത മടങ്ങി പോയത്.

നാലുലക്ഷം യുവജനങ്ങള്‍ കുരിശിന്റെ വഴിയില്‍
യുവജനസംഗമത്തിന്റെ നാലാം ദിനത്തില്‍ വൈകുന്നേരം നടന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്കായി യുവജനങ്ങളെല്ലാം ഒരേ ദിശയിലേക്ക് ഒഴുകുന്നത് അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു. മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ കാമ്പോ സാന്താ മരിയ ലാ ആന്റിഗ്വയില്‍ നടന്ന വിയാ സാക്രയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി വന്ന ഏകദേശം നാലുലക്ഷം ആളുകളാണ് പങ്കെടുത്തത്. ക്രിസ്തുവിന്റെ കാല്‍വരിയിലേക്കുള്ള യാത്രയെ ചിത്രീകരിക്കുന്ന 14 സ്‌റ്റേഷനുകളില്‍, ലോകമെമ്പാടും കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി ലക്ഷകണക്കിന് യുവതി യുവാക്കള്‍ ഏക മനസോടെ നടത്തിയ പ്രാര്‍ത്ഥന അവിസ്മരണീയമായ അനുഭവമായിരുന്നു. ഒരേ ശബ്ദത്തില്‍ ഒരുമിച്ച് കുരിശിന്റെ വഴിയിലൂടെ പാടി പ്രാര്‍ത്ഥിച്ചുകൊണ്ട് പ്രാര്‍ത്ഥനാ മുഖരിതമായ അന്തരീക്ഷത്തിലൂടെ അവര്‍ മുമ്പോട്ട് നീങ്ങുന്ന കാഴ്ച സഭയുടെ ഭാവി ഇവരുടെ കൈകളില്‍ സുരക്ഷിതമാണെന്നുള്ള ചിന്തയാണെന്നില്‍ ഉണര്‍ത്തിയത്.

വളരെ അടുത്ത് മാര്‍പാപ്പയെ കാണാനുള്ള ഭാഗ്യം ലഭിച്ചത് സാന്താ മരിയ ലാ ആന്റിഗ്വയിലെ ബസിലിക്കയില്‍ വിശുദ്ധ ബലിക്കായി പാപ്പ എത്തിയപ്പോഴാണ്. ബസിലിക്കയില്‍ നിന്ന് പാപ്പ പുറത്തിറങ്ങുമ്പോള്‍ അത് പകര്‍ത്തുകയായിരുന്നു എന്നില്‍ നിക്ഷിപ്തമായ ദൗത്യം. ട്രാഫിക്ക് ബ്ലോക്ക് കാരണം വളരെ വൈകിയാണ് ബസിലിക്കയുടെ 3 കിലോമീറ്റര്‍ അടുത്തു വരെ എത്തിയത്. പക്ഷേ, പ്രൊട്ടോകോള്‍ കാരണം സൈനികര്‍ ഞങ്ങളെ അവിടേക്ക് കടത്തിവിട്ടില്ല. എങ്കിലും കൂടെ ഉണ്ടായിരുന്ന പാനമകാരിയായ സ്ത്രീയുടെ ഇടപെടലിലൂടെ അത്ഭുതകരമായി ഞങ്ങള്‍ക്ക് ബസലിക്കയുടെ അടുത്തെത്താന്‍ സാധിച്ചു. ഇവര്‍ ഇന്ത്യയില്‍ നിന്നു വന്ന മാധ്യമ സംഘമാണെന്നും, പാപ്പയെ അടുത്തു കാണുവാനും ദൃശ്യങ്ങള്‍ എടുക്കുവാനും സഹായിക്കണമെന്നുമുള്ള ആ സ്ത്രീയുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു ഉദ്യോ ഗസ്ഥന്‍ ബസിലിക്ക ദൈവാലയത്തിന്റെ അടുത്ത് വരെ സൈനിക വാഹനത്തില്‍ എത്തിച്ചു.

10 ലക്ഷത്തിലധികം യുവജനങ്ങള്‍ ഒന്നിച്ച് കൂടിയ മെട്രൊ പാര്‍ക്കിലെ പ്രധാന വേദിയില്‍ ഇന്ത്യയില്‍ നിന്നു വന്ന vox christy എന്ന പ്രശസ്ത ബാന്‍ഡിന്റെ ഗാനസമയത്ത് വേദിയിലേക്ക് ഫ്രാന്‍സിസ് പാപ്പ കടന്നു വന്ന രംഗങ്ങള്‍ ത്രസിപ്പിക്കുന്ന മറ്റൊരു ഓര്‍മയാണ്. സമാപന ചടങ്ങിനോട് അനുബന്ധിച്ച് പാപ്പയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ ബലിയില്‍ പങ്കെടുക്കുവാന്‍ സാധിച്ചത് ഹൃദയത്തെ ജ്വലിപ്പിക്കുന്ന അനുഭവമായി കൂടെയുണ്ട്. 10 ലക്ഷത്തോളം വരുന്ന യുവജനങ്ങള്‍ പരിപൂര്‍ണ നിശബ്ദതയില്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്തത് ഇന്നും ഒരു അത്ഭുതമായി തോന്നുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?