മംഗളൂരു: മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയായ ഭരണഘടനയുടെ ശില്പികളിലൊരാളായ മംഗലാപുരം സ്വദേശിയായിരുന്ന ജെസ്യൂട്ട് വൈദികന്‍ ഫാ. ജെറോം ഡിസൂസ (1897-1977) യുടെ ഓര്‍മയില്‍ മംഗളൂരുവിലെ കത്തോലിക്കാ വിശ്വാസികള്‍. 1950 ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മിതിക്കായി 1946-1950 വരെ കൂടിയ ഇന്ത്യയുടെ കോണ്‍സ്റ്റിറ്റിയൂന്റ് അസംബ്ലിയില്‍ അംഗമായിരുന്നു ഫാ. ഡിസൂസ.
ഫാ. ഡിസൂസ തീക്ഷ്ണമതിയായ രാജ്യസ്‌നേഹിയും മതവും രാഷ്ട്രീയവും സമജ്ഞസമായി സമ്മേളിക്കുന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്നുവെന്ന് മംഗളൂരു ബിഷപ് പീറ്റര്‍ പോള്‍ സല്‍ദാന പറഞ്ഞു. ഫാ. ജെറോം ഡിസൂസയെക്കുറിച്ച് പ്രഫ. എഡ്മണ്ട് ഫ്രാങ്ക് തയാറാക്കിയ ‘പ്രൈഡ് ഓഫ് കാനറ; ട്രൂ സണ്‍ ഓഫ് ഇന്ത്യ, ഫാ. ജെറോം ഡിസൂസ’ എന്ന പുസതകത്തിന്റെ പ്രസാധനവേളയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു ദേശത്തെ പ്രമുഖ വ്യക്തിത്വങ്ങളെക്കുറിച്ച് പഠിക്കുന്നത് ആ ദേശത്തിന്റെ സംസ്‌ക്കാരത്തെക്കുറിച്ച് പഠിക്കുന്നതിന് തുല്യമാണ്.
അതുകൊണ്ടുതന്നെ ഫാ. ഡിസൂസയെ നേട്ടങ്ങളെക്കുറിച്ച് നാം അനുസ്മരിക്കുമ്പോള്‍ നമ്മുടെ ദേശം തന്നെയാണ് ആദരിക്കപ്പെടുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ദേശസ്‌നേഹിയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ വ്യക്തിയുമായിരുന്നു; ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഫാ. ഡിസൂസയുടെ ചിത്രം ബിഷപ് സല്‍ദാന അനാഛാദനം ചെയ്തു.
1997 ല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ പേരില്‍ അനുസ്മരണ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. 1897 ലായിരുന്നു ഫാ ഡിസൂസയുടെ ജനനം. ദക്ഷിണ കന്നഡയിലെ മുള്‍കി എന്ന ഒരു വിദൂരഗ്രാമത്തില്‍ സെബാസ്റ്റ്യന്‍-സെറഫീന ദമ്പതികളുടെ മകനായിട്ടായിരുന്നു ജനനം. ചെന്നൈ പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ഹോണേര്‍സ് പൂര്‍ത്തിയാക്കി. കോളജ് ലക്ചററായി. അവിെടയുണ്ടായിരുന്ന ഫ്രഞ്ച് ജെസ്യൂട്ട് വൈദികരുടെ പാവപ്പെട്ടവരുടെ ഇടയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം 1921 ല്‍ ജെസ്യൂട്ട് സഭയില്‍ ചേര്‍ന്നു. 1928 ല്‍ അദ്ദേഹത്തെ തിയോളജി പഠനത്തിനായി ബെല്‍ജിയത്തിലേക്കയച്ചു. 1931 ല്‍ പൗരോഹിത്യം സ്വീകരിച്ചു.
1933 ല്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി. ട്രിച്ചി സെന്റ് ജോസഫ്‌സ് കോളജില്‍ ഫാക്കല്‍ട്ടിയായി റീജോയിന്‍ ചെയ്തു. 1935 ല്‍ ഇന്ത്യക്കാരനായ ആദ്യ പ്രിന്‍സിപ്പലായി. സ്വാതന്ത്യസമരകാലത്ത് അദ്ദേഹം ജവഹര്‍ലാല്‍ നെഹ്രു, സി. രാജഗോപാലാചാരി തുടങ്ങിയവരുമായി നല്ല ബന്ധം സ്ഥാപിച്ചു. 1939ല്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ ഫാ. ഡിസൂസ ഡിസ്ട്രിക്ട് വാര്‍ കമ്മിറ്റിയുടെയും ഓള്‍ ഇന്ത്യ റേഡിയോ അഡൈ്വസറി ബോര്‍ഡ് അംഗമായും നിയമിതനായി. പൊതുസ്ഥലങ്ങളില്‍ ജനങ്ങളോട് സംസാരിക്കുവാനും അവരെ ഉദ്‌ബോധിപ്പിക്കുവാനും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1942 ല്‍ അദ്ദേഹം മദ്രാസിലെ ലയോള കോളജ് പ്രിന്‍സിപ്പലായി. മദ്രാസ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി. സി. രാജഗോപാലാചാരി അദ്ദേഹത്തിന്റെ പേര് മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. സുപ്പീരിയേര്‍സിന്റെ അനുവാദത്തോടെ അദ്ദേഹം അതിന് സമ്മതിച്ചു. 1946 ല്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലെ ക്രിസ്ത്യന്‍ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയുടെ ഒറിജിനല്‍ കോപ്പിയില്‍ ഒപ്പുവച്ചവരിലൊരാളാണ് അദ്ദേഹം. ആദ്യത്തെ ഇന്റരീം പാര്‍ലിമെന്റില്‍ അംഗവുമായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *