Follow Us On

09

January

2025

Thursday

പീഡനങ്ങൾക്കിടയിലും പാകിസ്ഥാനിലെ ക്രിസ്ത്യൻ സ്‌കൂളുകൾ മതസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നു: ആർച്ച്ബിഷപ്പ്

പീഡനങ്ങൾക്കിടയിലും പാകിസ്ഥാനിലെ ക്രിസ്ത്യൻ സ്‌കൂളുകൾ മതസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നു: ആർച്ച്ബിഷപ്പ്

ഇസ്ലാമാബാദ്: ക്രൈസ്തവർക്കും മറ്റ് ദുർബല ന്യൂനപക്ഷങ്ങൾക്കുമെതിരായ മതനിന്ദ ഉൾപ്പെടെയുള്ള തെറ്റായ ആരോപണങ്ങൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ തടയാൻ കഴിയൂ എന്ന് പാകിസ്ഥാനിലെ ഇസ്ലാമാബാദ് റാവൽപിണ്ടി രൂപതാ ആർച്ച് ബിഷപ്പ് ജോസഫ് അർഷാദ് മാധ്യമങ്ങളോട് പറഞ്ഞു. ജനസംഖ്യയുടെ നാൽപ്പത് ശതമാനത്തോളം നിരക്ഷരരുള്ള ഒരു രാജ്യത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ലെന്ന് പാക്കിസ്ഥാൻ കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞു.

രൂപതയിലും രാജ്യമൊട്ടാകെയുമുള്ള നിരവധി കത്തോലിക്കാ സ്‌കൂളുകൾ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയും മാനുഷിക മൂല്യങ്ങൾ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. പാകിസ്ഥാനിലെ ക്രൈസ്തവരും മുസ്ലീങ്ങളും മറ്റ് മതങ്ങളും തമ്മിൽ മികച്ച ബന്ധം വളർത്തുന്നതിൽ ഈ സ്‌കൂളുകൾ നിർണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിലൂടെ മനുഷ്യരിൽ നീതിബോധം വളർത്തിയെടുക്കാൻ കഴിയുന്നതിനാൽ രാജ്യത്തെ നിലവിലുള്ള സാമൂഹിക സാഹചര്യങ്ങൾ മെച്ചപ്പെടണമെങ്കിൽ വിദ്യാഭ്യാസമേഖല ഇനിയും വളരേണ്ടതുണ്ട്, ആർച്ച് ബിഷപ്പ് പറഞ്ഞു.

പാകിസ്ഥാനിലെ ക്രൈസ്തവ സമൂഹം ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണെന്നും, തങ്ങളുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ അവർ പാടുപെടുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം, സാമൂഹിക വിവേചനവും മതനിന്ദയുടെ തെറ്റായ ആരോപണങ്ങൾ അവരുടെ മേൽ അടിച്ചേല്പിക്കപ്പെടുന്നതും വലിയ വെല്ലുവിളിയാണെന്നും കൂട്ടിച്ചേർത്തു. പലരും നിയമം മുതലെടുക്കുകയും പരസ്പരം ദൈവനിന്ദ ആരോപിക്കുകയും ചെയ്യുന്നു.

കത്തോലിക്ക സഭ ആദ്യം മുതൽ പാകിസ്ഥാനിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇസ്ലാമാബാദ് റാവൽപിണ്ടി രൂപതയിൽ തങ്ങൾക്കുള്ള 70 സ്‌കൂളുകളിൽ 48 സ്‌കൂളുകൾ രൂപതയുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ഈ സ്‌കൂളുകളിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച്, മറ്റ് 40 സ്‌കൂളുകളിലെ തീർത്തും പാവപ്പെട്ടവിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭാസം നൽകുന്നുമുണ്ട്.

രൂപതയിലെ കത്തോലിക്കാ സ്‌കൂളുകളിൽ പഠിക്കുന്ന 40,000 വിദ്യാർത്ഥികളിൽ ഭൂരിഭാഗവും മുസ്‌ലിംകളാണെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ്, ഇത് മതാന്തര സഹിഷ്ണുതയും പരസ്പര ധാരണയും വളർത്തുന്നതിന് മികച്ച അവസരമൊരുക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. സ്വാഭാവികമായും, കത്തോലിക്കാ വിദ്യാഭാസ സ്ഥാപനങ്ങളിൽ പഠിച്ചവർ വിശാലമായ ജീവിത വീക്ഷണം പുലർത്തുകയും മറ്റ് മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നവരാണ്.അതാകട്ടെ രാജ്യത്തിന്റെ പുരോഗതിക്കും മെച്ചപ്പെട്ട സമൂഹത്തിന്റെ നിർമ്മാണത്തിനും വളരെ പ്രയോജന പദമാകുന്നുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?