Follow Us On

22

January

2025

Wednesday

ഫെയ്‌സ് ഓഫ് ദി ഫെയ്‌സ്‌ലെസ്‌

ഫെയ്‌സ് ഓഫ്  ദി ഫെയ്‌സ്‌ലെസ്‌

ജോസഫ് മൈക്കിള്‍

”ഈ സിനിമ ഒരു ഓസ്‌കര്‍ അര്‍ഹിക്കുന്നു.” ‘ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസ്’ എന്ന സിനിമയുടെ പ്രിവ്യൂ കണ്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ റീഡേഴ്‌സ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാഗസിന്റെ മുന്‍ ഇന്ത്യന്‍ ചീഫ് എഡിറ്റര്‍ മോഹന്‍ ശിവാനന്ദ് നടത്തിയ ആദ്യപ്രതികരണമായിരുന്നത്. ഇത്ര മനോഹരമായ സിനിമ ഞാന്‍ അടുത്ത കാലത്ത് കണ്ടിട്ടില്ലെന്നും ഈ സിനിമ ആരും കാണാതെപോകരുതെന്നും തുടര്‍ന്ന് അദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചു. മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട 50 പേരടങ്ങുന്ന അതിഥികള്‍ക്കായിട്ടായിരുന്നു ‘ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസിന്റെ’ പ്രിവ്യൂ ഒരുക്കിയത്. സിനിമ കണ്ട് പുറത്തേക്ക് ഇറങ്ങിയ എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. നാല് അന്തര്‍ദ്ദേശീയ അവാര്‍ഡുകള്‍ റിലീസിംഗിന് മുമ്പുതന്നെ സിനിമയ്ക്ക് ലഭിച്ചുകഴിഞ്ഞു. സിനിമയുടെ പ്രഥമ പ്രീമിയര്‍ ഓഗസ്റ്റ് 13-ന് മുംബൈയില്‍ നടക്കും. സെപ്റ്റംബര്‍ രണ്ടാം ആഴ്ചയില്‍ കേരളത്തില്‍ റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ പ്ലാന്‍. തമിഴ്, ഫ്രഞ്ച്, സ്പാനിഷ് എന്നീ ഭാഷകളില്‍ അധികം കഴിയാതെ സിനിമ പുറത്തിറങ്ങും.

അധ്യാപനവും സംവിധാനവും

വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഈ സിനിമയെന്ന് സംവിധായകന്‍ ഡോ. ഷെയ്‌സന്‍ ഔസേപ്പ് പറയുന്നു. എറണാകുളം ജില്ലയിലെ പുല്ലുവഴിയില്‍നിന്നും ഉദയംചെയ്ത ആ പുണ്യജീവിതം സിനിമയാക്കാന്‍ ഇറങ്ങിയതിന്റെ പിന്നില്‍ ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. കഥകളോട് ചെറുപ്പം മുതല്‍ ഷെയ്‌സന് വലിയ താല്പര്യമായിരുന്നു. അതാണ് സിനിമയുടെ ലോകത്തേക്ക് ആകര്‍ഷിച്ചത്. തൃശൂര്‍, ചാലക്കുടി സ്വദേശിയായ ഡോ. ഷെയ്‌സന്‍ മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിലെ അസോസിയേറ്റ് ഡീനും സിനിമ ടെലിവിഷന്‍ വിഭാഗം മേധാവിയുമാണ്.

ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ ആള്‍രൂപങ്ങളായി മാറിയ സിസ്റ്റര്‍ റാണി മരിയയുടെ കുടുംബത്തിന്റെ സാക്ഷ്യമാണ് ഡോ. ഷെയ്‌സനെ ഈ സിനിമയിലേക്ക് എത്തിച്ചത്. സിസ്റ്റര്‍ ആദിവാസികളുടെ ഇടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നേറുന്നത്. സത്യത്തിനുവേണ്ടി നിലകൊള്ളുന്ന സാമൂഹികപ്രവര്‍ത്തകയായിട്ടാണ് സിനിമയില്‍ സിസ്റ്ററിനെ അവതരിപ്പിച്ചിരിക്കുന്നത്. സത്യം ക്രിസ്തുവായതുകൊണ്ടുതന്നെ അതു ചെന്നെത്തുന്നത് ക്രിസ്തുവിലേക്കാണെന്ന് ഡോ. ഷെയ്‌സന്‍ പറയുന്നു. സാമൂഹ്യപ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥമുഖം സിനിമ അനാവരണം ചെയ്യുന്നു. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിഞ്ഞിരുന്ന മനുഷ്യരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനായി സിസ്റ്റര്‍ റാണി മരിയ ഏറ്റെടുത്ത ത്യാഗങ്ങളും പ്രതിസന്ധികളെ വിശ്വാസംകൊണ്ട് നേരിട്ട സന്ദര്‍ഭങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.

