Follow Us On

22

January

2025

Wednesday

ഏറ്റുപറച്ചിലുകള്‍

ഏറ്റുപറച്ചിലുകള്‍

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ്

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പതിവില്ലാതെ ജാന്‍സി ആന്റിയുടെ ഫോണ്‍. കാന്‍സറിന്റെ അവസാന സ്റ്റേജിലാണ് ആന്റി. ഓര്‍മകള്‍ മാഞ്ഞു തുടങ്ങിയിട്ടുണ്ട്. ആ ദിവസങ്ങളില്‍ ഞങ്ങളുടെയെല്ലാം പ്രാത്ഥനകളില്‍ ആന്റി നിറഞ്ഞു നില്‍ക്കുന്ന സമയം. ഞാന്‍ അത്ഭുതപ്പെട്ടു, തലയ്ക്കുള്ളിലാണ് കാന്‍സര്‍, ഓര്‍മകള്‍ എല്ലാം പോയി, എങ്കിലും ആന്റി എന്തുകൊണ്ടായിരിക്കും എന്നെ ഫോണ്‍ വിളിച്ചത്? സംസാരിച്ചു തുടങ്ങിയപ്പോള്‍ അപ്പുറത്ത് മോളാണ്. അവള്‍ പറഞ്ഞു അമ്മയ്ക്ക് കൊടുക്കാം! പിന്നീടുള്ള പത്ത് മിനിറ്റുകള്‍ ഞാന്‍ ഈ ഭൂമിയില്‍ കേട്ട ഏറ്റവും വലിയ ഏറ്റുപറച്ചിലായിരുന്നു…

ആന്റിക്ക് ഓര്‍മയില്ലായിരുന്നെങ്കിലും അത് ഒരു കുമ്പസാരമായിരുന്നു. പറഞ്ഞതുമുഴുവന്‍ കുഞ്ഞുകുട്ടികളെപ്പോലെ മറ്റുള്ളവരോടുള്ള ക്ഷമാപണങ്ങള്‍. അമ്മയുടെ അനുജത്തിയാണ്. എന്നെ ഈ വൈദികജീവിതത്തില്‍ നിരന്തരം പ്രോത്സാഹിപ്പിച്ച, പ്രാര്‍ത്ഥിച്ച ഒരു ആത്മാവ്. ഓര്‍മകള്‍ നഷ്ടപ്പെട്ടപ്പോഴും മനസില്‍ നിറഞ്ഞുനിന്ന കുഞ്ഞു കുഞ്ഞ് ഭാരങ്ങള്‍ ഇറക്കിവച്ചിട്ടാണ് ആന്റി യാത്രയായത്. ഒരു ആഴ്ച കഴിഞ്ഞു ആന്റി മരിച്ചു. എനിക്കതൊരു ഓര്‍മപ്പെടുത്തലായിരുന്നു, ഒരു അടയാളമായിരുന്നു. ഏറ്റുപറച്ചിലിന്റെ… കൊണ്ടുനടക്കുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കാന്‍ ഇനിയും മടിച്ചുനില്‍ക്കുന്നതിന്റെ ഓര്‍മപ്പെടുത്തല്‍.

ഈ ഭൂമിയില്‍ ഇത്രയും സുരക്ഷിതമായ മറ്റൊരു സ്ഥലമുണ്ടോ എന്ന് സംശയമാണ്. കണ്ണുനീരിന്റെ ഉറവകള്‍ നിറഞ്ഞ ആ മരക്കൂടുമുഴുവന്‍ സ്‌നേഹത്തിന്റെ കരവലയങ്ങളാണ്. അമ്മയുടെ ഉദരത്തിലെന്നപോലെ ദൈവത്തിന്റെ മടിത്തട്ടാണ് കുമ്പസാരക്കൂടുകള്‍. പാപത്തിന്റെ കലക്കവെള്ളത്തില്‍ നിറഞ്ഞു കുളിച്ചു നില്‍കുന്ന ഏതൊരുവനും ഇതൊരു അരുവിയാണ്. ജീവന്റെ ശുദ്ധ ജലത്തില്‍ മുങ്ങി കുളിച്ച്, തുറവിയുടെ ആകാശത്തിലേക്ക് കടന്നുവരാനുള്ള സ്ഥലം. ജീവിതത്തിന്റെ തുടിപ്പകളെല്ലാം ഏറ്റുപറയുന്ന ഈ സ്ഥലം വിശുദ്ധമാണ്. കാരണം ഏറ്റു പറച്ചിലുകള്‍ വിശുദ്ധമാണ്. ചരിത്രത്തിലെ പുണ്യ പ്രതിഭകളെല്ലാം ലോകത്തോട് ഏറ്റുപറഞ്ഞവരാണ്. വിശുദ്ധ അഗസ്റ്റിന്റെ ആത്മകഥയില്‍ തുടങ്ങി ഗാന്ധിയുടെ ഏറ്റുപറച്ചിലുകളില്‍ വന്നു നില്‍ക്കുമ്പോള്‍ സത്യമായും തുറവിയുടെ അവിസ്മരണീയത എത്ര മനോഹരമാണ്. ഇന്നും അത് തുടരുകയാണ് മനുഷ്യരില്‍….ഫ്രാന്‍സിസ് പാപ്പ..! പാപ്പയും അങ്ങനെ തന്നെ.

