Follow Us On

22

January

2025

Wednesday

ക്രൈസ്തവ യുവത്വം നിര്‍ണായക ശക്തിയാകണം

ക്രൈസ്തവ യുവത്വം  നിര്‍ണായക ശക്തിയാകണം

ഡോ. ജോബിന്‍ എസ്. കൊട്ടാരം
(നാല്‍പത്തിയാറോളം പുസ്തകങ്ങളുടെ രചയിതാവാണ് എഴുത്തുകാരനും കോളമിസ്റ്റും പ്രഭാഷകനുമായ ലേഖകന്‍).

2023 ഏപ്രില്‍ മാസത്തില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി. അര്‍ധവാര്‍ഷിക കണക്കുപ്രകാരം ചൈനയിലെ ജനസംഖ്യ 142.57 കോടിയാണെങ്കില്‍ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടിയാണ്. നമ്മുടെ ജനസംഖ്യയുടെ 68 ശതമാനവും 15 മുതല്‍ 64 വയസുവരെയുള്ളവരാണെന്നുള്ളതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. 15 വയസില്‍ താഴെയുള്ളവര്‍ 26 ശതമാനമാണെങ്കില്‍ കേവലം ഏഴുശതമാനം മാത്രമാണ് 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍. ജോലി ചെയ്യാന്‍ കഴിവുള്ള, ഊര്‍ജസ്വലരായ ആളുകള്‍ കൂടുതലുള്ള രാജ്യമായി ഇന്ത്യ മാറുമെന്നര്‍ത്ഥം.

പുരോഗതിക്ക് മാറ്റം അനിവാര്യം

നിര്‍ഭാഗ്യമെന്നു പറയട്ടെ, നമ്മുടെ നേതൃരംഗത്ത് ചെറുപ്പക്കാരുടെ പ്രാതിനിധ്യം ഇന്നും വളരെ കുറവാണ്. സഭയും സമുദായ സംഘടനകളും ചെറുപ്പക്കാരെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കേണ്ടത് ഇക്കാലഘട്ടത്തിന്റെ ആവശ്യമാണ്. കാലാകാലങ്ങളില്‍ നമ്മുടെ യുവതയ്ക്കുവേണ്ട മാര്‍ഗനിര്‍ദേശം നല്‍കുവാനും അവരെ നേര്‍വഴിക്ക് നയിക്കുവാനും സഭാപിതാക്കന്മാര്‍ക്കും വൈദികശ്രേഷ്ഠര്‍ക്കും കഴിഞ്ഞിട്ടുണ്ട്.

ഇന്ന് നാട്ടില്‍ വേണ്ടത്ര ശമ്പളവും അവസരങ്ങളുമില്ലാത്തതുകൊണ്ട് മറുനാടുകളിലേക്ക് ചേക്കേറേണ്ട അവസ്ഥയിലാണ് നമ്മുടെ ചെറുപ്പക്കാര്‍. പൊതുഭരണരംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കുന്ന നേതാക്കള്‍ രാഷ്ട്രീയരംഗത്ത് കടന്നുവന്നുവെങ്കില്‍ മാത്രമേ നാട് പുരോഗതിയിലേക്ക് കുതിക്കൂ. അറിവും കാര്യപ്രാപ്തിയും ലോകപരിചയവുമുള്ള നേതാക്കള്‍ അധികാരത്തില്‍ വരണം. ഇതിനായി ക്രൈസ്തവ യുവാക്കളുടെ രാഷ്ട്രീയ പ്രാതിനിധ്യവും ഇടപെടലുകളും പ്രോത്സാഹിപ്പിക്കപ്പെടണം. രാഷ്ട്രീയമായ ഇടപെടലുകള്‍ ഒരു ജനാധിപത്യ സംവിധാനത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ് എന്ന വസ്തുത നമ്മുടെ ചെറുപ്പക്കാര്‍ തിരിച്ചറിയണം.

ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കാം

കേവലം നാല്‍പത്തിയൊന്നാമത്തെ വയസില്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിപദം ഒഴിയുകയാണെന്നു പ്രഖ്യാപിച്ച ജസിന്ത ആര്‍ഡന്‍ പഴയപോലെ ഊര്‍ജത്തോടെ പ്രവര്‍ത്തിക്കുവാന്‍ തനിക്കാവുന്നില്ല എന്നാണ് പറഞ്ഞത്. എന്നാല്‍ നമ്മുടെ രാജ്യത്താകട്ടെ നിരവധി രോഗങ്ങള്‍ അലട്ടുന്നവരും ഓര്‍മക്കുറവുള്ളവരും എഴുപത് വയസിനു മുകളില്‍ പ്രായമുള്ളവരുമൊക്കെ ഇന്നും എംപിമാരും എംഎല്‍എമാരുമൊക്കെയായി അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുന്നു. ചെറുപ്പക്കാര്‍ ജനസംഖ്യയുടെ ഭൂരിഭാഗമാകുന്ന ഒരു കാലഘട്ടത്തില്‍ ചെറുപ്പക്കാരായിട്ടുള്ളവര്‍ അധികാരകേന്ദ്രങ്ങളിലേക്ക് കടന്നുവരണം. പ്രായമായ നേതാക്കളെ ഒഴിവാക്കുക എന്നതല്ല ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. ധാരാളം അനുഭവസമ്പത്തുള്ള അവരെ ഉപദേശക റോളില്‍ നമ്മുടെ യുവത്വത്തിന് ആവശ്യമുണ്ട്.