ഡോക്യുമെന്ററിയില്‍നിന്നും സിനിമയിലേക്ക്

മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജിലെ സിനിമാ പഠനത്തിനുശേഷം സാധാരണ ചെറുപ്പക്കാരില്‍നിന്നും വ്യത്യസ്തമായി മറ്റൊരു വഴിയിലൂടെയായിരുന്നു ഡോ. ഷെയ്‌സന്റെ യാത്ര. പ്രശസ്തിയുടെയും സാധ്യതകളുടെയും വാതിലുകള്‍ തുറന്നിടുന്ന സെക്കുലര്‍ രംഗത്തുനിന്നും ആത്മീയതയുടെ വഴിയായിരുന്നു തിരഞ്ഞെടുത്തത്. വലിയൊരു ഉദ്യമത്തിനുവേണ്ടി ദൈവം ആരംഭം മുതലെ ഒരുക്കുകയായിരുന്നിരിക്കാം. ഇന്ത്യയിലെ 25 വ്യത്യസ്ത കോണ്‍ഗ്രിഗേഷനുകള്‍ക്കുവേണ്ടിയും 10 രൂപതകള്‍ക്കുവേണ്ടിയും പ്രോഗ്രാമുകള്‍ ചെയ്തു. 25 രാജ്യങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ഡോക്യുമെന്ററികള്‍ ചെയ്തു. യുഎന്‍-ന്റെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓഗനൈസേഷന്റെ അവാര്‍ഡ് അടക്കം 10 -ഓളം പുരസ്‌കാരങ്ങളും ലഭിച്ചു.

സിസ്റ്റര്‍ റാണി മരിയയുടെ ഘാതകന്‍ സമന്ദര്‍സിങ് കേരളത്തില്‍ എത്തി പുല്ലുവഴിയിലെ സിസ്റ്ററിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയും സിസ്റ്ററിന്റെ മാതാപിതാക്കള്‍ ഒരു മകനായി സ്വീകരിക്കുകയും ചെയ്ത വാര്‍ത്ത വലിയ പ്രാധാന്യത്തോടെ മാധ്യമങ്ങളില്‍ വന്നിരുന്നു. പ്രശസ്ത ഹിന്ദി സിനിമാ താരം അമീര്‍ഖാന്‍ നടത്തിയിരുന്ന ടിവി ഷോയില്‍ ഈ വിഷയം ഒരു എപ്പിസോഡായി മാറി. അങ്ങനെയാണ് ഇതു ഡോ. ഷെയ്‌സന്റെ ശ്രദ്ധയില്‍പ്പെട്ടത്. സിസ്റ്ററിനെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യുന്നതിനെക്കുറിച്ചായിരുന്നു ആദ്യം ചിന്തിച്ചത്. ഡോക്യുമെന്ററിയില്‍ ഒതുക്കരുതെന്ന് പറഞ്ഞത് സുഹൃത്തുക്കളായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് എത്തിയത്. അവിടെനിന്നും ഒരു യാത്ര തുടങ്ങുകയായിരുന്നു. അറിയുംതോറും അറിയാനുള്ള താല്പര്യം വര്‍ധിപ്പിക്കുന്നതായിരുന്നു സിസ്റ്ററിന്റെ ജീവിതമെന്ന് ഡോ. ഷെയ്‌സന്‍ ഓര്‍മിക്കുന്നു.