സഭയ്ക്കു വേണ്ടി ലോകത്തോട് ഏറ്റുപറയുകയാണ് ആ മനുഷ്യന്‍. ജീവിതത്തിന്റെ ഈ ഒഴുക്കില്‍ ഏറ്റുപറച്ചിലുകള്‍ക്ക് ഒരിടം നല്‍കണം. പൊടിപിടിച്ചു കിടക്കേണ്ട ഇടമല്ല കുമ്പസാരക്കൂടുകള്‍. ജീവന്റെ പച്ചപ്പില്‍ പ്രാണന്‍ തുടിക്കേണ്ട ഒരിടമാണത്. മങ്ങിയെന്നു കരുതുന്ന വിളക്കുകള്‍ കത്തിച്ചു കൊണ്ട് തിരിച്ചു പോരാവുന്ന പ്രഭയുടെ സ്ഥലം. എന്റെ നെടുവീര്‍പ്പുകള്‍ക്കും തേങ്ങലുകള്‍ക്കും കുമ്പസാരക്കൂടു നല്‍കുന്ന സ്വീകാര്യതയും സുരക്ഷിതത്വവും അവിടം വിട്ടിറങ്ങുന്നവര്‍ക്ക് അനുഭവിക്കാം. അതാണ് ആ സ്ഥലത്തിന്റെ പവിത്രത. സത്യത്തില്‍ അഭിമാനിക്കണം നാം. പാപത്തിന്റെ ചെളിമായ്ച്ചു കളയാന്‍, ദൈവം എന്നെ കാത്തിരിപ്പുണ്ടല്ലോ എന്നോര്‍ത്ത്. എന്റെ പിഴ… എന്റെ പിഴ… എന്നൊക്കെ പറഞ്ഞു ആ കൂടിന്റെ സമീപം നിന്ന് കരയുമ്പോള്‍ വീണ്ടും അവനെെന്ന നെഞ്ചോടു ചേര്‍ക്കുകയാണ്. ഭയപ്പാടോടെ കടന്നു ചെല്ലാതെ, കരുണയുടെ ഹൃദയത്തില്‍ മാനസാന്തരത്തിന്റെ വിത്തുകള്‍ പാകി തുറവിയോടെ മുട്ടു കുത്തേണ്ട സ്ഥലം.

ഈ ഏറ്റുപറച്ചിലില്‍ മൂന്നു കാര്യങ്ങള്‍ നമ്മുടെ ജീവന്റെ ഭാഗമാകുന്നുണ്ട്. വിനയത്തിന്റെ, അനുകമ്പയുടെ, നിസ്വാര്‍ത്ഥതയുടെ പ്രകാശ മാനങ്ങള്‍. ഈ വിശുദ്ധ സ്ഥലത്തെ ഇനി നമുക്ക് പ്രണയിക്കാം… അത്രമാത്രം അഭിഷേകം നിറഞ്ഞ ഈ സ്ഥലത്ത് വിശുദ്ധിയില്‍ നില്‍ക്കാം.
‘എന്നെ വെളിപ്പെടുത്തുമ്പോള്‍ നിങ്ങള്‍ എന്നെ വെറുക്കുമോ..? ഇല്ല ….നിന്നെ ഞങ്ങള്‍ കൂടുതല്‍ സ്‌നേഹിക്കും…’
തുറക്കുന്ന ഹൃദയത്തെ ചേര്‍ത്തുപിടിച്ചു സ്‌നേഹിക്കുന്നവനാണ് ദൈവം. നന്ദി ദൈവമേ..!
നിന്നോട് പറയാന്‍, നിന്നെ കേള്‍ക്കാന്‍ എനിക്കും ഒരിടം ഒരുക്കിയതിന്.
എന്റെ കണ്ണുനീര്‍ സന്തോഷത്തിന്റെ അരുവിയാക്കുന്ന ഇടത്തിന്….
എന്റെ ഏറ്റുപറച്ചിലുകള്‍ കേട്ടതിന്….
കുമ്പസാരക്കൂടിന്…. നന്ദി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?