കാലഘട്ടത്തിന് യോജിച്ച വികസനപദ്ധതികള്‍ നടപ്പിലാക്കുവാനും പുത്തന്‍ കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കുവാനും ചെറുപ്പക്കാരുടെ പ്രാതിനിധ്യം സഹായിക്കും.
യുകെ പ്രധാനമന്ത്രി റിഷി സുനക്കും ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമൊക്കെ പ്രഫഷണല്‍ രംഗത്തുനിന്നും രാഷ്ട്രീയ രംഗത്തെത്തി ശോഭിച്ചവരാണ്. നമ്മുടെ ജനസംഖ്യയും ചെറുപ്പക്കാരിലേക്ക് നീങ്ങുമ്പോള്‍ പ്രഫഷണലുകളും സംരംഭകരും ഉന്നത വിദ്യാഭ്യാസമുള്ളവരുമൊക്കെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരേണ്ടിയിരിക്കുന്നു. നമുക്ക് വേണമെങ്കില്‍ ഇരുട്ടിനെ കുറ്റം പറയാം. അല്ലെങ്കില്‍ ഇരുട്ടിനെ മാറ്റാന്‍ ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചുവയ്ക്കാം.

ഇന്ത്യന്‍ ഭരണഘടനാശില്പിയായ ഡോ. ബാബ സഹേബ് അംബേദ്കര്‍ ദളിതുകളുടെ ജീവിതത്തില്‍ മാറ്റം വരണമെങ്കില്‍ എന്തു ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞ ഉത്തരം ഇന്ന് ഏറെ പ്രസക്തമാണ്: ”അധികാരത്തിന്റെ ശ്രീകോവിലായ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇലക്ഷനിലൂടെ ദളിതുകള്‍ അധികാരം പിടിച്ചെടുക്കണം” എന്ന് ദീര്‍ഘദര്‍ശിയായ അദ്ദേഹം അന്നേ പറഞ്ഞുവച്ചു. ഇന്ന് ക്രൈസ്തവര്‍ അനുഭവിക്കുന്ന അവഗണനയ്ക്കും നീതിനിഷേധത്തിനും ആക്രമണങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും അറുതി വരണമെങ്കില്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന, ക്രിസ്തീയ കാഴ്ചപ്പാടുള്ള നേതാക്കള്‍ അധികാര സ്ഥാനങ്ങളില്‍ എത്തണം. കൃത്യമായ രാഷ്ട്രീയമില്ലാത്ത ബഹുഭൂരിപക്ഷം വരുന്ന ചെറുപ്പക്കാര്‍ നിര്‍ണായക ശക്തിയാകുന്ന വരാന്‍പോകുന്ന തിരഞ്ഞെടുപ്പുകളില്‍ നമ്മുടെ സമുദായത്തില്‍നിന്നും ഓരോ രാഷ്ട്രീയ പാര്‍ട്ടികളിലും പ്രതിനിധികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും പല സംസ്ഥാനങ്ങളിലും നടക്കുവാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നിര്‍ണായക ശക്തിയാകുവാന്‍ പോകുന്നത് യുവശക്തിയാകും എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സിക്കുകാരും ജൂതരും പഠിപ്പിക്കുന്ന പാഠം

ഇലക്ഷന്‍ സമയത്ത് വോട്ടുകള്‍ ഭിന്നിപ്പിക്കാതെ ഒറ്റക്കെട്ടായി നിന്ന് തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ മുന്‍പന്തിയിലാണ് സിക്കുകാരും ജൂതരും. സമുദായ നേതാക്കളുടെ ആഹ്വാനത്തെ ഗൗരവമായി എടുത്തുകൊണ്ട് ഒറ്റക്കെട്ടായി നില്‍ക്കുന്നതുകൊണ്ടാണ് അവര്‍ക്ക് നിര്‍ണായക രാഷ്ട്രീയ ശക്തിയായി മാറാന്‍ കഴിയുന്നത്. എണ്ണത്തില്‍ കുറവെങ്കിലും എല്ലാ സുപ്രധാന സ്ഥാനങ്ങളിലും തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കാന്‍ ജൂതന്മാര്‍ക്കു കഴിയുന്നതുകൊണ്ടുതന്നെ അമേരിക്കപോലുള്ള രാജ്യങ്ങളില്‍പോലും ഭരണവര്‍ഗത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങളെവരെ സ്വാധീനിക്കുവാന്‍ അവര്‍ക്കാകുന്നു. ഇത്തരത്തില്‍ യുവനേതൃത്വശക്തിയെ വളര്‍ത്തിയെടുത്തുകൊണ്ട് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?