അവാര്‍ഡുകളുടെ തിളക്കം

സിസ്റ്ററിന്റെ പ്രവര്‍ത്തന മേഖലയായിരുന്ന മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഉദയനഗറില്‍ പോയി താമസിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. 2018-ല്‍ കഥ എഴുതി. തിരക്കഥ എഴുതാന്‍ മലയാളിയായ ജലപാല്‍ അനന്തനെ ഏല്പിച്ചു. തുടര്‍ന്ന് രണ്ടുപേരും ചേര്‍ന്ന് സിസ്റ്റര്‍ റാണി മരിയയുടെ സേവനങ്ങള്‍ ലഭിച്ചവര്‍, ഒപ്പം പ്രവര്‍ത്തിച്ചവര്‍, ഘാതകന്‍ സമന്ദര്‍സിങ് തുടങ്ങിയവരുമായി സംസാരിച്ചു വിവരങ്ങള്‍ ശേഖരിച്ചു. 2019-ല്‍ തിരക്കഥ പൂര്‍ത്തിയായെങ്കിലും 2020-ല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രൊജക്ട് നീട്ടിവയ്‌ക്കേണ്ടിവന്നു. 2021-ലാണ് ഷൂട്ടിംഗ് തുടങ്ങാനായത്. 16 സംസ്ഥാനങ്ങളില്‍നിന്നായി 150 താരങ്ങള്‍ ഈ സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. സിനിമയിലെ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരുമെല്ലാം തങ്ങളുടേതായ മേഖലകളില്‍ അറിയപ്പെടുന്നവരാണ്. ഗോള്‍ഡ്‌സ്‌പെയര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് വുമന്‍സ് സിനിമയായി ആയി ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിലിംസ് ഇന്റര്‍ നാഷണല്‍, ജെയ്‌സല്‍മെര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലും ബെസ്റ്റ് വുമന്‍സ് പുരസ്‌കാരം ഈ സിനിമയെ തേടിയെത്തി. അതോടൊപ്പം ദാദാ ഫാല്‍ക്കേ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും സിനിമയ്ക്ക് ലഭിച്ചു.

മികച്ച നടിക്കുള്ള 2022-ലെ സംസ്ഥാന അവാര്‍ഡ് ജേതാവ് വിന്‍സി അലോഷ്യസാണ് സിസ്റ്റര്‍ റാണി മരിയയുടെ റോളില്‍ അഭിനയിച്ചിരിക്കുന്നത്. ഒഡീഷയില്‍നിന്നുള്ള സൊണാലിയാണ് സിസ്റ്റര്‍ റാണി മരിയയുടെ സഹായിയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. വില്ലന്‍ വേഷം ചെയ്തിരിക്കുന്നത് പഞ്ചാബി താരമായ ചീഫ്മഗാരുവാണ്. ക്യാമറമാന്‍ മഹേഷ് സ്വദേശ് ദേശീയ അവാര്‍ഡ് ജേതാവാണ്. 120-ഓളം സിനിമകള്‍ എഡിറ്റു ചെയ്തിട്ടുള്ള രഞ്ചന്‍ എബ്രാഹമാണ് സിനിമയുടെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. കൈതപ്പുറം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് അല്‍ഫോന്‍സ് ജോസഫാണ്. ചിത്രയും ഹരിഹരനുമാണ് ഗായകര്‍. ഹിന്ദിയില്‍ തിളങ്ങിനില്ക്കുന്ന ഗായകന്‍ കൈലേഷ്‌കറും ഈ സിനിമയില്‍ പാടിയിട്ടുണ്ട്.

ലാല്‍ ജോസിന്റെ നായിക

സിസ്റ്റര്‍ റാണി മരിയയുടെ മുഖസാദൃശ്യമുള്ള ഒരു നടിയെ തേടിക്കൊണ്ടിരിക്കുന്ന കാലത്താണ് പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസിന്റെ ടിവി ഷോയില്‍ വിന്‍സി അലോഷ്യസ് അഭിനയിച്ച ചില രംഗങ്ങള്‍ കാണാനിടയായത്. ഡോ. ഷെയ്‌സന്‍ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഡിറ്റര്‍ രഞ്ചന്‍ എബ്രാഹവുമായി ചര്‍ച്ചചെയ്തിരുന്നു (സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ് രഞ്ചന്‍ എബ്രാഹം). ലാല്‍ ജോസിന്റെ സിനിമകളുടെ എഡിറ്ററും രഞ്ചന്‍ എബ്രാഹമാണ്.

ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസ് എന്ന സിനിമയിലേക്ക് നായികയെ അന്വേഷിക്കുന്ന വിവരം ലാല്‍ ജോസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് രഞ്ചന്‍ എബ്രാഹമായിരുന്നു. വിന്‍സി അലോഷ്യസിനെ ഈ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത് സംവിധായകന്‍ ലാല്‍ ജോസാണ്. വിന്‍സിയുമായി സംസാരിച്ചപ്പോള്‍ തന്റെ മനസിലുള്ള റാണി മരിയക്കു പറ്റിയ മുഖമാണെന്ന് മനസിലായെന്ന് ഡോ. ഷെയ്‌സന്‍ പറയുന്നു. സിസ്റ്റര്‍ റാണി മരിയയുടെ ഹിന്ദി ഉച്ചാരണത്തിനും പ്രത്യേകത ഉണ്ടായിരുന്നു. സിനിമയിലും അങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

