Follow Us On

20

April

2025

Sunday

വത്തിക്കാന്‍ സിനഡിന് 364 പേര്‍; ഭാരത സഭയില്‍നിന്ന് 12 പ്രതിനിധികള്‍

വത്തിക്കാന്‍ സിനഡിന് 364 പേര്‍;  ഭാരത സഭയില്‍നിന്ന് 12 പ്രതിനിധികള്‍

വത്തിക്കാന്‍ സിറ്റി: ഒക്‌ടോബറില്‍ വത്തിക്കാനില്‍ സമ്മേളിക്കുന്ന സിനഡില്‍ രണ്ടു സന്യാസിനിമാര്‍ ഉള്‍പ്പെടെ ഭാരത കത്തോലിക്കാ സഭയില്‍നിന്ന് 12 അംഗ സംഘം പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വോട്ടവകാശമുള്ള 364 പേരാണ് ‘സിനഡാലിറ്റി’ എന്ന വിഷയത്തെ ആധാരമാക്കി ഒക്‌ടോബറില്‍ നടക്കുന്ന വത്തിക്കാന്‍ സിനഡില്‍ പങ്കെടുക്കുന്നത്. ഇവരെക്കൂടാതെ വിവിധ മേഖലകളിലെ വിദഗ്ധരും സ്പിരിച്വല്‍ സഹായികളുമടക്കം വോട്ട് അവകാശമില്ലാത്ത എഴുപത്തിയഞ്ച് പേരും സിനഡില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനുപുറമെ ലത്തീന്‍ സഭയില്‍നിന്ന് കര്‍ദിനാള്‍ ഡോ.ഫിലിപ്പ് നേരി ഫെറാവോ, കര്‍ദിനാള്‍ അന്തോണി പുള, ആര്‍ച്ചുബിഷപ് ഡോ. ജോര്‍ജ് അന്തോണി സാമി, ബിഷപ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ പങ്കെടുക്കും. സീറോ മലബാര്‍ സഭയില്‍നിന്ന് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി എന്നിവരും സീറോ മലങ്കര സഭയില്‍നിന്ന് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവയും പങ്കെടുക്കും.

സന്യാസിനിസഭാ മേജര്‍ സുപ്പീരിയര്‍മാരുടെ കൂട്ടായ്മയായ സിആര്‍ഐയുടെ (കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ) അധ്യക്ഷയും അപ്പസ്‌തോലിക് കാര്‍മല്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറലുമായ സിസ്റ്റര്‍ മരിയ നിര്‍മലീനിയും സെന്റ് ജോസഫ് ഓഫ് താര്‍ബ്‌സ് സന്യാസിനിസഭാംഗമായ സിസ്റ്റര്‍ ലളിത തോമസുമാണ് ഇന്ത്യയില്‍ നിന്ന് സിനഡില്‍ പങ്കെടുക്കുന്ന സന്യാസിനികള്‍. മധ്യപൂര്‍വേഷ്യയിലെ വിശ്വാസികളെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കുന്ന മാത്യു തോമസിനെയും വിശാലര്‍ത്ഥത്തില്‍ ഇന്ത്യയിലെ അല്‍മായരുടെ പ്രതിനിധിയായി കണക്കാക്കാം.

‘സിനഡല്‍ സഭയ്ക്കായി: കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും’ എന്ന പ്രമേയവുമായി സമ്മേളിക്കുന്ന സിനഡ് മൂന്ന് ഘട്ടങ്ങളായി നാല് വര്‍ഷംകൊണ്ടാണ് പൂര്‍ത്തിയാകുക. രൂപതാതലം, ഭൂഖണ്ഡതലം, ആഗോളതലം എന്നിവയാണ് മൂന്നു ഘട്ടങ്ങള്‍. 2021 ഒക്ടോബര്‍ 17 മുതല്‍ 2022 ഏപ്രില്‍ വരെയായിരുന്നു ആദ്യഘട്ടം. 2022 സെപ്റ്റംബര്‍ മുതല്‍ 2023 മാര്‍ച്ചുവരെയായിരുന്നു രണ്ടാം ഘട്ടം. ഇതിന്റെകൂടി അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രവര്‍ത്തന രേഖയുമായി സമ്മേളിക്കുന്ന മൂന്നാം ഘട്ടം രണ്ടു വര്‍ഷങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. 2023 ഒക്‌ടോബറില്‍ ആദ്യ സെഷനും 2024 ഒക്‌ടോബറില്‍ രണ്ടാം സെഷനും നടക്കും. രണ്ടിനും വത്തിക്കാനായിരിക്കും വേദി. അതേ തുടര്‍ന്നാകും സിനഡ് അന്തിമ രേഖയ്ക്ക് രൂപം നല്‍കുക.

54 സ്ത്രീകള്‍ക്ക് സിനഡില്‍ വോട്ടിംഗ് അവകാശം
സഭയുടെ ചരിത്രത്തിലാദ്യമായി 50 ലധികം സ്ത്രീകള്‍ ഒക്‌ടോബര്‍ നാല് മുതല്‍ 29 വരെ നടക്കുന്ന സിനഡിന്റെ ജനറല്‍ അസംബ്ലിയില്‍ വോട്ട് ചെയ്യും. സിനഡില്‍ പങ്കെടുക്കുന്നവരില്‍ 25 ശതമാനമാളുകള്‍ ബിഷപ്പുമാരല്ലെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സിനഡില്‍ പങ്കെടുക്കുന്ന 54 വനിതകളില്‍ യൂണിയന്‍ ഓഫ് സുപ്പീരിയേഴ്‌സ് ജനറലില്‍ നിന്ന് 5 പേരും പൊന്തിഫിക്കല്‍ ശുപാര്‍ശയിലൂടെ എത്തുന്ന ആറുപേരും ഭുഖണ്ഡ തലത്തിലുള്ള അസംബ്ലിയില്‍ നിന്നുള്ള 42 പേരും ഒരു അണ്ടര്‍ സെക്രട്ടറിയും ഉള്‍പ്പെടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?