Follow Us On

09

January

2025

Thursday

ചൈനയിൽ പുരോഹിതരെ അറസ്റ്റ് ചെയ്യുന്നു, കുരിശുകൾ നീക്കം ചെയ്യുന്നു

ചൈനയിൽ പുരോഹിതരെ അറസ്റ്റ് ചെയ്യുന്നു, കുരിശുകൾ നീക്കം ചെയ്യുന്നു

ബീജിംഗ്: വിവിധ സഭകളുടെ അജപാലന ശുശ്രൂഷകൾ, സന്നദ്ധ സഹായ സേവനപ്രവർത്തനങ്ങൾ തുടങ്ങി എല്ലാ പ്രവർത്തനങ്ങളെയും അടിച്ചമർത്താനൊരുങ്ങി ചൈനീസ് ഭരണകൂടം. ഇതിന്റെ ഭാഗമായി, ദൈവാലയങ്ങളിലെയും സഭാ മന്ദിരങ്ങളിലെയും കുരിശുകൾ നീക്കം ചെയ്യുകയും പുരോഹിതരെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വയ്ക്കുകയുമാണിപ്പോൾ. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ പുതിയ ചൈനീസ് വൽക്കരണ പ്രത്യയശാസ്ത്രത്തിന് എല്ലാവരെയും നിർബന്ധിതരാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്നും അവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.

സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ അനുസരിച്ച്, ആശ്രമങ്ങൾ, ക്ഷേത്രങ്ങൾ, മോസ്‌ക്കുകൾ, ദൈവാലയങ്ങൾ, മറ്റ് മതപരമായ വേദികൾ എന്നിവ ഭരണകൂടത്തിന്റെ കർശന നിയന്ത്രണത്തിലാക്കും. രാജ്യത്തെ വിവിധ മത വിഭാഗങ്ങൾക്ക് വിദേശ രാജ്യങ്ങളുമായോ സംഘടനകളുമായോ ഉള്ള ബന്ധം നിരോധിക്കുന്ന നിയമം, ചൈനീസ് ഭരണകൂടം നിർദേശിക്കുന്ന ദേശസ്‌നേഹ വിദ്യാഭാസം തങ്ങളുടെ സഭാംഗങ്ങൾക്കും മതവിശ്വാസികൾക്കും നൽകാൻ നിർബന്ധിതരാകും.

ഇതിനിടെ വിയറ്റ്‌നാമിന്റെ അതിർത്തിയിൽ തെക്കൻ ചൈനയിലെ സ്വയംഭരണ പ്രദേശമായ ഗുവാങ്സിയിൽ ‘സാമൂഹിക ക്രമം തകർക്കാൻ’ മതം ഉപയോഗിച്ചെന്ന് ആരോപിച്ചതിനെ തുടർന്ന് ഒരു പ്രൊട്ടസ്റ്റന്റ് പുരോഹിതനെ അറസ്റ്റ് ചെയ്ത് തടവിലാക്കി.ഇതോടൊപ്പം തന്നെ ചൈനയുടെ കിഴക്കൻ തീരത്തുള്ള 22 ലക്ഷത്തോളം ക്രൈസ്തവരുള്ള ഷെജിയാങ് പ്രവിശ്യയിലെ തെക്കുകിഴക്കൻ നഗരമായ വെൻഷൗവിലെ അധികാരികൾ പള്ളികളുടെയും സഭാ കെട്ടിടങ്ങളുടെയും മുൻഭാഗങ്ങളിൽ നിന്ന് കുരിശുകൾ നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

യേശു, ക്രിസ്തു, യഹോവ, ഇമ്മാനുവൽ തുടങ്ങിയ വാക്കുകൾ വീടുകളുടേയും കെട്ടിടങ്ങളുടേയും ചുവരുകളിൽനിന്ന് നീക്കാനും ഉത്തരവിട്ടിട്ടുണ്ട്. 2014 മുതൽ 2016 വരെ ആയിരത്തഞ്ഞൂറിലേറെ പള്ളികളുടെ കുരിശുകൾ ഇവിടെ നീക്കം ചെയ്തിരുന്നു. മറ്റു പ്രവിശ്യകളിലേക്കും ഈ നയം ഭരണകൂടം വ്യാപിപ്പിക്കുകയും ദൈവാലയങ്ങൾ തകർക്കുകയും ബൈബിൾ അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു.

ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നതോ സാമൂഹികതയെ തടസ്സപ്പെടുത്തുന്നതോ ആയ പ്രവർത്തനങ്ങൾ നടത്താൻ ഒരു മതവിഭാഗത്തേയും അനുവദിക്കില്ലെന്നും വിവിധ മത വിഭാഗങ്ങളുടെ കാര്യാലയങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി കമ്മ്യൂണിസ്റ്റ് പാർട്ടി നിഷ്‌കർഷിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു.

രാജ്യത്ത് പ്രവർത്തിക്കുന്ന മത വിഭാഗങ്ങൾ മാതൃരാജ്യത്തെ സ്‌നേഹിക്കാൻ തങ്ങളുടെ വിശ്വാസികളെയും അനുയായികളെയും നിരന്തരം ബോധവത്കരിക്കണമെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെയും സോഷ്യലിസ്റ്റ് സംവിധാനത്തിന്റെയും നേതൃത്വത്തെ പിന്തുണയ്ക്കുകയും വേണമെന്നും ഇതോടനുബന്ധിച്ചു പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു. മതപരമായ പ്രവർത്തനങ്ങളെ ചൈനീസ് വൽക്കരിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണ് പുതിയ നിയമങ്ങൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?