പിന്തിരിയാനുള്ള ആലോചനകള്‍

പ്രൊജക്ടുമായി ഇറങ്ങിത്തിരിച്ചപ്പോള്‍ മുമ്പില്‍ ഉയര്‍ന്നത് പ്രതിസന്ധികളുടെ വലിയ നിരയായിരുന്നു. പിന്തിരിഞ്ഞാലോ എന്നുപോലും ചിന്തിച്ച അവസരങ്ങള്‍ ധാരാളം. ഇതില്‍നിന്നും വലിയ നന്മ ഉണ്ടാകുമെന്ന തോന്നല്‍ അതേസമയം മനസില്‍ ഉയര്‍ന്നു. കഥ വായിച്ച് പ്രോത്സാഹിപ്പിച്ചവര്‍ നിരവധിയായിരുന്നു. എന്നാല്‍ മൂലധനം എങ്ങനെ കണ്ടെത്തുമെന്നത് ചോദ്യമായി അവശേഷിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കള്‍ സഹകരിക്കാന്‍ തയാറായി. ആറ് കോടി രൂപയ്ക്ക് അടുത്താണ് നിര്‍മാണ ചെലവുവന്നത്. ഡോ. ഷെയ്‌സന്‍ ജോലി ചെയ്യുന്ന സെന്റ് സേവ്യേഴ്‌സ് കോളജ് പ്രൊജക്ടുമായി സഹകരിക്കാന്‍ മുമ്പോട്ടുവന്നു. ഹൈലൈറ്റ് ക്രിയേഷന്‍ എന്നൊരു കമ്പനി രൂപീകരിച്ചാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. 45 ദിവസമാണ് ഷൂട്ടിംഗിനായി ചെലവഴിച്ചത്. അതിനും കോളജിന്റെയും കുടുംബത്തിന്റെയും സപ്പോര്‍ട്ട് കരുത്തു പകര്‍ന്നെന്ന് ഡോ. ഷെയ്‌സന്‍ പറയുന്നു. അന്ദേരി ഈസ്റ്റ് ഹോളിസ്പിരിറ്റ് ആശുപത്രിയിലെ ഐടി വിഭാഗം ഹെഡായ ബിന്ദുവാണ് ഭാര്യ. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ഈവയും 9-ാം ക്ലാസുകാരനായ എബിനുമാണ് മക്കള്‍.

 

മധ്യപ്രദേശില്‍ ഷൂട്ടിംഗിനും തടസം

സിസ്റ്ററിന്റെ പ്രവര്‍ത്തനമേഖലയായിരുന്ന മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്ത് ഷൂട്ടിംഗ് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. ഷൂട്ടിംഗ് തുടങ്ങിയാല്‍ രണ്ടോ മൂന്നോ ദിവസത്തില്‍ കൂടുതല്‍ അവിടെ മുമ്പോട്ടുപോകാന്‍ കഴിയില്ലെന്ന് മനസിലായപ്പോള്‍ ഷൂട്ടിംഗ് മഹാരാഷ്ട്രയിലേക്ക് മാറ്റി. അവസാനം വളരെക്കുറച്ചു ഭാഗങ്ങള്‍ ഇന്‍ഡോറിന്റെ പരിസരപ്രദേശങ്ങളില്‍ ചിത്രീകരിച്ചു. അപ്പോഴേക്കും ഷൂട്ടിംഗ് ഏതാണ്ടു തീര്‍ന്നിരുന്നു.
സെന്‍സര്‍ ബോര്‍ഡിന്റെ അനുവാദം ലഭിക്കാന്‍ പിന്നെയും കാലതാമസം ഉണ്ടായി. ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കാന്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്ന് ഡോ. ഷെയ്‌സന്‍ പറയുന്നു. എങ്കിലും യഥാര്‍ത്ഥ കഥയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ക്രൈസ്തവരെ മാത്രമല്ല, എല്ലാ മനുഷ്യരെയും മുമ്പില്‍കണ്ട് നിര്‍മിച്ചിരിക്കുന്ന സിനിമയാണ്. എങ്കിലും സിസ്റ്റര്‍ ചെയ്ത നന്മകളെ ഫോക്കസ് ചെയ്യുമ്പോള്‍ ക്രിസ്തുവിലേക്കാണ് എത്തുന്നതെന്ന് ഡോ. ഷെയ്‌സന്‍ പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?